അല്ലികാട്ടിൽ അന്ന് പാല പൂത്തു… രാക്കാറ്റിന്റെ പരുക്കൻ അലയൊലികൾ ജാലകപ്പഴുതിലൂടെ ഒറ്റ മുറിയുടെ ജനൽ വിരിപ്പുകളെ മാറ്റിയപ്പോഴാണ് മുത്തശ്ശി പറഞ്ഞ ആ കാര്യം ഞാൻ ഓർത്തത്. അല്ലിക്കാവിൽ പാല പൂക്കുന്നത് ഒറ്റയിട്ട നിലാവുള്ള രാത്രികളിൽ ആണത്രേ…
നിലാവും രാത്രിയിലെ കാറ്റും പാലപ്പൂവിന്റെ മണവും എന്റെ മനസ്സ് മുത്തശ്ശി കഥയുടെ ഓർമ്മകളിലേക്ക് ഊളിയിട്ടു.
വർഷങ്ങൾക്കു മുന്നേ ഈ വീടും വിട്ടിരിക്കുന്ന സ്ഥലവും പെരുംകാട് ആയിരുന്നത്രേ.
വീടും വീടിനു ചുറ്റുമുള്ള തോട്ടവും അപ്പാപ്പൻ വാങ്ങിക്കുമ്പോൾ ഞാൻ ജനിച്ചിട്ട് പോലുമില്ല. മുത്തശ്ശിക്ക് അന്ന് പതിനെട്ടോ 19 വയസ്സ് പ്രായം.
അന്ന് നടന്ന ഒരു സംഭവം ഈ നാട്ടിലുള്ളവർക്ക് ഒരു പേടി സ്വപ്നമാണ് പേടിസ്വപ്നം മാത്രം ആണോ…?
അല്ല, ആ കഥയിൽ ഒരു കാര്യം ഉണ്ട്… ചീരു എന്ന കാട്ടു പെണ്ണിന്റെ ജീവിതവും മരണവും ഉണ്ട്.
നമുക്കൊന്ന് കൂടെ ആ കഥയിലേക്ക് പോകാം.
ഞാൻ ആ മുത്തശ്ശിക്കഥ മെല്ലെ മെല്ലെ ഓർത്തെടുത്തു…
ആ ഓർമ്മയിലേക്ക് സഞ്ചരിക്കും തോറും നിലാവിന്റെ വെട്ടം തെളിയിച്ചു കൊണ്ട് ചീരവിന്റെ കഥ അരങ്ങേറി..
ഏതോ ഗാഢമായ ചിന്തയിൽ മുഴുകിയിരിക്കുന്ന തമ്പ്രാനോട് കാര്യസ്ഥൻ കുഞ്ഞുണ്ണി ഹാസ്യത്തിൽ ചോദിച്ചു, “മാനത്ത് നിലാവുദിച്ചപ്പോൾ തൊട്ട് തമ്പ്രാൻ ഈ ലോകത്ത് ഒന്നുമല്ലല്ലോ? ഏത് ദേശത്തെ രാജകുമാരിയാ തമ്പ്രാന്റെ മനസ്സിൽ കടന്നുകൂടിയത്? അച്ഛൻ തമ്പ്രാനോട് വേളിക്ക് കാലായി എന്ന് പറയണോ അടിയൻ ”
ആൽ തറയിൽ നിലാവ് നോക്കി കിടന്ന ഹരിഹര വർമ്മ, കാര്യസ്ഥൻ കുഞ്ഞുണ്ണിയുടെ ചോദ്യം കേട്ട് മറുപടിയെന്നോണം ഒന്ന് മൂളി….
അച്ഛൻ തമ്പ്രാനോട് പറയുമ്പോൾ” പെണ്ണ് ഏതാണെന്നു കൂടെ പറഞ്ഞേക്ക് കുഞ്ഞുണ്ണി ”
“ആഹാ അപ്പൊ തമ്പ്രാൻ എല്ലാം ഉറപ്പിച്ചു ഇല്ലേ കേമം കേമം ബഹു കേമം തന്നെ ഇതിപ്പോ നല്ലൊരു മേളം തന്നെയായിരിക്കും തമ്പ്രാന്റെ മംഗല്യ വാർത്ത”
“ആട്ടെ എവിടുന്നാ തമ്പ്രാന്റെ ആ അപ്സരസ്? ഈ മനസ്സിൽ കയറിക്കൂടിയ ദേവത?”
“അതൊരു വനദേവതയാ വാര്യരെ…”
കുഞ്ഞുണ്ണിയുടെ മുഖം ചുളിഞ്ഞു വാക്കുകൾ വികൃതമായി
“അവൾ, ആ ചീരു ആണോ? തമ്പുരാന്റെ മനസ്സിൽ കടന്നു കൂടിയ ആ ദേവത?”
“മ്മ് ”
തമ്പുരാന്റെ വാക്കുകളിൽ അവളോടുള്ള മോഹം കുഞ്ഞുണ്ണിക്ക് കാണാൻ പറ്റി…
“വേണ്ട തമ്പ്രാ ‘
“അടിയാത്തി പെണ്ണിന്റെ സൗന്ദര്യം കണ്ട് മോഹിച്ച് അങ്ങയുടെ പത്നിയാക്കുവാൻ നിൽക്കേണ്ട. ഇനി അങ്ങേക്ക് മോഹം അവളോട് ഒരുമിച്ചുള്ള രാത്രിയാണെങ്കിൽ അടിയൻ തീർപ്പ് ഉണ്ടാക്കാം!!
അതിനുവേണ്ടി ആ കാട്ടാളത്തി പെണ്ണിനെ അങ്ങയുടെ പത്നി ആക്കാൻ എന്തിനാ സാഹസം…”
“ഒരു ബലപ്രയോഗം വേണ്ട കുഞ്ഞുണ്ണി അവൾ സ്വന്തം ഇഷ്ടത്തിന് തയ്യാറാവണം!”
“അതിനെന്താ തമ്പ്രാ, അവരെല്ലാം അതിനൊക്കെ തന്നെ വേണ്ടി ഉള്ളതല്ലേ?”
“എങ്കിൽ താൻ അതിനുള്ള ഏർപ്പാട് നോക്കു, ഞാൻ മനോഹരമായ സ്വപ്നങ്ങൾ കണ്ടുറങ്ങട്ടെ ഈ നിലാവെട്ടത്തെ നോക്കി..”
ചീരു മനോഹരിയായ കാട്ടു പെണ്ണ്. എന്നാൽ അവളുടെ മനം നിറയെ പൊൻവേലുവാണ്. അവളെ മോഹിക്കാത്ത ആരും ആ കാട്ടിൽ ഇല്ലായിരുന്നു എന്നാൽ അവളുടെ ഉള്ളം മുഴുവൻ പൊൻവേലുവിനോടുള്ള ഇഷ്ടം ആയിരുന്നു… വരുന്ന പൗർണമി ഇരുവരുടെയും മംഗലമാണ്. പാട്ടും നൃത്തവും അങ്ങനെ ഒരു ഉത്സവം തന്നെ ആയിരിക്കും കാട്ടു മൂപ്പന്റെ പെൺ കൊടിയുടെ മംഗലമെല്ലാരും കാത്തു നിൽക്കയാണ്..
“പെണ്ണെ ചീരു, ഇന്ന് നിലാവുദിച്ചാൽ നിന്റെ മംഗലമാണ്…”
കൂട്ടുകാരി കനകം അവളുടെ കാതിൽ കിന്നാരം മൊഴിഞ്ഞു.
ചീരുവിന്റെ മുഖം നാണത്താൽ ചുവന്നു. അവളെ ചുറ്റും കൂട്ടുകാരികൾ നിന്ന് അവളെ അണിയിച്ചൊരുക്കി കണ്ടവർക്കാർക്കും അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല
എല്ലാവരും പൊൻവേലുവിന്റെ ഭാഗ്യം ഓർത്തു…
ഒരുങ്ങി നിന്ന ചീരു അല്പം നേരം ആ കാട്ടാറിന്റെ തീരത്തേക്ക് നടന്നു ആ ഓളങ്ങൾ നോക്കി താൻ ഒരുങ്ങിയത് നോക്കി കിന്നാരം പറഞ്ഞു.. പെട്ടന്നു ഏതോ ഒരു ശക്തമായ കൈകൾ അവളെ എടുത്തു മുകളിലേക്ക് ഉയർത്തി. കണ്ണുകൾ മൂടപെട്ടു കാൽ നിലം തൊടാത്ത ചീരുവിന്റെ യാത്ര അവസാനിച്ചത് ഹരിഹരന്റെ മുമ്പിൽ ആയിരുന്നു…
തമ്പ്രാൻ അവളെ ആവോളം ആസ്വദിച്ചു. അവസാനം തമ്പ്രാന്റെ കൂട്ടാളികൾ അവളെ കാട്ടിൽ ഉപേക്ഷിച്ചു
പിഴച്ച പെണ്ണിനെ ശിക്ഷിക്കാൻ ഒരുങ്ങി കാട്ടാളകൂട്ടം കത്തുന്ന അഗ്നിയിൽ ചീരുവിന്റെ ദേഹം ചേർത്ത് വെച്ചു….
ഏഴാം നാൾ പാല പൂത്തു.. ആ പ്രദേശം ആകെ ഗന്ധം പടർന്നു. ഹരി ഹരനും ആ ഗന്ധം ആവോളം ആസ്വദിക്കാൻ തുടങ്ങി! മത്തു പിടിക്കുന്ന ഗന്ധം, അതോടൊപ്പം അയാൾക്ക് ചീരുവിന്റെ കൂടെ കിടന്ന ആ ദിവസത്തെ ഓർമ്മകളും മനസ്സിലേക്ക് ഓടിയെത്തി. അയാളുടെ ഉറക്കം പോലും ഇല്ലാതെ ആക്കി!
പിറ്റേന്ന് നേരം പുലർന്നപ്പോൾ ഹരിഹരന്റെ മൃതശരീരം ചിതയിൽ അമരുമ്പോൾ നാട്ടാർ ചീരുവിന്റെ ആത്മാവിനെ തളയ്ക്കാനുള്ള മന്ത്രവാദിയെ തിരയുകയായിരുന്നു!!
അന്ന് മുതൽ ഹരി ഹരനായി ജന്മം കൊള്ളുന്ന ഓരോ പുരുഷനും ചീരുവിന്റെ ഇരയായി തീരാറുണ്ടത്രെ!
യക്ഷി കഥകളെല്ലാം വെറും കെട്ടു കഥകളാണല്ലോ… ഇവിടെ ഈ അല്ലികാട്ടിൽ ഇനിയും എത്ര ഹരിഹരന്മാർ, അവരെയൊക്കെ ചീരു കൊല്ലുമോ സ്വയം ചോദിച്ചു ഞാൻ നിലാവിലേക്ക് ഇറങ്ങി! തനിക്ക് ചുറ്റും പരക്കുന്ന ഏഴിലം പാലയുടെ മണവും ആസ്വദിച്ചു കൊണ്ട്!!!


5 Comments
ഹരിഹരന്മാരുടെ കാലം ഒരിക്കലും അവസാനിക്കില്ല.. ഈ നാട്ടിലെ നിയമ വ്യവസ്ഥകൾ പൊളിച്ചെഴുതുന്നത് വരെ..
നല്ലെഴുത്ത്.. 👌👌
മനോഹരം
മനോഹരം. ഒരിക്കലും അവസാനിക്കാത്ത ഹരിഹരന്മാർ..
യക്ഷിക്കഥ കൊള്ളാം❤️🌹👌
പാലപ്പൂ മണക്കാത്ത നാട്ടിലും സുന്ദരികളുടെ യും അല്ലാത്തവരുടെയും ജീവിതം പിച്ചിചീന്തപ്പെടുന്നു.
നല്ല കഥ👌
യക്ഷിക്ക് സ്വയം ശിക്ഷ കൊടുക്കാം. നാട്ടിലെ ഇരകൾക്കോ?
ചിന്തനീയം.👍