മനുഷ്യമനസ്സിൻ ഇരുണ്ടതാം കോണുകളിൽ, താനേ പടർന്നു പന്തലിച്ചിടും അസൂയ തൻ മുൾച്ചെടി, വലിച്ചെടുത്തിടുന്നു, പിന്നെ പതിയെ വറ്റിച്ചിടുന്നു,നന്മ തൻ ഉറവുകളെ. വാടിക്കരിഞ്ഞിടുന്നു കരുണ തൻ ചെറുതളിരുകൾ, പിഴുതുകളഞ്ഞിടേണമാ പാഴ്ച്ചെടിയെ മടിയാതെ, വിവേകത്തിൻ മൂർച്ചയേറും ആയുധത്താൽ.
Author: Sreeja Ajith
നിസ്വരാം മനുഷ്യർ തൻ ആകുലതകളെ , രോഗപീഡകളെ ആർദ്രമാം നോട്ടങ്ങളാൽ, അലിവോറും പരിചരണത്താൽ, അലിയിച്ചു കളഞ്ഞിടുന്നു, ഭൂമിയിലെ മാലാഖമാർ, നേഴ്സുമാർ. ആദരവോടെയോർക്കേണം, ന്യായമായ് പരിഗണന നൽകേണം സമൂഹമാവർക്കെന്നും.
വിശ്വപ്രകൃതി തൻ മായികഭാവങ്ങൾ, പ്രതിഭാസങ്ങൾ, ചാരുത നിറയും ദൃശ്യങ്ങൾ, വിരിയിച്ചിടുന്നു ആരാധന തൻ പൂക്കാലം ഹൃത്തിൽ, ആരാധികയായ് മാറ്റിടുന്നീ അനുപമ സൗന്ദര്യമോലും അജ്ഞാതമാം പ്രപഞ്ചത്തിൻ.
അധ്വാനത്തിൻ അംഗീകാരമായ്, പ്രതിഫലമായ്, ശമ്പളം കൈയിലെത്തിടുമ്പോൾ, നിസ്സാരമാം തുകയാകിലും ഉയരുന്നു പ്രതീക്ഷകൾ, ആത്മവിശ്വാസവും, പിന്നെ നിറയുന്നു സംതൃപ്തിയുള്ളിൽ.
മഞ്ഞിന്റെ കുളിരും വൃശ്ചിക കാറ്റും സുന്ദരമാക്കിയ ക്രിസ്തുമസ് കാലം വഴിമാറുന്നത് പുത്തൻ പ്രതീക്ഷകളുമായെത്തുന്ന പുതുവർഷപുലരിയിലേക്കാണ്. ഓരോ പുതുവർഷവും ലോകമെങ്ങും ഉത്സാഹത്തിമിർപ്പോടെയാണ് തുടങ്ങുന്നത്. കാലാവസ്ഥ പോലും നവവർഷത്തെയെതിരേല്ക്കാൻ ഒരുങ്ങി നിൽക്കുന്ന പോലെ തോന്നും. തണുപ്പുള്ള രാത്രികൾ, മഞ്ഞിന്റെ മുഖപടമണിഞ്ഞ തെളിഞ്ഞ പ്രഭാതങ്ങൾ, നേരിയ കാറ്റ്, അങ്ങനെ ശരീരവും മനസും കുളിരുന്ന ദിനങ്ങൾ. പുതുവർഷത്തിനായി വലിയ പദ്ധതികളൊന്നും ഉണ്ടാക്കുന്ന പതിവുകളില്ല. എങ്കിലും ശുഭപ്രതീക്ഷകളോടും പ്രാർത്ഥനകളോടുമാണ് ഓരോ വർഷവും തുടങ്ങുന്നത്. ഈ വർഷം കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവരെല്ലാം വരുന്ന വർഷവും കൂടെയുണ്ടാകണമെന്ന തീവ്രമായ ആഗ്രഹം പ്രാർത്ഥനയായി മാറാറുണ്ട്. പുതുവർഷത്തെ സന്തോഷത്തോടെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ദുഃഖങ്ങളും ദുരിതങ്ങളുമായി നവവർഷത്തെ ആരവമൊഴിഞ്ഞ മനസ്സോടെ കാത്തിരിക്കുന്നവരെ കുറിച്ച് ഓർത്തുപോകാറുണ്ട്. ഇക്കൊല്ലം നേടിയെടുക്കാൻ വലിയ ആഗ്രഹമുള്ള ഒരു കാര്യമാണ് സ്വന്തമായി കാർ ഓടിച്ചു തുടങ്ങുക എന്നത്. ലൈസൻസ് എടുത്തിട്ട് വർഷങ്ങൾ ആയെങ്കിലും വണ്ടിയെടുത്തു റോഡിൽ ഇറങ്ങാനുള്ള ധൈര്യം വരുന്നില്ല. ഡ്രൈവിംഗ് നൽകുന്ന സ്വയംപര്യാപ്തത എന്നും മോഹിപ്പിച്ചിട്ടുണ്ട്. ആഗ്രഹം പോലെ എല്ലായിടത്തും പോകാനും ഒരാവശ്യം…
വിശാലമാം ഗഗനവീഥികളിൽ സ്വതന്ത്രമായ് തൻ ചിറകുകൾ വീശി പറന്നുല്ലസിക്കും പറവ പോൽ മനുഷ്യമനസ്സ്. സങ്കല്പത്തിൻ ചിറകിലേറിയതു താണ്ടിടും പ്രകാശവേഗങ്ങൾ കണ്ണടച്ചു തുറക്കും നേരത്തിനുള്ളിൽ.
ജീവിതത്തിൽ നേട്ടവും നഷ്ടവും അടയാളപ്പെടുത്തിടാനാവില്ല കൃത്യമായ്, നേട്ടമായ് തോന്നിപ്പിച്ചിടുന്നവ ചിലപ്പോൾ, ക്ഷണഭംഗുരമെന്നു തെളിഞ്ഞിടുമൊരു കാലം. നികത്തിടാനാവാത്ത നഷ്ടമെന്നു തോന്നിടും കാര്യങ്ങൾ, ഓർമ്മകൾ മാത്രമായിടുമൊരു കാലം.
പുത്തൻ പ്രതീക്ഷകളുമായെത്തി പുതുവർഷം, വരവേറ്റിടാം നമുക്കീ നവവത്സരപ്പുലരിയെ ആമോദമോടെ. നന്ദി ചൊല്ലിടാമീ പ്രപഞ്ചത്തോട് നമുക്കായ് കാത്തുവെച്ച ദിനരാത്രങ്ങൾക്കായ്, ഹൃദയപൂർവ്വം പ്രയത്നം ചെയ്തിടാം, ആരോഗ്യം നിറയും തനുവിനായ്, ശാന്തി നിറയും മാനത്തിനായ്.
പ്രതീക്ഷയെന്ന മൂന്നാക്ഷരമല്ലോ മാനവജീവിതമാകും നാടകത്തിൽ, വെളിച്ചം നിറയുമൊരങ്കമെന്നും.
തടിയെന്ന രണ്ടക്ഷരത്തിലൊളിച്ചിരിക്കുന്നല്ലോ എത്രയോ അർത്ഥങ്ങൾ. കാതലുള്ള മരത്തടിയാൽ തീർത്തിടാം മനോജ്ഞമാം ശില്പങ്ങൾ, വീട്ടുപകരണങ്ങൾ, സ്വന്തം തടിയ്ക്ക് കേടുപറ്റാതെ മറ്റുള്ളവരെ കുരുക്കിടുന്നു സൂത്രശാലികൾ ചിലർ, ദേഹത്തിൻ അഴകളവുകൾ അല്പമൊന്നു തെറ്റുകിൽ തടി കൂടിയെന്ന കുശലങ്ങൾ ഒഴുകിടും നിരന്തരം സ്വൈര്യം കെടുത്തും വിധം പലപ്പോഴും.
