മധുരിച്ചും പുളിച്ചും രുചിമേളം തകർക്കുമ്പോൾ ഇഷ്ടഭക്ഷണങ്ങളുടെ
പൂരസമുദ്ധിയിൽ ബാല്യത്തിന്റെ നിറച്ചാർത്തുകൾ കൂടിയെഴുന്നെള്ളും.
പലയിടങ്ങളിൽ ജീവിക്കാനും പല രാജ്യങ്ങളിലെ വിവിധ ഭക്ഷണങ്ങൾ രുചിക്കാനും ഭാഗ്യം സിദ്ധിച്ചു. പറഞ്ഞിട്ടെന്താ കാര്യം, പക്ഷെങ്കില് മ്മടെ തൃശ്ശൂരിന്റെ രുചികളൊന്നും നാവിന്റെ തുമ്പത്തൂന്ന് അങ്ങട് മാറി പോണില്ല.
ഞങ്ങളുടെ തൊടിയിൽ കുറെ പടർന്നു പന്തലിച്ച മാവുകൾ ഉണ്ടായിരുന്നു. നിറയെ കായ്ക്കുന്നയിനം. പുളിയുറുമ്പിന്റെ നെറമുള്ള മാമ്പൂ പൂത്ത മണം, വരണ മാങ്ങക്കാലത്തിന്റെ വരവറിയിച്ചു ഒഴുകി പരക്കും. പുളിരസം ഇത്തിരി ഇഷ്ടം കൂടുതലുള്ള എനിക്ക് പച്ചമാങ്ങ കാണുമ്പോൾ ഇപ്പളും വായേല് കപ്പലോടും.
മുററത്തേയ്ക്കു ചാഞ്ഞു നിക്കണ മാവിന്റെ കണ്ണിമാങ്ങ കുലകൾ കൈയെത്തി പൊട്ടിച്ച്, പിള്ളേരെ കൈയിലെടുക്കും പോലെ, അരുമയോടെ അടക്കിപ്പിടിച്ച്, നെലം തൊടാണ്ട് അമ്മേടെ കൈയിൽ ഏല്പിച്ചാൽ തുടങ്ങി, എന്റെ കടുമാങ്ങ അച്ചാർ സ്വപ്നം കാണൽ തുടങ്ങും. കണ്ണിമാങ്ങ കല്ലുപ്പും കടുകും മുളകും പൊടിച്ചതും ചേർത്ത് ഭരണിയിൽ നെറച്ചങ്ങട് മുകളിൽ നല്ലെണ്ണ നല്ലോണം ഒഴിച്ച് മൂടിക്ക് മോളില് വെള്ള തുണ്യോണ്ട് ഒരറബി കെട്ടും കെട്ടി അങ്ങനെ നിൽക്കും.
“ഒരു മൂന്നു മാസം ആ പ്രദേശത്തേക്ക് കടക്കണ്ടാ ട്ടോ”, സ്റ്റോർ മുറീടെ മൂലയ്ക്ക് ഭരണി തള്ളി വെച്ചിട്ട് അമ്മ പറയും…. ന്നാലും എടയ്ക്കൊക്കെ ഭരണീടെ സുഖ വിവരം അന്വേഷിച്ച് ഒന്ന് തൊട്ടു തഴുകി ഞാനിങ്ങട് പോരും. അത്രയ്ക്ക് ‘ഇഷ്ടായിട്ടല്ലേ കടുകണ്യാങ്ങേ… ‘, എന്നൊരു ആത്മഗതം അറിയാണ്ട് പൊറത്തയ്ക്ക് പോരും.
കണ്ണിമാങ്ങ പ്രായം കടന്നു കൗമാരത്തിലെത്തി, മാങ്ങണ്ടി മൂക്കാത്ത പ്രായത്തില് കുനുകുനാന്ന് അരിഞ്ഞ് അച്ചാറിടും. നല്ലെണ്ണയില് കടുകും ജീരകോം പൊട്ടിച്ച് വറുത്തു പൊടിച്ച ഉലുവേം കായോം ചേർത്ത് അമ്മ ഉണ്ടാക്കണ അച്ചാറിന്റെ അടുത്തങ്ങനെ മണം പിടിച്ച് നിക്കണ എന്റെ ഉടുപ്പിന് ഒരു കായത്തിന്റെ മണം വരും. ആ മണം മൂക്കിലേക്ക് വലിച്ചു കേററലും ഒരു രസം തന്നെ.
മാങ്ങ കനം കുറച്ച് ചെത്തി കീറിയ ചൂന്യേൻ പച്ചമുളകും ചേർത്ത് ഉപ്പിലിട്ടാല് എന്താ രസംന്നോ? “ചള്ളു മാങ്ങേടെ ഇളം പുളി വെള്ളത്തിലും കേറണം ട്ടോ”, അതുവരെ ക്ഷമിയ്ക്കാൻ ഞങ്ങൾ പിള്ളേർക്കുള്ള വാർണിംഗ് ആണത് .
ഒഴിഞ്ഞ ബോൺവിറ്റ കുപ്പിയും ഹോർലിക്സ് കുപ്പിക്കും എന്നും നല്ല ഡിമാൻഡാണ്. നെല്ലിക്ക, ലൂവിക്ക (ലവലോലിക്ക), അമ്പഴങ്ങ ഇതൊക്കെ സീസൺ അനുസരിച്ച് ഈ കുപ്പികളിൽ ഉപ്പിലിട്ടതായി നിറയും.
ആ രുചി നാവിൻ തുമ്പത്തു നിന്ന് പോകാത്തതോണ്ട്, കിഴക്കുനിന്നു വലിഞ്ഞു കേറി ഭൂമിയുടെ പടിഞ്ഞാറ് എത്തിയിട്ടും എന്റെ അടുക്കളയിൽ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും ചെറുനാരങ്ങയും ഇപ്പോഴുമുണ്ട്. ആ രുചിയോർമ്മകൾ കുതറി തെറിക്കാതെ എന്നെ ഇറുക്കി പിടിച്ചിരിക്കുകയാണ്.
പച്ചമാങ്ങ കുനുകുനെ അരിഞ്ഞു ഉപ്പു ചേർത്തു വെയ്ക്കും. ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, വേപ്പില അരിഞ്ഞെടുത്ത് വെളിച്ചെണ്ണ ചേർത്തു തിരുമ്മി, തേങ്ങാപ്പാൽ ചേർത്ത് മാങ്ങ വേവിക്കും. കടുകും വേപ്പിലയും താളിച്ചെടുക്കുന്ന മാങ്ങാക്കറിയും പപ്പടവും അന്നത്തെ കാലവർഷത്തിൽ ഊൺമേശയിലെ താരമാണ്.
വേനലവധിക്ക്, പച്ചമാങ്ങ പൊട്ടിച്ച് അടുക്കളപ്പുറത്തെ അമ്മിയിൽ വെച്ചു ചതച്ചു കല്ലുപ്പിൽ മുക്കി തിന്നാണ് സ്കൂൾ പൂട്ട് ആഘോഷിക്കുന്നത്. അതു പറയുമ്പോ ഞങ്ങടെ മാധവേച്ചീനെ പറയാതെ പോയ വല്യേ നന്ദികേടാവും.
‘ആരാ ഈ മാധവ്യേച്ചി ന്നല്ലേ?’, പറമ്പിൽ പണിക്കു വന്നിരുന്നവരുടെ കൂട്ടത്തിലെ ഞങ്ങളുടെ മുതിർന്ന കൂട്ടുകാരി. ഞങ്ങൾ എന്തു ചോദിച്ചാലും ഒഴിവുസമയം അതിനായി മാററി വെയ്ക്കും കക്ഷി.
മുറ്റം വരെ കയ്യേറി വളരുന്ന നാലഞ്ചു പുളിമാവും മൂവാണ്ടൻ മാവും കോമാവും (വട്ടമാങ്ങയുണ്ടാക്കുന്ന മാവ്) ഇതൊക്കെ പറമ്പിലുണ്ട്. തീവ്രത എല്ലാ കാര്യത്തിലും വേണന്ന് നിർബ്ബന്ധമുള്ള മാധവ്യേച്ചിക്ക് പുളിയൻ മാങ്ങ തന്നെ മതി. പുളി കുറഞ്ഞ മുവാണ്ടൻ മാങ്ങയെ തീരെ മൈൻഡില്ല.
നല്ല പൊക്കമുള്ള പുളിയൻ മാവിൽ അണ്ണാനെപ്പോലെ മാധവ്യേച്ചി ഓടിക്കയറും. ഒരു കുല പച്ചമാങ്ങയുമായി ശരേന്ന് ഇങ്ങട് എറങ്ങി വരും. ഞങ്ങള് കുട്ട്യോള്, സർക്കസ്സ് കാണണ ചങ്കിടിപ്പില് അങ്ങനെ നോക്കി നിൽക്കും.
പച്ചമാങ്ങയും നാളികേരപ്പാലും ചേർത്ത നല്ല കായൽ മീൻ കറി കൂട്ടി, ഞങ്ങളുടെ വീട്ടിൽ നിന്നും തന്നെ ഉച്ചഭക്ഷണം കഴിച്ച് മാധവി ചേച്ചിയും ഞങ്ങൾ പിള്ളേരും മുററത്തു പായിൽ ഉണങ്ങാനിട്ടിരിക്കുന്ന ഉപ്പു ചേർത്ത പച്ചമാങ്ങാപ്പൂളിന് കാവലിരിക്കും. ( മാങ്ങാത്തൊലി എന്നൊരു പേരും ഉണ്ട് ). വെയിലിൽ വാടി തുടങ്ങിയ മാങ്ങ കഷണം ഇടയ്ക്കിടെ വായിലിട്ട് പുളി നുണഞ്ഞു, സൊറ പറഞ്ഞു, ഞങ്ങൾ വെയിൽ ചാഞ്ഞിരിക്കും. ഈ ഉണങ്ങിയ മാങ്ങ അടുത്ത വർഷം വരെ കേടു കൂടാതെയിരിക്കും.
വെള്ളപ്പായില്, തലേദിവസം രാത്രി, തൈരില് മുങ്ങിക്കുളിച്ച കൊണ്ടാട്ട മുളക് ഒണങ്ങാൻ കെടക്കണുണ്ടാകും. അതിന്റെ ഞെട്ടി ഭാഗം കടിച്ച്, നീറി പിടിക്കണ ഒച്ച ഉണ്ടാക്കി മാധവ്യേച്ചി വീണ്ടും വീണ്ടും ഞങ്ങളെ ഞെട്ടിക്കും.
നല്ല വെളഞ്ഞ മാങ്ങ വേണം ഉപ്പിലിടാനെന്ന് തൃശ്ശൂര്‌ത്തെ എല്ലാ അമ്മമാർക്കും അറിയാം. ഒരു ചീനഭരണി നിറയെ ഉപ്പിലിട്ട മാങ്ങ കർക്കിടകമഴ തിമർത്തു ചെയ്യും വരെ സാമധീല് അങ്ങനെ കെടക്കും. മഴ കൺകുളിർക്കെ കണ്ട് ഉപ്പാങ്ങ കടിച്ചു മുറിച്ച തിന്ന കുട്ടിക്കാലം ഞങ്ങടെ ഒരു ഭാഗ്യായിരുന്നുട്ടോ.
പഴുത്ത മാമ്പഴം ചെത്തി, പൂളി നെറച്ച കിണ്ണം കൈയിലും കിട്ടുമ്പോ കണ്ണും വയറും മനസ്സും നെറയും മധുരം, എന്തൂട്ടാ സ്വാദ്!
മാമ്പഴം വലുതായി മുറിച്ച് നെയ്യ് ചേർത്തു വഴറ്റി, മഞ്ഞൾപ്പൊടിയും തേങ്ങാപ്പാലും പച്ചമുളകും ജീരകവും ഉള്ളീം ചേർത്തരച്ചതും ചേർത്ത് വേവിച്ചു് പുളി കുറഞ്ഞ തൈരും ചേർത്തൊരു മാമ്പഴ പുളിശ്ശേരി. ചെറു മധുരമുള്ള പുളിശ്ശേരി രുചി പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന തറവാടി സംഭവം തന്നെ. ചെറിയ മാമ്പഴം ഇരു വശവും ഒന്നു പൂളി, തൊലി കളയാതെയും മാമ്പഴപുളിശ്ശേരി ഉണ്ടാക്കും. രണ്ടിനും അപാരടേസ്റ്റ് !
പല്ല് പുളിയ്ക്കാതിരിയ്ക്കാൻ എടയ്ക്ക് മധുരം തിന്നാ മതീന്ന്ള്ള അമ്മാമ്മേടെ കണ്ടുപിടത്തം ഞങ്ങളും കൈയടിച്ചു സ്വീകരിച്ചു. പലതരം ഉണ്ടകൾ ചില്ലു ഭരണിയിൽ ഞങ്ങളെ നോക്കി ചിരിക്കും.
വറുത്ത എള്ള് ശർക്കരയും തേങ്ങയും ചേർത്ത് ഉരുട്ടിയെടുത്ത എണ്ണ കിനിയണ എള്ളുണ്ട തിന്നു തീർന്നാലും അതിന്റെ കൊതിയൂറണ മണം കൈയിലങ്ങനെ നിൽക്കും.
ചുട്ടെടുത്ത അണ്ടിപരിപ്പും അരി വറുത്തു പൊടിച്ചതും ശർക്കരപ്പാനിയിൽ കൊഴച്ചു ഉരുട്ടിയ അണ്ടി ഉണ്ട നിങ്ങള് തിന്നിട്ടുണ്ടോ? ഇപ്പഴത്തെ ചോക്ളേററ് ബാറൊക്കെ നാണിച്ചു പോകും. ഈ നാടൻ ഉണ്ടകൾകൊക്കെ ഒടുക്കത്തെ ടേസ്റ്റാണ്.
വെട്ടോത്തി കൊണ്ട് വെട്ടി പൊളിക്കണ കടുപ്പത്തിലാണ് അവലോസുണ്ട. അരിപ്പൊടി, തേങ്ങയും ജീരകവും ചെറുള്ളിയും കൂട്ടി പൊത്തി വെച്ച് ഉരുളീല് പൊൻ നിറമാകണ വരെ വറുത്ത അവലോസുപൊടി വീണ്ടും കുറേ പങ്കപ്പാട് കഴിച്ചിട്ടാണ് അവലോസുണ്ട ആക്കണത്. ശർക്കരപ്പാനി നൂൽ പരുവം നോക്കി ഒഴിച്ചു് ഉരുട്ടി ഈ ഉണ്ടയെ അങ്ങട് കടുപ്പകാരനാക്കും.
അവലോസുണ്ടയ്ക്കു ഇത്ര കടുപ്പം വേണോന്ന് ചോദിച്ച പരദേശികളോട് തൃശ്ശൂക്കാരു പറഞ്ഞൂത്രെ… ‘അവലോസുണ്ടേടെ കാര്യത്തില് മ്മക്ക് ഒരു കോംപ്രമൈസില്ലട്ടോ, ഇത്ര കടുപ്പത്തില് തന്ന്യാ അതിനു രസം. ‘
മധുരത്തിന്റെ കാര്യം ഓർക്കുമ്പോൾ തേൻ പാട്ടയിൽ കൈയിട്ടു നക്കിയ കഥ പറയാതെ പറ്റ്വോ?
ധാരാളം ചക്കയും മാങ്ങയും വിളയുന്ന ഞങ്ങടെ പറമ്പിൽ തേനീച്ച കൂടുണ്ടായിരുന്നു. ഒരു റാണിയും കുറെ വേലക്കാരും കൂട്ടിലുണ്ടാകും. റാണി ബോറടി മാറ്റാൻ മൊട്ടയിട്ടു കൊണ്ടിരിക്കുമെന്ന് കേട്ടിട്ടുണ്ടു്. റാണി എന്തു കുന്തം ചെയ്താലുമെന്താ? വേലക്കാര് കഷ്ടപ്പെട്ടു തേൻ സംഭരിച്ചു വെയ്ക്കും. ഞങ്ങള് പിള്ളേർക്കു അതു മതി. തേൻ എടുക്കാൻ കാലമാകുമ്പോൾ ആ തേനട എടുത്തിട്ട് ഒറ്റ കൊടച്ചല്. ശരിക്ക് അറിയാവുന്നോര് ചെയ്യണം, അല്ലങ്ങെ തേനീച്ചകുത്തി മുട്ടൻപണി കിട്ടും. നിങ്ങൾക്ക് ഈച്ച കുത്ത് കിട്ടിയിട്ടുണ്ടോ? അശേഷം മധുരമില്ലാത്ത ഏർപ്പാടാണ്.
ആ തേനടകൾ ഒരു ബാരലിൽ( വീപ്പ) ഇട്ട് ഒരു ഹാൻഡിലുപയോഗിച്ച് കറക്കും. ആ കറങ്ങലിൽ നല്ല ശുദ്ധമായ തേൻ കൊഴലീകൂടെ പൊറത്തക്കങ്ങട് ഒഴുകും. തേനിന്റെ ഒരു ഒന്ന് ഒന്നര ഒഴുക്ക്!
പിതാവ് മോശ നയിച്ചു കൊണ്ടുപോയ തേനൊഴുകണ കാനാൻ ദേശം മുന്നിലങ്ങനെ ഒഴുകി പരക്കും. മുഴുവൻ തേനും കൊഴലീകൂടെ ഒഴുകാണ്ട് കൊറച്ച് പാട്ടയില് ഞങ്ങൾ പിള്ളേർക്കായി പറ്റിപ്പിടിച്ചു നിൽക്കും. അവര് സ്നേഹള്ളോരാട്ടോ. തേൻ പാട്ടയിൽ കൈയിട്ട് നക്കൽ ഞങ്ങൾ പൊടി പിള്ളേരുടെ അവകാശമായിരുന്നു. മാങ്ങ തിന്നു പിണങ്ങി പുളിച്ച പല്ലിനെ മധുരം കൊടുത്ത് അങ്ങനെയങ്ങ് സുഖിപ്പിക്കും.
ആകെ ഈ മാങ്ങേം തേനും മാത്രേ നിങ്ങടെ തൃശ്ശൂര് ഒള്ളോന്ന് ചോദിക്കണ്ടാട്ടോ. ഒത്ത നീളത്തിൽ തണ്ടു പോലത്തെ കൊഴലപ്പം, പൂ പോലെ അച്ചപ്പം, മൈക്രോ സോഫ്റ്റ് കുഴിയപ്പം, വാടിയ വാഴയില മണക്കണ അട, കുമ്പിളപ്പം, കൊഴുക്കട്ട, നല്ല പതമുള്ള വട്ടേപ്പം, തേങ്ങാപ്പാലിൽ മധുരവും അരിപ്പൊടിയുമായി ആവിയിൽ വേവിച്ച കിണ്ണത്തപ്പം, പാതി നോമ്പിലെ മൊരിഞ്ഞ തേങ്ങാക്കൊത്തിട്ട ഇണ്ടേറിയപ്പം അങ്ങനെയങ്ങനെ ഇമ്മിണി രസികൻ തീററ സാധനങ്ങളുണ്ടിവിടെ. തൽക്കാലം ഇത്ര മതീട്ടോ.
ഓർമ്മകൾ, ചക്കരമാവായി പൂക്കുന്ന കാലം, കാറ്റിലലിയുന്ന മാമ്പൂ മണത്തോടൊപ്പം മനസ്സിലേക്ക് ഒഴുകി വരുന്ന അനവധി രുചിയോർമ്മകൾ.
#ഇഷ്ടഭക്ഷണങ്ങൾ.
………..
തൃശ്ശൂർ ശൈലിയാണ് എഴുത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നതു്. ഇത്തിരി കൂടുതൽ ട, ട്ട, ണ്ട ഒക്കെ അവടിവിടെ വാരിവിതറിയാലെ ഞങ്ങൾക്ക് തൃശ്ശൂർ ഭാഷയുടെ തനതായ രുചി വരുള്ളൂ.
പദാവലി:
മ്മടെ – നമ്മുടെ
കൊറെച്ച് – കുറച്ച്
തോട്ടീടുക – കളിയാക്കുക
വെട്ടോത്തി – വെട്ടുക്കത്തി.
നെറം – നിറം
നെലം – നിലം
കണ്യാങ്ങ – കണ്ണിമാങ്ങ
പോകാത്തതോണ്ട് – പോകാതെ
മാധവ്യേച്ചി – മാധവി ചേച്ചി
വെളഞ്ഞ – വിളഞ്ഞ
കെടക്കും – കിടക്കും
ഉപ്പാങ്ങ – ഉപ്പുമാങ്ങ
ഞങ്ങടെ – ഞങ്ങളുടെ
നെറച്ച് – നിറച്ച്
എടയ്ക്ക് – ഇടയ്ക്ക്
മൊട്ട – മുട്ട
കൊടച്ചിൽ – കുടയുക
മൊതല് – മുതൽ.
ചൂന്യേൻ – കാന്താരി
ഒണങ്ങുക – ഉണങ്ങുക.
കുഴിയപ്പം – ഉണ്ണിയപ്പം.
പതം – സ്റ്റോഫ്റ്റ്.


43 Comments
തൃശൂർ രൂചികൊണ്ട് കൊതിപ്പിച്ച് കൊതിപ്പിച്ച് ഒരു വഴിക്കാക്കിയല്ലാ എൻ്റെ തൃശൂർക്കാരീ…….ഇഷ്‌ടം❤️👍
മിനി സുന്ദരേശൻ…🙏🥰🫂
Superb chechi😋😋
Thank you Jauhara🙏🥰
കപ്പലോട്ടാൻ മാത്രം കൊതിവെള്ളം വന്നൂട്ടോ.. എന്താപ്പ ചെയ്യാ. 😋😋.
ഹ…ഹ.
മാങ്ങ അങ്ങട് തിന്ന്വാ.
Thank you Sabira🙏🥰🫂
മനോഹരമായ രചന.
Syamala, Thank you🙏.
🥰🥰🥰
മനോഹരമായി എഴുതി 👌
shree ja, വായനക്കും വാക്കുകൾക്കും ഒത്തിരി നന്ദി🙏🥰.
നല്ല മനോഹരമായ രചന അഭിനന്ദനങ്ങൾ ആശംസകൾ
Ramachandran sir, thank you.🙏
വായിലൂടെ കപ്പൽ ഓടുന്നു 👌🏽
Rani, thank you.🙏❤️
ഇതെന്തൊരെഴുത്താ- കൊതിപ്പിച്ചുകളഞ്ഞു. 👌👍
Thank you Sreejith🙏.
ഓർമ്മകൾ പങ്കിടാനും ഒരു കൊതി.😋
മ്മ്‌ടെ തൃശ്ശൂര് രുചികളിൽ ചിലതൊക്കെ ആദ്യായിട്ട് കേൾക്കുകയാ . ഇവിടെ മാർക്കെറ്റിൽ മാങ്ങാ ഉണ്ടെങ്കിൽ ആ ആഴ്ച ഒരു മാമ്പഴ കൂട്ടാൻ ഉണ്ടാക്കും, അതിപ്പോ ഏത് നാട്ടിലെ മാങ്ങാ കൊണ്ടായാലും. അത്രക്ക് ഇഷ്ടാ എല്ലാര്ക്കും ..
അതെ, ഇന്നൊരു മാമ്പഴപുളിശ്ശേരി ഉണ്ടാക്കാനുള്ള പദ്ധതിയിലാണ്. Alphonso മാങ്ങയാണ് ഈ പുളിശ്ശേരിയാവാൻ കാത്തിരിക്കുന്നത്. 😀
Thank you Manju, വായനക്കും ഈ വാക്കുകൾക്കും.
കൊതിപ്പിക്കുന്ന രുചിക്കൂട്ടങ്ങളും, എഴുത്തും.. സൂപ്പർ സൂപ്പർ
Thank you, Sunadha🙏🥰
ഹാാാ… നാവിൽ കപ്പൽ, അല്ല കപ്പലുകൾ ഓടുന്നു 👌👌👌
Silvy, 🙏.
🥰🥰🥰🥰🥰
ആഹാ ആഹാ എന്തെല്ലാം രുചികരമായ വിഭവങ്ങൾ …… എഴുത്തും രുചികരം😋👍
ഉഗ്രൻ ആയിമ്മടെ ത്രൂശ്ശരത്തെ മാങ്ങകാലം അച്ചാറിടലൂം,ഉപ്പൂമാങ്ങയൂം,മാങ്ങാകറികളൂംതശ്ശൂരെ നീണ്ട കൊഴലപ്പവൂംകടിച്ചാൽ പൊട്ടാത്ത അവലോസൂണ്ടയൂം അണ്ടിഉണ്ടയൂം ഇണ്ടേറിയൂം ഒക്കെ കഴിച്ചപോലെയായി.നാട്ടില് പൊയി അബഴങ്ങ അച്ചാറൂ,ചക്കവരട്ടിയൂം മാങ്ങ ജാം ഒക്കെണ്ടാക്കീട്ടാ. അതൂഒരൂരസംതന്നൃ.നിനക്കോരൂ അഭിനന്ദംതര്വാകൂട്ടി.
Thank you, Rita chechi.
🥰🥰🥰
എന്റെ ചേച്ചി സൂപ്പർ👌💗🥰
ശരിക്കും കൊതി വന്നു 😋
എന്റെ ചേച്ചി സൂപ്പർ👌💗🥰
ശരിക്കും കൊതി വന്നു 😋
thank you, Mini🙏🥰
Thank you, Mini.
🙏🥰
Thank you, മിനി സുന്ദരേശൻ🙏🥰
Super dear ഒത്തിരി ഇഷ്ടമായി💕💕
Thank you Seji🙏🥰
Seji🙏
ഇഷ്ടം മാത്രം.🥰🫂
നന്നായി എഴുതി👌👍💯🙏🙏
Suresh, thank you. 🙏
വീണ്ടും ആ പഴയ കാലത്തേക്കു കൂട്ടിക്കൊണ്ടുപോയല്ലോ ജോയ്സ്❤️
വെട്ടുകത്തി കൊണ്ടു പൊട്ടിയ്ക്കുന്ന അരിയുണ്ട പിന്നെ കണ്ടിട്ടേയില്ല. അരിയുണ്ടയും അവിലോസുണ്ടയും അരി വറുത്തു പൊടിച്ചതുമെല്ലാം തിന്നാൻ കൊതിയാവുന്നു.❤️
സ്നേഹം ജോയ്സ്
thank you Suma, 🙏❤️
തൃശ്ശൂരിൽ വെട്ടിപൊളിക്കുന്ന അവലോസുണ്ട ഇപ്പോഴുമുണ്ട്.🤣
നന്നായി എഴുതി ട്ടൊ 🌹🌹
Sindhu, thank you. 🙏💖
ഉഗ്രൻ ആയിമ്മടെ ത്രൂശ്ശരത്തെ മാങ്ങകാലം അച്ചാറിടലൂം,ഉപ്പൂമാങ്ങയൂം,മാങ്ങാകറികളൂംതശ്ശൂരെ നീണ്ട കൊഴലപ്പവൂംകടിച്ചാൽ പൊട്ടാത്ത അവലോസൂണ്ടയൂം അണ്ടിഉണ്ടയൂം ഇണ്ടേറിയൂം ഒക്കെ കഴിച്ചപോലെയായി.നാട്ടില് പൊയി അബഴങ്ങ അച്ചാറൂ,ചക്കവരട്ടിയൂം മാങ്ങ ജാം ഒക്കെണ്ടാക്കീട്ടാ. അതൂഒരൂരസംതന്നൃ.നിനക്കോരൂ അഭിനന്ദംതര്വാകൂട്ടി.
സിന്ധു, thanks
മനോഹരം. വായിൽ കപ്പലോട്ടുന്ന ഓർമ്മകൾ..
Thank you Nishiba.
🙏🥰