ഒരു പട്ടിയാണ് കഴിഞ്ഞ ദിവസം എന്നിൽ ആശങ്കകളുടെ പാതി വേര് മുളച്ച വിത്തുകൾ മനസ്സിൽ പാകിയത്.
ഒറ്റ പ്രസവത്തിൽ ഉരുളൻകിഴങ്ങ് പോലെയുള്ള ഏഴ് കുഞ്ഞുങ്ങൾ. ഒട്ടിയ വയറും തൂങ്ങികിടക്കുന്ന അകിടും അതിന് ചുവട്ടിൽ മത്സര ബുദ്ധിയോടെ പാല് കുടിക്കുന്ന കുട്ടികളും. ക്ഷീണിച്ചു അവശയായി തളർന്നു മാതൃത്വത്തിന്റെ ദയനീയതയോടെ പട്ടി ചരിഞ്ഞു കിടപ്പുണ്ട്. യാതൊരു തരത്തിലുള്ള സംതൃപ്തിയോ പ്രസന്നതയോ ആ സാധു ജീവിയിൽ ഞാൻ കണ്ടില്ല.
അപ്പോഴാണ് റോഡിന്റെ മറുവശത്ത് ഒരു കൂട്ടം നായകൾ തികഞ്ഞ ആരോഗ്യത്തോടെ സ്വാതന്ത്ര്യത്തിന്റെ അവസാന തുള്ളിയും നക്കി തുടച്ചു കൂസലില്ലാതെ കുരച്ചും കണ്ടതെല്ലാം കടിച്ചും കളിച്ചും സന്തോഷത്തോടെ,ലക്ഷ്യ ബോധമില്ലാതെ നടക്കുന്നു.
അക്കൂട്ടത്തിൽ ഏതോ ഒരുവനായിരിക്കണം ഈ ഉരുളൻകിഴങ്ങ് കുട്ടികളുടെ പിതാവ്. ആ കൂട്ടത്തിൽ ആരാണെന്ന് ഒരുപക്ഷേ അവരുടെ മാതാവിനും നിശ്ചയം ഇല്ലായിരിക്കാം. ഇനിയിപ്പോൾ അറിവുണ്ടായിട്ടും പ്രത്യേകിച്ചു ഉപകാരമൊന്നും ഇല്ലാത്തത് കൊണ്ട് മിണ്ടാതെ ഇരിക്കുന്നതും ആവാം.
പുറത്തെ കോണിച്ചുവട്ടിൽ ഒരു പെൺ പൂച്ച നാലുമക്കളെ ഒരിക്കൽ പ്രസവിച്ചിരുന്നു. ആരെയോ ഭയപ്പെട്ടു തന്റെ കുഞ്ഞുങ്ങളെ പലപ്പോഴായി ഇടം മാറ്റി കൊണ്ടേയിരുന്നു. ഒരു ദിവസം കാടൻ പൂച്ച സംഘത്തിലെ ഒരുവൻ കുഞ്ഞിലൊന്നിനെ നിഷ്ക്രൂരം കൊന്നു ഭക്ഷിച്ചു. ശേഷിക്കുന്ന മൂന്ന് കുഞ്ഞുങ്ങളെ പെറുക്കി കൊണ്ട് അമ്മപ്പൂച്ച മറ്റൊരു ഇടം കണ്ടെത്തി.
അടയിരിക്കുന്ന പക്ഷിക്കും, ചിറകു മുളയ്ക്കുന്നത് വരെ പിറകെ നടന്ന് പരിപാലിക്കുന്ന കോഴികൾക്കും വേദനയോടെ മുട്ടയിടുന്ന ജീവികൾക്കും കഥയെല്ലാം ഒന്ന് തന്നെ.
ദൈവം കാരുണ്യവാനും നീതിമാനുമാണോ എന്ന കാര്യത്തിൽ ഏറെ ഭയത്തോടെ സംശയിച്ചു പോകുകയാണിപ്പോൾ.
എന്നോ ഒരിക്കൽ പ്രസവിക്കാനായി പത്തോ പതിനഞ്ചോ വയസുള്ളപ്പോൾ പെൺകുട്ടികൾ ഋതുമതികളാകുന്നു. ആർത്തവത്തിന്റെ അസ്വസ്ഥതയും വേദനയും മാനസിക പിരിമുറുക്കവും സഹിക്കേണ്ടത് ചെറിയൊരു കാലത്തേക്കല്ല എന്നും കൂടി ഓർക്കേണ്ടതുണ്ട്.വയസ്സ് അൻപതു വരെ ഓരോ മാസവും ചുവപ്പുകൊടി ഭാണ്ഡത്തിൽ നിന്ന് പുറത്തെടുത്ത് ഏഴ് ദിവസമോ അതിലധികമോ വീശിയിരിക്കണം. അൻപതാം വയസിൽ ആർത്തവ വിരാമം സംഭവിച്ചു ആശ്വസിച്ചിരിക്കുമ്പോൾ വാർദ്ധക്യത്തിന്റെ പുതപ്പ് വീഴുന്നു.
ഗതികേടിന്റെ ഈ അപ്പക്കഷ്ണം ഭക്ഷിച്ചു കൊണ്ട് ഓരോ പെൺ ജന്മങ്ങളും അവസാനം മൺതരികൾ ആയി തീരുന്നു. ഇതിനു പുറമെ നിവർത്തികേടിന്റെ ഒരായിരം തോരണങ്ങൾ മതങ്ങളും സമൂഹവും ശങ്കകളില്ലാതെ തൂക്കി അലങ്കരിച്ചു വച്ചിട്ടുണ്ട്.
സത്യം പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ പെൺ വർഗ്ഗങ്ങൾ എല്ലാം വളർത്തു മൃഗങ്ങളാണ്. ആരുടെ വളർത്തുമൃഗം ആണെന്നതാണ് ചോദ്യം.
നിരപ്പുള്ള ഭൂമിയിലെ ഓരോ ഗർത്തങ്ങളാണ് XX ക്രോമസോമിൽ ജനിച്ച ഓരോ സാധു ജീവികളും. എല്ലാ പ്രയാസങ്ങളും കഷ്ടപ്പാടും താനേ ഒഴുകി നിറയുന്നത് ഈ ഗർത്തങ്ങളിലാണ്. ശാരീരിക ആരോഗ്യ പരിമിതികൾ, ഹോർമോൺ വേലിയേറ്റം, സാമൂഹിക വിലക്ക്, ശിശു പരിപാലനം, ഗാർഹിക ഉത്തരവാദിത്തം, പ്രസവം, പ്രസവാനന്തര ശാരീരിക-മാനസിക സമ്മർദ്ദം, ഭർതൃ പരിപാലനം, അനുസരണാമൂർത്തി പട്ടം, മതനിയമ ഗിനി പന്നി അങ്ങനെ നീളുന്നു ഈ ശ്രേഷ്ഠ ജീവിതം.
സ്ത്രീ ജന്മം എങ്ങനെയാണ് പുണ്യ ജന്മമായതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പാൽ കൂടുതൽ ഉത്പാദിക്കാൻ ആടുമാടുകൾക്ക് കാലിത്തീറ്റ കലക്കി കൊടുക്കുന്ന അതേ തന്ത്രം തന്നെയാണ് ഈ പുണ്യജന്മ തലക്കെട്ട്.
കണ്ണും മൂക്കും ആന്തരിക അവയവങ്ങളും കൃത്യമായി സൃഷ്ടിച്ച ദൈവം പ്രത്യുൽപാദന പ്രക്രിയകൾ സങ്കീർണമാക്കിയത് നീതികേടായി. വമ്പിച്ച പക്ഷാപാതം ചെയ്തു എന്ന് പറയുന്നതായിരിക്കും ശരി. രണ്ട് വർഗ്ഗത്തിനും ഗർഭപാത്രം സൃഷ്ടിക്കണമായിരുന്നു. കുഞ്ഞ് ആണാണെങ്കിൽ പുരുഷനും, കുഞ്ഞ് പെണ്ണാണെങ്കിൽ സ്ത്രീയും പ്രസവിക്കുന്ന ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഈ ഭൂമി സമാധാനത്തിന്റെ പൂക്കൾ കൊണ്ട് പരിശുദ്ധമായേനെ. ആണഹന്തയുടെ മുൾമുന ആദ്യ പ്രസവത്തിൽ തന്നെ മൂർച്ച പോയി പാകപ്പെടുമായിരുന്നു.
ചോദ്യം ദൈവത്തിനോട് മാത്രമല്ല. പ്രപഞ്ചത്തിനോടും ശാസ്ത്രത്തിനോടും കൂടിയാണ്. ഭാവിയിൽ ഈ സംവിധാനങ്ങൾക്ക് മാറ്റം പ്രതീക്ഷിക്കാനാവുമോ? മനുഷ്യരാശി സമാധാനത്തിന്റെ ചിറകു വിരിച്ചു പറക്കാൻ പാകത്തിന് സജ്ജരായി മാറണമെന്ന് നിങ്ങൾക്കും ആഗ്രഹമില്ലേ?
ഇല വന്നു മുള്ളിൽ വീണാലും, മുള്ള് വന്നു ഇലയിൽ വീണാലും ഇലയ്ക്ക് ദോഷം ബാധിച്ചു കിടക്കുന്ന പട്ടിയുടെ ഗതികേടും, ചളി കണ്ടാൽ ചവിട്ടിയും വെള്ളം കണ്ടാൽ കഴുകിയും നെഞ്ചു വിരിച്ചു നടക്കുന്ന നായയും എന്നെ അസ്വസ്ഥയാക്കുന്നു. ബുദ്ധിശൂന്യരായി പ്രസവം കഴിഞ്ഞു മാസം മൂന്ന് കഴിയുമ്പോൾ പെൺപട്ടിയെ തേടി വരുന്ന നായയുടെ കൂടെ രമിക്കാൻ പോകുന്ന പട്ടിയെ ബോധവൽക്കരിക്കാൻ ആരുമില്ലാതെയായി പോയി. അങ്ങനെയാണ് തെണ്ടി പട്ടിയും നായിന്റെ മോനും ജന്മമെടുത്തത്.
യഥാർത്ഥ നീതിമാൻ പരിഹാരമുണ്ടാക്കും വരെ കൂട്ടത്തിൽ ഞാനും ഇടമുറിയാതെ കുരച്ചു കൊണ്ടിരിക്കാം.


7 Comments
ഒന്നാന്തരം സ്ത്രീപക്ഷ രചന.. അടിപൊളി 👌👌👍
👌👌 ശക്തമായ നിലപാടുകളും കുറിക്ക് കൊള്ളുന്ന തെളിഞ്ഞ എഴുത്തുമായി ഇനിയും മുന്നോട്ട് പോകൂ…. ആശംസകൾ💐💐
നല്ല എഴുത്ത് 👌
ഒരു വ്യത്യാസം വേണം പെൺകുഞ്ഞിനെ ആണു പ്രസവിക്കട്ടെ ആൺകുഞ്ഞിനെ പെണ്ണും
കുഞ്ഞു പെണ്ണായിപ്പോയതിനു പീഡനമനുഭവിക്കുന്നു എല്ലാ അമ്മമാർക്കും വേണ്ടി❤️
നല്ല രചന👌🌹
ഇഷ്ടമായി❤️
ഗംഭീര എഴുത്ത്. പറയാൻ വാക്കുകളില്ല. ഇഷ്ടം❤️❤️
നന്നായി പറഞ്ഞു👍❤️
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻എഴുതാൻ കഴിവുള്ളവരോട് അസൂയപ്പെടുന്നതിൽ തെറ്റുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനെന്റെ അസൂയ ഇവിടെ രേഖപ്പെടുത്തുന്നു.. രസമുള്ള എഴുത്ത്, ഇമ്പമുള്ള വായന..😍 സ്ത്രീ ജന്മം പുണ്യ ജന്മം ആക്കിയ ആ തന്ത്രത്തിന്റെ ഗുട്ടൻസും ദൈവത്തിന്റെ നീതികേടിനെ കുറിച്ചുള്ള പരാമർശവും above all രണ്ട് വർഗ്ഗത്തിനും ഗർഭപാത്രം വേണമായിരുന്നു, ആൺകുഞ്ഞിന് ആൺപാത്രം, പെൺ കുഞ്ഞിന് പെൺപാത്രം എന്ന suggestion ഉം ക്ഷേ ബോധിച്ചു.. *സൂപ്പർ സപ്ന*👌🏻😍