“ദേവി നമുക്കവിടെ പോയി നോക്കിയാലോ.”
“പോകണോ,പോയാൽ അപകടമാണെങ്കിലോ? ആരായിരിക്കും അവിടെ?”
“ഒരു പക്ഷെ അത് പി ബി തന്നെയാണെങ്കിലോ?”
ഇരുട്ടിലൂടെ അവർ വെളിച്ചം കണ്ട ഭാഗത്തേയ്ക്ക് നടന്നു.ദൂരെ നിന്നും ബൈക്കിൻ്റെ സ്റ്റീൽ തിളക്കം കണ്ടു.അടുത്തെത്തിയപ്പോൾ പി ബി ഇല്ല, ബൈക്ക് മാത്രം കണ്ടു.
ആരേയും ബൈക്കിനടുത്ത് കാണാതെ നിധിൻ കുഴങ്ങി.എത്രയും പെട്ടെന്ന് ദേവിയെ വീട്ടിലാക്കണം.സുമതിയെങ്ങാനും ഉണർന്നാൽ…
പിറകിലൊരു കാൽ പെരുമാറ്റം.
“നമുക്ക് പോകാം.”
“കാണാതെ ഞങ്ങൾ വിഷമിച്ചു.പി ബി എവിടെ പോയിരുന്നു.”
“ഈ വഴിയിലൂടെ ഒരു പോലീസ് ജീപ്പ് കടന്നു പോയി,ഞാനൊളിച്ചു നിന്നു.രാത്രി പട്രോളിംഗ് ഈ വഴിയിൽ പതിവാണെന്ന് അറിഞ്ഞിരുന്നു.ഒരു പക്ഷെ സഞ്ജീവ് ടീച്ചറിന് നൽകുന്ന സേവനമാകും.ടീച്ചറിവിടെ ഒറ്റയ്ക്കല്ലേ കഴിയുന്നത് .”
“അവർക്കു ആരുടെയും സേവനമൊന്നും ആവശ്യമില്ല,ഈ പ്രായത്തിലും നല്ല ആരോഗ്യമുണ്ട്.”
“പോയ കാര്യം എന്തായി.”
പി ബി ചോദിച്ചു.
“ഒരു ഷോക്ക് കൊടുത്തിട്ടുണ്ട്.ദേവി ബ്രഹ്മദത്തൻ, തന്നെ ഒരിക്കൽ നശിപ്പിച്ച പീഡോഫൈലായ ഒലീവിയ ഡിക്രൂസിനെ തിരിച്ചറിഞ്ഞെന്നും,അവരെ എല്ലാ കാലത്തും സഹായിച്ചത് സഞ്ജീവ് ആണെന്ന് കണ്ടെത്തിയെന്നും അവരെ അറിയിച്ചു.താൻ പിടിക്കപ്പെട്ടു എന്ന കാര്യം അവർക്ക് മനസ്സിലായി. തന്റെ പല തെറ്റുകളും എല്ലാവർക്കും മനസിലായെന്നറിഞ്ഞതോടെ, അവരുടെ സമനില തെറ്റിയിട്ടുണ്ട്.ഇനി അവർ സ്വയം നരകിച്ചു തുടങ്ങും.”
“വാ ഇനിയിവിടെ നിൽക്കണ്ട,നേരം വെളുക്കുന്നതിനു മുൻപ് ദേവിയെ വീട്ടിലാക്കണം.അവിടെയും സഞ്ജീവിന്റെ കണ്ണുകൾ ഉണ്ടാകും.”
ബൈക്കിലെ മടക്ക യാത്രയിൽ ദേവിക്ക് വല്ലാത്ത സംതൃപ്തി തോന്നി.ആ കിളവി ഒലീവിയ താനെന്നും സുരക്ഷിതയാണെന്ന് കരുതിയിരുന്നു.ആ വിശ്വാസമാണ് ഇപ്പോൾ തകർത്തു കൊടുത്തത്.ഇതൊക്കെ നിധിന്റെ പ്ലാനിംഗ് ആയിരുന്നു.നിധിനെ പോലൊരു തുണയാണ് ദേവി എന്നും ആഗ്രഹിച്ചത്.സ്നേഹത്തിന്റെ കാര്യത്തിലായാലും ധീരതയുടെ കാര്യത്തിലായാലും അവൾ ആഗ്രഹിക്കുന്ന രീതിയിൽ പെരുമാറാൻ അവനു എപ്പോഴും സാധിക്കുന്നു.
അവൻ ചില കാര്യങ്ങൾ തന്നിൽ നിന്നും മറച്ചിരുന്നത് ദേവി മറന്നിട്ടില്ല.അതിൽ അവൾക്കു വിഷമവുമുണ്ട്.പക്ഷെ അതിനൊക്കെ വേറെ എന്തെങ്കിലും കാരണമുണ്ടെന്നു വിശ്വസിക്കാനാണ് ദേവിക്ക് ഇഷ്ടം.
ദേവി നിധിനെ വയറ്റിൽ കയ്യിട്ട് കെട്ടിപ്പിടിച്ചു ,ആ തണുത്ത വെളുപ്പാൻ കാലത്ത് ,വളരെ വേഗതയിൽ പോകുന്ന ബൈക്കിൽ അവനെ ഒട്ടിപിടിച്ചിരിക്കുമ്പോൾ അവൾക്കു വല്ലാത്ത സന്തോഷവും അഭിമാനവും തോന്നി.എന്നും തനിക്കു നിധിനോട് ഇങ്ങനെ ചേർന്നിരിക്കാൻ കഴിയണേയെന്നു അവൾ പ്രപഞ്ചത്തോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
പി ബി ,ദേവിയുടെ വീടിന്റെ പിറകു വശത്തെ റോഡിൽ ബൈക്ക് നിർത്തി.അവൻ ദേവിയെ തടഞ്ഞ് നിർത്തി.
“പോകാൻ വരട്ടെ.”
അവൻ ഇറങ്ങി നാലുപാടും പരിശോധിച്ചു.ബൈക്ക് കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു വച്ചു.
“മാഡത്തെ നമുക്ക് വീട് വരെ കൊണ്ടാക്കിയിട്ടു വരാം.”
നിധിനും പി ബിയും കൂടി ദേവിയെ വീട് വരെ കൊണ്ടാക്കി,അവൾ സേഫ് ആയി അടുക്കള വാതിൽ തുറന്ന് വീടിനകത്തു പോകുന്നത് വരെ അവർ കാത്ത് നിന്നു.വാതിലടച്ചു അവൾ മുറിയിൽ കയറി കിതച്ചു.കിടന്നിട്ടും ദേവിയ്ക്ക് ഉറക്കം വന്നതേയില്ല.
രാവിലെ പ്രാതലിരിക്കുമ്പോഴാണ് സുമതിയുടെ ചോദ്യം വന്നത്.
“ഇന്നലെ ദേവി കുഞ്ഞു എവിടെയെങ്കിലും പുറത്ത് പോയിരുന്നോ?”
“എന്തേ അക്കാ അങ്ങനെ ചോദിച്ചത്.”
“അടുക്കളയിലൊക്കെ മണ്ണും ചെളിയും, ഷൂവിന്റെ പാടുകളും കണ്ടു.മോളോട് നേരിട്ട് ചോദിക്കാമെന്നു കരുതി.എന്തുണ്ടായാലും സാറിനോട് വിളിച്ചു പറയണമെന്നാണ് നിർദേശം തന്നത്.”
“അക്കാ എല്ലാം സമയാസമയം വിളിച്ചു പറയുന്നുണ്ടല്ലോ.’
“മോളെ തെറ്റിദ്ധരിക്കരുത്,ചെയ്യുന്ന ജോലിയോടുള്ള കൂറാണ് എന്ന് കരുതിയാൽ മതി.മാത്യൂ സാറിനോടല്ല എന്റെ കൂറ് ,മാലതി കൊച്ചമ്മയോടാണ്.അവർ ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു ,ഓർക്കാൻ കൂടി വയ്യ, അത്രത്തോളം അടിയും തൊഴിയും കൊണ്ടിട്ടുണ്ട്.ആ അമ്മയോട് എനിക്ക് അത്രമാത്രം കടപ്പാടാണ് മോളെ.”
“അപ്പോൾ ഞാൻ ഇതിൽ ഇല്ല, അല്ലേ അക്കാ .”
“കുഞ്ഞിനോടും എനിക്ക് സ്നേഹമേയുള്ളു.അന്ന് രാത്രിയിൽ മാലതി കൊച്ചമ്മ കുഞ്ഞിനോട് വഴക്കുണ്ടാക്കിയപ്പോൾ ഞാൻ ഇങ്ങോട്ടു ഓടി വന്നത് കുഞ്ഞിനെ രക്ഷിക്കാനാണ്,അല്ലാതെ ചതിക്കാനല്ല.എനിക്ക് ആ സഞ്ജീവ് സാറിനെ ഇഷ്ടമല്ല.അയാൾ ശരിയല്ല.ദേവികുഞ്ഞു ഒരിക്കലും അയാളെ കല്യാണം കഴിക്കരുത്.ഞാൻ അത് കൊച്ചമ്മയോടു പറഞ്ഞതാണ്.നീ അടുക്കള കാര്യം മാത്രം നോക്കിയാൽ മതിയെന്ന് കൊച്ചമ്മ എന്നോട് പറഞ്ഞു.”
“അതെന്താ സഞ്ജീവിനോട് അക്കായ്ക്കു ഇത്ര ദേഷ്യം.?പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ?”
“ഉണ്ട് മോളെ ,അന്ന് രാത്രി അയാൾ മദ്യപിച്ചു അടുക്കളയിൽ വന്ന്, എന്നോട് ,കുഞ്ഞു വിശ്വസിച്ചാലും ഇല്ലെങ്കിലും അയാളത്ര ശരിയല്ല മോളെ.മോൾക്ക് ചേർന്നയാളല്ല.കൈലാസൻ കുഞ്ഞിനെ പോലെ ,നിധിൻ മോനെ പോലെ ഒരു പാവത്താനാണ് മോൾക്ക് ചേരുന്നത്.ആ ഹിന്ദിക്കാരൻ ജ്യോത്സ്യനെ പോലെ ..ഒരാൾ മതി .അതാണ് മോൾക്ക് നല്ലത്.”
“അയ്യോ അക്കാ ,ആര്യൻ ഒരു ജ്യോൽസ്യനൊന്നുമല്ല.ആളൊരു ഡിവൈൻ ഹീലറാണ്.”
“അതെന്തോ ആകട്ടെ,ആരുമായി മോൾ പിണങ്ങിയാലും കുഴപ്പമില്ല.മോളുടെ ഇഷ്ടം നടക്കട്ടെ.അയാളെ തന്നെ വിവാഹം കഴിക്കുക.നവമി കുഞ്ഞുമായി ഈ നാട്ടിൽ നിന്നും രക്ഷപ്പെടുക.ഇവിടെ മോൾക്ക് പറ്റിയ സ്ഥലമല്ല.ഇവിടെ എന്നും ദുരിതങ്ങളാണ്.”
“എല്ലാം മാറുമായിരിക്കും,എനിക്കും ഒരു നല്ല ജീവിതം ലഭിക്കുമായിരിക്കും.”
“മോളുടെ കല്യാണം കഴിയുമ്പോൾ എന്റെ കൂടെ, എന്റെ നാട്ടിൽ വരണം,അവിടെ കാട്ടിലൊരു ദ്രൗപദി അമ്മൻ ക്ഷേത്രമുണ്ട്.അവിടെ കല്യാണദോഷം സംഭവിച്ച പെൺകുട്ടികൾ പോയി താലികെട്ടിയാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും.ഞാൻ മോളെ അങ്ങോട്ട് കൊണ്ട് പോകും.ആരുമറിയാതെ നമുക്ക് അവിടെ പോയൊരു താലി കെട്ടാം ,പിന്നെ ഒരു പ്രശ്നവുമുണ്ടാകില്ല.ദ്രൗപതി അമ്മനും അഞ്ച് കെട്ടിയതല്ലേ,മോളെ രക്ഷിക്കും.”
ദേവി കഴിക്കാനിരുന്നപ്പോൾ സുമതി ചൂലും മോപ്പും എടുത്തു കൊണ്ട് വന്നു അടുക്കളയിലെ മണ്ണും ചെളിയും വൃത്തിയാക്കി.
“അക്കാ ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടെ,എന്തിനാണ് നാട്ടിൽ പോകുന്നു എന്ന് പറഞ്ഞിട്ട് മാത്യുവിന്റെ കാറിൽ കയറി പോയത്.എന്നോട് എന്തിനാണ് അക്ക കള്ളം പറഞ്ഞത്.”
സുമതി മോപ്പ് താഴെ വച്ചിട്ട് കുറ്റബോധത്തോടെ ദേവിയെ നോക്കി നിന്നു.
“ഇവിടെ നിന്നും നാട്ടിലേക്ക് ഇറങ്ങിയപ്പോൾ ഞാൻ മാത്യൂ സാറിനെ വിളിച്ചു അനുവാദം ചോദിച്ചിരുന്നു.എന്നോട് പോകണ്ടാ എന്ന് പറഞ്ഞു.”
“ഞാൻ അനുമതി തന്നല്ലോ,ഇന്ന് വേണമെങ്കിലും അക്കായ്ക്കു നാട്ടിൽ പോയിട്ട് വരാം.എനിക്ക് ഒരു പ്രശ്നമില്ല.”
“ദേവി കുഞ്ഞു അന്ന് പറഞ്ഞപ്പോൾ എനിക്ക് നാട്ടിലൊന്ന് പോയി വരാൻ നല്ല ആഗ്രഹം തോന്നിയിരുന്നു.എന്റെ മോനേയും കൊച്ചു മക്കളേയും ഒന്ന് കാണണം,ഞാനുമൊരു അമ്മയല്ലേ ,പിന്നെ അയാളെയും …”
“അക്ക പോയി വരൂ,ഞാൻ ബസ് സ്റ്റാൻഡിൽ കൊണ്ടാക്കാം.”
പ്രാതൽ കഴിഞ്ഞു അവർ ഒന്നിച്ചു ഇറങ്ങി.ദേവി സുമതിയെ ബസ് സ്റ്റോപ്പിലാക്കി ഓഫീസിലേയ്ക്ക് തിരിച്ചു.
“വരുവാൻ വൈകിയാൽ എന്നെ വിളിച്ചോളൂ ,ബസ് സ്റ്റോപ്പിൽ രാഹുലിനെ അയയ്ക്കാം,മടങ്ങി വരുന്നത് വരെ അമ്മയോടും പപ്പയോടും ഒന്നും പറയണ്ട.”
ദേവി പേടിച്ച പോലെ ഒന്നും അന്നത്തെ ദിവസം പകൽ സംഭവിച്ചില്ല.ഉച്ചയ്ക്ക് ഓഫീസിൽ നിന്നും മടങ്ങി വരുന്ന വഴി അവൾക്കു നവമിമോളെ ഒന്ന് കണ്ടാൽ കൊള്ളാമെന്നു തോന്നി.വീട്ടിൽ ചെന്ന് കയറുമ്പോൾ അമ്മ എന്തെങ്കിലും പറയും,അത് പിന്നെയൊരു വഴക്കിൽ കലാശിക്കും.അത് കൊണ്ട് അവൾ കാർ ഓടിച്ചു മുന്നോട്ടു പോയതാണ്.കുറച്ചു മുൻപോട്ടു പോയപ്പോൾ അവൾക്കു ഇടനെഞ്ചിൽ ഒരു വേദന ,ഒരു ഭാരം തോന്നി.
എന്തൊക്കെ പ്രശ്നം അമ്മ ഉണ്ടാക്കിയാലും,എന്തൊക്കെ വഴക്കു പറഞ്ഞാലും കുഞ്ഞിനെ കാണണമെന്ന് തന്നെ ദേവിക്ക് തോന്നി.
ദേവി ഗേറ്റിനു മുൻപിൽ കാർ ഒതുക്കി.ഗേറ്റ് മെല്ലെ തുറന്നു ദേവി അകത്തു കയറി.കോളിംഗ് ബെല്ലടിച്ചപ്പോൾ മാലതി വന്നു വാതിൽ തുറന്നു,ദേവിയെ കണ്ടു ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.ദേവിയും അവരോടു ഒന്നും മിണ്ടിയില്ല.അമ്മയുടെ കട്ടിലിൽ കിടന്നുറങ്ങുന്ന പൊന്നോമനയെ ദേവിയൊന്ന് നോക്കി.അവൾ കുഞ്ഞിൻ്റെയടുത്ത് കട്ടിലിൽ ഇരുന്നു.അവൾക്കു നല്ല സങ്കടം വന്നു, കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.
കുഞ്ഞു നവമി കുളിച്ചൊരുങ്ങി കിടന്നുറങ്ങുകയാണ്,മുഖത്ത് നല്ല ക്ഷീണമുണ്ട്.ദേവി കുഞ്ഞിന്റെ കവിളിൽ തൊട്ടു തലോടി.അവളെ പിരിഞ്ഞിട്ടു ഒരാഴ്ച കഴിഞ്ഞു.
“അവൾക്കു ചെറിയ പനിയുണ്ടായിരുന്നു.നിന്നെ പിരിഞ്ഞതിന്റെ വിഷമം ആയിരിക്കും.പനി മാറിയിട്ട് അങ്ങോട്ട് കൊണ്ട് വരാമെന്നാണ് ഞാൻ കരുതിയത്.”
മാലതി ദേവിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.ദേവി കുഞ്ഞിന്റെ നെറ്റിയിൽ തൊട്ടു നോക്കി.
“ഇപ്പോൾ എങ്ങനെയുണ്ട്.”
“ഇപ്പോൾ കുഴപ്പമൊന്നുമില്ല,ഇന്നലെ പഴയ പോലെ കളിയും ചിരിയുമായിരുന്നു.”
മാലതി ഫോണിൽ ഒരു വീഡിയോ ദേവിയെ കാട്ടി കൊടുത്തു.കുഞ്ഞു നവമി ദേവിയെ തിരക്കി അവളുടെ മുറിയിൽ നടക്കുന്ന ദൃശ്യങ്ങൾ.അത് കണ്ടു ദേവിയ്ക്ക് സങ്കടം തോന്നി.
ദേവിയുടെ കണ്ണ് നിറയുന്നത് കണ്ടിട്ട് മാലതിക്കും സങ്കടം വന്നു.ദേവി ആ വീഡിയോ കുറെ നേരം നോക്കി ഇരുന്നു, വീണ്ടും കണ്ടു.മാലതി മൊബൈൽ വാങ്ങി ദേവിയെ മറ്റൊരു വീഡിയോ കാണിച്ചു കൊടുത്തു.കുഞ്ഞു ഫോൺ ചെയ്യുന്ന പോലെ കൈ മടക്കി ചെവിയിൽ വച്ച് “ഹലോ അമ്മാ അമ്മാ ” എന്ന് വിളിക്കുന്നൊരു വീഡിയോ.
“അവള് സംസാരിക്കുന്നത് കണ്ടോ.അവള് നിന്നെ ഫോൺ വിളിക്കുവാ.”
ദേവി വീണ്ടും കരഞ്ഞു പോയി.മാലതി ദേവിയെ കെട്ടിപ്പിടിച്ചു .ദേവിയും മാലതിയും തമ്മിലുണ്ടായിരുന്ന പിണക്കം മഞ്ഞുരുകുന്നു പോലെ ഉരുകി പോയി.
“മോളേ,നിനക്കിഷ്ടമുള്ള ആരേ വേണമെങ്കിലും കല്യാണം കഴിച്ചോ,ജീവിതത്തിൽ ഇനിയും ഒരു പരാജയം ഉണ്ടാകരുത്.അയാളൊരു അന്യനാട്ടുകാരനാണ്,ആരാണ്? സ്വഭാവം എന്താണ് എന്നൊക്കെ നമ്മളെങ്ങനെ അറിയാനാണ് കുട്ടി.അതാണ് ഞാൻ…സഞ്ജീവാകുമ്പോൾ…”
“സഞ്ജീവ് എന്നെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടല്ലാ എന്ന് അറിയാമോ അമ്മയ്ക്ക്.”
ദേവി അമ്മയോട് ചേർന്നിരുന്നു.
“ആ ജോലിക്കാരി പോയോ.വേറെ ആരെങ്കിലും ഇപ്പോൾ ഇവിടെയുണ്ടോ?”
വേറെയാരും അവിടെ ഇല്ലെന്ന് മാലതി തലയാട്ടി.
“സഞ്ജീവിന് എന്നോട് വൈരാഗ്യമാണ്,പണ്ട് ഞാൻ കാരണം ഒരു സ്കൂൾ വാച്ചർ ആത്മഹത്യ ചെയ്ത സംഭവം അമ്മ ഓർക്കുന്നില്ലേ.ആ സുരേഷ് എന്നയാൾ സഞ്ജീവിൻ്റെ അച്ഛനാണ്.അയാൾ എന്നോട് പ്രതികാരം ചെയ്യുകയാണ്.അതിന് എൻ്റെ അമ്മയും കൂട്ട് നിൽക്കുകയാണ്.”
“സത്യമാണോ നീ പറയുന്നത്.ഞാനിപ്പോൾ തന്നെ അയാളെ വിളിച്ച് ചോദിക്കട്ടെ.ഞാനൊന്നും അറിഞ്ഞില്ലല്ലോ.”
“അമ്മ ഇപ്പോഴും ഒന്നും അറിഞ്ഞിട്ടില്ല.അമ്മ ഇനിയും ഇങ്ങനെ പിണക്കം അഭിനയിച്ചാൽ മതി.തൽക്കാലം അമ്മയുടെ ഈ എതിർപ്പ് അയാളെ ശാന്തനാക്കും.അല്ലെങ്കിൽ അയാൾ ചതിക്കാനും മടിയ്ക്കത്തില്ല.ഇപ്പോൾ പപ്പയും ഒന്നുമറിയണ്ട.”
അവരുടെ സംസാരം കേട്ട് കുഞ്ഞുണർന്നു.കുഞ്ഞ് കണ്ണിമ വെട്ടാതെ ദേവിയെ നോക്കി കിടന്നു.അവൾ ഇഴഞ്ഞ് വന്ന് ദേവിയുടെ മടിയിൽ വന്നിരുന്നു.ദേവിയുടെ കണ്ണിലും കവിളിലും തൊട്ട് പൊക്കി.
“അമ്മാ അമ്മാ.”
വിളി കേട്ട് ദേവിക്ക് സന്തോഷം തോന്നി.അവൾ കുഞ്ഞുമായി കളിച്ച് കൊണ്ടിരുന്നു.
“അവൾക്ക് വിശക്കുന്നുണ്ടാകും.നീ വല്ലതും കഴിച്ചോ”
സുമതി നാട്ടിൽ പോയ കാര്യം ദേവി മറച്ചു വെച്ചു.
മാലതി ഒരു പാത്രത്തിൽ കുഞ്ഞിനുള്ള ഭക്ഷണം വിളമ്പി കൊണ്ട് വന്നു.അവർ കുഞ്ഞിനെ നിർബന്ധിച്ച് കഴിപ്പിച്ചു.ഇടയ്ക്ക് ഓരോ പിടിച്ചോറുരുളകൾ ദേവിയുടെ വായിൽ വച്ച് കൊടുത്തു.ആദ്യമൊന്ന് മടിച്ചെങ്കിലും ദേവി വാ തുറന്നു.ആദ്യമായിട്ടാണ് അമ്മ ഈ രീതിയിൽ സ്നേഹപ്രകടനം നടത്തുന്നത്.
അമ്മയുടെ കൈ കൊണ്ട് തന്ന ഭക്ഷണത്തിന് നല്ല രുചി തോന്നി.മതിയെന്ന് അവൾ കൈ കൊണ്ട് മുദ്ര കാട്ടിയപ്പോൾ നിർബന്ധിച്ച് ഒരുരുള കൂടി നൽകി,വാൽസല്യം പൂർവ്വം അവളുടെ നെറ്റിയിൽ ഉമ്മ നൽകിയിട്ട് മാലതി കൈ കഴുകാനായി പോയി.
മനസ്സിൽ നിറഞ്ഞു തുളുമ്പിയ സ്നേഹം ഒരു ചുംബനമായി ദേവി നവമിയ്ക്ക് നൽകി.നിധിൻ,അമ്മ,നവമി മോൾ, ഓർത്തപ്പോൾ തന്നെ സ്നേഹം കൊണ്ട് തൻ്റെ മനസ്സ് നിറയുന്നത് പോലെ ദേവിക്ക് തോന്നി.
പോകാൻ നേരം നവമി കരഞ്ഞത് ദേവി ശ്രദ്ധിച്ചു.ദേവിയെ അവൾ മുറുക്കി പിടിച്ചു.
“ഞാൻ കൂടെ വരണോ മോളേ.”
“വേണ്ട, രണ്ട് ദിവസം കൂടി കഴിയട്ടെ , ഞാൻ മടങ്ങി വരും.ഇവൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയല്ലേ.കരയുമ്പോൾ വീഡിയോ കാൾ ചെയ്താൽ മതി.ഞാൻ ഉടൻ മടങ്ങി വരും.”
ദേവി കുഞ്ഞിന് ഉമ്മ നൽകി കാറിനടുത്തേക്ക് നടന്നു.കുഞ്ഞിനെ പിരിയാൻ വയ്യ.പക്ഷേ ഇപ്പോൾ അവരെ രണ്ടു പേരെയും കൂടെ കൂട്ടുന്നത് അപകടമാണെന്ന് മനസ്സ് പറഞ്ഞു.
രാത്രിയിൽ ഒറ്റയ്ക്കായപ്പോഴും കുഞ്ഞിൻ്റെ ഓർമ്മകൾ അവളെ വേദനിപ്പിച്ചു.അവളുടെ കളി ചിരികൾ,വാശികൾ ,അമ്മയെ കാൾ ചെയ്യാനായി ഫോണെടുത്തതും കോളിംഗ് ബെൽ ശബ്ദിച്ചു.
സുമതിയക്ക മടങ്ങി വന്നതാകും.വിശക്കുന്നു,ഇത് വരെ അത്താഴം കഴിച്ചിട്ടില്ല.അക്ക ചൂടോടെ ദോശയുണ്ടാക്കി തരും എന്നോർത്തപ്പോൾ , ദേവിയുടെ വായിൽ ഉമിനീർ നിറഞ്ഞു.
ദേവി ഒരു ചിരിയോടെ വാതിൽ തുറന്നു.മുന്നിൽ ചിരിയോടെ സഞ്ജീവ്.യൂണിഫോമിലല്ല സിവിൽ ഡ്രസ്സിലാണ്.
ദേവി അണിഞ്ഞിരുന്ന കറുത്ത പലാസോയും ചുവന്ന ടീ ഷർട്ടും അവളെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.
“ഇന്നെൻ്റെ ദേവി മോൾ കൂടുതൽ സുന്ദരിയാണല്ലോ.”
സഞ്ജീവ് ദേവിയെ ഒന്ന് വലം വച്ചു.അയാളുടെ കണ്ണുകൾ ദേവിയെ കൊത്തി വലിച്ചു.
“സഞ്ജീവ് ഞാൻ ഒറ്റയ്ക്കാണിപ്പോൾ, സഞ്ജീവിപ്പോൾ മദ്യപിച്ചിട്ടുണ്ടല്ലോ. പോയിട്ട് നാളെ വാ.”
“എൻ്റെ സുന്ദരിയെ ഒറ്റയ്ക്കാക്കിയിട്ട് ഞാൻ പോകണോ.നോ വേ മൈ ഡിയർ.അയാം യുവർ ബോസ്.”
സഞ്ജീവ് അശ്ളീല ചുവയോടെ ദേവിയുടെ അംഗങ്ങളെ വർണ്ണിക്കാൻ തുടങ്ങി.
ഇയാളാണോ ഇത്രയും നാൾ ഒരു മാന്യനെ പോലെ തൻ്റെ വീട്ടിൽ കയറിയിറങ്ങി നടന്നത്.തൻ്റെ വിരലുകൾ തൊട്ടപ്പോൾ ഞെട്ടി തരിച്ചത്.സഹികെട്ട ദേവി അയാളെ വാതിലിൽ നിന്നും തള്ളിയിറക്കി വാതിലടയ്ക്കാൻ ശ്രമിച്ചു.
(തുടരും….)
✍️✍️നിഷ പിള്ള

