രുചികൾ, രസനയെ ത്രസിപ്പിക്കുന്ന മാന്ത്രികത. ജഠരാഗ്നിയുടെ ശമനം തന്നെയാണ് ഓരോ ജീവിവർഗ്ഗങ്ങളുടേയും അന്തർലീനമായ ലക്ഷ്യം. അതിനു മാർഗ്ഗങ്ങൾ പലതാണെന്നു മാത്രം. ഓരോ രുചിക്കൂട്ടുകളും വ്യത്യസ്തമാവുന്നതുപോലെ രുചിക്കുന്നവരുടെ ആസ്വാദനതലവും വ്യത്യസ്തമായിരിക്കും. എനിക്കിത്ര മതിയെന്നു നമ്മൾ തൃപ്തിയോടെ പറയുന്ന ഒരു കാര്യമേയുള്ളൂ, ഭക്ഷണം.
ഓർമ്മരുചികൾ ഇഷ്ടങ്ങളുടേയും നഷ്ടങ്ങളുടേയും രുചിക്കൂട്ടാണ്. എന്നോ സ്നേഹമൂട്ടി പകർന്നു തന്ന രുചികൾ മനസ്സിന്റെ ദർപ്പണത്തിലെന്നും പ്രതിഫലിച്ചു നിൽക്കും. പിന്നീട് എത്ര തന്നെ രുചികൾ നാവുതൊട്ടറിഞ്ഞാലും അതിനോളം വരില്ലെന്നു മനസ്സു മന്ത്രിക്കും. അമ്മിഞ്ഞപ്പാലിന്റെ ജീവരുചിക്കൊപ്പം അമ്മ പകർന്ന രുചിവൈവിധ്യങ്ങൾ. പുതുരുചിയുടെ മധുരവും കയ്പും ചവർപ്പും പുളിപ്പും എരിവും ഉപ്പും ചൂടും തണുപ്പും ഗന്ധവും രസനയെ ഉദ്ദീപിപ്പിച്ചു കൊണ്ടേയിരിക്കും. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് രുചികൾ മാറിമറയുമ്പോൾ അമ്മരുചികളെ മറക്കാതെ മനസ്സിൽ കരുതാം.
വിശപ്പറിഞ്ഞു ഉണ്ണണം എന്നാലെ യഥാർത്ഥ രുചിയറിയൂ എന്നു പറയും. അതു സത്യമാണ്. ഇല്ലായ്മയുടേയും അധ്വാനത്തിന്റെയും വിലയറിയുന്നവർ ഒരിക്കലും ഒരു അന്നം പോലും പാഴാക്കില്ല. ഇന്നു നമ്മൾ അനുഭവിക്കുന്ന സമൃദ്ധിക്കൊരു മറുവശം ഉണ്ടെന്നതാണ് യാഥാർത്ഥ്യം. ലോകത്തിൽ ഇന്നും കോടിക്കണക്കിനു പേർ പട്ടിണിയും അനന്തരഫലങ്ങളും അനുഭവിക്കുന്നുണ്ടെന്നുള്ളത് ദു:ഖകരമായ യാഥാർത്ഥ്യമാണ്.
പ്രകൃതിദത്തമായ ഫലമൂലാദികൾ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന, പ്രകൃതിയോടിണങ്ങിയ കാലത്തിൽ നിന്നും നമ്മൾ ഇന്നെത്രയോ ദൂരം പിന്നിട്ടിരിക്കുന്നു. ഇന്നു മായം കലരാത്ത ഒരു രുചിയും നമ്മുക്ക് ചുറ്റുമില്ല.അതേ പോലെതന്നെ ജീവിതശൈലി രോഗങ്ങളും നമ്മളെ വിടാതെ പിൻതുടരുന്നു. ആയുസ്സിന്റെ കണക്കു പുസ്തകത്തിലെ താളുകളും അത്രകണ്ട് കുറയുന്നു.
നമ്മളറിഞ്ഞ രുചിയുടെ ലോകമല്ല നമ്മുടെ അടുത്തതലമുറയ്ക്ക്. ഓരോ തലമുറയിലേക്കും പകരുന്ന അറിവുകൾക്ക് മൂല്യശോഷണം സംഭവിക്കുകയോ പുതിയ ഒന്നായി പരിണമിക്കുകയോ ചെയ്യുന്നു. എളുപ്പം ഉണ്ടാക്കിയെടുക്കാനുള്ള ത്വരയിൽ സഹനങ്ങളെ മാറ്റിനിർത്തുന്നു. കാലാകാലങ്ങളിൽ പാചകരീതികൾ പരിഷ്ക്കരിക്കപ്പെടുന്നു. തനതായ രുചികൾ വിസ്മൃതിയിലാഴുന്നു. ശരിയേത് തെറ്റേതെന്ന ഉത്തരമില്ലാത്ത ചോദ്യത്തിനപ്പുറം നമ്മളും പുതിയരീതിക്കനുസൃതമായൊഴുകുന്നു.
പഴയതിലേക്കൊരു തിരിച്ചുനടത്തമെന്നതു അസംഭവ്യമാണെന്നിരിക്കിലും ഭക്ഷണം തന്നെയാണ് നമ്മുക്കുള്ള മരുന്നെന്ന തിരിച്ചറിവിൽ നിന്നും ഉചിതമായ ചില തീരുമാനങ്ങളെടുക്കാൻ നമ്മുക്ക് കഴിയണം. മായങ്ങളിൽ നിന്നും ഒരു കൈയകലം പാലിച്ചു, തെറ്റായ ശീലങ്ങളോട് അരുതെന്നു പറഞ്ഞു, രുചിയുടെ കൺകെട്ടു വിദ്യയിൽ മയങ്ങാതെ, ഹിതകരമായതിനെ മിതമായ അളവിൽ ആഹരിച്ചു ജീവിതത്തെ ആരോഗ്യകരമായി നിലനിർത്താം. ഇഷ്ടമുള്ളതു ആസ്വദിക്കാതിരിക്കുകയല്ല വേണ്ടത്, ഏതു കാര്യത്തിലും മിതത്വം പാലിക്കുക. മായാത്ത, മറയാത്തരുചികളെ മാറോടു ചേർക്കാം, സ്വയമറിഞ്ഞെന്നും ജീവിതമാസ്വദിക്കാം.
★★★നിഷിബ എം നിഷി★★★
#എന്റെരചന
#ഇഷ്ടഭക്ഷണം


2 Comments
നല്ലെഴുത്ത് നിഷി❤️❤️🌹👌
ഭക്ഷണവും രുചികളും ഒന്നിച്ചു പാകം ചെയ്ത രുചികരമായ വിഭവം നല്ല പദസമ്പത്തിന്റെ മേമ്പൊടി തൂവി ഊട്ടി.
അഭിനന്ദനങ്ങൾ!
👏🥰❤️