സിനിമ ആസ്വാദനം തികച്ചും വ്യക്തിപരമാണ്. ഒരാൾക്ക് ഇഷ്ടമാകുന്ന സിനിമ മറ്റൊരാൾക്ക് തീരെ ‘വർക്ക്’ ആകാതെ പോകാറുണ്ട്. തീയേറ്ററിൽ കോടികൾ വാരുന്ന സിനിമകൾ, നിരൂപകരുടെ കയ്യിൽ നിന്ന് കടുത്ത വിമർശനം നേടാറുണ്ട്. ഒരാഴ്ച തികച്ച് തിയേറ്ററിൽ ഓടാത്ത സിനിമ, OTT എത്തുമ്പോൾ underrated എന്ന് വാഴ്ത്തപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഈ വ്യത്യാസം ഉണ്ടാകുന്നത് എന്നാലോചിച്ചിട്ടുണ്ടോ? Film Appreciation ഇഷ്ടവിഷയമാണ്. ജേർണലിസം പഠനത്തിന്റെ ഭാഗമായി പഠിച്ചിട്ടുമുണ്ട്. ഇപ്പോഴും പല റിസോഴ്സുകൾ ആ വിഷയം പഠിക്കാൻ ഉപയോഗിക്കാറുണ്ട്. സിനിമയെക്കുറിച്ച് എപ്പോഴും എഴുതുന്നത് കൊണ്ട് ഈ വിഷയം പറയുന്ന യൂട്യൂബ് വീഡിയോകളും കാണും. അങ്ങനെ കണ്ടൊരു ഇംഗ്ലീഷ് യൂട്യൂബ് വീഡിയോയിൽ നിന്ന് ലഭിച്ച കാര്യങ്ങൾ നിങ്ങളോട് പങ്കുവയ്ക്കാമെന്ന് തോന്നി.
ആദ്യം എന്റെ ഒരു അഭിപ്രായം പറഞ്ഞിട്ട് തുടങ്ങാം. എന്താണ് എനിക്ക് ‘നല്ല സിനിമ’ ?
പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ, പ്രൊമോഷൻ എന്നിങ്ങനെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു സിനിമയിൽ അതിന്റെ makers സിനിമയെന്ന കലയോട് ആത്മാർത്ഥത പുലർത്തുമ്പോഴാണ് നല്ല സിനിമ ഉണ്ടാകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അത് കോടികൾ വാരുന്നതോ, നഷ്ടം ആകുന്നതോ, 100 ദിവസം ഓടുന്നതോ ഓടാതിരിക്കുന്നതോ ഒന്നും എനിക്ക് വിഷയമല്ല. എന്നോട് ചോദിച്ചാൽ, ഒരു നല്ല പാലട പായസം പോലെ കൃത്യമായ ചേരുവകൾ കൃത്യമായി ചേർത്ത് നിർമ്മിച്ചെടുക്കുന്നതാണ് ‘നല്ല സിനിമ’ അതിൽ ലൂപ്പ് ഹോളുകൾ അടച്ച നല്ല സ്ക്രിപ്റ്റ് ഉണ്ടാകും, കഥാപാത്രങ്ങൾക്ക് യോജിച്ച കാസ്റ്റിംഗ് ഉണ്ടാകും, കഥയെ അനുഭവിപ്പിക്കുന്ന സംഭാഷണങ്ങൾ, അഭിനയ മുഹൂർത്തങ്ങൾ, ലൊക്കേഷൻ, സിനിമാട്ടോഗ്രാഫി, എഡിറ്റിംഗ്, സംഗീതം, സൗണ്ട് ഡിസൈൻ തുടങ്ങി സത്യസന്ധമായ പ്രൊമോഷൻ വരെ ഉണ്ടാകും. ഒരു നല്ല കഥ നന്നായി ദൃശ്യവൽക്കരിക്കുന്നതാണ് എന്റെ നല്ല സിനിമ. സിനിമയ്ക്ക് സന്ദേശം വേണമെന്നില്ല, പക്ഷെ നല്ല ലക്‌ഷ്യം(Right Intention) വേണം എന്നും ഞാൻ ആഗ്രഹിക്കുന്നു. 100 % ഇല്ലെങ്കിലും ഒരു 75 % എങ്കിലും ഈ ആത്മാർത്ഥത സിനിമയിൽ വേണമെന്നാണ് എന്റെ പക്ഷം. ഇതെന്റെ നല്ല സിനിമയാണ്, നിങ്ങളുടെ നല്ല സിനിമ മറ്റൊന്നാവും. അതിന്റെ കാരണമാണ് താഴെ പറയാൻ പോകുന്നത്.
പ്രധാനമായും താഴെ പറയുന്ന നിലകളിലാണ് പ്രേക്ഷകർ സിനിമയെ കാണുന്നത്:
വിനോദം: ബഹുഭൂരിപക്ഷത്തിനും സിനിമ ഒരു വിനോദം ‘മാത്രം’ ആണ്. ഈ വിനോദം പലർക്കും പലതാണെന്നതും ശ്രദ്ധിക്കണം. ചിലർക്ക് തമാശ, ചിലർക്ക് റൊമാൻസ്, ചിലർക്ക് ആക്ഷൻ, ചിലർക്ക് ഹൊറർ, ചിലർക്ക് വയലൻസ്,ചിലർക്ക് സൈക്കോ കൊലപാതകങ്ങൾ…ഓരോ കാലഘട്ടത്തിലും പൊതുവായി ഓരോ വിനോദം പ്രേക്ഷകർക്കിടയിൽ ജനപ്രിയമായി നിൽക്കാറുണ്ട്. 80 കളിൽ അത് ഇമോഷണൽ ഫാമിലി ഡ്രാമ ആയിരുന്നു എങ്കിൽ 90 കളിൽ അത് റൊമാൻസ്, റൊമാന്റിക് കോമെഡികൾ,ആക്ഷൻ ഒക്കെയായി. പുതിയ കാലത്ത് മിസ്റ്ററിയും ത്രില്ലറും ഹൊററും വയലൻസുമാണ് പ്രധാന വിനോദം.
വ്യക്തിപരമായ അനുഭവം : തിയേറ്റർ എക്‌സ്‌പീരിയൻസ് പ്രധാനമായിട്ടുള്ളവരാണ് ഇവർ. OTT യിൽ കാണുന്നവരോട് പുച്ഛം തോന്നുന്നതും ഈ വിഭാഗത്തിലുള്ള ചിലർക്കാണ്. മൊബൈലിലോ ലാപ്ടോപ്പിലോ സിനിമ കാണുന്നത് അവർക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല. തിയേറ്ററിൽ കാണുന്നതാണ് അവർക്ക് സിനിമ. ആ ദൃശ്യ-ശ്രാവ്യ അനുഭവമാണ് അവരുടെ ആസ്വാദനം നിയന്ത്രിക്കുന്നത്.
വ്യക്തിപരമായ ഇഷ്ടങ്ങൾ: നായകന്റെ അല്ലെങ്കിൽ നായികയുടെ(വളരെ അപൂർവമാണ് ഇത്) ആരാധകരാണ് സിനിമയെ ഈ നിലയിൽ ആസ്വദിക്കുന്നത്. അവർക്ക് സിനിമയെക്കാൾ പ്രധാനം ആ നടനാണ്. അതിനി എത്ര കൂതറ സിനിമ ആണെങ്കിലും അവർ അതാസ്വദിക്കും. സോഷ്യൽ മീഡിയയിൽ വന്നിരുന്നു കൈ അഭിനയിച്ചു, കാൽ അഭിനയിച്ചു, നടൻ കരഞ്ഞപ്പോൾ ചങ്ക് കലങ്ങിപ്പോയി, എന്താ സ്വാഗ്,ഓറ,തഗ്,മാസ്സ് എന്നൊക്കെ തള്ളുന്നവരാണ് ഇവരിൽ പലരും.
ചരിത്രപരമായ അറിവുകൾ: കാണുന്ന സിനിമയുടെ ചരിത്രം ആണ് ഇവിടെ വിഷയം. ഉദാഹരണത്തിന് അതൊരു സീക്വൽ ആണെങ്കിൽ മുൻ ഭാഗങ്ങൾ കണ്ട ഒരാൾ, അല്ലെങ്കിൽ ആ സിനിമയെ first look poster മുതൽ പിന്തുടരുന്ന ഒരാൾ, പ്രൊമോഷൻ ഇന്റർവ്യൂകൾ വിടാതെ കണ്ട ഒരാൾ, ട്രൈലെർ, ടീസർ ഒക്കെ മനഃപാഠം ആക്കിയ ഒരാൾ ഒരു സിനിമയെ കാണുന്നത് വ്യത്യസ്തമായാണ്.
വിദ്യാഭ്യാസപരം: ഫിലിം മേക്കിങ് താല്പര്യം ഉള്ളവർ/പഠിച്ചവർ ഒരു സിനിമ കാണുന്നത് ഈ ഒരു നിലയിൽ ആവും. ക്യാമെറ എങ്ങനെ ഉപയോഗിച്ചു, എന്തൊക്കെ ഫ്രെയിം വച്ചു,ലൈറ്റിങ് എങ്ങനെയുണ്ട്, എഡിറ്റിംഗ് കൊള്ളാമോ? സംവിധാനം എങ്ങനെയുണ്ട്? സൗണ്ട് ഡിസൈൻ നന്നായോ? ഇതൊക്കെ ശ്രദ്ധിക്കാനും ആസ്വദിക്കാനും ആവും ഇവർ ശ്രമിക്കുക.
സിനിമയുടെ പ്രകടനം: സിനിമ ഓടിയാൽ മാത്രം കാണുന്നവരാണ് ഇവർ. അല്ലെങ്കിൽ ഏതെങ്കിലും നടന്റെ ഉഗ്രൻ പ്രകടനം എന്ന് കണ്ടാൽ, പ്രത്യേക പുരസ്‌കാരങ്ങൾ ലഭിച്ചു എന്ന് കണ്ടാൽ അങ്ങനെ പൊതുവിൽ അംഗീകാരം ലഭിച്ച സിനിമകളാണ് ഇവർ ആസ്വദിക്കുക. റിവ്യൂ നോക്കി സിനിമ കാണുന്നവരും ഇവരാണ്. ജനപ്രിയ സിനിമകൾ വീണ്ടും വീണ്ടും കാണുന്ന ഒരു രീതിയും ഇവർക്ക് ഉണ്ട്.
സിനിമ നിരൂപണം: സിനിമയുടെ കലാരൂപം എന്ന നിലയിലുള്ള ക്രാഫ്റ്റ് ശ്രദ്ധിക്കുന്നവരാണ് ഇവർ. സിനിമയുടെ ടെക്നിക്കൽ വശങ്ങൾ മുതൽ സാമൂഹിക സ്വാധീനം വരെ ഇവർ ശ്രദ്ധിക്കും. സിനിമയെക്കുറിച്ച് എഴുതുകയോ വീഡിയോ ചെയ്യുകയോ ചെയ്യുന്നവർ ആണെങ്കിൽ കണ്ണും കാതും കൂർപ്പിച്ചാവും ഇവർ സിനിമ കാണുന്നത്. ടൈറ്റിൽ മുതൽ എൻഡ് ക്രെഡിറ്റ് വരെ, സ്ക്രിപ്റ്റ് ലൂപ്ഹോൾസ് മുതൽ ഡയറക്ടർ ബ്രില്ലിയൻസ് വരെ ഇവരുടെ കണ്ണിൽ നിന്ന് സാധാരണ രക്ഷപ്പെടില്ല.
സാമൂഹിക മാറ്റം: സിനിമയെ സിനിമയായി കാണാൻ പറ്റാത്തവർ ആണിവർ. സിനിമ മനുഷ്യരെ പോസിറ്റീവ് ആയും നെഗറ്റീവ് ആയും സ്വാധീനിക്കും എന്ന് ഇവർ കരുതുന്നു. അതുകൊണ്ട് തന്നെ ആ ഒരു കാഴ്ചപ്പാടോട് കൂടിയാണ് ഇവർ സിനിമ കാണുന്നത്. അവരുടെ ആസ്വാദനവും ആ നിലയിൽ ആവും. നെഗറ്റീവ് ആയി സമൂഹത്തെ സ്വാധീനിക്കുന്ന കാര്യങ്ങൾ അവർക്ക് ആസ്വദിക്കാനും കഴിയില്ല. ഉദാ: വയലൻസ്. ചിലപ്പോൾ പോസിറ്റീവ് കാര്യങ്ങൾ അവരെ നന്നാക്കുകയും ചെയ്യും. ഈ സിനിമ എന്റെ ജീവിതം മാറ്റി എന്നൊക്കെ ചിലർ പറയുന്നത് കേട്ടിട്ടില്ലേ?
ഫിലിം മേക്കിങ്: സിനിമയിൽ പ്രവർത്തിക്കുന്നവർ/ഒരു ഷോർട് ഫിലിം എങ്കിലും ചെയ്തിട്ടുള്ളവർ, സിനിമ കാണുന്നത് ഈ നിലയിലാണ്. സിനിമ കലാപരമായി മൂല്യം ഉള്ളതാണോ? സിനിമ പണം ഉണ്ടാക്കുന്നുണ്ടോ? എന്റെ സിനിമയിൽ ഇതിൽ നിന്ന് വ്യത്യസ്തമായി എന്തുണ്ടാകും? ഞാൻ അഭിനയിച്ചെങ്കിൽ എങ്ങനെ വന്നേനെ? ഞാൻ ആണെങ്കിൽ ഈ സീൻ എങ്ങനെ എടുത്തേനേ, എങ്ങനെ ഫ്രെയിം സെറ്റ് ചെയ്തേനെ, എങ്ങനെ എഡിറ്റ് ചെയ്തേനെ, എങ്ങനെ സംഗീതം ചെയ്തേനെ, കോസ്റ്റിയൂം ചെയ്തേനെ…ഇങ്ങനെ എന്റെ സിനിമ vs കാണുന്ന സിനിമ എന്ന വടംവലിയാവും ഇവരുടെ സിനിമ ആസ്വാദനം.
കാലാതീതം: ക്ലാസ്സിക് സിനിമകൾ എന്ന് പറയുന്നവയാണ് ഇവർക്ക് പഥ്യം. ചവറുകൾ ഒന്നും ഇവർ കാണാൻ സാധ്യതയില്ല. കുറെ സിനിമകൾ കണ്ടു തള്ളണം എന്നിവർ വിചാരിക്കുന്നില്ല. പകരം ഏറ്റവും ബെസ്റ്റ് ആയത് മാത്രം കണ്ടാൽ മതി എന്ന് കരുതുന്നു. ഈ നിലയിലേക്ക് എത്തിയാൽ നമ്മുടെ സിനിമ ആസ്വാദനം അതിന്റെ പാരമ്യത്തിൽ എത്തി എന്ന് പറയാം. സിനിമ കാണാതെ തന്നെ ട്രെയിലർ കണ്ടുപോലും അത് നല്ലതായിരിക്കുമോ എന്ന് ഊഹിക്കാൻ ഈ ഘട്ടത്തിൽ സാധിച്ചെന്ന് വരും.
നിങ്ങൾ ഇപ്പോൾ ഏത് ലെവലിൽ ആണ് ഫിലിം അപ്പ്രീസിയേഷൻ ചെയ്യുന്നത്? അല്ലെങ്കിൽ ഇതിന്റെ ഏതൊക്കെ കോമ്പിനേഷനിലാണ് ഇപ്പോൾ നിങ്ങൾ നിൽക്കുന്നത്?
എന്നോട് ചോദിച്ചാൽ, ഞാൻ 7,8 ലൊക്കെയാണ്. 10 ലേക്ക് എത്തണം എന്നതാണ് ആഗ്രഹം. നിങ്ങളുടെ ലെവൽ കമെന്റ് ചെയ്യൂ.
Courtesy: wolfcrow


4 Comments
മനസ്സിൽ നിന്നും ഇറങ്ങി പോകാത്ത ചില സിനിമകൾ, തനിയാവർത്തനം, ദശരഥം, കിരീടം. ദൃശ്യ ഭംഗിയുള്ള സിനിമകൾ, വൈശാലി, ഞാൻ ഗന്ധർവ്വൻ, മണിച്ചിത്രത്താഴ് തുടങ്ങിയവ. നല്ല നർമം വിതറിയ സിനിമകൾ, റാം ജി റാവു സ്പീക്കിംഗ്, പഞ്ചാബി ഹൗസ് തുടങ്ങിയവ.
Troy, പിയാനിസ്റ്റ്, ബ്യൂട്ടിഫൾ മൈൻഡ് ഇഷ്ടപ്പെട്ട സിനിമകൾ ധാരാളമുണ്ട് അതിൽ ഏതെങ്കിലും ഒരു element നമ്മളെ പിടിച്ചിരുത്തിയെങ്കിൽ അതെനിക്ക് നല്ല സിനിമ. പവിത്രയുടെ movie review എല്ലാം വായിക്കാറുണ്ട്. നല്ല സിനിമകളെ പരിചയപ്പെടുത്തുന്ന എഴുത്ത് സിനിമാ പ്രേമികൾക്ക് അനുഗ്രഹമാണ്.🙏🥰
ഞാൻ Level 4, 5 ൽ ആണെന്നാണ് എൻ്റെ ഒരു വിശ്വാസം ചിലപ്പോൾ തെറ്റാകാം എന്തായാലും വളരെ നന്നായി സിനിമയെ കുറിച്ച് വളരെ ആധികാരികമായി ‘എഴുതി ഇത് എൻ്റെ അസ്വാദന്നില്ലവാരത്തെ കുറിച്ചുള്ള ഒരു തിരിച്ചറിവിന് സഹായിച്ചു. 👍👌💯❤️🙏നന്ദി
നന്ദി 😍
സ്നേഹം 😍