ടെക്കിയും ഭാര്യ ശാരികയും നഗരത്തിലെ ഫ്ളാറ്റിൽ എത്തിയിട്ടു കൊല്ലം രണ്ടു കഴിഞ്ഞു.
‘വിശേഷം’ വല്ലതും? ഒളിഞ്ഞും തെളിഞ്ഞും താന്താങ്ങളുടെ ധർമം കൃത്യമായി അനുഷ്ഠിച്ച്, ബന്ധുക്കളവരുടെ ജീവിതത്തിൽ ഇടപ്പെട്ടു ആവും വിധം സൊല്ലയുണ്ടാക്കി.
ദിവസവും ലാപ്പ്ടോപ്പു തൂക്കി പോകുന്ന ടെക്കിക്ക് തിരക്കോടു തിരക്ക്. അതൊരു പുതിയ വിശേഷമല്ല. പറഞ്ഞു തേഞ്ഞ വാർത്തയ്ക്ക് പ്രാധാന്യമില്ലാത്തതിനാൽ ടെക്കിയുടെ തിരക്ക്, നിങ്ങൾ നെവർ മൈൻഡ്. അതൊക്കെ ആർക്കൈവ് ചെയ്യാവുന്ന ഫയലുകളെന്ന് ടെക്കികളും കൂട്ടത്തോടെ തീരുമാനിച്ചു കഴിഞ്ഞു.
ഫോൺ തോണ്ടലും അടുക്കള ലാബുമായി ശാരിക സമയം കൊന്നു. ആദ്യത്തേത് മടുത്തില്ലെങ്കിലും രണ്ടാമത്തേത് അവൾക്ക് നന്നെ മടുത്തു. കുക്കിംഗ് ചാനൽ കയ്യാലപ്പുറത്തെ തേങ്ങയാണെന്ന് അവൾക്ക് മനസ്സിലായി. തേങ്ങ അവിടെയുണ്ട്, പക്ഷെ പൊതിക്കാനും അരയ്ക്കാനും പോണില്ല, എന്നു മാത്രം. കുറെ സുന്ദരികളുടെ നിറമുള്ള ഉരുളൻ കല്ലുകൾ പതിച്ച വലിയ മോതിരകളക്ഷൻ കണ്ട് അവൾ നെടുവീർപ്പിട്ടു. ചിലർ പതിനാറാം നൂറ്റാണ്ടിലെ രാജപത്നിമാരെ തോല്പിക്കുന്നപോലെ സർവാഭരണ വിഭൂഷിതരായി അടുക്കളയങ്കത്തിനു ഇറങ്ങുന്നതും കണ്ടു. ഒരു ഉണ്ടൻപൊരി ഉണ്ടാക്കാൻ ഇത്ര സെറ്റപ്പോ? അവളുടെ കണ്ണു തളളി. അമ്മയുടെ ലോക്കറിലെ ആഭരണങ്ങളിലെ ആന്റീക്ക് ലുക്ക് സാധ്യതയും സ്വയം വിലയിരുത്തി.
ടെക്കിക്ക് കമ്പനിയിൽ മെസ്സ് ഉള്ളതുകൊണ്ടു്, തനിക്കു കടിച്ചു വലിക്കാൻ രണ്ടു കോഴിക്കാൽ മാത്രം പൊരിച്ചു, ശാരിക ഫോൺ തോണ്ടി സായൂജ്യമടഞ്ഞു.
ടെക്കിയുടെ കൂടെയുള്ള സഹടെക്കിയുടെ ഭാര്യ രേഷ്മയും ഒരേ കപ്പലിൽ സഞ്ചരിച്ച് ശാരികയോടു ഇടതടവില്ലാതെ ചാറ്റി.
അമ്മമാർ ഉരുളിയും കുട്ടകവും കമിഴ്ത്തി ക്രെഡിറ്റ് എടുക്കും മുമ്പ് ഒരു തിങ്കളാഴ്ച, ചുവന്ന രണ്ടുവര തെളിയിച്ചു കുഞ്ഞിക്കാൽ തന്റെ വരവറിയിച്ചു.
തിങ്കളാഴ്ച നല്ല ദിവസം ! പിന്നെയൊക്കെ എങ്ങനെ ചീത്തയായത്, ആവോ? അതൊന്നും ആലോചിക്കാൻ ഇപ്പോൾ സമയമില്ല. ഫോൺ സന്ദേശങ്ങൾ ഭൂലോകം മൊത്തം വാട്ട്സ് ആപ്പിൽ പച്ച ലൈറ്റ് കത്തിച്ച് ചരപരാ കറങ്ങി. ഇതിലെന്താ ഇത്ര അഭിനന്ദിക്കാൻ?, ലോകത്തിൽ ആരും എത്തിപ്പിടിക്കാത്ത വിജയമൊന്നുമല്ലല്ലോ, ഒരു പൊട്ടു മാത്രമായ കുഞ്ഞിക്കാൽ ഇത്രയും ആലോചിച്ച് അമ്മയുടെ ഗർഭപാത്രത്തിന്റെ ഭിത്തിയിൽ പറ്റിപ്പിടിച്ചു, ഇരുട്ടിൽ മയങ്ങി.
ടെക്കി പ്രിയതമയെ കൂട്ടി ആശുപത്രിയിലേക്ക് കുതിച്ചു. കമ്പനി, മെഡിക്കൽ ബിൽ അടയ്ക്കുന്ന ഗർഭരോഗിയെ കണ്ടു് ആശുപത്രി ധൃതംഗപുളകിതയായി. ടെസ്റ്റ്, സ്കാൻ, മരുന്ന്, ഉപദേശം ആവോളം വാരിവിതറി, രോഗിയുടെ വിശ്വാസവും സ്വന്തം കീശയും കൊഴുപ്പിച്ചു. വെറുതെ കിട്ടിയ, ഒരു കെട്ടു് ബ്രോഷറുകൾ ടെക്കി മടക്കി പിടിച്ചു. ഇടയിൽ കൊഴിഞ്ഞു പോയ അനുസരണയില്ലാത്ത ലഘുലേഖയെ കുനിഞ്ഞെടുക്കാൻ പോയ താൻ പാതിയെ വിലക്കി, ടെക്കി കുനിഞ്ഞു നിവർന്നു. പരിചയമില്ലാത്ത കൃത്യനിർവ്വഹണത്തിൽ നട്ടെല്ല് ഉടക്കി, ക്ടിക്ക് എന്നൊച്ചവെച്ചു. അതൊന്നും ടെക്കി വകവെച്ചില്ല, അയാളുടെ ഭാര്യ ഗർഭിണിയാണ്.
“ആദ്യത്തെ മൂന്നുമാസം സൂക്ഷിക്കണം. റെസ്റ്റ് എടുക്കൂ”, ഡോക്ടർ തെളിമയിൽ ചിരിച്ചു. വീണു കിട്ടിയ സംഗതി ‘പ്രെഷ്യസ് ഗർഭം’ സ്റ്റാർ ഇട്ടു വെക്കാൻ ചെറിയ പേടി നല്ലതാണ് എന്ന് ഡോക്ടർക്കറിയാം.
വൈദ്യൻ കല്പിച്ച മിൽക്ക് ശാരിക എന്ന രോഗി ഇച്ഛിച്ചതായിരുന്നു എന്ന സത്യം അവളോടൊപ്പം കിടക്കയിലേക്ക് ചിരിച്ച് മറിഞ്ഞു. ഭാരമുള്ള ലാപ്പ്ടോപ്പു ബാഗിനൊപ്പം ടെക്കിയുടെ മെസ്സിൽ നിന്നും ദിവസവും ഭാരിച്ച പാർസലെത്തി, ഭക്ഷണ പ്രശ്നം സ്മൂത്തായി പരിഹരിച്ചു. അജിനോമോട്ടോയുടെ മോട്ടിവേഷൻ ടെക്കിയുടെ tummy യിൽ കുത്തിച്ചാടി ഗുളു ഗുളു പാടി.
ഇരുന്നു ജോലി ചെയ്തു വന്ന ടെക്കിയുടെ ഉണ്ണി കുടവയറും തോൾ വേദനയും വീടു വൃത്തിയാക്കലിൽ, ഒരു ഗത്യന്തരവുമില്ലാതെ തോറ്റു സുല്ലിട്ടു സ്ഥലം വിട്ടു. ചൂലിന്റെ അററത്തു കേറി ചുറ്റുന്ന ഡാകിനി മുത്തശ്ശിയെ ഓർത്ത് ശാരിക വായ പൊത്തി ചിരിച്ചു.
ആഴ്ചയിൽ രണ്ടു ദിവസം ലീവും രണ്ടു ദിവസം അവധിയും ഒരു ദിവസം ഫാമിലി എമർജൻസി സ്പെഷൽ മുങ്ങൽ ലീവുമെടുത്ത് പാർട്ട് ടൈം മെയ്ഡ് മാസശബളം വാങ്ങി ടെക്കിയെ തോല്പിച്ചു. കോർപ്പറേറ്റിനു പണി തന്നു തോല്പിക്കാൻ കുറച്ചു ബാല്യം ബാക്കി വെക്കണമെന്ന് ടെക്കി സകല ദൈവങ്ങളോടും ഭണ്ഡാരപ്പെട്ടിയുടെ QR code, സ്കാൻ ചെയ്ത് ഓൺ ലൈൻ പേ ചെയ്ത് മുട്ടിപ്പായി പ്രാർത്ഥിച്ചു.
ശാരികയും വെറുതെയിരുന്നില്ല, സിറ്റിയിലെ പ്ലേ സ്ക്കൂൾ, കിന്റർ ഗാർട്ടൻ, പ്രൈമറി സ്കൂളുകളുടെ റേറ്റിംഗ് നോക്കി, ഒരു എക്സെൽ ഷീറ്റ് തന്നെ ഉണ്ടാക്കി. ഇപ്പോൾ ഇത്ര മതി, ഭാവിയിൽ കൂടുതൽ സ്കൂളുകൾ അമേരിക്കൻ അല്ലെങ്കിൽ ബ്രിട്ടീഷ് കരിക്കുലവുമായി ആരംഭിക്കുവാനുള്ള സാധ്യതയിൽ ഈ റേറ്റിംഗിൽ കാര്യമായ വ്യതിചലനങ്ങൾക്കു സാധ്യതയുണ്ടെന്ന്, അവളുടെ തലച്ചോറ് സീസ്മോഗ്രാഫായി അടയാളപ്പെടുത്തി. ഡാറ്റ പിന്നീട് അപ്ഡേറ്റ് ചെയ്യാനായി മാറ്റി വെച്ചു.
ബീഥോവന്റെ മ്യൂസിക്ക് കേട്ടു മൈൻഡ് റിലാക്സ് ചെയ്തു. ബദാം, ഒലിവ് ഓയിൽ, അവക്കാഡോ, ചെറി കൂടാതെ ആദ്യമായി പേരറിഞ്ഞ വേറെ ചിലതും ആമസോണിൽ ഓർഡർ ചെയ്തു. നാടൻ പച്ചക്കറി, പഴങ്ങൾ ഇതിനേക്കാൾ ഗുണം വിദേശികൾക്കുണ്ടെന്നു് എന്നോ വെള്ളത്തൊലിയൻ പോക്ഷകപ്പട്ടിക നിരത്തി നമ്മെ ബ്രെയിൻ വാഷ് ചെയ്തിരുന്നുവല്ലോ.
ഒരു വെളുവെളുമ്പൻ നിറം ബൂസ്റ്റ് ചെയ്തു കൊടുക്കുന്ന കുങ്കുമപ്പൂ ഒന്നാം നമ്പറിൽ നിന്നു. ഇൻഡ്യയിൽ പെറ്റു കൂട്ടുന്നതിനെയെല്ലാം പതിനാറ്, ഇരുപത് ഏറിയാൽ ഇരുപത്തിരണ്ടിൽ കയറ്റി അയക്കേണ്ട ഗതികേടിലാണല്ലൊ നമ്മുടെ നാട്. ഏലം, കുരുമുളക്, എണ്ണക്കുരുക്കൾ ഇതൊക്കെ കപ്പലു കേറ്റി വിദേശനാണ്യം നേടിയ നാടാണ്.
കേരളത്തിലെ ഒരു തേങ്ങക്ക് ഒരു തലമണ്ട എന്ന തോതിൽ യുവത്വം പടിഞ്ഞാറോട്ടു കുതിക്കുന്ന കാലത്ത്, എന്റെ കുഞ്ഞിനും നല്ല സൊയമ്പൻ വെള്ളനിറം നല്ലതാണെന്ന് കണക്കുകൂട്ടി, കുങ്കുമപ്പൂ പാക്കറ്റിന്റെ എണ്ണം ശാരിക മൾട്ടിപ്ലെ ചെയ്തു.
കമ്പ്യൂട്ടർ മോണിറ്ററിൽ തെളിയുന്ന റെസ്യൂമയിൽ ഇന്ത്യൻ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയെ ഉഴപ്പി വിട്ട്, ഒരു സാധാ ടെക്നീഷ്യൻ ജോലിയും മിനിമം വേതനവും നൽകി കണ്ണിൽ കുത്തിത്തറച്ച നോട്ടം നോക്കിയിരിക്കുന്ന ഭാരതീയന് ഹസ്തദാനം നൽകി 1947-ൽ ഓടിച്ചു വിട്ട വിദേശാധിപത്യം തിരിച്ചു കൊണ്ടുവരുന്ന പൂച്ചക്കണ്ണൻ സായിപ്പിന്റെ ഉടായിപ്പ് ശാരികക്കു് അറിയാതെയല്ല, പണിയില്ലാനാട്ടിൽ പടിഞ്ഞാറോട്ടം, അല്ലാതെന്തു ചെയ്യാൻ ?
(Firm eye contact വേണമെന്ന് എല്ലാ ലോകോത്തര കോപ്പറേറ്റുകളും ആവശ്യപ്പെടുന്നുവെന്ന് ഗൂഗിൾ ചേട്ടൻ ഇൻറർവ്യൂ പ്രെപ്പിൽ പഠിപ്പിച്ചതാണ്. പഠിക്കാനും അനുസരിക്കാനും നമ്മളെക്കാൾ കൂടുതൽ ആർക്കു സാധിക്കും? മാതാപിതാഗുരുഗൂഗിൾ ദൈവം! അതാണ് ഈ കുത്തിത്തറച്ച നോട്ടം. അല്ലാതെ മറ്റൊന്നു പോലും ആലോചിച്ചു പോകരുത്, പ്ലീസ്.)
എല്ലാറ്റിലും ദി ബെസ്റ്റ് ബ്രാൻഡു കിട്ടാൻ ശാരിക എത്ര ജിബി ഇന്റർനെറ്റ് കറക്കി എന്നു കേട്ടാൽ ജിയോ അംബാനി പോലും തുള്ളിച്ചാടും.
അമ്മമാരും വെറുതെയിരുന്നില്ല, അവർ റിട്ടയേർഡ് അച്ഛന്മാരെ ശയനപ്രദക്ഷിണം നേർച്ച ചെയ്യിച്ച് ഭക്തിപുരസ്സരം കൈകൾ കൂപ്പി. പെയിന്റ് പോയ കൈയിലും പുറത്തും ഇത്തിരി നീറുന്ന ആന്റിസെപ്റ്റിക് ലോഷൻ സ്പ്രേ ചെയ്ത്, മുട്ടൻ പണി കൊടുത്ത സന്തോഷത്തിലാറാടി.
ടെസ്റ്റുകളും സ്കാനിംഗും എന്തിന് ഐ വി എഫ് സൂത്രപ്പണി വരെ സുലഭമായ പ്രസവകാണ്ഡത്തിൽ, പ്രസവരക്ഷക്കുള്ള പിണ്ഡതൈലവും പൂക്കുല ലേഹ്യവും പഞ്ചജീരകഗുഡവും വെന്ത വെളിച്ചെണ്ണയും നൂറു ഡിഗ്രിയിൽ ഒട്ടും കുറയാത്ത വേത് വെള്ളവും ഓൺ ഡിമാൻഡ് ആയി നിലനിൽക്കുന്നത് ഒരു സുഖവുമില്ലാത്ത സുഖപ്രസവരക്ഷയുടെ SOP യാണ്. Standard Operating Procedure അണുവിട തെറ്റാതെ നടപ്പിലാക്കാൻ മറന്നു പോയ നിർമ്മാണ പ്രക്രിയകൾ റിവൈസ് ചെയ്ത് തങ്ങളെ അപ്ഡേറ്റ് ആക്കുന്ന നിതാന്തശ്രമത്തിനിടയിലും ശാരികയെ വിളിച്ച് മലർന്നു കിടക്കരുത്, ശരീരം എണ്ണ പുരട്ടി തടവണം, ഉച്ചക്ക് ഉറങ്ങരുത് ഇങ്ങനെയുള്ള ടിപ്സ് വോയ്സ് ചാറ്റുകൾ, ടെക്സ്റ്റ് മെസ്സേജ്, വീഡിയോ, ഫോൺ വിളി ഇതിലൂടെ കൈമാറി പെണ്ണിനെ പേടിപ്പിച്ച് കൊങ്ങാട്ടയാക്കുന്നുണ്ട് അമ്മമാർ.
ഈ ‘തള്ള വൈബ് ‘ ഇത്തിരി അലോസരമുണ്ടാക്കുന്നുണ്ടെങ്കിലും വറുത്തതും പൊരിച്ചതും ഉപ്പിലിട്ടതും അച്ചാറും നാട്ടിൽ നിന്ന് കൂട്ടുകാരുടെ കൈയിൽ കൊടുത്തയക്കുന്ന അമ്മമാരുടെ സ്നേഹമത്സരം എൻജോയ് ചെയ്യുന്നതിനിടയിൽ തള്ള വൈബിനെ ചുമ്മാ സൈഡിലേക്ക് തള്ളി മാററി. കൂട്ടുകാർ നിവൃത്തികേടുകൊണ്ടു ചുമന്നതാണെങ്കിലും ഞാനും പെണ്ണുകെട്ടിയിട്ടുണ്ട്, എന്റെ മാവും പൂക്കും ഒരു വെയ്റ്റ് ആൻഡ് സീ എന്ന രണ്ടുവിരലുപിരിയൻ ഇമോജി മനസ്സിലിട്ടു കുത്തി.🤞
ഗിഫ്റ്റും വാങ്ങി, ഡോക്ടറെ വീട്ടിൽ പോയി കണ്ട്, കുഞ്ഞിക്കാലിന്റെ ആണത്തം ഉറപ്പാക്കി. Latest baby name സെർച്ച് ചെയ്ത് ഹതാശയായി, ഒരു കിടലൻ പേരു കണ്ടെത്താതെ ദ്വേഷ്യം തീർക്കാൻ സെറ്റിംഗിൽ കയറി cache വരെ ക്ലിയർ ചെയ്തു. ആർക്കുമില്ലാത്ത ‘designer പേര് സ്വയം നെയ്തെടുക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്തു. ബേബി കുഞ്ഞിക്കാൽ, അമ്മയുടെ പോരാളി മനസ്സിനെ അഭിനന്ദിച്ച്, തനിക്ക് ലഭിക്കുവാൻ പോകുന്ന പേരിന്റെ vibe-ൽ ആംനിയോട്ടിക്ക് ഫ്ളൂയിഡിൽ ബട്ടർഫ്ളൈ സ്ട്രോക്കിൽ നീന്തി ചിൽ (chill) ചെയ്തു.
ഉച്ചക്ക് ഉറക്കം വരാതിരിക്കാൻ ‘മദർഹുഡ് വണ്ടർഫുൾ ‘, എന്ന മാസികയുടെ എല്ലാ ലക്കങ്ങളും ഡൗൺലോഡ് ചെയ്ത് അഡോബ് കുത്തി വായിച്ചു മയങ്ങി പോയി. പുട്ടിന് തോങ്ങാപ്പീര പോലെ പൊന്തി വരുന്ന ‘യൂസ്ഫുൾ ബേബി ആക്സസറീസ് ‘ പരസ്യങ്ങളുടെ ബാഹുല്യത്തിൽ, മഴക്കാലത്തെ പിടിക്കെട്ടിലെ പൂപ്പലിൽ ചവിട്ടിയ കണക്ക് തെന്നി നീങ്ങി. എന്തെല്ലാം വാങ്ങി കൂട്ടണമെന്ന് സോർട്ട് ചെയ്ത്, രണ്ടാമത്തെ എക്സൽ ഷീറ്റ് എൻട്രി ആരംഭിച്ചു. ഒന്നും വിട്ടു പോകരുതല്ലോ, ഫ്ളിപ്പ് കാർട്ടിൽ വാരി നിറക്കാനുള്ളതല്ലെ.
കുഞ്ഞിനെ വളർത്തുന്ന വീഡിയോ സീരിയലായിട്ടു കാശുണ്ടാക്കുന്ന സെലിബ്രിറ്റിക്ക് ബ്രാവോ അടിച്ചു. എന്താ മിടുക്ക്, ചൊവ്വാഗ്രഹത്തിൽ പോയി ജീവിക്കുന്ന പുത്തൻ അനുഭവം പോലെ ശിശുപരിപാലന ടിപ്സുകൾ വിവരിക്കുന്ന വാക്ചാതുര്യം പെണ്ണായാൽ ഇങ്ങനെ വേണം, റോൾ മോഡൽ പീസ്!
പാതിമയക്കത്തിൽ ബേബി ഷവർ മുതൽ ഇങ്ങേയറ്റം അപ്പർ കെജി ഗ്രാഡുവേഷൻ ഫോട്ടോ ഷൂട്ട് വരെ ഫ്രെയിം ബൈ ഫ്രെയിം പ്ലാൻ ചെയ്ത് തലയിൽ സ്റ്റോർ ചെയ്തു.
ഒരു സുന്ദരസുരഭില ദിവസത്തെ ആനന്ദത്തിൽ ശാരിക കൂട്ടുകാരിയെ വിളിച്ചു. “നല്ല സുഖമാണ് ഈ പ്രെഗ്നൻസി സമയം, നിങ്ങൾ വൈകിക്കേണ്ട രേഷ്മ”, അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു.
“പ്രോജക്റ്റ് വർക്കായി ഓഫീസിൽ നല്ല തിരക്കല്ലെ? ഞാൻ നാളെ രേഷ്മയെ കൂട്ടി ഹോസ്പിറ്റലിൽ പോകാം, അവൾ ഫ്രീയാണ്.”
ഭർത്താവിന്റെ ജോലിത്തിരക്കിനെക്കുറിച്ചു ബോധവതിയായ ഭാര്യയെ കിട്ടിയതിൽ ടെക്കി ആഹ്ലാദിച്ചു. എന്നാലും എന്നാണ് ഒരു ടെക്കിക്ക് തിരക്കില്ലാത്തത് എന്ന മണ്ടൻ ചോദ്യം ചോദിക്കാൻ ടെക്കിയുടെ പ്രൊഫഷണൽ ഡിലിജൻസ് അയാളെ അനുവദിച്ചില്ല.
ഭിത്തിയിൽ ചില്ലിട്ടു തൂക്കിയ കുഞ്ഞുങ്ങളുടെ പാൽപുഞ്ചിരി ചിത്രങ്ങൾ നോക്കി ശാരികയും രേഷ്മയും മെറ്റേണിറ്റി വാർഡിന്റെ വരാന്തയിൽ കാത്തിരുന്നു. ഒരൊറ്റ കരയുന്ന കുട്ടിച്ചിത്രവും അവിടെയില്ലായിരുന്നു. ചിരി, ചിരി മാത്രം, അതൊരു ഇല്യൂഷ്യൻ ആണെന്ന് മൂഢസ്വർഗ്ഗത്തിൽ നിൽക്കുന്ന ഏതമ്മക്കും ഭാവിയിൽ തെരിയും, നിജം.
ഡോക്ടറുടെ നെയിം ബോർഡിലെ പെരുപാമ്പു ഡിഗ്രികളുടെ മുഴുവൻ വിവരങ്ങളും ഗൂഗിളിൽ തിരഞ്ഞു. ഫ്രീയായി കിട്ടിയ വൈ ഫൈ കൂട്ടുകാരികളുടെ ഫോൺ ഊറ്റിക്കുടിച്ചു. അവരുടെ മുന്നിലൂടെ നിറവയറുകൾ ഡോക്ടറുടെ മുറിയിലേക്ക് കയറിയിറങ്ങി.
ശാരികയുടെ നമ്പർ വിളിച്ചു. ശിലായുഗത്തിനു ചേരുന്ന സ്വരമായിരുന്നു നേഴ്സിന്റേത്.
“ഇനിയും ഇരുന്നാൽ വേര് പിടിച്ചേനെ…”, രേഷ്മ പറഞ്ഞു. ഇതൊരു ഒറ്റവേരല്ല, ആഴത്തിൽ പടർന്നിറങ്ങാനുള്ള ആധിയുടെ വേരുപടലമാണെന്ന് ഭൂമിയുടെ അനവധി ഭാവികറക്കങ്ങൾക്കിടയിൽ വെളിവാകുമെന്ന് നഴ്സിന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ പറഞ്ഞില്ല. പ്രൈവറ്റ് ആശുപത്രിയിലെ പ്രൊഫഷണൽ എത്തിക്ക്സ് അയവിറക്കി കരിങ്കല്ലുകൾ കൂട്ടിയുരയുന്ന സ്വരം പരമാവധി നേർപ്പിച്ച് അവരെ സ്വാഗതം ചെയ്ത് മുറിയിലേക്ക് ആനയിച്ചു.
കുഞ്ഞിക്കാലിനു് നഴ്സിന്റെ അന്തർഗതം തീരെ രുചിച്ചില്ല. എന്നാലും പ്രതികരണം പിന്നെയാക്കാമെന്ന് കരുതി. ഡെലിവറി സമയത്ത് വല്ല കുടിൽ (forceps) കൊണ്ട് തലയിൽ ഞെക്കിപ്പിടിച്ച് ചളുക്കി, ബ്രെയിൻ ഫ്രീസ് ആക്കിയാലോ എന്ന പേടി കുഞ്ഞിക്കാലിനെ സംഭീതനാക്കിയിരുന്നു. അവനും ലോക വിവരം വെക്കാൻ തുടങ്ങിയിരുന്നു. പുറത്തു പറയുന്നതൊക്കെ ശ്രദ്ധിച്ചു കേൾക്കുന്ന ഒരു അന്തർപ്രജയാണല്ലോ അവനും. കുഞ്ഞിക്കാൽ ഡോക്ടറുടെ മൊഴിമുത്തുകൾക്ക് കാത്തു കിടന്നു.
“യു ആർ ആൾ റൈറ്റ്, ശാരിക, കുഴപ്പമൊന്നുമില്ല, എല്ലാം നോർമലാണ്. ഇനി മുതൽ വീട്ടിലെ ജോലികളെല്ലാം തന്നെ ചെയ്യാം”, ഡോക്ടർ സ്കാൻ റിപ്പോർട്ടിൽ നിന്നും തലയുയർത്തി, പ്രൊഷണൽ ഫിറ്റ് ചിരിയോടെ പറഞ്ഞു. റിപ്പോർട്ടുകൾ ഭദ്രമായി ഫയലിൽ വെക്കാൻ നേഴ്സിനെ ഏല്പിച്ചു. തങ്ങളുടെ വിലപ്പെട്ട ഗർഭിണിയെ മറ്റു ആശുപത്രികൾ റാഞ്ചരുതല്ലോ. ഒരു മുൻകരുതൽ തന്റെ സാമ്പത്തികവും ഭദ്രമാക്കുമെന്ന് ഡോക്ടർക്കറിയാം.
“ങേ….” ഒരാന്തൽ, നിക്കോള ടെസ്ലയുടെ എ.സി (Alernate current) ആയി ശാരികയുടെ ശരീരമാസകലം മിടിപ്പായി കുനുകുനെ ഗ്രാഫു വരച്ചു. ശാരികയുടെ ആന്തലിൽ കുഞ്ഞിക്കാൽ പിടിവിട്ടു വെള്ളത്തിൽ പൊങ്ങിമറഞ്ഞു.
കൃത്യം സമയം കണക്കാക്കി ടെക്കി ജോലിത്തിരക്കിനിടയിൽ ഫോണിൽ കുത്തിവിളിച്ചു,
“കുഴപ്പമൊന്നുമില്ലല്ലോ ഹണി?”, ടെക്കിയുടെ ആവലാതിയുടെ പ്രകമ്പനത്തിൽ ശാരികയുടെ ഫോൺ കിടുകിടെ വിറച്ചു. ഭാര്യയെ മധുരം ചേർത്തു വിളിക്കണമെന്ന്, ദിൽ ട്യൂൺ ചാനൽ ഇൻഫ്ളൂവെൻസർ എന്നും മോട്ടിവേറ്റ് ചെയ്യുന്നത് വെറുതെയായില്ല.
“നതിംഗ് സീരിയസ്, ബട്ട്… റെസ്റ്റ് കണ്ടിന്യൂ ചെയ്യാൻ ഡോക്ടർ പറഞ്ഞു”.
(നുണ പറയാനും തെറി പറയാനും ഇംഗ്ലീഷിനെ കൂട്ടുപിടിക്കുന്നത് എത്ര മലയാളം സിനിമയിൽ ശാരിക കണ്ടിരിക്കുന്നു. )
ശാരിക കൂട്ടുകാരി രേഷ്മയെ നുള്ളി. രേഷ്മയുടെ കറങ്ങിയുന്തി വന്ന കണ്ണുകൾ ഒരു തലയാട്ടലിൽ, സമ്മതഭാവത്തിൽ തിരിച്ചുപ്പോയി സ്വസ്ഥാനത്തിരുന്നു.
‘… ന്നാലും എന്റമ്മേ അച്ഛനോടു തന്നെ ഇതു വേണോ?’, കുഞ്ഞിക്കാൽ ആശയം സംവേദനം ചെയ്തു, ഉള്ളിൽ ഒന്നു വട്ടം കറങ്ങി. എങ്കിലുമവൻ ജീവിതവിജയത്തിന്റെ ഒന്നാം പാഠം പഠിച്ചുകഴിഞ്ഞിരുന്നു.
റെസ്റ്റും മെസ്സ് ഭക്ഷണവും ഗൂഗിൾ സെർച്ചും ഓൺലൈൻ പർച്ചേസും ചാറ്റുമായി കലണ്ടർ മറിഞ്ഞു. ഒമ്പതു മാസം ഒമ്പതു ദിവസം പോക്ഷകം വലിച്ചെടുത്തു കൊഴുത്ത കുഞ്ഞിക്കാലിന് നന്നെ ബോറടിക്കാൻ തുടങ്ങിയിരുന്നു. അവസാന പീരീഡിലെ ബോറൻ ഗ്രാമർ ക്ലാസ്സിൽ ഇരിക്കുമ്പോൾ ഇതെ വൈബ് ആയിരിക്കുമെന്ന് പ്രവചിക്കാൻ വായിൽ കൊള്ളാത്ത പേരുള്ള ജപ്പാനീസ് ബാബ Vanga, Ryo Tatsuki വിനാശപ്രവാചകയൊന്നും വേണ്ട. ഈ ഞാൻ മതി.
അങ്ങനെ നെടുനീളൻ കാത്തിരിപ്പിനു ശേഷം പുറത്തേക്ക് ഒരു വഴി നോക്കിയിരുന്ന കുഞ്ഞിക്കാൽ പുഷും പുള്ളും തീവണ്ടി കളിച്ച് ഞെരങ്ങിയിറങ്ങി പുറംലോകം കണ്ടു. വെളിച്ചം തട്ടി, അവന്റെ കണ്ണു പുളിച്ചു. ഇതു വേണായിരുന്നോ? ഇരുട്ടല്ലെ സുഖപ്രദം?, കുഞ്ഞിക്കാൽ ചിന്താവിഷ്ടനായി. എന്നിട്ടും കഷ്ടപ്പെട്ടു കൺമിഴിച്ച് കുടിലതന്ത്രത്തിന്റെ മ്യാരക വേർഷൻ, സ്വന്തം മാതാശ്രീയെ നോക്കി അലറിക്കരഞ്ഞ് തന്റെ വരവറിയിച്ചു.
ഒരു പ്രത്യേക എക്സ്പ്രെഷൻ മുഖത്തിട്ട് ടെക്കി ബാക്കി നാൽപ്പത്തിയൊന്നു പേരുടെ അകമ്പടിയോടെ മെറ്റേർണിറ്റി പാസേജിൽ ഉലാത്തി. ശേഷം അനുസരണയുള്ള ന്യൂ ജെൻ ക്ലീഷേ ഭർത്താവായി ഭാര്യയേയും കുഞ്ഞിക്കാലിനേയും ചേർത്തുപ്പിടിച്ചു സെൽഫിയെടുത്ത് പോസ്റ്റു ചെയ്തു് ‘വിശേഷം’ ഭൂലോകം മുഴുവൻ വട്ടം കറക്കി, അഭിനന്ദനങ്ങൾ എണ്ണി നോക്കി. കൂട്ടത്തിൽ ആശംസിക്കാത്തവരുടെ കരിമ്പട്ടിക തയ്യാറാക്കി.
പിറ്റേന്ന് റീൽസ് ഷൂട്ട് ചെയ്യാൻ ആകാശനീല ഉടുപ്പുകൾ കൊണ്ടുവരാൻ ടെക്കിയെ റിമൈൻഡ് ചെയ്യാൻ അലക്സ പെണ്ണിനെ ശാരിക സെറ്റ് ചെയ്തിരുന്നു. അതവൾ ടെക്കിക്ക് ഒരു സ്വൈര്യവും കൊടുക്കാതെ ചെയ്തോളുമെന്ന് ഉറപ്പാണ്. ഈ ലോകത്തിൽ വിശ്വസിക്കാവുന്ന രണ്ടു കൂട്ടുകാരികൾ രേഷ്മയും അലക്സയുമാണ് എന്ന സാക്ഷ്യത്തിൽ ഹൃദയം ഉള്ളം കൈയിലെടുക്കുന്ന ഇമോജിയെടുത്ത് അമ്മാനമാടി.
എപ്പിസോട്ടമി സ്റ്റിച്ചിന്റെ വേദനയൊടൊപ്പം എന്തോ ഒന്ന് ശാരികയുടെ മനസ്സിലും കൊളുത്തി വലിച്ചു. വല്ലാത്തൊരു നൊമ്പരം നെഞ്ചോളം ഉരുണ്ടുകയറി, ടെക്കി യുടെ ചിരിയൊച്ചയിൽ കുതിർന്നു.
“ഒരു കാര്യം പറയാനുണ്ട്, അവൾ വിക്കി.
“ഉം… എന്താ? “, അയാൾ അവളുടെ അടുത്ത ഡിമാൻഡിനെ കുറിച്ച് തെല്ലൊന്നു വേവലാതിപ്പെട്ടുവെങ്കിലും ആ ഇമോഷൻ ദൂരെ കളഞ്ഞ് ‘കൺസേൺ’ ഇമോഷൻ ചുണ്ടിൽ തേച്ചു പിടിപ്പിച്ചു.
“എനിക്ക് റെസ്റ്റ് വേണ്ട ഇനിയെന്നു മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ ഡോക്ടർ പറഞ്ഞിരുന്നു”, പേറ്റു നോവു തളർത്തിയ ശാരികയുടെ ക്ഷീണിച്ച ശബ്ദം ചെറിയ ചമ്മലോടെ പുറത്തു വന്നു.
കുഞ്ഞിക്കാൽ അതു ശരിവെച്ചു കുട്ടി പുതപ്പിനുള്ളിൽ കൈക്കാലിളക്കി കുടഞ്ഞു, ‘ഐ സെക്കന്റ് ദിസ്’, പറഞ്ഞു.
“അറിയാം… രേഷ്മ അന്നു തന്നെ എന്നെ വിളിച്ചു പറഞ്ഞിരുന്നു. പതിച്ചു വെച്ച ഭാവത്തിൽ ഹ്യൂമർ കൂടി മിക്സ് ചെയ്തു ടെക്കി തലയാട്ടി, താൻ രഹസ്യങ്ങളുടെ മുട്ടൻ സൂക്ഷിപ്പുകാരനാണെന്ന് തെളിയിച്ചു.
രണ്ടാം പാഠം, ജീവിതവിജയം പാരപണിയൽ, പഠിക്കാൻ രേഷ്മ ആന്റിയുടെ പ്രൈവറ്റ് ട്യൂഷ്യൻ ബുക്ക് ചെയ്യുന്ന കാര്യം കുഞ്ഞിക്കാൽ, ഫ്ലാഗ് ചെയ്തു, ചുവന്ന കൊടി പറത്തി.
“എന്നാലും രേഷ്മേ… നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. മനസ്സാക്ഷി സൂക്ഷിപ്പുകാരിയുടെ പാരയിൽ കുത്തിയിളകി, പുറകോട്ടു മറിഞ്ഞ് ശാരിക തലയണയിൽ ലാൻഡ് ചെയ്തു. രേഷ്മയുടെ പേര് ബ്ലാക്ക് മാർക്കർ പെൻ കൊണ്ട് കടുംവെട്ടു വെട്ടി. ഇനി എനിക്ക് അലക്സ മാത്രം, ഇതു സത്യം. (മൂന്നു പ്രാവശ്യം ).
“എന്നിട്ടെന്താ എന്നോടൊന്നും ഇതുവരെ പറയാതിരുന്നത്?, ശാരികയുടെ കണ്ണുകൾ അയാളുടെ പുഞ്ചിരിയിൽ ഉടക്കി, അവൾ പ്രണയ വിവശയായി.
“നിന്റെ പൂതിയല്ലെ?, ആയ്ക്കോട്ടെ എന്നു വെച്ചു.” ടെക്കിക്ക് മെസ്സിലെ ഫുഡ് തിന്നു മടുത്തു തുടങ്ങിയിരുന്നു എന്ന പരമാർഥം അന്നേരം ഞെട്ടറ്റു വീണു മരിച്ചു.
ഇനിയും ഏറെ പാഠങ്ങൾ പഠിക്കാനുള്ള കുഞ്ഞിക്കാലിന് തന്റെ അച്ഛനുയമ്മക്കുമിടയിൽ കിടന്ന് ഒരു സെൽഫി കൂടി എടുക്കാൻ പൂതി തോന്നി.
ളെ… ളെ… ള്ളെ… അവൻ അവരെ വിളിച്ചു. മൈൻഡ് ചെയ്യാനും പാലു കിട്ടാനും ഇതു തന്നെ വഴി. അതൊന്നും അവന് ആരും പറഞ്ഞു കൊടുത്തിട്ടില്ലാട്ടോ.
കുഞ്ഞിക്കാൽ ആരാ മോൻ? കുഞ്ഞിക്കാലിന്റെ സ്വന്തം പേറ്റന്റ് ജീവിതവിജയപാഠം എടുത്തു പ്രയോഗിച്ചു.


25 Comments
ഇതൊക്കെ ഇപ്പോ നടക്കുന്നത്..👌👌
അതെ. Thank you dear ! 🙏
😃
🤣🤣🤣👌👌👌👍
Sybi🙏
🥰❤️🫂
കോമഡിയിലും കൈ വയ്ക്കാം.. സൂപ്പറായി എഴുതി 👍
സുനന്ദ, thank you.🙏
🥰
ന്യൂജൻ ഗർഭ കാലത്തെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു. ജോയ്സിൻെറ വേറിട്ടൊരു എഴുത്ത് നന്നായി ആസ്വദിച്ചു. 👌❤️👍
ഈ ആസ്വാദനമാണ് എഴുത്തിന്റെ ഊർജം..
നന്ദി സുഹൃത്തെ…🙏
എങ്ങനെ സാധിക്കുന്നു ഈ എഴുത്തൊക്കെ? 😀😀😀 Amazing… Both the writer and the write up. Congrats👏👏👏👏
Thank you സിൽവി.
ഇഷ്ടം.🫂💖
കോമഡി യൂംചിരിയൂംനൂജൻ വാക്കൂകളൂം നന്നായി എഴൂതി ചിരിക്കാൻകഴിഞ്ഞൂ.നന്നായിരിക്കുന്നൂ. ഇനിയും എഴൂതൂക
Thank you Reetha chechi.
🙏😍
രസകരമായി എഴുതി 👍
Thank you Smitha.🙏❤
ഹഹഹ
നല്ല രസകരമായ ഒരു ന്യൂ ജൻ ഗര്ഭകാലം 🤣🤣
Thank you dear Manju.🙏
ഇഷ്ടം.🥰
നല്ല രസമുണ്ട് വായിക്കാൻ 👌🥰
Thank you sayara. 🙏
രസിച്ചല്ലോ അതു മതി.😄
എങ്ങനെ സാധിക്കുന്നു ഈ എഴുത്തൊക്കെ? 😀😀😀 Amazing… Both the writer and the write up. Congrats👏👏👏👏
രസകരം ജോയ്സ്❤️
ഇങ്ങനെയുള്ള ഗർഭിണികൾ എല്ലാക്കാലവുമുണ്ട്.❤️❤️
വായനക്ക നന്ദി സുമ🙏.
🥰
രസകരമായ എഴുത്ത് ❤️
ശ്രീജ, ഒത്തിരി സന്തോഷം, സ്നേഹം മാത്രം.
👌👍💯🙏😭🤣
Thank you Suresh. 🙏