പുരുഷനിലാണ് പ്രധാനമാറ്റം വരേണ്ടത്. കാരണം അവന്റെ ബോധാബോധങ്ങളിൽ തറഞ്ഞു പോയ അറിവ്, ‘അവൾ ‘അവനു വേണ്ടിയുള്ളതാണെന്നു തന്നെയാണ്. തനിക്ക് തോന്നുമ്പോൾ ഉപയോഗിക്കാനുള്ള ഒരു വസ്തു എന്നു തന്നെയാണ്. അതാണ് നമ്മുടെ ചരിത്രം. ആ ബോധം പെട്ടന്നൊന്നും ഉണർന്ന് വന്ന് സ്ത്രീയെ വ്യക്തിയായി അംഗീകരിച്ചു തുടങ്ങില്ല. അത് ബോധപൂർവ്വമുള്ള പരിശീലനത്തിലൂടെ രൂപപ്പെടുത്തി കൊണ്ടുവരികതന്നെ വേണം.എത്ര അറിഞ്ഞാലും സ്വാഭാവികമായി അത് സംഭവിക്കില്ല. സന്ദർഭം വരുമ്പോഴെല്ലാം പ്രാണി മുന്നിൽ വന്നിരുന്നാൽ പല്ലി നാവു നീട്ടിപ്പോകുന്നതുപോലെ പ്രതികരണമുണ്ടാവും.
ചെറിയ പെൺകുഞ്ഞിനോട് പെരുമാറുന്നതിൽ നിന്ന് ആ പരിശീലനം തുടങ്ങേണ്ടതുണ്ട്. തന്റെ മുന്നിലിരിക്കുന്നത് ഒരു വ്യക്തിയാണെന്ന നിലയിൽ നാം നമ്മുടെ പെൺകുട്ടികളോട് പെരുമാറിത്തുടങ്ങിയാൽ ആൺകുട്ടികളും അത് കണ്ട് പഠിച്ചോളും.
(ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനായിരുന്ന ഷൗക്കത്ത് ന്റെ ‘ തുറന്ന ആകാശങ്ങൾ’ എന്ന പുസ്തകത്തിലെ വരികളാണ് മുകളിൽ കൊടുത്തിരിക്കുന്നത്)

