നാട്ടിൽ ലൈസൻസ് കിട്ടിയത് 2005 ൽ ആണ്. ദുബായിയിൽ ലൈസൻസ് കിട്ടിയ ഉടനെ അവിടെ സിഗ്നൽ ടെസ്റ്റ് എഴുതി എടുക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞാണ് നാട്ടിലൊരു വണ്ടി വാങ്ങുന്നത്. വണ്ടി വാങ്ങിയാൽ പിന്നെ ഓടിക്കണ്ടേ. എട്ടും പൊട്ടും തിരിയാത്ത മൂന്ന് മക്കൾക്ക് ജീവനിൽ കൊതി ഇല്ലാത്തത് കൊണ്ട് ഞങ്ങൾ നാലാളും വണ്ടിയുമെടുത്ത് പറക്കാൻ തുടങ്ങി.
ഒരു ദിവസം വൈകുന്നേരം. മക്കളെയുമെടുത്ത് അടുത്തുള്ള ടൗണിലേക്കുള്ള യാത്ര. ഒന്ന് രണ്ട് കൊടുംവളവുകൾ ഉണ്ട് വഴിയിൽ. വളവിൽ തിരിവ് എന്നൊക്കെ പറയുന്ന പോലുള്ളത്. പാടം കയറി വരുന്ന വളവ് വീശി വളച്ച് സിനിമ സ്റ്റൈലിൽ കയറി വരുന്ന വഴി എന്നേക്കാൾ സ്റ്റൈലിൽ പറന്നു വരുന്നു ഹോളി ക്വീൻ ബസ്സ്. ബസ്സിൽ നിന്ന് രക്ഷപ്പെടാൻ വശത്തേക്ക് വെട്ടിച്ച ഞാൻ ഒരു ഇടിയുടെ ശബ്ദം കേട്ടോ എന്നൊരു സംശയം തോന്നി. പിന്നെ കാണുന്നത് അവിടുള്ള നാട്ടുകാരൊക്കെ ഇറങ്ങി വരുന്നതാണ്. ബസ്സിൽ തട്ടിയെന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ ഈ കൊടുംവളവിൽ എന്നെ ഒന്ന് ഇടിച്ചിട്ട് പോണേ എന്ന അഭ്യർത്ഥനയുമായി നിൽക്കുന്ന റോഡിലേക്ക് ബാക് സൈഡ് കയറ്റി ഇട്ടിരിക്കുന്ന ഒരു കാറിന്റെ പിന്നിലാണ് തട്ടിയത് . എന്റെ പുതുപുത്തൻ മാൻസായുടെ മുൻപിലെ പെയിന്റ് ഒന്നിളകിയിട്ടുണ്ട്. ബാക് കാണിച്ചു നിൽക്കുന്ന കാറിന്റെ ബമ്പർ ഒക്കെ അല്ലെങ്കിലേ ചളുങ്ങി കിടക്കുകയാണ്. ഇടി സ്ഥിരം ആണെന്ന് ചുരുക്കം.
ഇറങ്ങി വന്ന ആൾക്കാരൊക്കെ എന്നെ അറിയും, പക്ഷെ ഇടിച്ച കാറിന്റെ ഉടമസ്ഥനെ അറിയില്ല . “മോള് പൊയ്ക്കോ, ആൾ വരുമ്പോ ഞങ്ങള് പറയാം” എന്ന അവരുടെ വാക്ക് കേട്ട് ഞാൻ എന്റെ പണിയും നോക്കി പോയി. വഴിയിലേക്ക് കയറ്റി വണ്ടി ഇട്ടിട്ടല്ലേ, അയാൾ ഒത്തുതീർപ്പിന് വന്നോളും എന്ന് അപ്പോൾ നാട്ടിലില്ലാതിരുന്ന ഭർത്താവും വീട്ടുകാരും ഒക്കെ പറഞ്ഞു.
രാത്രിക്ക് മുൻപ് ഒരു ഫോൺ. അയാളാണ്, മറ്റേ കാറിന്റെ ഉടമ. കലിപ്പിലാണ്, ഞാൻ വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയെന്ന്. വഴിയിലേക്ക് കയറ്റി വണ്ടി ഇട്ട് ഇടി ഇരന്നു വാങ്ങിയതും പോരാ എന്നെ ചൊറിയാൻ വരുന്നോ! നല്ലവണ്ണം മാന്തി വിട്ടു ഞാൻ.
പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ. അയാൾ പരാതി കൊടുത്തുവെന്ന്, എസ് ഐ ന്റെ മുൻപിൽ രണ്ടാളും വരണം.
രാഷ്ട്രീയക്കാരനും സുഹൃത്തുമായ ഒരാളെയും കൂട്ടി ഞാൻ സ്റ്റേഷനിൽ ഹാജരായി. എന്റെ ആദ്യ പോലീസ് സ്റ്റേഷൻ സന്ദർശനം. അഭിമാനത്താൽ തല ഉയർത്തിപ്പിടിച്ച് രോമാഞ്ചത്തോടെ ഞാൻ ആ പടികൾ ചവിട്ടിക്കയറി. എന്റെ അച്ഛനോ ചേട്ടനോ ഭർത്താവോ കയറാത്ത ആ പടികൾ കയറിയ ധീര വനിത.
അവിടെ കാത്തിരിക്കാൻ പറഞ്ഞത് അനുസരിച്ച് ഞങ്ങൾ കാത്തിരിപ്പ് തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ എസ് ഐ വന്നു. ആദ്യം വിളിപ്പിച്ചത് ഒരു ഫ്രീക് പയ്യനെ. വന്നപ്പോൾ തൊട്ട് വലിയ ജാഡ ആയിരുന്നു അവന്. അവൻ ജാടയിട്ട് അകത്തേക്ക് പോയി. അഞ്ച് മിനിറ്റ്.
“ഠപ്പേ ”
ശബ്ദം കേട്ട് ഞാൻ ഞെട്ടി എണീറ്റ് പോയി.
പിന്നാലെ എസ് ഐ യുടെ ആക്രോശം, ചെവി പൊട്ടുന്ന ചീത്ത. കൈ കൊണ്ട് ചെവി പൊത്തിപ്പിടിച്ച് അവൻ ഇറങ്ങിപ്പോകുമ്പോൾ കൂടെ പുറത്തു വന്ന പോലീസ്കാരൻ വേറൊരാളോട് പറയുന്നത് കേട്ടു, അവൻ കോളേജിൽ പോകുന്ന വഴി ഏതോ പെൺകുട്ടിയെ ശല്യം ചെയ്തു എന്ന പരാതി കിട്ടിയിരുന്നു എന്ന്. ജീവിതത്തിൽ ഇനി അവനൊരു പെണ്ണിന്റെയും മുഖത്ത് പോലും ഇനി നോക്കുമോ ആവൊ!!
ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു. എന്റെ തൊണ്ടയിലെ വെള്ളം വറ്റുന്നത് പോലെ. ആകെ ഒരു വിറയൽ. അകത്ത് ചെന്ന് എസ് ഐ യുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ പേടിയൊക്കെ പോയി. ചിരിയോടെ സ്വാഗതം. ക്ഷമയോടെ ഞങ്ങളെ കേട്ടു. മറ്റേ കാറ്കാരൻ എന്നെ കുറ്റപ്പെടുത്തി. ഞാൻ ഉണ്ടായ കാര്യം പറഞ്ഞു. എസ് ഐ സൗമ്യനായി അയാളെ ഉപദേശിച്ചു, അവരൊരു സ്ത്രീയല്ലേ. നിങ്ങൾക്കും അമ്മയും ഭാര്യയും ഒക്കെയില്ലേ. അവരൊക്കെ വണ്ടി ഓടിക്കട്ടെ, സ്വയം പര്യാപ്തരാവട്ടെ. ഈ നിസ്സാര കാര്യത്തിന് അവരെ പേടിപ്പിച്ചാൽ അവർ ഇനി ചിലപ്പോൾ ജീവിതത്തിൽ വണ്ടി തൊടാതെയാവും. അത് ശരിയല്ല.., പറഞ്ഞു പറഞ്ഞ് ശബ്ദം മുറുകുന്നത് ഞങ്ങൾക്ക് മനസ്സിലായി. ഇരുകൂട്ടരും ഒത്തുതീർപ്പിന് തയ്യാറായി. രമ്യതയിൽ പിരിഞ്ഞു.പോരാൻ നേരം എസ് ഐ എന്നോട്, “മാഡം, പോലീസിൽ ചേരേണ്ടതായിരുന്നു. നല്ല ഉയരവും തന്റേടവും ഒക്കെയുണ്ട്.”
ഞാനങ്ങ് ഏതോ ലോകത്തെത്തിയത് പോലെ. ഇപ്പോൾ തന്നെ പോലീസിൽ ചേർന്നാലോ എന്ന് വരെ ചിന്തിച്ചു. പിന്നെ കരണക്കുറ്റി നോക്കി പൊട്ടിച്ചത് ഓർത്തപ്പോൾ അതൊന്നും എന്നെക്കൊണ്ട് പറ്റില്ലെന്നോർത്ത് മാത്രം തിരിച്ചു പോന്നു.
ഇന്നും ആ പോലീസ് സ്റ്റേഷൻ കാണുമ്പോൾ ആ എസ് ഐ യെ ഓർക്കും, ആ അടിയും.
#പോലീസ്സ്റ്റേഷൻ #എന്റെരചന
#ദാസാഎന്നെപോലീസ്പിടിച്ചു


8 Comments
പോലീസ് സ്റ്റേഷൻ സന്ദർശനം രസകരമായി അവതരിപ്പിച്ചു👍🌹
താങ്ക്യൂ
പെണ്ണുങ്ങളോടിക്കുന്ന വണ്ടികൾ കാണുമ്പോഴേ ചീത്ത പറയാൻ തുടങ്ങുന്ന ഒരുപാടാളുകളുണ്ട്. എന്തായാലും പോലീസ് സ്റ്റേഷനിൽ കയറി പ്രശ്നമൊന്നുമില്ലാതെ പുറത്തു വന്നല്ലോ.❤️
നന്നായി എഴുതി👌🌹
Yes
അതൊരു നല്ല ഓഫീസർ ആയിരുന്നു
ആഹാ! ഞങ്ങൾക്കൊരു വനിതാ പോലീസ് ഓഫീസറെ നഷ്ടപ്പെട്ടു. 😄. നമ്മുടെ നാട്ടിൽ പെണ്ണുങ്ങൾ കാർ ഓടിക്കുന്നത് കണ്ടാൽ കുറ്റപ്പെടുത്താൻ ഒരു വലിയ വിഭാഗം ആളുകൾ ഉണ്ട്. ഒരു പുച്ഛം മാതിരി.
നന്നായി എഴുതി
ഹഹഹ
ആ അടി ഇപ്പോളും ചെവിയിൽ ഉണ്ട്
മനോഹരം
താങ്ക്യൂ