ഓണം പോലെ മലയാളിയുടെ മനസ്സിൽ ആഹ്ലാദം നിറക്കുന്ന മറ്റൊരു ആഘോഷവുമില്ലെന്നുള്ളതാണ് സത്യം. കാലമെത്ര മാറിയാലും ഓണത്തിന്റെ പൊലിമയൊട്ടുംകുറഞ്ഞിട്ടില്ല.
മനുഷ്യരെല്ലാരും ഒന്നു പോലെയായിരുന്ന, കള്ളവും ചതിയുമില്ലാത്ത ഒരു മനോഹരകാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് മലയാളിയ്ക്ക് ഓണനാളുകൾ.
ഒരു കാലത്ത് ഓണം ഒരു കാർഷികോത്സവമായിരുന്നു. ഇടമുറിയാതെ പെരുമഴ പെയ്യുന്ന മിഥുനം, കർക്കിടക മാസങ്ങൾ വറുതിയുടെതായിരുന്നു. മഴക്കാറ് മാറി മാനം തെളിയുന്ന പൊന്നിൻ ചിങ്ങം വന്നെത്തുമ്പോൾ മനുഷ്യരുടെ മനസ്സിലും പ്രതീക്ഷയുടെ പൊൻ കതിരുകൾ മുളയ്ക്കുന്നു. പട്ടിണിയും പരിവട്ടവും ഒരു തലമുറ മുൻപ് വരെ കേരളത്തിൽ സാധാരണയായിരുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് തന്നെ അന്നത്തെ സാമൂഹിക അവസ്ഥയെ അവലംബമാക്കിയിട്ടുള്ളതായിരുന്നു. വിഭവസമൃദ്ധമായ സദ്യ പോയിട്ട് ദാരിദ്ര്യമനുഭവിക്കുന്ന ജനങ്ങൾ പലരും സുഭിക്ഷമായ് ഭക്ഷണം കഴിക്കുന്നത് തന്നെ ഇതു പോലുള്ള വിശേഷാവസരങ്ങളിലാണ്. കൊല്ലത്തിലൊരിക്കൽ മാത്രം കിട്ടുന്ന ഓണക്കോടി കൊണ്ട് മാത്രം വേണ്ടിയിരുന്നു പലർക്കും ഒരു കൊല്ലം കഴിക്കാൻ. ഇതെല്ലാം കൊണ്ട് എല്ലാവരും ആവേശത്തോടെ ഓണത്തെ വരവേൽക്കാൻ കാത്തിരുന്നു.
എന്നാൽ ഇന്നോ, കാലം മാറി, നാടും നാട്ടാരും മാറി. കള്ളവും ചതിയുമുണ്ടെങ്കിലും, നാട്ടിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു. വിദ്യാഭ്യാസത്തിൽ മുന്നിലായ മലയാളി
അന്യനാടുകളിൽ പോയി പണിയെടുത്തു സമ്പന്നനായി. അവനയച്ച വിദേശനാണ്യം കേരളത്തെ സാമ്പത്തികമായി മുന്നിലെത്തിച്ചു. വയറു നിറയെ ഉണ്ണാനും
പുതുവസ്ത്രമണിയാനും ഓണത്തെ കാത്തിരിക്കേണ്ട ആവശ്യമില്ലാതായി.
കൃഷിയിലൂന്നിയ ജീവിതം ഇല്ലാതായി. ഉപഭോക്തൃ സംസ്ഥാനമായി മാറി നമ്മുടെ കേരളം. ഓണം വിപണിയുടെ ഉത്സവമായി. പക്ഷേ ഓണത്തിന്റെ മാറ്റ് ഒട്ടും കുറഞ്ഞില്ല. ആഘോഷത്തിന്റെ പൊലിമ കൂടിയതെയുള്ളൂ.
ചിങ്ങം തുടങ്ങുമ്പോഴേയ്ക്കും ഓണത്തിന്റെ ഒരുക്കങ്ങൾ നാടെങ്ങും തുടങ്ങുകയായി. വിദ്യാലയങ്ങളിൽ ഓണപ്പരീക്ഷയുടെ ഒരുക്കങ്ങൾക്കൊപ്പം
ഓണാഘോഷത്തിന്റെയും തയ്യാറെ ടുപ്പുകൾ നടക്കുന്നു. ഓണക്കളികൾ തുടങ്ങി ഓണസദ്യ, ഓണം ഡ്രസ്സ് കോഡ്, ഓണം റീൽ അങ്ങനെയങ്ങനെ ആകെയൊരു ഉത്സവമേളം. ചെറുപ്പക്കാർക്കും കുട്ടികൾക്കും ഓണം, ന്യൂ ജെൻ ഭാഷയിൽ പറഞ്ഞാൽ പൊളിക്കാനുള്ള അവസരമാണ്. അത്തം നാൾമുതൽ എവിടെ നോക്കിയാലും കാണാം പുത്തൻ ട്രെൻഡിനനുസരിച്ചു അണിഞ്ഞൊരുങ്ങി നടക്കുന്ന കുട്ടികളെയും കൗമാരക്കാരെയും. മുതിർന്നവരും ഒട്ടും പുറകിലല്ല. കേരളത്തനിമയുള്ള സെറ്റ് സാരിയും, കസവുമുണ്ടും ഷർട്ടുമെല്ലാമായി ഓണക്കളികൾക്കും സദ്യയ്ക്കുമെല്ലാം അവരുമുണ്ട്.
ഓണത്തിന്റെ തുടക്കം വിദ്യാലയ ങ്ങളിലും ഓഫീസുകളിലുമൊക്കെയായി കൊണ്ടാടിയാലും ഉത്രാടം, തിരുവോണം നാളുകൾ കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ളതാണ്. അവധിക്കാലമായതിനാൽ ദൂരെ ജോലി ചെയ്യുന്നവരൊക്കെ നാട്ടിലെത്തിയിരുന്ന ഓണക്കാലങ്ങളായിരുന്നു പണ്ട്. എന്നാൽ ഇന്നാകട്ടെ, ലോകത്തിന്റെ പല ഭാഗത്തായി ചിതറിക്കിടക്കുന്ന പ്രവാസി മലയാളികൾ നാട്ടിലുള്ളവരേക്കാൾ ഗംഭീരമായി ഓണമാഘോഷിക്കുന്നുണ്ട്.
ഓണക്കാലമായാൽ പണ്ടൊക്കെ വീട്ടിലെ സ്ത്രീകൾക്ക് അടുക്കളയിൽ പിടിപ്പത് പണിയുണ്ടായിരിക്കും. പുളിഞ്ചിയും അച്ചാറും കായവറവും ശർക്കര ഉപ്പേരിയുമെല്ലാം ആദ്യമേ തയ്യാറാക്കണം. ഓണദിവസങ്ങളിൽ സദ്യയൊരുക്കലിന്റെ തിരക്കു കഴിഞ്ഞു വേണം ഒന്നു വിശ്രമിക്കാൻ പോലും. സെറ്റ് സാരിയുടുത്തു മുല്ലപ്പൂ ചൂടി അണിഞ്ഞൊരുങ്ങി പൂക്കളം തീർക്കുന്ന മലയാളി മങ്കകളെ പത്രത്തിലും മാസിക കളിലും സിനിമയിലും ടെലിവിഷനിലെ ഓണപ്പരിപാടികളിലും മാത്രമായിരുന്നു അന്ന് കണ്ടിരുന്നത്. പക്ഷേ ഇന്ന് സദ്യ കാറ്ററിംഗ്കാരെയോ ഹോട്ടലിലോ ഏല്പിച്ചു വീട്ടുകാർ സ്വസ്ഥമായി ഒത്തു കൂടി സന്തോഷിക്കുന്നു. അണിഞ്ഞൊരുങ്ങി ഫോട്ടോകൾ എടുക്കുന്നു. വീട്ടിലെ സദ്യയുടെ ഗൃഹാതുരത്വസ്മരണകൾ അയവിറക്കി രസിക്കുന്നവർ പലപ്പോഴും അടുക്കളയിൽ ഓണം പുകഞ്ഞു തീർക്കുന്ന സ്ത്രീകളെ ഓർക്കാറില്ല.
മുക്കുറ്റിയും തുമ്പയും നാടൻ പൂക്കളും ചേർത്തൊരുക്കുന്ന നാടൻ പൂക്കളത്തിന്റെ സ്ഥാനത്തു മാർക്കറ്റിലെ പൂക്കൾ കൊണ്ടുണ്ടാക്കിയ വർണ്ണപ്പൂക്കളം സ്ഥാനം പിടിച്ചു കഴിഞ്ഞു. ഓണം ഓഫറുകളുമായി വിപണിയും ഓണറിലീസ് ചിത്രങ്ങളുമായി തിയേറ്ററുകളും, ഓണപ്പതിപ്പുകളുമായി ആനുകാലികങ്ങളും ഓണാഘോഷ പരിപാടികളുമായി നാട്ടിലെ ക്ലബുകളുമെല്ലാം ജാതിമതഭേദമന്യേ മലയാളമണ്ണിലേക്ക് ഓണം വൈബ് കൊണ്ടെത്തിക്കുന്നു. ചില ദുഷ്ടശക്തികൾ ഭിന്നിപ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചാലും ഓണമെന്നും ജാതിമതഭേദമന്യേ എല്ലാ മലയാളിക്കും പ്രിയവികാരം തന്നെ.
എൻ എൻ കാക്കാടിന്റെ വരികൾ പോലെ,
“കാലമിനിയുമുരുളും വിഷു വരും,
വർഷം വരും, തിരുവോണം വരും.
വരും കൊല്ലമാരെന്നുമെന്തെന്നുമാർക്കറിയാം?”
അനിശ്ചിതത്വം നിറഞ്ഞ ഈ ജീവിതത്തിൽ വീണു കിട്ടുന്ന ഓരോ ആഘോഷവേളകളെയും നമുക്ക് ആസ്വദിച്ചു കൊണ്ടാടാം. ഇന്നിൽ ആഹ്ലാദിച്ചു ജീവിക്കാം.
#എന്റെരചന …. ഓണം ഓർമ്മകൾ


5 Comments
വളരെ നന്നായിട്ട് ഉണ്ട്👌🥰
പഴയ കാലത്തെ ഓണവും ഇന്നത്തെ ഓണവും താര്യതമ്യം ചെയ്യുമ്പോഴും ഇന്നും മലയാളികൾക്കിടയിൽ ആലോഷങ്ങളിൽ താരമാണ് ഓണമെന്നു അർത്ഥം വരുന്ന ഒരൊറ്റ വാചകത്തിൽ ലേഖിക ഓണത്തിന്റെ പ്രാധാന്യവും രേഖപ്പെടുത്തുന്നു.
സത്യം.
🥰👏
Thanks ❤️
അസ്സലായിട്ടുണ്ട് 😍
നല്ല ഓർമ്മകൾ
നല്ലെഴുത്ത്👌🌹
ഇഷ്ടമായി ശ്രീജ❤️❤️❤️