അമ്പലത്തിൽ നിന്നും വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ സന്ധ്യ രാത്രിയ്ക്കു വഴിമാറിയിരുന്നു. നന്ദിനി പേരക്കുട്ടിയുടെ കൈപിടിച്ച് നടത്തതിനു വേഗം കൂട്ടി. സുപ്രിയ, കൂട്ടുകാരി വൃന്ദയോട് വർത്തമാനം പറഞ്ഞു പുറകെ നടക്കുകയാണ്. നാട്ടിൽ വന്നാൽ സുപ്രിയ അങ്ങനെ തന്നെയാണ്. നാട്ടിലുള്ള പഴയ കൂട്ടുകാരെയും പരിചയക്കാരെയുമൊക്കെ കണ്ട് വിശേഷം പറഞ്ഞു തീരില്ല.
നഗരത്തിലെ തിരക്ക് പിടിച്ച ജീവിതത്തിന്റെ മുഷിപ്പ് കുടഞ്ഞു കളയാനാണ് അവധിക്കാലത്തെ ഈ യാത്രയെന്നാണ് അവൾ പറയുക. അതു ശരിയാണ് താനും. എപ്പോഴെങ്കിലും അവളുടെ നഗരത്തിലെ ഫ്ലാറ്റിൽ പോയി കുറച്ചു ദിവസം നിൽക്കുമ്പോഴേയ്ക്കും ആകെയൊരു വീർപ്പുമുട്ടലാണ്. പേരക്കുട്ടിയുടെ കൂടെ നിൽക്കുന്ന സന്തോഷമുണ്ടെങ്കിലും നാലു ചുമരുകൾ ഞെരുക്കുന്നത് പോലെ തോന്നും. തനിക്ക് മാത്രമല്ല, മാധവേട്ടനും അങ്ങനെ തന്നെയാണെന്ന് തോന്നിയിട്ടുണ്ട്. അവിടെയെത്തിയാൽ മൂപ്പരും കരയിൽ പിടിച്ചിട്ട മീൻ പോലെയാണ്. ആകെയൊരു ഇരിക്കപ്പൊറുതിയില്ലായ്മ. ഒരു മണിക്കൂർ ദൂരം മാത്രമേയുള്ളുവെങ്കിലും നാട്ടിൽ നിന്നും കാതങ്ങൾ അകലെയായെന്നു തോന്നും. വേറൊരു ലോകം.
നടന്നു നടന്നു വീടെത്തിയതറിഞ്ഞില്ല. വേഗം പടിതുറന്ന് അകത്തു കയറി. സന്ധ്യാദീപം തെളിയിച്ചു. മാധവേട്ടൻ ടീവിയിൽ ന്യൂസ് കാണുന്നുണ്ട്. നന്ദിനി വിളക്ക് തെളിച്ചു നാമം ചൊല്ലിതുടങ്ങി. അത്താഴത്തിനു വേണ്ടതൊക്കെ ഒരുക്കി വെച്ചിട്ടേ ജോലിക്കാരി ശ്യാമള പോകു.
സുപ്രിയ ഒരു പുസ്തകവുമായി ഹാളിൽ ചെന്നിരുന്നു. എത്ര ശ്രമിച്ചിട്ടും പുസ്തകത്തിൽ ശ്രദ്ധ നിൽക്കുന്നില്ല. അവളുടെ മനസ്സിൽ പലവിധത്തിലുള്ള ചിന്തകൾ നിറയുകയാണ്. വെക്കേഷൻ തീരാൻ ഇനി രണ്ടാഴ്ച കൂടി. അതു കഴിഞ്ഞാൽ വീണ്ടും നഗരത്തിരക്കിലേയ്ക്ക്. ശങ്കർ ഇപ്പോൾ തന്നെ വിളിച്ചു ചോദിക്കാൻ തുടങ്ങി. എന്നാണ് തിരിച്ചു വരുന്നതെന്ന്. മോളെ റെസിഡൻറ്റ്സ് അസോസിയേഷന്റെ വെക്കേഷൻ ക്ലാസ്സിൽ ചേർക്കണമെന്ന ശങ്കറിന്റെ ആഗ്രഹം നിരസിച്ചതിനു ചെറിയ നീരസവുമുണ്ട്. പൊങ്ങച്ചത്തിന് വേണ്ടി കുഞ്ഞിന്റെ അവധി ദിനങ്ങൾ കവർന്നെടുക്കാൻ വയ്യ. തിരക്കില്ലാതെ സ്വസ്ഥമായ അവധി ദിനങ്ങൾ അവൾ ആസ്വദിച്ചു വളരട്ടെ.
പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു. സുദേവാണ്. അവന്റെ ശബ്ദം കേട്ടിട്ട് തന്നെ കുറെ കാലമായി എന്നോർത്തു. മെസ്സേജ് ആണ് പതിവ്. ”എന്തൊക്കെയുണ്ട് വിശേഷങ്ങൾ?”ചോദ്യം മുഴുവനാക്കുന്നതിനു മുൻപ് തന്നെ മറുപടി വന്നു.”എന്തു വിശേഷം. ഇവിടെ തിരക്കാണ്. അടുത്ത മാസമാണ് കമ്പനിയുടെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം. ഞാൻ അതിന്റെ തിരക്കിലാണ്. സൗമ്യയ്ക്ക് പ്രൊമോഷൻ ആയി. അവൾ ആകെ ബിസിയാണ്. ധ്വനിയ്ക്ക് അടുത്തയാഴ്ച്ച എക്സാം തുടങ്ങും. ”
ശ്വാസം വിടാതെയുള്ള ഏട്ടന്റെ സംസാരം കേട്ടു സുപ്രിയയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. അച്ഛനോടും അമ്മയോടും സംസാരിക്കാൻ പോലും സമയമില്ലാതെ അവൻ ഫോൺ വെച്ചപ്പോൾ സുപ്രിയ വീണ്ടും തന്റെ പഴയ സ്ഥലത്തു ചെന്നിരുന്നു.
ഇന്ന് പൗർണമിയാണ്. ആകാശത്തു പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നുണ്ട്. നിലാവിൽ കുളിച്ചു നിൽക്കുന്ന തൊടിയിൽ ഇളം കാറ്റിൽ ചെടികൾ ആടിയുലയുന്നു. നിശാഗന്ധിയുടെ സുഗന്ധം ഒഴുകി യെത്തുന്നുണ്ട്. പഴയൊരു സിനിമാ ഗാനം മനസ്സിൽ ശ്രുതി ചേർന്നു.
“യേ രാതേ യേ മോസം നദീ കാ കിനാരാ, യേ ചഞ്ചൽ ഹവാ”
പ്രകൃതിയാകെ അലൗകികസൗന്ദര്യത്തിൽ കുളിച്ചു നിൽക്കുന്ന പോലെ. ഇവിടെയെത്തുമ്പോൾ മനസ്സിൽ ശാന്തി നിറയുന്ന പോലെ തോന്നും. ജനിച്ചു വളർന്ന വീട്, അച്ഛന്റെയും അമ്മയുടെയും സാമീപ്യം, ഇതെല്ലാം നഗരത്തിലെ വലിഞ്ഞു മുറുക്കുന്ന തിരക്കിൽ നിന്നുള്ള ആശ്വാസത്തിന്റെ തുരുത്തുകളാണ്. അടുത്തുള്ള ആളെ പോലും ശ്രദ്ധിക്കാൻ സമയമില്ലാതെ ഓടേണ്ടി വരുന്ന മുഷിപ്പൻ ദിവസങ്ങളുടെ വിഴുപ്പ് കഴുകി തീർക്കുന്നത് ഇവിടെ നിൽക്കുന്ന അലസദിനങ്ങളിലാണ്. ഓടിയെത്താൻ ഇതുപോലൊരു സ്നേഹതീരമില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഭ്രാന്ത് പിടിച്ചേനെ. തിരക്ക് നിറഞ്ഞ നഗരജീവിതത്തിൽ മനുഷ്യർ ഒറ്റപ്പെട്ട തുരുത്തുകളാണ്. ശാന്തിതീരം തേടി തപസ്സു ചെയ്യുന്ന തുരുത്തുകൾ.
“മോളെ, നമുക്ക് അത്താഴം കഴിക്കാം. എട്ട് മണിയായി. ”
അമ്മയുടെ ശബ്ദം സുപ്രിയയെ ചിന്തകളിൽ നിന്നുണർത്തി. അവൾ പതുക്കെ എഴുന്നേറ്റു അടുക്കളയിലേയ്ക്ക് നടന്നു. ഒട്ടും തിരക്കില്ലാതെ…
#എന്റെരചന… തിരക്ക്


14 Comments
തിരക്കിനിടയിൽ ഒട്ടും തിരക്കില്ലാത്ത കുറച്ചു ദിവസങ്ങൾ ഉണ്ടായില്ലെങ്കിൽ പിന്നെ എന്തു ജീവിതം…… സുന്ദരമായ രചന👍❤️
Thanks❤️
തിരക്കുകൾക്കിടയിൽ നിന്ന് ഒഴിഞ്ഞ് നിലാവ് ആസ്വദിക്കുന്ന നായികയുടെ തീരുമാനം ഉചിതവും മനോഹരവുമാണ്. നല്ല എഴുത്ത്.❤️👌
Thanks ജോയ്സ് ❤️
കുഞ്ഞിൻ്റെ വെക്കേഷൻ കവർന്നെടുക്കണ്ട എന്ന തീരുമാനവും തിരക്കിൽ നിന്ന് ഓടിയൊളിച്ച് ഇടക്കെങ്കിലും
സ്വസ്ഥമാകാനുള്ള ഇഷ്ടവും വളരെ നന്നായി👌👌❤️
Thanks ❤️❤️❤️
Nice
Thanks ജോയ്സ് ❤️
Thanks Sayara ❤️
തിരക്കുകൾക്കെല്ലാം ഇടയ്ക്കിടെ ഇങ്ങനെ അവധി കൊടുത്തില്ലെങ്കിൽ എന്താവുംല്ലേ?
നല്ല കഥ ശ്രീജ ❤️👌🌹
Thanks for reading ❤️❤️
എനിക്ക് ഒത്തിരി ഇഷ്ടമായി ഈ ചെറിയ കഥ 🥰😍🤗. ശരിക്കും ഇത് ഞാൻ തന്നെ. ഒരുപാട് ഇഷ്ടമുള്ള പാട്ട്.. വീട്ടിലെത്തിയാൽ പുറത്തെ നിലാവ് നോക്കി വെറുതെയിരിക്കൽ എല്ലാം. നല്ല ഒഴുക്കുള്ള എഴുത്ത് 👌👌.
Thanks dear ❤️
എല്ലാവരും ജീവിതത്തിരക്കിന്റെഓട്ടത്തിലാണ് എങ്കിലും അവനവന് വേണ്ടിയും കുറച്ചു സമയം കണ്ടെത്തണം..
❤️❤️