അ ആ ഇ ഈ ഉ ഊ ഇങ്ങനെ ഓരോ അക്ഷരങ്ങൾ കൂട്ടി വായിച്ചും എഴുതിയും പഠിക്കുമ്പോൾ അറിഞ്ഞിരുന്നോ ഈ അക്ഷരങ്ങൾ പഠിച്ചുകഴിയുമ്പോൾ നമുക്ക് മുന്നിൽ തുറന്നിട്ട് തരുന്ന ഒരു ലോകം തന്നെയുണ്ടെന്ന്…
ഏയ് എവിടെ! ഒന്നാം ക്ലാസിലെ ശോഭ ടീച്ചർക്ക് വേണ്ടി മാത്രം അന്നൊക്കെ പഠിച്ചു. കോപ്പിയിൽ നേരെ എഴുതിയാൽ കിട്ടുന്ന നീളമുള്ള ആ ചുവന്ന മഷിയിൽ കിട്ടുന്ന ശരികൾക്ക് വേണ്ടി മാത്രവും അക്ഷരങ്ങൾ പഠിച്ചു…
പുതുമണം മാറാത്ത പുസ്തകത്തിലെ ചിത്രങ്ങൾക്കടിയിൽ എഴുതി വെച്ചത് വായിക്കാൻ വേണ്ടിയും അക്ഷരങ്ങൾ പഠിച്ചു. അതിനപ്പുറം സ്വന്തം പേര് നിറം കൂട്ടിയും കളർ മാറ്റിയും എഴുതി മനോഹരമാക്കണം എന്ന ആഗ്രഹം കൊണ്ടും പഠിച്ചു..
എന്നാൽ പരീക്ഷകൾ ഓരോന്ന് പാസായി പാസായി ജീവിതത്തിലേക്ക് കടന്നപ്പോൾ ഈ അക്ഷരത്തെ ഇത്രയധികം സ്നേഹിക്കുമെന്നൊരിക്കലെങ്കിലും ആലോചിച്ചിരുന്നോ ഞാൻ…?
ഏയ് എന്തിനാ അങ്ങനെയൊരു ആലോചന വരുത്തുന്നത്.. പഠിച്ച പാഠങ്ങളൊക്കെ പരീക്ഷ പേപ്പറിൽ എഴുതി വെക്കുന്നതോടെ ആ അക്ഷരങ്ങളെ എന്നിൽ നിന്നും ഞാൻ പറഞ്ഞയച്ചു എന്നായിരുന്നു ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത്…..
എന്നാൽ ശരിക്കും ഞാൻ അക്ഷരങ്ങളെ ഞാൻ പോലും അറിയാതെ സ്‌നേഹിക്കാൻ തുടങ്ങുകയായിരുന്നു… ഓരോ അക്ഷരങ്ങളെയും ഇങ്ങനെ എന്നിലേക്ക് മതിവരാതെ ചേർത്ത് പിടിക്കാമെന്ന് ഞാൻ അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു…..
ജീവിതത്തിലെ ഓരോ ഉത്തരവാദിത്തവും മുറപോലെ ചെയ്തു ക്ഷീണിച്ചു എന്ന് തോന്നുമ്പോൾ ഞാൻ എനിക്ക് വേണ്ടി അല്പം നേരം കണ്ടെത്തിയതൊക്കെ ഈ അക്ഷരങ്ങളിൽ കൂടെയായായിരുന്നു.
ചുവരിൽ എന്നെ പേടിപ്പിച്ചു കൊണ്ട് ഓടിയൊളിക്കുന്ന സമയം കാണെ ഞാൻ ചിന്തിച്ചു, സ്കൂളിലേക്ക് ആദ്യാക്ഷരം പഠിക്കാൻ പോയ കുഞ്ഞുമക്കൾ തിരികെ വരും വരെ ഞാൻ എന്റെ ഈ ഒറ്റപ്പെട്ട സമയത്തെ എങ്ങനെ എന്നിൽ നിന്നും തള്ളിനീക്കുമെന്ന്…
ചിന്തകൾക്കവസാനമുത്തരം ഞാൻ തേടി കണ്ടുപിടിച്ചത്, ദേ ഈ അക്ഷര കൂട്ടത്തെയായിരുന്നു. ഓരോ വരികളും ആർത്തിയോടെ വായിച്ചു തുടങ്ങുമ്പോളെക്കെ ഞാൻ തന്നെ മറന്നു തുടങ്ങിയ എന്നെ വീണ്ടും ഞാൻ കണ്ടെത്തുകയായിരുന്നു…
ആരൊക്കെയോ മനോഹരമാക്കി പകർത്തി വെച്ച ഓരോ അക്ഷരങ്ങളും കണ്ണുകൾ പോലും ചിമ്മാൻ മറന്നു ഞാൻ വായിച്ചു തുടങ്ങിയപ്പോൾ എന്റെ ലോകം മാറുകയായിരുന്നു. കുറഞ്ഞ മണിക്കൂറുകൾ ആണേലും ഒറ്റക്ക് നിൽക്കാൻ പേടിച്ചിരുന്ന ഞാൻ കുറച്ചു കൂടെ സമയം എനിക്ക് എന്റേതായി കിട്ടിയെങ്കിൽ എന്നാഗ്രഹിക്കുകയായിരുന്നു.
ദേ, ഈ മുഖപുസ്തകത്തിൽ നിന്നും എന്നെ തേടിയെത്തിയ ഓരോ കഥകളും അനുഭവങ്ങളും അറിവുകളും ഞാൻ ആകാംക്ഷയോടെ തേടി കണ്ടുപിടിച്ചു… സമയമൊട്ടുമേ പാഴാക്കാതെ ഓരോ വരികളും വായിച്ചു ആ വരികളിലൂടെ കരഞ്ഞും ചിരിച്ചും വേദനിച്ചും സന്തോഷിച്ചും അതിലൂടെ ജീവിച്ചു അല്പം നേരം….
അങ്ങനെയൊരിക്കൽ ഈ മുഖപുസ്തകത്തിൽ നിന്നും കണ്ടെത്തിയ ഇടമായിരുന്നു ഈ “കൂട്ടക്ഷരം”എന്തേലും ഒന്നോ രണ്ടോ വരികൾ എനിക്കുമെഴുതണമെന്ന ആഗ്രഹം എന്നെ വിടാതെ പിന്തുടർന്നു.
വള്ളിയും പുള്ളിയും ചിഹ്നങ്ങളും എന്നെ കൊണ്ടാകും വിധം എഴുതി ചേർത്ത് ഞാനുമെന്റെ ആഗ്രഹങ്ങളെ പറത്തി വിട്ടു. ആദ്യമായി എന്റെ പേരിൽ ഉള്ള വരികൾ ഈ മുഖപുസ്തകത്തിലൂടെ തന്നെ എന്നെ തേടിയെത്തിയപ്പോൾ എനിക്ക് വന്ന സന്തോഷം അതിവിടെ ഞാൻ പകർത്തുന്ന അക്ഷരങ്ങൾക്കുമതീതം….
എന്നെ കൊണ്ടും ശ്രമിച്ചാൽ പറ്റുമെന്ന് തെളിയിച്ച ഒരിടം ആണ് ഈ കൂട്ടക്ഷരം. ഒത്തിരി സ്നേഹത്തോടെ അതിലുപരി ബഹുമാനത്തോടെ ഞാനും എന്റെ എല്ലാ ആശംസകളറിയിക്കട്ടെ ഒരിക്കൽ കൂടെ… അക്ഷരങ്ങളെ ഹൃദയത്തോട് ചേർത്തുവെക്കുന്നവർക്ക് മുന്നിൽ നിങ്ങൾ കണ്ടെത്തി തന്ന ഈ കൂട്ടക്ഷരം ഇനിയും ഉന്നതങ്ങളിലേക്കെത്തെട്ട ഒരിക്കൽ കൂടെ എന്റെ സ്നേഹാശംസകൾ 💫


3 Comments
ഈ കൂട്ടിനെ നന്നായി പറഞ്ഞു👍❤️
അക്ഷരങ്ങളിലൂടെ ഈ കൂട്ട് നമ്മുടെ ജീവിതം കൂടുതൽ മനോഹരമാക്കിക്കൊണ്ടിരിക്കുന്നു.
നല്ല വിവരണം❤️❤️❤️
കൂട്ടക്ഷരത്തെ കുറിച്ച് മനോഹരമായ എഴുത്ത്.👌❤️