മടുപ്പ് ———– “എനിക്കീ ജീവിതം മടുത്തു. “അവൾ പറഞ്ഞു. എന്നാൽ നീ എന്റെ കൈപിടിച്ച് കൂടെ പോരു. ഞാൻ മൃത്യുവാണ്. ആ ശബ്ദം കേട്ടവൾ ഞെട്ടിത്തരിച്ചു. “വേണ്ട, മടുപ്പ് തരുന്ന ഈ ജീവിതം ചിലപ്പോൾ എനിക്ക് അത്ഭുതങ്ങളും തരാറുണ്ട്. നിന്റെ കൈയുടെ തണുപ്പ് എന്നെ ഭയപ്പെടുത്തുന്നു.”നീട്ടിയ കരങ്ങൾ തട്ടിമാറ്റി അവൾ ഓടിയൊളിച്ചു.
Author: Sreeja Ajith
ഏതൊരു മലയാളിയേയും പോലെ എന്റെയുള്ളിലുമുണ്ട് ഓണമെന്നു കേൾക്കുമ്പോൾ തുടികൊട്ടി താളം പിടിയ്ക്കുന്ന മനസ്സ്.ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓണത്തിന് വർണ്ണങ്ങൾ പലതായിരുന്നു. ഓർമ്മകൾ ആരംഭിയ്ക്കുന്ന കാലത്ത് ഓണമെന്നാൽ അമ്മവീട്ടിലേയ്ക്കുള്ള യാത്രയുടെ ആഹ്ലാദമാണ്. നഗരപ്രാന്തത്തിലെ ഹൗസിങ് കോളനിയിലെ ചെറിയൊരു വീട്ടിൽ അണുകുടുംബത്തിൽ ജീവിച്ചിച്ചിരുന്ന എനിക്കും അനിയത്തിയ്ക്കും ഉൾനാടൻ ഗ്രാമത്തിലെ വിശാലമായ വയലേലകൾക്കും മരങ്ങൾ നിറഞ്ഞ തൊടിയ്ക്കും നടുവിലുള്ള അമ്മയുടെ തറവാട്ടിൽ പോകുന്നത് ഉത്സവം തന്നെയായിരുന്നു.അച്ഛനമ്മമാരുടെ ജോലിയും സ്കൂളുമായി ദ്രുതഗതിയിൽ ചലിച്ചു കൊണ്ടിരുന്ന ജീവിതശകടം അവിടെ എത്തുന്നതോടെ മന്ദഗതിയിലാകുന്നു. അവിടെ അമ്മമ്മയും മുത്തച്ഛനും ഓണഒരുക്കങ്ങൾ വളരെ മുൻപേ തുടങ്ങിയിട്ടുണ്ടാകും. കായവറുക്കലും ശർക്കരവരട്ടി ഉണ്ടാക്കുന്നതുമെല്ലാമായി അവിടെ ഓണമേളങ്ങൾ നിറയുന്നുണ്ടാകും .ചെറിയമ്മമാരും അമ്മാവന്മാരും അവരുടെ കുട്ടികളുമെല്ലാം ഒത്തുചേരുന്ന ഒരു കൂട്ടായ്മയുടെ ആഘോഷമായിരുന്നു ബാല്യത്തിലെ ഓണക്കാലങ്ങൾ.സ്കൂളിലെ പൂക്കളമത്സരവും വീട്ടിൽ എന്നുമൊരുക്കുന്ന നാടൻ പൂക്കളവും എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഓണസ്‌മൃതികളാണ്. ഓണക്കോടിയെ കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് മറ്റൊന്ന്. ഇന്നത്തെ കുട്ടികളെ പോലെ സമൃദ്ധമായി എല്ലാം ലഭിച്ചിരുന്ന ബാല്യമല്ലല്ലോ നമ്മുടെ തലമുറയ്ക്ക്. കൊല്ലത്തിൽ…
നന്മതിന്മകൾ ഇടകലർന്നതല്ലോ നാം കാണുമീയുലകം യുഗാന്തരങ്ങളായ്, ദുഷ്ടജനങ്ങളെ നിഗ്രഹിച്ചു സജ്ജനങ്ങളെ പരിപാലിച്ചിടുവാനായ് ജന്മമെടുത്തിടും അവതാരങ്ങൾ അടയാളപ്പെടുത്തി യുഗങ്ങളെ. അസുരജന്മങ്ങൾ വാണിരുന്നു ഭൂവിൽ ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും. മർത്യൻ ജ്യോതിർഗോളങ്ങളെ വരുത്തിയിലാക്കിയ ശാസ്ത്രയുഗമിതിൽ നമ്മുടെ ജീവിതം. അസുരന്മാരില്ല, ദേവകളില്ല എല്ലാവരും തുല്യരാം മനുഷ്യർ മാത്രം. നന്മകൾ തൻ മുഖംമൂടിയണിഞ്ഞ മനുഷ്യൻ തൻ ചെയ്തികൾ കണ്ടു നാണിച്ചു നിൽക്കുന്നു രാക്ഷസന്മാർ പോലും. സ്വാർത്ഥലാഭങ്ങൾക്കായ് സഹജീവികളെ, നിർദ്ദയം ദ്രോഹിച്ചിടുന്നു മനുഷ്യൻ തെല്ലും മടിയ്ക്കാതെ. പിഞ്ചിളം മേനിയിൽ പോലും ഭോഗതൃഷ്ണ ശമിപ്പിയ്ക്കും ചെന്നായ്ക്കൾ വാഴുമീ കലിയുഗത്തിൽ ധർമ്മം പുലർത്തിടാൻ കഴിവുറ്റ അവതാരമേത്?
ഓണനാളിൻ ഒളിയുമായ് പ്രകൃതിയും മനുഷ്യരുമൊരുങ്ങിടും നേരം, അകത്തളങ്ങളിൽ നിറയും രുചി തൻ ഗന്ധങ്ങളോടൊപ്പമെൻ അകതാരിൽ ഓർമ്മകൾ തൻ ചിതറിവീഴും മണിമുത്തുകളിൽ നിറഞ്ഞു തുളുമ്പിടുന്നു സ്നേഹത്തിൻ കൂട്ടുകളാൽ രുചിയേറ്റിയ പായസമധുരങ്ങൾ തൻ മദഭരരസങ്ങൾ.
ജീവിതത്തിൽ പല ഘട്ടങ്ങളിലായി ഒരുപാട് ഉപദേശങ്ങൾ പലരിൽ നിന്നുമായി കിട്ടിയിട്ടുണ്ട്.അവയെല്ലാം ജീവിതത്തെ ഒരു പാട് സ്വാധീനിച്ചിട്ടുമുണ്ട്. ഒരു പ്രായത്തിൽ ഉപദേശത്തോളം അരോചകമായ ഒന്നും തന്നെയുണ്ടായിരുന്നില്ല.എന്നാൽ മൂത്തവർ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും എന്ന് പറയുന്ന പോലെ പിന്നീട് പലപ്പോഴും ഈ ഉപദേശങ്ങൾ എത്രത്തോളം പ്രസക്തമാണെന്ന് മനസ്സിലായിട്ടുണ്ട്. ചെറിയ കുട്ടിയായിരുന്നപ്പോൾ കക്കരുത്, നുണ പറയരുത്, കള്ളത്തരം കാണിക്കരുത് എന്നൊക്കെയായിരുന്നു ഉപദേശങ്ങൾ. അതെല്ലാം മിക്കവാറും എല്ലാ കുട്ടികളെയും പോലെ അക്ഷരംപ്രതി അനുസരിച്ചിട്ടുമുണ്ട്. കുറച്ചു മുതിർന്നപ്പോൾ പെൺകുട്ടികൾക്ക് വേണ്ടിയുള്ള കോൺവെൻറ് സ്കൂൾ ആയതു കൊണ്ട് ഉപദേശങ്ങളുടെ പെരുമഴ നനഞ്ഞാണ് ഓരോ ദിവസവും കടന്നുപോയിരുന്നത്. എൺപതുകളിൽ ജനിച്ച കുട്ടികൾക്ക് ഇന്നത്തെ പുതുതലമുറയ്ക്കുള്ളത് പോലെയുള്ള പല സ്വാതന്ത്ര്യങ്ങളും ഉണ്ടായിരുന്നില്ല. അതിൽ ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നുമില്ല.അതു കൊണ്ട് തന്നെ എത്ര ഇഷ്ടപ്പെട്ടിലെങ്കിലും ഉപദേശങ്ങൾ എല്ലാം കേട്ട് നിൽക്കുകയേ വഴിയുള്ളു. അന്ന് സ്ഥിരമായി കേട്ടിരുന്ന ഒരു ഉപദേശമായിരുന്നു “മുള്ള് ഇലയിൽ വന്ന് വീണാലും ഇല വന്ന് മുള്ളിൽ…
ചിങ്ങപ്പുലരി തൻ സ്നേഹ സമ്മാനമായെത്തിയല്ലോ, മനമിതിൽ ഉറങ്ങിക്കിടക്കും അക്ഷരക്കുഞ്ഞുങ്ങളെ ഭാവന തൻ ഉടയാടകളാൽ ചമയിച്ചൊരുക്കി ഹൃദയതാളങ്ങൾ നിറം പകരും തൂലികയാൽ കമനീയരൂപം നൽകി, നിരത്തി നിർത്താനായൊരു അക്ഷരക്കൂട്ട്. വളയിട്ട കരങ്ങളാൽ രുചിക്കൂട്ടുകൾ മാത്രമല്ല, കഥ തൻ, കവിത തൻ, അമൃതു തോൽക്കും അക്ഷരക്കൂട്ടുകളും ചമയ്ക്കുമല്ലോ ഞങ്ങൾ.
