ഇനിയും വിടരുമൊരു പൊൻപുലരി ഇരുൾ നിറയുമീ രാത്രിക്കുമപ്പുറം, പ്രതീക്ഷകൾ തൻ നറു പുഷ്പങ്ങളിനിയും വിരിഞ്ഞിടും ആഹ്ലാദത്തിൻ നറു തേനുമായ്, ഇനിയുമെത്തിടും വസന്തമീ ഊഷര ഗ്രീഷ്മം വിട പറഞ്ഞതിൻ ശേഷമെന്നിങ്ങനെ, ശുഭപ്രതീക്ഷകളാകും പങ്കായത്താൽ തുഴഞ്ഞല്ലോ മർത്യൻ, ചലിപ്പിച്ചിടുന്നു തൻ ജീവിതനൗകയെ.
Author: Sreeja Ajith
വിധി തൻ കയ്യിലെ കളിപ്പാവകളായ് നിരന്തരം, ചലിച്ചിടുന്നു മർത്യനീയുലകിലെന്ന സത്യം അറിയുകിലും, വ്യർത്ഥമാം മത്സരങ്ങളിൽ മുഴുകി അഹങ്കരിച്ചിടുന്നവൻ ജന്മം മുഴുവനും.
നടുവിലെത്തിപ്പെടുകിൽ ഒച്ചയും ബഹളവുമായ് അസ്വസ്ഥത ജനിപ്പിക്കുമാൾക്കൂട്ടം, സ്നേഹസൗഹൃദങ്ങളും കരുതലും പകരും കൂട്ടായ്മയാകുമ്പോൾ, ഹൃദ്യമാം ബന്ധങ്ങൾ നിറം പകർന്നിടും ജീവിതത്തിൽ.
അമ്പലത്തിൽ നിന്നും വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ സന്ധ്യ രാത്രിയ്ക്കു വഴിമാറിയിരുന്നു. നന്ദിനി പേരക്കുട്ടിയുടെ കൈപിടിച്ച് നടത്തതിനു വേഗം കൂട്ടി. സുപ്രിയ, കൂട്ടുകാരി വൃന്ദയോട് വർത്തമാനം പറഞ്ഞു പുറകെ നടക്കുകയാണ്. നാട്ടിൽ വന്നാൽ സുപ്രിയ അങ്ങനെ തന്നെയാണ്. നാട്ടിലുള്ള പഴയ കൂട്ടുകാരെയും പരിചയക്കാരെയുമൊക്കെ കണ്ട് വിശേഷം പറഞ്ഞു തീരില്ല. നഗരത്തിലെ തിരക്ക് പിടിച്ച ജീവിതത്തിന്റെ മുഷിപ്പ് കുടഞ്ഞു കളയാനാണ് അവധിക്കാലത്തെ ഈ യാത്രയെന്നാണ് അവൾ പറയുക. അതു ശരിയാണ് താനും. എപ്പോഴെങ്കിലും അവളുടെ നഗരത്തിലെ ഫ്ലാറ്റിൽ പോയി കുറച്ചു ദിവസം നിൽക്കുമ്പോഴേയ്ക്കും ആകെയൊരു വീർപ്പുമുട്ടലാണ്. പേരക്കുട്ടിയുടെ കൂടെ നിൽക്കുന്ന സന്തോഷമുണ്ടെങ്കിലും നാലു ചുമരുകൾ ഞെരുക്കുന്നത് പോലെ തോന്നും. തനിക്ക് മാത്രമല്ല, മാധവേട്ടനും അങ്ങനെ തന്നെയാണെന്ന് തോന്നിയിട്ടുണ്ട്. അവിടെയെത്തിയാൽ മൂപ്പരും കരയിൽ പിടിച്ചിട്ട മീൻ പോലെയാണ്. ആകെയൊരു ഇരിക്കപ്പൊറുതിയില്ലായ്മ. ഒരു മണിക്കൂർ ദൂരം മാത്രമേയുള്ളുവെങ്കിലും നാട്ടിൽ നിന്നും കാതങ്ങൾ അകലെയായെന്നു തോന്നും. വേറൊരു ലോകം. നടന്നു നടന്നു വീടെത്തിയതറിഞ്ഞില്ല. വേഗം പടിതുറന്ന് അകത്തു കയറി. സന്ധ്യാദീപം…
ഉള്ളുലയ്ക്കും ദുഃഖങ്ങൾ തൻ ഭാരം ചുമന്നു നടന്നിടും നേരം, ദയ നിറയും വാക്കും നോട്ടവും മരുഭൂമിയിൽ കാണും നീരുറവ പോൽ ആശ്വാസം പകർന്നിടും തെല്ലുനേരമെങ്കിലും. തിരക്കു പിടിച്ചോടുമീയുലകിൽ ദയ തൻ തെളിനീരു പകർന്നു നൽകും മനുഷ്യർ, അസുലഭമാം സൗഭാഗ്യം തന്നെ നിശ്ചയം.
നിരത്തിലൂടെ കണിശമാം സമയക്രമം പാലിച്ചോടിടുമീ ശകടം, കേട്ടിടുന്നെത്രയോ വിശേഷങ്ങൾ, പരിഭവങ്ങൾ, പരാതികൾ, സ്നേഹമർമ്മരങ്ങൾ, പിന്നെ നോട്ടങ്ങളാൽ കൈമാറിടും ഹൃദയവികാരങ്ങളും, ചിലപ്പോൾ ജീവിതപ്രശ്നങ്ങളും. മുഖങ്ങൾ മാറിയെന്നാലും, കഥകൾ മാറിയെന്നാലും, ഒട്ടുമേ മാറാതെ നിരന്തരമായ് തൻ യാത്ര തുടർന്നിടുന്നു കൃത്യനിഷ്ഠയോടെന്നും, മഴയിലും വെയിലിലും, നാടും നഗരവും താണ്ടി, ദുർഗ്ഗമമാം പാതകളും രാജവീഥികളുമൊരു പോൽ തരണം ചെയ്തു കൊണ്ട്.
വിരുന്നു വരുന്നു ജീവിതത്തിൽ സുഖദുഃഖങ്ങളാകും അതിഥികൾ നിനച്ചിരിക്കാതെ. ആതിഥ്യമരുളുക തന്നെ വേണം, നിസ്വനാം മർത്യൻ.
മർത്യന് തലചായ്ച്ചിടാൻ സ്വസ്ഥമായ് വിശ്രമിച്ചിടാൻ അവശ്യമല്ലോ പാർപ്പിടം. പക്ഷേ, ആഡംബരത്തിൻ പ്രദർശനവേദിയായ് ഗൃഹം മാറിടുമ്പോൾ, കടക്കെണിയിൽപ്പെട്ടുഴലുന്നു മനുഷ്യൻ, അശാന്തി തൻ കൂടാരമായിടുന്നു വീടകം.
മനോജ്ഞമാം രചനകൾ ഭാഷ തൻ അതിരുകൾ താണ്ടി, സഹൃദയർക്കു സമ്മാനിച്ചിടും മഹത്തരമാം കർമ്മമല്ലോ വിവർത്തനം.
കൈക്കുമ്പിളിൻ വലുപ്പത്തിൽ നെഞ്ചിൽ മിടിക്കുമീ ഇത്തിരിയുള്ളോരു ഹൃദയം, നിയന്ത്രിച്ചിടുന്നു മനുഷ്യശരീരത്തിലെ ഓരോ അണുവിനെയും ചലനത്തെയും. ഒരു മാത്ര മിടിപ്പൊന്നു തെറ്റുകിൽ നൂൽപ്പാലത്തിന്മേൽ ആടിടുന്നു പ്രാണൻ. എത്ര രഹസ്യങ്ങൾ, നൊമ്പരങ്ങൾ, വികാരവിചാരങ്ങൾ, ഒളിപ്പിച്ചിടുന്നു ആരുമറിയാതെയീ കുഞ്ഞുഹൃദയം.
