“എവിടെ നിന്റെ മോൻ?”
ആശുപത്രി കിടക്കയിൽ കിടന്നു ചന്ദ്രേട്ടൻ എന്നെ കുത്തി നോവിച്ചു കൊണ്ടേയിരുന്നു.
“അമ്മയും മോനും ഒരു കൈയല്ലിയോ, ഒരു കാര്യത്തിന് കൊള്ളാത്തവൻ, പത്തു ഇരുപതു വയസ്സായി, ആർക്കു ഉണ്ടായതാണോ എന്തോ? അവൻ ഉറക്കമുണരാൻ നട്ടുച്ചയാകുമല്ലോ. എല്ലാം നിൻ്റെ വളർത്തു ദോഷം “
“അവൻ ആരെയെങ്കിലും കണ്ടു പൈസ മേടിച്ചോണ്ട് വരും. ബസിൽ അല്ലേ പോയത്, ഇത്തിരി വൈകും. ഒരു ബൈക്ക് ഉണ്ടായിരുന്നേൽ പെട്ടെന്നിങ്ങ് വന്നേനെ. നിങ്ങൾ അവനെ ഇങ്ങനെ ശപിക്കാതിരിക്കൂ “
“പിന്നെ അതിന്റെ ഒരു കുറവേ ഉള്ളു. അവന്റെ കൂടെയുള്ളവരെ ഒക്കെ കാണുമ്പോളാണ് വിഷമം. നീ പുന്നാരിച്ചു വഷളാക്കി. അവന്റെ രൂപം കാണുമ്പോൾ തന്നെ എനിക്ക് അറപ്പാണ്. അവൻ്റെ കാടു പിടിച്ച ചുരുണ്ട മുടിയും മെലിഞ്ഞ രൂപവും. ഹോ ഭയങ്കരം”
ഒന്നും മിണ്ടാൻ പോയില്ല. എന്താ ഈ മനുഷ്യൻ ഇങ്ങനെ? മനുവിനെ കണ്ണെടുത്താൽ കണ്ടു കൂടാ. ഞങ്ങളുടെ ഒരേയൊരു മകനാണ്. അച്ഛനും മകനും പരസ്പരം മുഖത്തോടു മുഖം നോക്കില്ല. അതിനിടയിൽ പെട്ട് വിഷമിക്കുന്നത് ഞാനാണ്. വണ്ടി മുട്ടി കയ്യും കാലും മുറിഞ്ഞിട്ടാണ് ചന്ദ്രേട്ടനെ ഇവിടെ അഡ്മിറ്റ് ആക്കിയത്. ഇന്നലെ ഓഫീസിൽ നിന്ന് ഇറങ്ങാൻ വൈകി. പുറകിൽ ഏതോ വണ്ടി തട്ടി. അവർ നിർത്താതെ പോയി. സംഭവ സ്ഥലത്തു നിന്നും ഫോണും പഴ്സും കാണാതെയായി. ATM കാർഡ് ഒക്കെ പഴ്സിലാണ്. കയ്യിൽ പൈസ ഒന്നുമില്ല. ബന്ധുക്കളെ അറിയിക്കാൻ ചന്ദ്രേട്ടന് എന്തോ ചമ്മല് പോലെ. പൈസ കടം വാങ്ങാൻ ഏതോ കൂട്ടുകാരുടെ അടുത്ത് പറഞ്ഞു വിട്ടിരിക്കുകയാണ്
“അവൻ വന്നോടി”
“ഇല്ല വരും, നിങ്ങൾക്ക് ചായയോ ജ്യൂസോ എന്തേലും വേണോ?”
“എനിക്ക് ഒന്നും വേണ്ട, അവൻ ഒന്ന് ഇങ്ങു വന്നോട്ടെ “
വാതിൽ ഞെരക്കത്തോടെ തുറന്നു. കിടക്കയിൽ ചുരുണ്ട കൂടി കിടന്ന ചന്ദ്രേട്ടൻ എണീറ്റിരുന്നു. അതു മനു ആയിരുന്നു. അവൻ വിയർത്തു കുളിച്ചിരുന്നു. വെയിലത്ത് നടന്നതിന്റെയാകാം മുഖം ചുവന്നിരുന്നു. വല്ലപ്പോഴും അങ്ങനേം വേണമല്ലോ. ഞാൻ പുന്നാരിച്ചു വഷളാക്കി എന്നല്ലേ ചന്ദ്രേട്ടൻ പറയുന്നത്. പോയിട്ട് വല്ലോം നടന്നോ ആവോ ?
അവൻ ചന്ദ്രേട്ടന്റെ അടുത്തേക്ക് വന്നു രണ്ടായിരത്തിന്റെ കുറെ നോട്ടുകൾ കൊടുത്തു.
“അച്ഛൻ പറഞ്ഞ പോലെ ഞാൻ ഓഫീസിൽ പോയില്ല. രഘു അങ്കിളിനെ കണ്ടില്ല”
“പിന്നെ പണം എവിടുന്നാ, അതെങ്ങനാ അനുസരണ ഇല്ലല്ലോ”
“അച്ഛൻ ചൂടാവാതെ, ഞാൻ നേരെ പോലീസ് സ്റ്റേഷനിൽ പോയി, ടൗൺ CI എന്റെ സുഹൃത്ത് ഐശ്വര്യയുടെ അച്ഛൻ ആണ്. അദ്ദേഹത്തെ കണ്ടു കാര്യം അറിയിച്ചിട്ടുണ്ട്. പോലീസ് ഉടനെ അച്ഛനെ കാണാൻ വരും. പിന്നെ ഞാൻ ബാങ്കിൽ പോയി അച്ഛന്റെ അക്കൗണ്ട്, ATM അതൊക്കെ ബ്ലോക്ക് ആക്കി. ഇന്നലെയും ഇന്നും ഒരു ട്രാൻസാക്ഷനും നടന്നിട്ടില്ല എന്ന് മാനേജർ പറഞ്ഞു. പിൻ നമ്പർ ഇല്ലാതെ ഉപയോഗിക്കാൻ പറ്റില്ലല്ലോ. ഫോൺ ഫിംഗർ ലോക്ക് ആയതു നന്നായി പിന്നെ പോയി സിം ബ്ലോക്ക് ആക്കി. ഡ്യൂപ്ലിക്കേറ്റ് സിം എടുത്തു. വീട്ടിൽ പോയി എന്റെ ഡയറി നോക്കി IMEI നമ്പർ കണ്ടു പിടിച്ചു. അത് സ്റ്റേഷനിൽ വിളിച്ചു അറിയിച്ചു. ഇനി ആ ഫോൺ ആര് ഉപയോഗിച്ചാലും പോലീസിന് വിവരം ലഭിക്കും. “
ഒറ്റ ശ്വാസത്തിൽ അവൻ ഇതൊക്കെ പറഞ്ഞപ്പോൾ ചന്ദ്രേട്ടൻ അവിശ്വാസത്തോടെ അവനെ നോക്കി കൊണ്ടിരുന്നു. ചന്ദ്രേട്ടന് പെട്ടെന്ന് വാർധക്യം ബാധിച്ച പോലെ…
“പിന്നെ അച്ഛൻ പറഞ്ഞ അനുസരണ, അച്ഛൻ എന്നോട് എന്താണ് നേരിട്ട് പറഞ്ഞിട്ടുള്ളത്. ഒക്കെ അമ്മ വഴി അല്ലെ എന്നെ അറിയിക്കുന്നത്. അച്ഛൻ ഒന്ന് മനസിലാക്കണം സ്നേഹം ആയാലും ബഹുമാനം ആയാലും തന്നാലേ തിരിച്ചു കിട്ടൂ. “
എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു അവൻ പറഞ്ഞതൊക്കെ കാര്യം ആണേലും ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരാളോടാണോ അവന്റെ ഒരു പ്രസംഗം. ഞാൻ ഫാൻ മാക്സിമം സ്പീഡിൽ ഇട്ടു.
“മനു നീ ഒന്ന് നിർത്തിക്കെ, ഇത് ആശുപത്രിയാണ് ” ഞാൻ ഫ്ലാസ്കിൽ നിന്ന് ചായ ഒഴിച്ച് അവനു കൊടുത്തു
“ശരിയാ നിർത്താം. അച്ഛൻ എപ്പോഴെങ്കിലും എനിക്ക് മാത്രമായി എന്തേലും വാങ്ങി തന്നിട്ടുണ്ടോ? അച്ഛന്റെ സഹോദരിയുടെ മക്കൾക്കു വാങ്ങുന്നതിന്റെ കൂട്ടത്തിലാണ് ഓണത്തിന് പോലും എനിക്കൊരു വസ്ത്രം വാങ്ങി തന്നിട്ടുള്ളത്. അച്ഛൻ എന്നെ പരിഗണിച്ചിട്ടേയില്ല. അച്ഛന്റെ മനസ്സിൽ ഇപ്പോഴും മരുമക്കത്തായം ആണ്. “
“….. “
“എനിക്കെല്ലാം വാങ്ങി തന്നത് വല്യമ്മാവൻ ആണ്. അതിന്റെ രഹസ്യവും ഞാൻ കണ്ടു പിടിച്ചു. അമ്മ തുന്നി സമ്പാദിക്കുന്നതും ചെടി വിറ്റു സമ്പാദിക്കുന്നതും ഒക്കെ രഹസ്യമായി ഏല്പിക്കുന്ന പണമാണ്. വല്യമ്മാവൻ എനിക്കായി സമ്മാനങ്ങൾ ആയി തരുന്നത്. അത് എന്നെ അറിയിക്കാതിരിക്കാനായി അമ്മ കുറെ പാട് പെട്ടിട്ടുണ്ട്. ഇനിയും അമ്മയെ വിഷമിപ്പിക്കില്ല. എനിക്ക് ഒരു നല്ല കമ്പനിയിൽ പ്ലേസ്‌മെന്റ് ആയിട്ടുണ്ട്. B Tech കഴിയുമ്പോൾ ജോയിൻ ചെയ്യണം. അപ്പോൾ പറയാം എന്ന് കരുതി. “
വാതിലിൽ മുട്ട് കേട്ട്. നോക്കിയപ്പോൾ രണ്ടു പോലീസ് കാരാണ്. അവർ ചന്ദ്രേട്ടനോട് എന്തൊക്കെയോ ചോദിച്ചു. എന്നിട്ടു മനുവിനോട് ഇത് പ്ലാൻഡ് ഹിറ്റ് ആൻഡ് റൺ ആണെന്ന് സംശയം പറഞ്ഞു. മനുവിന്റെ നമ്പർ വാങ്ങി. എന്തേലും ഉണ്ടെങ്കിൽ വിളിക്കാമെന്ന് പറഞ്ഞു. അവർ പോയി. മനു അവരോടു സംസാരിക്കുന്ന കണ്ടിട്ട് ഒരു ദിവസം കൊണ്ട് അവൻ വലിയ പുരുഷൻ ആയ പോലെ.
“അച്ഛാ ആരെയെങ്കിലും സംശയം ഉണ്ടോ, അച്ഛന്റെ കാൾ ലിസ്റ്റ് അവർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് “
ചന്ദ്രേട്ടൻ ഒരു കുറ്റവാളിയെ പോലെ അവന്റെ മുൻപിൽ ഇരുന്നു.
“അച്ഛൻ പേടിക്കണ്ട, അവരെ പോലീസ് കണ്ടെത്തിക്കൊള്ളും. “
അപ്പോഴേക്കും ചന്ദ്രേട്ടനെ സ്കാനിംഗ് റൂമിലേക്ക് കൊണ്ട് പോകാൻ സ്‌ട്രെച്ചറും കൊണ്ട് രണ്ടു സ്റ്റാഫ് വന്നു. ഞാൻ ഇറങ്ങി വരാന്തയിലെ ബെഞ്ചിൽ ഇരുന്നു. എന്റെ പിറകെ മനുവും വന്നു. അവൻ ഫോണിൽ നിന്ന് ഒരു സിം എടുത്തു എന്റെ നേരെ നീട്ടി.
“അച്ഛന്റെ ഡ്യൂപ്ലിക്കേറ്റ് സിം ആണ്. അമ്മയുടെ ഫോണിൽ രണ്ടു സിം ഇടാമല്ലോ. ഇട്ടു നോക്കിക്കേ. എന്ന് വച്ച് വാട്സ് ആപ്പിൽ ഒന്നും കയറി നോക്കണ്ട. ഭർത്താവിന്റെ പ്രൈവസി ആണ്”
അവൻ ചിരിച്ചു.
“പോടാ, ഞാൻ പണ്ടേ ആളുകളുടെ സ്വകാര്യത മാനിക്കാറുണ്ട്. പിന്നെ ഈ ഐശ്വര്യ.. ആ കുട്ടിയല്ലേ നിന്നെ സ്ഥിരമായി വിളിച്ചു കൊണ്ടിരുന്നത്. നീ അവൾക്കൊരു മെസേജ് അയക്കൂ”
“എന്തിനു, പ്രായപൂർത്തിയായ ഒരു മകനോട് അമ്മ പറയുന്ന കാര്യങ്ങളാണോ ഇത്? “
“എല്ലാം അമ്മമാരും പറയുമോ എന്നറിയില്ല. എനിക്കിപ്പോൾ അങ്ങനെ തോന്നി. മാത്രമല്ല ജോലി ഒക്കെ ആയ സ്ഥിതിക്കു ഇനി ഒരു റിലേഷൻഷിപ് ഒക്കെ ആവാം. അവൾക്കു നിന്നെ ഭയങ്കര ഇഷ്ടമാണെന്നു അമ്മയ്ക്കറിയാം.
ഒരു പെണ്ണിനേയും വിഷമിപ്പിക്കരുത് ചതിക്കരുത്. “
“ഇതൊക്കെ അമ്മയ്ക്കെങ്ങിനെ അറിയാം. “
“ഞാൻ ഒരിക്കൽ നിന്റെ ഫോണിൽ അവളുടെ മെസേജ് കണ്ടു പോയി, അറിയാതെ സംഭവിച്ചതാണ്. നീ ഒരു ഹായ് അയക്കേടാ. ഒന്നുമില്ലേലും ഇന്ന് പണം തന്നത് അവളുടെ അച്ഛൻ അല്ലേ. അയാളോട് നിന്നെക്കുറിച്ച് നല്ല അഭിപ്രായം ആകില്ലേ അവൾ പറഞ്ഞിരിക്കുന്നത്”
“ഉം “
“ഞാൻ പറഞ്ഞതൊന്നും നീ ഇതുവരെ ധിക്കരിച്ചിട്ടില്ല “
“കാരണം എനിക്കെന്നും അമ്മ മാത്രേ ഉണ്ടായിട്ടുള്ളൂ. എന്നെ സ്നേഹിക്കാൻ, ആശ്വസിപ്പിക്കാൻ, എന്റെ കൂടെ നിൽക്കാൻ. ഇനിയൊരാള് കൂടെ വന്നാൽ…., അമ്മക്ക് വിഷമം ആവില്ലേ “
“എന്തിനു, എന്നായാലും നിനക്ക് നിന്റെ ജീവിതം വേണ്ടേ. എല്ലാരും കൂടെ ഉണ്ടെങ്കിലേ ഒരു സന്തോഷം ഉണ്ടാവുള്ളു. എനിക്ക് ഉറപ്പുണ്ട് നിന്റെ വാക്കുകൾ അച്ഛനെ ചിന്തിപ്പിച്ചിട്ടുണ്ട്. ചന്ദ്രേട്ടനും മാറും. “
ഞാൻ അവന്റെ മുടിയിൽ വാത്സല്യത്തോടെ തലോടി കൊണ്ടിരുന്നു
“ഞാൻ മെസേജ് അയച്ചു. അവൾ ഭയങ്കര ഹാപ്പി ആയി, അമ്മയെ കാണാൻ വരട്ടെയെന്നു ചോദിക്കുന്നു “
“വരാൻ പറ. അച്ഛനും കാണട്ടെ “
അവന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നത് കണ്ടു എന്റെ കണ്ണ് നിറഞ്ഞു. എല്ലാരും താന്തോന്നി എന്ന് കരുതിയ എന്റെ പൊന്നുമോൻ ആദ്യമായി സന്തോഷം പ്രകടിപ്പിച്ച നിമിഷമായി അത്.
✍️✍️നിഷ പിള്ള


7 Comments
👍🏻❤️
❤️👍
വളരെ മനോഹര൦.
ഇപ്പോഴെങ്കിലും ആ മകനെ അച്ഛൻ മനസ്സിലാക്കിയല്ലോ…… നല്ല കഥ🌹👍
സൂപർ👌👍💯❤️🙏🙏
നല്ല രചന. കാര്യപ്രാപ്തിയുള്ള മകനെ അമ്മ മനസ്സിലാക്കിയതുപോലെ അച്ഛൻ മനസ്സിലാക്കിയില്ല.
👍🥰
മനോഹരം