സന്ധ്യയുടെ സ്വർണ്ണ വെളിച്ചം പോലെയാണ് വാർധക്യം. ജീവിതത്തിരക്കുകളുടെ ഊഷ്മാവിൽ തിളച്ചുമറിഞ്ഞ കാലം പിന്നിട്ട്, ശാന്തമായൊരൊഴുക്കിലേക്ക് ചേക്കേറുന്ന സമയം. പ്രായം കൂടുന്നത് ഒരു കുറ്റമായി കാണുന്നവരുണ്ട്. നഷ്ടപ്പെട്ട സൗന്ദര്യത്തെയും കരുത്തിനെയും ഓർത്ത് വിലപിക്കുന്നവർ. എന്നാൽ, യഥാർത്ഥത്തിൽ പ്രായം ഒരുകുറ്റമല്ല, മറിച്ച് ജീവിതത്തിന്റെ പൂർണതയാണ്. അത് കാലം നമുക്കായി കരുതിവെച്ച മനോഹരമായൊരു സമ്മാനമാണ്.
ഇതുവരെ ചുമലിലേറ്റിയ ഭാരങ്ങൾ ഇറക്കിവെക്കാനുള്ള അവസരം. അതിരാവിലെ മണി മുഴങ്ങുമ്പോൾ ഞെട്ടി ഉണർന്ന്, തിരക്കിട്ട് ജോലിക്ക് പോകേണ്ടതില്ല. മക്കളുടെ കാര്യങ്ങൾക്കായി സ്വപ്‌നങ്ങൾ മാറ്റിവെക്കേണ്ടതില്ല. പ്രായം നൽകുന്ന സ്വാതന്ത്ര്യം ഒരു പുഴപോലെ ഒഴുകി നീങ്ങുന്നു. മനസ്സിന്റെ ഇഷ്ടങ്ങൾക്കൊത്ത് ചലിക്കാൻ ഇത് സുവർണ്ണാവസരമാണ്.
സ്വപ്‌നങ്ങൾ തളിരിടുമ്പോൾ…
ചെറുപ്പത്തിൽ മാറ്റിവെച്ച ആഗ്രഹങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കാം. യാത്രകൾ പോകാം, പുതിയ ദേശങ്ങൾ കാണാം, അവിടത്തെ സംസ്കാരങ്ങളെ അടുത്തറിയാം. ഒരേ ചിന്താഗതിയിലുള്ള സൗഹൃദങ്ങൾ കണ്ടെത്താം. അവരുമായിചേർന്ന് ഒരു യാത്ര പോകാം, അല്ലെങ്കിൽ ഒരുമിച്ച് താമസിക്കാനായി ഒരു ഹോംസ്റ്റേ തുടങ്ങാം. ഓരോരുത്തരുടെയും കഴിവുകൾ പരസ്പരം പങ്കുവെച്ചും, സഹകരിച്ചും മുന്നോട്ട് പോകാം.
പച്ചക്കറി തോട്ടമുണ്ടാക്കി മണ്ണിന്റെ മണം അറിയാം, കവിതകളെഴുതി മനസ്സിന്റെ ഭാവങ്ങൾ പകർത്താം, ഇഷ്ടമുള്ളപുസ്തകങ്ങൾ വായിച്ച് അറിവിന്റെ ലോകത്ത് സഞ്ചരിക്കാം. തിരക്കിട്ട ജീവിതത്തിൽ കാണാതെ പോയ പല കാഴ്ചകളുംഈ കാലഘട്ടത്തിൽ നമുക്ക് മുന്നിൽ തെളിഞ്ഞു വരും.
പൂർണ്ണതയുടെ കാലം
നരച്ച മുടിയും ചുളിവീണ ചർമ്മവും അനുഭവങ്ങളുടെയും ഓർമ്മകളുടെയും അടയാളങ്ങളാണ്. ഓരോ ചുളിവിലും ഒരുകഥയുണ്ട്, ഓരോ നരച്ച മുടിയിലും ഒരു ജീവിതപാഠമുണ്ട്. ആരോഗ്യവും മനസ്സിന്റെ സന്തോഷവുമാണ് ഈ പ്രായത്തിലെ ഏറ്റവും വലിയ സമ്പാദ്യം. നല്ല ചിന്തകളോടെയും ഉത്സാഹത്തോടെയും ജീവിച്ചാൽ, വാർധക്യം ഒരിക്കലുംഒരു ഭാരമാവില്ല. മറിച്ച്, ജീവിതം നൽകിയ സൗഭാഗ്യങ്ങളുടെയും അനുഭവങ്ങളുടെയും പക്വതയാർന്നകാലമായിരിക്കും. പ്രായം കൂടുന്നത് ഒരു കുറ്റമല്ല, അതൊരു ആഘോഷമാണ്. ജീവിതം നൽകിയ എല്ലാസൗഭാഗ്യങ്ങൾക്കുമുള്ള നന്ദി പ്രകടനമാണ്.
ലേഖനം
#സുബുസുബി
#പ്രായം കൂടുന്നത് ഒരു കുറ്റമാണോ?


3 Comments
നല്ല രചന❤️👍
നല്ല രചന. 👌
പ്രായം കൂടുന്നത്, ജീവിതത്തിന്റെ പൂർണ്ണതയാണ് എന്ന തിരച്ചറിവ് തന്നെ ഉന്മേഷം നൽകും.👍
👌❤️🌹