ഒരായിരം കഥകളുടെ ഒരു വസന്തകാലവുമായി, അനുഭവങ്ങളുടെ വഴിത്താരകളിലൂടെയൊരു പഴയകാലം കാത്തു വെച്ചിട്ടുണ്ട് പൂർവികർ നമുക്കായി. അവർ നടന്നവീഥികളുടെ പിൻതുടർച്ചയാണ് നമ്മുടെ വഴികൾ. ഈ കഥ നടക്കുന്നത് അങ്ങനെയൊരു കാലത്താണ്.
അമ്മയുടെ ബാല്യകാലം. വീട്ടിൽ അമ്മയുടെ അച്ഛൻ, അമ്മ,അച്ഛമ്മ, സഹോദരങ്ങൾ എല്ലാവരുമുണ്ട്. വലിയൊരു പറമ്പിൽ ഒരു വീടാണ്. പഴയ രീതിയിലുള്ള വീട്. അടുത്തടുത്തുള്ളവരെല്ലാം ബന്ധുക്കൾ. അങ്ങനെ എല്ലാവരും ഒരേ വീടു പോലെ കഴിയുന്ന കാലം. ഒരു സ്കൂൾ അവധിക്കാലം. താഴെയുള്ള വീട്ടിൽ എന്തിനോ വേണ്ടി പോയപ്പോൾ പെട്ടെന്ന് അകത്തെമുറിയിൽ ഇരുണ്ട രൂപം കണ്ടു പേടിച്ചു. അവിടെയൊരാൾക്ക് ചിക്കൻപോക്സ് വന്നിരുന്നു. ഇതറിയാതെയാണ് അമ്മ അവിടെ പോയത്. ആ ആൾ പുതച്ചു മൂടി കിടന്നതായിരുന്നു അമ്മ കണ്ടത്.. ആ പേടിയോടെ വീട്ടിൽ വരികയും പനിയോടുകൂടി അമ്മയ്ക്ക് ചിക്കൻപോക്സ് പിടിപെടുകയും ചെയ്തു .
അടുക്കളയോട് ചേർന്ന മുറിയിൽ അമ്മയെ ഒറ്റയ്ക്ക് കിടത്തി. കാര്യമായി തന്നെ രോഗം ബാധിച്ചിരുന്നു. എന്നാൽ പതിയെ ആ ദിവസങ്ങൾ കടന്നു പോയി. അമ്മ കിടന്ന മുറിയുടെ വാതിൽ രാത്രി അടക്കാറില്ല. വാതിലിനു കുറുകേ പായ നിലത്തു വിരിച്ച് അമ്മയുടെ അമ്മ കിടക്കും. പിന്നെ വരാന്തയിൽ അമ്മയുടെ അച്ഛനും ഇളയ സഹോദരനും കിടക്കും. മുൻവാതിൽ പൂർണ്ണമായും അടക്കില്ല. പകുതി ചാരും..അങ്ങനെയാണ് ആ സമയത്ത് കിടന്നിരുന്നത്.
രാത്രി എല്ലാവരും പതിവു പോലെ കിടന്നു. പെട്ടെന്നെപ്പോഴോ അമ്മയുടെ ഉറക്കം ഞെട്ടിയപ്പോൾ കട്ടിലിനരികിൽ ഒരു വെളുത്തരൂപം. നിലത്തിഴയുന്ന മുടി. എന്താണ് എന്നു ചിന്തിക്കുന്ന സമയം കൊണ്ട്, ആ രൂപം കൈയുയർത്തി ഇല്ല എന്നു പറയും പോലെ ചലിപ്പിച്ച്, കാലിൽ തലോടി പുറത്തേക്കിറങ്ങിപ്പോയി. പാതി ചാരിയ വാതിൽ തുറക്കുകയോ ഒന്നും ചെയ്തില്ല. അവരിറങ്ങിപ്പോവുന്ന ദൃശ്യം,വെളുത്തരൂപം, പടികളിലൂടെ ഇഴഞ്ഞു നീങ്ങുന്ന നീളമുള്ള മുടി. അമ്മയുടെ അമ്മയും അച്ഛനും സഹോദരനും ഒരേ സമയം കണ്ടു. എല്ലാവരും കിടന്നിടത്തു നിന്നു തന്നെ പരസ്പരം വിളിച്ചു ചോദിക്കുകയും ചെയ്തു. എന്താണ് സംഭവമെന്നാർക്കും മനസ്സിലായില്ല.
ചിക്കൻപോക്സിനെ എല്ലാവരും ദേവിയുടെ അനുഗ്രഹമായി കാണുന്ന കാലം. വീട്ടിൽ ഒരാൾക്ക് വന്നാൽ ഭൂരിഭാഗം പേരേയും ബാധിക്കുന്ന അസുഖം. എന്നാൽ വീട്ടിൽ അമ്മയ്ക്കല്ലാതെ മറ്റൊരാൾക്കും അസുഖം വന്നില്ല. ദേവി തന്നെ പ്രത്യക്ഷമായി പേടിക്കേണ്ട എന്നു പറഞ്ഞതു പോലെയാണ് അമ്മയ്ക്ക് തോന്നിയത്. വച്ചാരാധനകളെല്ലാമുള്ള തറവാടായിരുന്നു അമ്മയുടേത്. പണ്ടൊക്കെ പോവുമ്പോൾ ശരിക്കും ഒരു നിഗൂഢത തോന്നും.
അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ട്. പലപ്പോഴും ചില അനുഭവങ്ങളുടെ സത്യം അറിയാൻ നമ്മുക്ക് കഴിയില്ല.. എന്നാൽ പൂർണ്ണമായും നിഷേധിക്കാനും കഴിയില്ല. അന്ധവിശ്വാസത്തെ കൂട്ടു പിടിക്കുകയുമല്ല. ഗന്ധമായും ശബ്ദമായും മിന്നിമായുന്ന രൂപമായും പലരും അനുഭവസ്ഥരാകുമ്പോൾ, അതിനെ നിഷേധിക്കാനും കഴിയില്ല. നമ്മുടെ ദൃഷ്ടിക്കു ഗോചരമല്ലാത്ത എന്നാൽ നമ്മുക്ക് ചുറ്റും വിരാജിക്കുന്ന എന്തെങ്കിലുമൊക്കെ ഉണ്ടാവുമായിരിക്കാം..
പല സന്ദർഭങ്ങളിലും മനസ്സിന്റെ ഭയം തന്നെയാണ് ഒറ്റയ്ക്കുള്ളപ്പോൾ നമ്മുക്കുണ്ടാവുന്ന അനുഭവങ്ങളുടെ ആധാരം.. ഭയമേറുമ്പോൾ അതിൽ നിന്നും രക്ഷ നേടാൻ ഉപബോധമനസ്സിന്റെ ചില ശ്രമങ്ങളാവാം അത്.. ശരീരത്തിൽ പ്രവഹിക്കുന്ന ഊർജ്ജമാണ് ജീവനെന്നിരിക്കെ അതു(ജീവൻ) നഷ്ടമാവുമ്പോൾ ആ ഊർജ്ജത്തിനെന്തു സംഭവിക്കുന്നു,ഏതു രൂപത്തിലേക്കതു മാറുന്നു എന്നത് ഇന്നും അജ്ഞാതമായ കാര്യം തന്നെയാണ്.. നമുക്ക് ഉത്തരമില്ലെന്നു കരുതി അങ്ങനെയൊരു കാര്യമില്ല എന്നു പറയുന്നതിലർത്ഥമില്ലല്ലോ. ശാസ്ത്രം എത്ര പുരോഗമിച്ചാലും അതിനു പോലും നിർവചിക്കാനാവാത്ത ഒരുപാട് കാര്യങ്ങൾ ഈ ഭൂമിയിലുണ്ട് എന്നുള്ളത് സത്യം തന്നെയാണ്. കാരണം ചില ശാസ്ത്രസത്യങ്ങൾ പോലും അംഗീകരിക്കപ്പെടാൻ എത്രയോ വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നിട്ടുണ്ട്..
ചില വിശ്വാസങ്ങൾ അനുഭവത്തിന്റെ വെളിച്ചത്തിലുണ്ടാവുന്നതാണ്.. കാലം ചെല്ലും തോറും അതിനെ നമ്മൾ തള്ളിക്കളയാൻ ശ്രമിക്കും. എന്നാൽ പലപ്പോഴും കാലങ്ങൾക്കിപ്പുറം അതിലെ ശാസ്ത്രീയ അടിത്തറയും കൺമുന്നിൽ തെളിഞ്ഞു വരും. ഈശ്വരവിശ്വാസം പോലും അങ്ങനെയുള്ളത് തന്നെയാണ്. അതൊരു പ്രതീക്ഷയാണ് സഫലമായാലും ഇല്ലെങ്കിലും നമ്മെ നയിക്കുന്ന ഒരു ശക്തി കൂടെയുണ്ടെന്ന വിശ്വാസം. പോസിറ്റീവായി ഒരു കാര്യമുണ്ടെങ്കിൽ അതിനു വിപരീതമായി നെഗറ്റീവായ ഒരു കാര്യവുമുണ്ടാവുമെന്നതൊരു യാഥാർത്ഥ്യമാണ്.. ഭയത്തേക്കാളുപരി അതംഗീകരിക്കാനുള്ള മനസ്സുണ്ടായാൽ തന്നെ നമ്മൾ സ്വയം നന്മയുടെ വഴിയിൽ സഞ്ചരിക്കും. നിഴലുപോലെ പിൻതുടരുന്ന മരണവും പേറിയുള്ള മാനവജീവിതത്തിന്റെ നിരർത്ഥകതയോളം വരില്ല ഒന്നും.. ജീവിച്ചിരിക്കുമ്പോൾ നല്ലോർമ്മകളുടെ രേഖപ്പെടുത്തലാവാം മറ്റുള്ളവരുടെ ഹൃദയത്തിൽ. മരണത്തിനപ്പുറം ഭയമില്ലാതെ, ഒരു പുഞ്ചിരിയോടെയവർ ഓർമ്മിക്കട്ടെ.
#വായ്മൊഴിക്കഥകൾ
#എന്റെരചന
****നിഷിബ എം നിഷി ****


6 Comments
നന്മ ചെയ്യുന്നവരെ മരണശേഷവും സ്റ്റേ ഹിക്കാൻ കഴിയുന്നത്, നമ്മുടെ മനസ്സിൽ അവരെ കുറിച്ച് ചേക്കറിയ പ്രിയമാണ്. ഗന്ധമായും അവ്യക്ത രൂപങ്ങളായും നമ്മുടെ ഇടയിൽ അവരുണ്ടെന്ന് നമുക്ക് തോന്നും.
നല്ലെഴുത്ത് 👌
ചിലതൊക്കെ വിശ്വസിക്കാതിരിക്കാൻ കഴിയില്ല ….നന്നായെഴുതി👍❤️
നന്നായി എഴുതി❤️👌🌹
👌👍❤️🙏
സ്നേഹം സന്തോഷം 😍