മിസൈലുകളാണല്ലോ ഇപ്പോഴത്തെ വാർത്താതാരം. ആ അവസരം മുതലെടുത്തായിരിക്കണം, സർക്കാർ ഈയടുത്ത് സ്കൂളുകളിൽ സുംബ എന്ന ബോംബിട്ടത്. വിചാരിച്ചതിനേക്കാൾ ഇരട്ടി പ്രഹരശേഷിയാണ് ആ ബോംബിനുണ്ടായിരുന്നത് എന്ന് കാലേകൂട്ടിക്കാണാൻ ഇവിടുത്തെ ഒരു പ്രവചന സിംഗങ്ങൾക്കും ആയില്ല എന്നത് ഖേദകരം തന്നെ!
അതവിടെ നിൽക്കട്ടെ.
ആരാണ്, സോറി, എന്താണ് ഈ സുംബ?
സിംബയുടെ കസിനോ മറ്റോ ആണോ? മുംബൈയിലെങ്ങാനുമാണോ കക്ഷി പിറന്നത്? അംബാനിയുടെ തവിട്ടു കരങ്ങൾ ഇതിനു പിന്നിലുണ്ടോ??
സംശയങ്ങൾ ഒന്നിനുപിറകെ ഒന്നായി അംബരംഗത്തെ, ഛെ, അന്തരംഗത്തെ ഇളക്കിമറിച്ചപ്പോൾ സുംബയ്ക്കുപിന്നാലെ ഒരു ഭ്രാന്തിയെ പോലെ ഞാനൊന്നലഞ്ഞു. ആ ‘നാടോട്ട’ത്തിനിടയിൽ ഞാൻ സംഭരിച്ച വിജ്ഞാനവൈഡൂര്യങ്ങൾ അനുവാചകരുമായി പങ്കുവെക്കണമെന്ന ആഗ്രഹപൂർത്തിക്കായി ഇതാ ഇവിടെ അക്കമിടാതെ നിരത്തട്ടെ.
ആദ്യം കിട്ടിയ അറിവ്.-
സുംബയും സിംബയും 90കളിൽ ജനിച്ചവരാണെങ്കിലും അവർ ഇരട്ടകളല്ല. ഇരട്ട പോയിട്ട് സഹരാജ്യക്കാർ പോലും അല്ല! സിംബ അമേരിക്കയിൽ ഡിസ്നി കമ്പനിയുടെ സ്‌ക്രീനിൽ പിറന്ന ആഫ്രിക്കൻ സിംഹക്കുട്ടിയാണെങ്കിൽ, സുംബ കൊളംബിയയിലെ ഒരു ഏറോബിക് ക്ലാസിൽ പിറന്ന ഒരു നൃത്തപടു ആണ്. അതെ, ചിലർ കരുതും പോലെ സുംബ ആഫ്രിക്കൻ-ബോൺ അല്ല. ആഫ്രിക്കയുടെ അടുത്തുകൂടെ പോലും പോയിട്ടുമില്ല!
കഥ ഇങ്ങനെയാണ്…
90 കളിൽ (1986ൽ ആണെന്നും ഗൂഗിൾ പറയുന്നു), ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ ഒരു ഏറോബിക് പരിശീലന കേന്ദ്രത്തിലെ അധ്യാപകൻ ആൽബർട്ടോ ബീറ്റോ പെരസ്, എയ്റോബിക് പരിശീലനത്തിനുപയോഗിക്കുന്ന മ്യൂസിക് ക്യസറ്റ് തന്റെ വീട്ടിൽ വച്ച് മറന്നുപോയി. തിരികെച്ചെന്ന് അത് എടുത്തു കൊണ്ടുവരാനുള്ള സമയമില്ല. ക്ലാസ് ക്യാൻസൽ ചെയ്യാനും പറ്റില്ല.. തന്റെ കഞ്ഞിമുട്ടും. ഒരു ഡൂ ഓർ ഡൈ സിറ്റുവേഷൻ. പെട്ടെന്ന് മനസ്സിൽ തോന്നിയ രക്ഷാമാർഗ്ഗമാണ് അവിടെ ലഭ്യമായ ലാറ്റിനമേരിക്കൻ മ്യൂസിക് ക്യാസെറ്റ് ഉപയോഗിച്ച് അന്നത്തെ ക്ലാസ്സ് തട്ടിക്കൂട്ടുക! വലിയൊരു ‘സു’ബദ്ധമായിത്തീർന്നു, ആ ചെറിയ അബദ്ധം. താളാത്മകമായ സൽസ, മെറിംഗ്വെറ്റ് സംഗീതശൈലികൾ ഏറോബിക്സിന്റെ ചടുലമായ ചുവടുകളെ എത്ര വിദഗ്ധമായാണ് പൊലിപ്പിക്കുന്നതെന്ന് തുടർന്നുള്ള നിമിഷങ്ങൾ ആൽബർട്ടോ അത്ഭുതത്തോടെ നോക്കിക്കണ്ടു.. അനുഭവിച്ചറിഞ്ഞു. ആ 16 കാരന്റെയൊപ്പം ലോകത്തിലെ പരകോടി വ്യായാമ കുതുകികളുടെ തലേവര മാറ്റിവരച്ച ഒരു വലിയ തിരിച്ചറിവിന്റെ നിമിഷങ്ങൾ ആയിരുന്നു അത്. ആ തിരിച്ചറിവ് നീട്ടിയ വെട്ടത്തിൽ ആൽബർട്ടോ, അവിടുത്തെ ഫിറ്റ്നസ് പ്രോഗ്രാമിനെ ഒരു ഫൺ-ഫിൽഡ് പ്രോഗ്രാമായി പുന:സൃഷ്ടിച്ചെടുത്തു. ഏറോബിക് ഡാൻസും ലാറ്റിൻ മ്യൂസിക്കും ചേർത്ത് കിടിലൻ ഒരു ഫിറ്റ്നസ് പ്രോഗ്രാം ആ ഇത്തിരിപ്പോന്ന പയ്യൻ ഡിസൈൻ ചെയ്തു- ഒരു കൊത്തുപണിക്കാരന്റെ വൈദഗ്ദ്ധ്യത്തോടെ. ക്യൂബൻ ഡാൻസ് രൂപമായ റൂംബായെ ഓർമ്മിപ്പിക്കും വിധം റുംബാസൈസ് എന്നാണ് ആ പുതിയ ഡാൻസ്-എക്സർസൈസ് ഫോമിന് ആൽബർട്ടോ പേരിട്ടത്. തുടർന്ന് വർഷങ്ങൾക്ക് ശേഷം 2001ൽ, ആൽബർട്ടോ പെൾമാൻ, ആൽബർട്ടോ അഘിയോൺ ( മൂവരും സഹോദരങ്ങൾ അല്ല കേട്ടോ.) എന്നിവരുമായി ചേർന്ന് ഇതിനായി പലപല ഫിറ്റ്നസ് വീഡിയോസ് ചെയ്തു. അന്നാണ് ഇത് ഔദ്യോഗികമായി സുംബ എന്ന് നാമകരണം ചെയ്യപ്പെട്ടത്.
എന്തുകൊണ്ട് സുംബ?
ഇന്ന് ഏതാണ്ട് 185 അധികം രാജ്യങ്ങളിലായി കോടിക്കണക്കിനു മനുഷ്യരുടെ ഇഷ്ട വ്യായാമമുറയാണ് സുംബ. ഇന്റർനാഷണൽ സ്പോർട്സ് മെഡിസിൻ ജേണൽസിൽ പലതവണ സുംബയെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഒരേസമയം ഒന്നിലധികം പേശീവ്യൂഹങ്ങളെ ചലിപ്പിക്കുന്നതുവഴി ഒരു സമ്പൂർണ്ണ എക്സർസൈസ് പ്രോഗ്രാം ആണ് സുംബ. ശരീരത്തിന്റെ ഭാരനിയന്ത്രണത്തിനും സന്ധികളുടെ വഴക്കത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം സുംബയുടെ ചലനങ്ങൾ സഹായിക്കുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഊർജ്ജസ്വലത സമ്മാനിക്കാനും സുംബയ്ക്കുള്ള കഴിവ് ഒന്നു വേറെതന്നെയാണ്. ഒരു മണിക്കൂർ തുടർച്ചയായി ചെയ്താൽ 300 മുതൽ 900 കാലറി വരെ കത്തിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. അതുകൊണ്ടുതന്നെ ഭക്ഷണപ്രിയരേ, ഇതിലെ.. ഇതിലെ..
ഏതു പ്രായത്തിലുള്ളവർക്കും, ഏത് ആരോഗ്യസ്ഥിതിയുള്ളവർക്കും, തങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ ഇതിനെ ക്രമപ്പെടുത്താൻ കഴിയും എന്നതുകൊണ്ടാണ് ഇത്ര ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ഇത്രവലിയ ജനപ്രിയത തരപ്പെടുത്തിയെടുക്കുവാൻ സുംബയ്ക്കായത്. ഉന്മേഷവും ഉത്തേജനവും പകരുന്ന അകമ്പടിസംഗീതം മനസ്സിനെ പോസിറ്റീവ് എനർജികൊണ്ടുനിറച്ച് പ്രസന്നമാക്കുന്നു എന്നത് ഒരു അധിക പാരിതോഷികവും.
സുംബ എങ്ങനെ പഠിക്കാം?
ഒരു സർട്ടിഫൈഡ് പരിശീലകനിൽ നിന്നുവേണം സുംബ പരിശീലിക്കാൻ. Zumba Fitness. LLC നടത്തുന്ന സുംബ ഇൻസ്ട്രക്ടർ ട്രെയിനിങ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടുന്നവർക്കാണ് ഇത് പരിശീലിപ്പിക്കുവാനുള്ള അനുവാദമുള്ളത്. ഓൺലൈൻ ആയി ഇതിന്റെ കോഴ്സിൽ ചേരാവുന്നതാണ്. അതുകൂടാതെ നമ്മുടെ കൊച്ചുകേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ ട്രെയിനേഴ്സ് ഉള്ള ജിം സൗകര്യങ്ങളും ഉണ്ട്. ഇതൊന്നും പറ്റില്ല; വിരൽത്തുമ്പിൽത്തന്നെ എല്ലാം വേണം എന്ന് ശഠിക്കുന്നവർക്ക് യൂട്യൂബ് ഒരുക്കുന്ന സുംബ വീഡിയോസ് വേറെയും.
കണ്ണുമടക്കും മുൻപ്:
പോസ്റ്റ് കോവിഡ് ഹാർട്ടറ്റാക്കിന്റെ ഈ പുഷ്കലകാലത്ത് കാലദേവ് ജി കയറുമായിട്ടെത്തുമ്പോൾ ഒരു സുംബാ ചലഞ്ച് അങ്ങോട്ടിട്ടുകൊടുത്താൽ പുള്ളി വിട്ടു പോകാനും സാധ്യത ഇല്ലാതില്ല!


9 Comments
നല്ല അടിപൊളി ആയിട്ട് വിവരിച്ചു.👌 🥰💗 എല്ലാവരും എൻജോയ് ചെയ്തു കളിക്കട്ടെ 👍💐
👍👌🙏💯
നല്ല അടിപൊളി ആയിട്ട് വിവരിച്ചു.👌 🥰💗 എല്ലാവരും എൻജോയ് ചെയ്തു കളിക്കട്ടെ 👍💐
അതെ sayara. അതിൽ രണ്ടുപക്ഷം വേണ്ട അല്ലേ
സുംബയുടെ വിജ്ഞാനവൈഢൂര്യം മൊത്തം പെറുക്കിയെടുത്തു. കുട്ടികൾ ഇതു പഠിക്കട്ടെ, ഇത്തിരി മ്യൂസിക്കും ഡാൻസും ഏയ്റോബിക്സും ചേരുമ്പോൾ രസം തന്നെ. ഇന്നത്തെ മത്സരപ്പരീക്ഷകളുടെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ഉറപ്പാണ്.
നിറയെ വസ്ത്രo ധരിച്ച് ചെയ്യണമെന്നുള്ള കുട്ടികൾ അങ്ങനെ ചെയ്യുകയോ, ഒട്ടും വേണ്ട എന്നവർക്ക് ഇതിൽ നിന്നും മാറി നിൽക്കുകയോ ചെ ചെയ്യാനുള്ള സ്വാതന്ത്രം കൊടുക്കണം. ഒന്നും അടിച്ചേൽപ്പിക്കേണ്ട കാര്യമില്ല.
ഒരു നല്ല ഓപ്ഷൻ എന്ന നിലയിൽ കുട്ടികൾക്കുമുൻപിൽ ഇത്തവതരിപ്പിച്ചതുതന്നെ അഭിനന്ദനം അർഹിക്കുന്നു
സുംബാ പുരാണം അസ്സലായി സിൽവീ❤️👌🌹
നല്ല അടിപൊളി ആയിട്ട് വിവരിച്ചു.👌 🥰💗 എല്ലാവരും എൻജോയ് ചെയ്തു കളിക്കട്ടെ 👍💐
Thank you dear❤️