പതിവില്ലാതെ പറമ്പിലെ ബട്ടർ മരത്തിൽ നിന്നും കാക്ക കാ കാ പറഞ്ഞു നിർത്താതെ കരയുന്നത് കണ്ടു വർക്ക്‌ഏരിയയിലെ ഗ്രിൽസിനുള്ളിൽ കൂടെ ഞാൻ കൈ കൊണ്ടും കാല് കൊണ്ടും വായ കൊണ്ടും കലപില കൂട്ടി നോക്കി കാക്ക കരയുന്നതിനേക്കാൾ ഉച്ചത്തിൽ…
എവിടെ!!
കാക്കയുണ്ടോ ആ ഇരുന്നിടത്തു നിന്ന് അനങ്ങുന്നു!
വീട്ടുമുറ്റത്തു വന്നു കരഞ്ഞു ശല്യമായതും പോര, ഞാനുണ്ടാക്കുന്ന നിന്റെ ശബ്ദത്തെക്കാൾ വലിയ ശബ്ദത്തെ കൂസലൂം ആക്കുന്നില്ല എന്ന ദേഷ്യത്തിൽ ഞാൻ ആ ഗ്രിൽസ് വലിച്ചു തുറന്നു.
മുറ്റത്തേക്ക് ഇറങ്ങിയ എന്നെ കണ്ടതും കാക്ക ഒരൊറ്റ പറക്കൽ ആയിരുന്നു, അപ്പുറത്തെ വീട്ടിലെ വാർപ്പിന്റ മുകളിലേക്കായി.
കുറെ ദിവസത്തിനു ശേഷം മുറ്റത്തേക്ക് ഇറങ്ങിയതല്ലേ കരുതി ഒന്നപ്പുറവും ഇപ്പുറവുമൊക്കെ നടന്നു നോക്കട്ടെ എന്ന ആഗ്രഹവുമായി ഞാൻ പതുക്കെ ആ ബട്ടർ മരത്തിന്റെ അടുത്തേക്ക് നീങ്ങി.
എപ്പോളോ ചാടിയ പച്ചമുളക് മണ്ണിലേക്ക് ആണ്ടിറങ്ങി അവിടെ മുളച്ചു പൊന്തിയിട്ട് നല്ല നാടൻ ചീരോ പറങ്കി നിറയെ പിടിച്ചിട്ടുണ്ട്.
ഇളം പച്ച നിറത്തിൽ ആ പച്ചമുളകിന്റെ തൈ ആകെ നിറഞ്ഞു നിൽക്കുന്നു. നിറഞ്ഞു നിന്നിട്ടും ആരും എനിക്ക് വേണ്ട വിധം പരിചരണം നൽകുന്നില്ല എന്ന തോന്നലിൽ ചില മുളക് ഇളം ചുവപ്പ് നിറം വെച്ചിരിക്കുന്നു.
പതുക്കെ അതിന്റെ അടുത്തേക്ക് നീങ്ങി ഞാൻ കുറെ മുളക് പൊട്ടിച്ചെടുത്തു.
ശരിക്കും ഒരുപാട് ഇഷ്ടമൊക്കെ തന്നെയാണ് ഇതൊക്കെ.. ചെറുപ്പം തൊട്ടേ ഉപ്പയുടെ ഉമ്മാന്റെ കൂടെ വീട്ടിലെ പരന്നു കിടക്കുന്ന ആ തൊടിയിലും ഇടക്കൊക്കെ വയലിലും നടന്നു പോയിരുന്നു പറമ്പിൽ പൊടിച്ച പലതരം പച്ചക്കറികളും ചേമ്പും കപ്പയുമൊക്ക ഇഷ്ട്ടത്തോടെ പറച്ചെടുക്കാൻ പോകാറുണ്ട്.
കൗതുകത്തോടെ കൂടെ വലിയുമ്മാക്ക് അരികിൽ നിന്ന് അതിലൊക്കെ പങ്കാളിയാകാറുണ്ട്.
അടുപ്പിലെ കണലിൽ വലിയുമ്മ ചുടാൻ വേണ്ടി എടുത്തു വെക്കുന്ന കപ്പയുടെയൊക്കെ ഒരു പങ്ക് ഞാൻ പിടിച്ചെടുക്കാറുണ്ട്.
അല്ലാ ഞാൻ ഈ കാട് കയറി പോകുന്നത് എങ്ങോട്ടേക്കാണെന്ന് വല്ല പിടിത്തവുമുണ്ടോ? നിങ്ങൾക്ക് കാണില്ലായിരിക്കും എന്നാൽ എനിക്ക് നല്ലോണം ഉണ്ട്!
തൊടിയിൽ നിന്ന് പറച്ചെടുത്ത കാന്താരി മുളക് എന്റെ കറുത്ത പച്ചക്കറി ബോക്സിൽ നിരത്തി വെച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു പൂതി!
ഈ കാന്താരി വെച്ച് എന്നേതെലും ഒരു നാടൻ വിഭവം ഉണ്ടാക്കണം കഴിക്കണം.
കുറച്ചു കുറെ ചിന്തിച്ചു അവസാനം ആണ് ഓർമ്മ വന്നത് ഉമ്മാ സ്വന്തം വീട്ടിൽ നിന്നു കൊടുത്തു വിട്ട ഒരു കവർ ഉണ്ടല്ലോ ഫ്രിഡ്ജിൽ… ഇന്നലെ ഉപ്പ വരുമ്പോൾ കൊടുത്തു വിട്ടതാണ്. രണ്ട് വട്ടം വിളിച്ചപ്പോളും ചോദിച്ചു നീ ആ കവർ എടുത്തു നോക്കിയിരുന്നോ എന്ന്.
ശരിക്കും നേരം കിട്ടാഞ്ഞിട്ട് എടുത്തു നോക്കിയതേ ഇല്ലായിരുന്നു
പച്ച മുളക് അല്പം ആ സ്റ്റാൻഡിൽ എടുത്തു വെച്ച് ബാക്കിയുള്ള പച്ചമുളകും എടുത്തു ഫ്രഡ്ജിന്റ് അരികിലേക്ക് നടന്നു.
ഉമ്മാ കൊടുത്തു വിട്ട ആ കവർ തിരികെ വരുമ്പോൾ പുറത്തേക്ക് എടുത്തു.
ചെറിയൊരു ചട്ടിയിലേക്ക് അത് പകർത്തിയപ്പോൾ കണ്ടു നല്ല നാടൻ കപ്പയും കാമ്പും നല്ല കഷ്ണം വെച്ച് കട്ട് ചെയ്തു കൊടുത്തു വീട്ടിരിക്കുന്നു.
കട്ട് ചെയ്യാനുള്ള മടി കാരണം ഉണ്ടാക്കാതെ നിൽക്കണ്ട എന്ന ഉമ്മയുടെ ചിന്ത കൂടെ ആ കഷ്ണങ്ങൾ കഴുകുമ്പോൾ എനിക്ക് തോന്നി.
ഓരോന്നും കഴുകി എടുത്തു ഒരു മൺചട്ടിയിൽ ഇട്ട് അല്പം ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ഗ്യാസിൽ വെക്കുമ്പോൾ കാന്താരി പ്രയോഗം നടത്താൻ എനിക്ക് കിട്ടിയ ആ സുവർണ്ണ അവസരത്തെ ഞാൻ നന്ദി പൂർവ്വം ഓർക്കുകയായിരുന്നു.
ഒരു മുറി തേങ്ങ എടുത്തു ചിരവി അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞളും കാന്താരി മുളകും ചെറിയുള്ളിയും ഒരു രണ്ടു ചെറിയ വെളുത്തുള്ളി അല്ലിയും ജീരകവും ചേർത്ത് കുഴച്ചു വെച്ച്.
വീട്ടിൽ കൂടലിന്റ് അന്ന് മുതൽ സ്റ്റോറൂമിൽ കയറി കൂടിയ എന്റെ സ്വന്തം അമ്മികല്ല് വല്ലപ്പോളും ഇത് പോലുള്ള നാടൻ പൂതി എന്നിലേക്ക് ഇടിച്ചു കയറുമ്പോൾ ജയിൽ മോചിതയാവാറുണ്ടായിരുന്നു ആ അമ്മിക്കല്ല് എടുത്തു കഴുകി സ്റ്റാൻഡിൽ വെച്ച് തേങ്ങ അതിലേക്ക് ഇട്ട് ബാക്കി ഐറ്റംസ് കൂടെ അതിനൊപ്പം തന്ന ചേർത്ത് നല്ല മയത്തിൽ അരച്ചെടുത്തു തേങ്ങയുടെ കൂടെ ആ കാന്താരിയും ഉള്ളിയും ജീരകവും ചേർന്ന് അരയുമ്പോൾ എന്റെ മൂക്കിലേക്ക് അടിച്ചു കയറിയ ആ ഒരു വാസന അതെനിക്കിവിടെ വാക്കുകൾ കൊണ്ട് എഴുതി ഫലിപ്പിക്കാൻ പറ്റില്ല.
അരപ്പ് തയ്യാറായി വരുമ്പോളേക്കും മൺചട്ടിയിൽ നിന്ന് പാകത്തിന് വേവ് ആയ കപ്പയിലെ വെള്ളം വാർത്തു കളഞ്ഞു വാഴ കൂമ്പ് അരിഞ്ഞു വെച്ചതും കൂടെ ചേർത്ത് ഈ തേങ്ങ അരപ്പ് അല്പം വെള്ളം കൂടെ ചേർത്ത് മിക്സ് ആക്കി ആ മൺചട്ടിയിൽ ഒഴിച്ചു അല്പം നേരം മൂടിവെച്ചു.
കാന്താരിയും തേങ്ങയും ജീരകവും ചേർന്ന് തിളയ്ക്കുന്ന ആ പുഴുക്കിൽ തൊടിയിൽ നിന്ന് പറച്ചു കഴുകി എടുത്ത ആ കറി വേപ്പില കൂടെ ചേർത്തു ഒരഞ്ചു മിനുട്ട് നേരം കൂടെ അടച്ചു വെച്ചു.
ചൂടാറാതെ ഒരു പ്ലെയ്റ്റിൽ അങ്ങോട്ട് ഈ പുഴുക്ക് എടുത്തു രുചിയോടെ കൂടെ കഴിക്കുമ്പോൾ ഞാൻ ശരിക്കും ഓർത്തൊരു കാര്യം ഉണ്ട്. നമ്മൾ മലയാളികളുടെ കൂടെ എന്നും ചേർന്ന് നിൽക്കുന്ന ഒന്നാണ് ഈ നാളികേരം. വേണ്ട വിധം പരിചരണം നൽകുന്നില്ല എങ്കിലും എത്ര വില കൊടുത്തു ആണേലും ഒരു ദിവസം ഒരു മുറി നാളികേരം എന്നത് എങ്കിലും നമ്മൾ മലയാളികൾക്ക് അത് നിർബന്ധം ഉള്ള കാര്യം തന്നയാണ് ✨


1 Comment
ചേരുവകളും പാചകരീതിയും വായിച്ചപ്പോൾ ഉറപ്പായി വിഭവം നല്ല രുചികരമാകുമെന്ന്. സ്വന്തം തൊടിയിൽ വിളയുന്ന സാധനങ്ങൾക്ക് രുചി കൂടും.😋😋😋😋😋