തിലകന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരാളാണ് പുരുഷോത്തമൻ. അതെങ്ങനെ അവർ തമ്മിൽ ഒരു സുഹൃദ് ബന്ധം ഉടലെടുത്തു? തിലകൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചത് സത്യത്തിൽ പുരുഷോത്തമനാണ്. അല്ലെങ്കിൽ ഇങ്ങനെയൊന്നുമാകില്ല തിലകൻ. ഇന്ന് അയാൾ വലിയൊരു നിലയിൽ എത്തിയെങ്കിൽ തീർച്ചയായും നന്ദി പറയേണ്ടത് പുരുഷോത്തമനോടാണ്. എന്നിട്ട് തിലകൻ നന്ദി പറഞ്ഞോ ഇല്ല. ഇപ്പോൾ കണ്ടാൽ മുഖം തിരിച്ചു നടന്നു പോകുന്നത് തിലകനാണോ? അതോ പുരുഷോത്തമനോ?
അതാണ് ചോദ്യം. ഉത്തരം കൊടുക്കേണ്ട ചുമതല തിലകന് തന്നെയാണ്.
ഇത്രയധികം സ്വാധീനിച്ച മറ്റൊരു മനുഷ്യൻ ഇല്ല. അത്രയധികം സഹായിച്ചു ജീവിതം നല്ല നിലയിൽ ആയിട്ടുണ്ടെങ്കിൽ അതിൻ്റെ അടിവേര് തീർച്ചയായും പൂരുഷോത്തമൻ തന്നെയാണ് എന്ന് പറഞ്ഞുവല്ലോ. അതിനേക്കുറിച്ച് പറയണമെങ്കിൽ വളരെ പഴയ കാലത്തേയ്ക്ക് പോകണം.
നാല് പതിറ്റാണ്ടുകൾക്ക് മുൻപ് തിലകൻ ഇന്നത്തെക്കാലത്തെ നിലയിൽ പോയിട്ട് വെറും വട്ട പൂജ്യം മാത്രമായിരുന്നു.
ജോലിയുമില്ല കൂലിയുമില്ല
അമ്മയുടെ ജോലി കൊണ്ട് മാത്രം കഷ്ടപ്പെട്ട് കഴിയുന്ന കുടുംബം.വെറുതെ വൈകുന്നേരം കൂട്ടുകാരുമൊത്ത് എന്തെങ്കിലും ഒക്കെ പറഞ്ഞു കളിച്ചു ചിരിച്ചു നടക്കും.പകൽ കിടന്നുറങ്ങും. അങ്ങനെ ഒരു ദിവസം കിടന്നുറങ്ങുന്ന സമയം. വീട്ടിൽ കറന്റു കണക്ഷനുമില്ല കോളിംഗ് ബെല്ലടിച്ചു എന്ന് പറയാൻ. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീട്. തിലകൻ്റെ ശരീരപ്രകൃതി വണ്ണം കുറഞ്ഞ് അവശനിലയിൽ. ഭക്ഷണം മര്യാദയ്ക്ക് കഴിക്കാൻ കിട്ടേണ്ടേ!
പുരുഷോത്തമൻ വീട്ടിൽ വന്നു. ഉറങ്ങിക്കൊണ്ടിരുന്ന തിലകനെ തട്ടി വിളിച്ചു.
“ഇങ്ങനെ കിടന്നുറങ്ങിയാൽ മതിയോ എന്തെങ്കിലും ജോലി വേണ്ടേ!”
അപ്പോഴാണ് കൂടെ വന്ന ചെറുപ്പക്കാരനെ ശ്രദ്ധിക്കുന്നത്. രണ്ട് പേരേയും അവിടെ കിടന്ന പഴയ പ്ളാസ്റ്റിക് കസേരയിൽ ഇരുത്തി.
” ഇത് ശ്രീനിവാസ്, കാസർകോട്കാരനാണ്. ഇവിടെ എൽ.ഐ.സി ഡെവലപ്മെൻ്റ് ഓഫീസറാണ്.
എനിക്ക് വന്ന ജോലിയാണ് തന്നെ ഏല്പിക്കുന്നത്.എനിക്കാണെങ്കിൽ ഒരു സെൻട്രൽ ഗവൺമെൻ്റ് ഓഫീസിൽ താല്ക്കാലിക ജോലി ഉണ്ട്.പോരാത്തതിന് കടയും ഇനി വെറെ ഒരു ജോലി പറ്റില്ല.അപ്പോൾ ആലോചിച്ചപ്പോൾ ആണ് തന്റെ കാര്യം ഓർമ്മ വന്നത്.ഉടനെ ഇങ്ങോട്ട് പോന്നു.”.
തിലകൻ പറഞ്ഞു” എനിക്ക് ഈ ഇൻഷുറൻസ് ഏജൻസി ഒന്നും പറ്റില്ല. ഓരോരുത്തരെ പറഞ്ഞ് മനസ്സിലാക്കി അവരെ ചേർത്താനൊന്നും എനിക്ക് കഴിയില്ല.ആര് ചേരാൻ! വേറെ വല്ല വരേയും നോക്കുകയല്ലേ നല്ലത്!”
” താൻ വെറുതെ കൂടെ പോയാൽ മതി. ശ്രീനി അതായത് ഓഫീസർ എല്ലാം പറഞ്ഞു കൊടുത്തു ചേർത്തിക്കൊള്ളും. വീട് കാണിച്ചു കൊടുത്താൽ മാത്രം മതി.”
അങ്ങനെ തിലകനെ പിടിച്ച പിടിയാലെ ഏജൻറാക്കി മാറ്റി. ശ്രീനിവാസന് നാടൊന്നും പരിചയമില്ല. ഭാഷയും. കാസർകോട് ഭാഷയും ഇവിടുത്തെ ഭാഷയും തമ്മിലുള്ള വ്യത്യാസം.
വേറെ കുറച്ചു ഏജൻ്റ്മാരെ നിയമിച്ചു കഴിഞ്ഞു. ഏജൻറ്മാർ അവരുടെ സ്വാധീനം ഉപയോഗിച്ച് ബിസിനസ് കൊണ്ട് വരണം. കമ്മീഷൻ ലഭിയ്ക്കും. അദ്ദേഹത്തിന് ഒരു യെസ്ഡി മോട്ടോർ സൈക്കിൾ ആണ് ഉള്ളത്. അതിൽ കയറിയാണ് യാത്ര. നാടും നാട്ടുകാരും സുപരിചിതമാണല്ലോ തിലകന്. അതിനാൽ ധാരാളം പേരെ ചേർത്താൻ കഴിഞ്ഞു.
പിന്നെ തിലകനെ പറ്റി നല്ല അഭിപ്രായമാണ് എല്ലാവർക്കും. ഒരു പാവം. പറ്റിയ്ക്കില്ല എന്ന് ഒരു ഉറപ്പും അവർക്ക് ഉണ്ട്.
അങ്ങനെ ഒരു വർഷം കഴിയാറായപ്പോഴേക്കും തരക്കേടില്ലാത്ത ബിസിനസ് പിടിച്ചു. കമ്മീഷൻ കിട്ടി. എൻഡോവ്മെൻറ് പോളിസിക്ക് ഇരുപത്തി അഞ്ച് ശതമാനം കമ്മീഷനാണ്! മണി ബാക്ക് പത്ത് ശതമാനം ആദ്യവർഷം. പിന്നെ അടക്കുന്നതിന്റെ അനുസരിച്ച് കമ്മീഷൻ കിട്ടും. ഒരു വർഷം കഴിഞ്ഞപ്പോൾ തിലകന് വീണ്ടും ഒരു ജോലി കൂടി നൽകാൻ പുരുഷോത്തമൻ തയ്യാറായി. സെൻട്രൽ ഗവണ്മെൻ്റ് സ്ഥാപനത്തിൽ ഒരു താല്ക്കാലിക ജോലി. പക്ഷേ പരീക്ഷ എഴുതിയോ അല്ലാതേയോ പ്രമോഷൻ കിട്ടാൻ സാധ്യതയുണ്ട്. അതിന് വേറെ ഒരു തടസ്സമുണ്ട്. ആ പോസ്റ്റ് വേക്കൻറ് ആണെങ്കിലും അതിൽ താല്ക്കാലികമായി വേറെ ഒരാൾ അതായത് വേറെ സ്റ്റേറ്റ് സർക്കാർ ജോലി കിട്ടി പോയ അയാളുടെ അളിയൻ ആ പോസ്റ്റിൽ അള്ളിപ്പിടിച്ച് നിൽക്കുന്നുണ്ട്. ചിലപ്പോൾ അയാൾക്ക് കിട്ടിയേക്കും.
അതിനൊരു പാര വയ്ക്കണം. കുറെ ഊമകത്തുകൾ എഴുതി ഡിപ്പാർട്ട്മെൻ്റിലേക്ക് അയക്കാൻ പ്ളാനിട്ടു പുരുഷോത്തമൻ.തിലകനും കത്തെഴുതി പോസ്റ്റ് ചെയ്തു. കുറെ കള്ളപേര് വച്ചും എഴുതി.ഡിപ്പാർട്ട്മെൻറ് അന്വേഷണത്തിന് ഉത്തരവിട്ടു. അങ്ങനെ താല്ക്കാലിക ജോലി പാവം അളിയന് നഷ്ടപ്പെട്ടു. ആ പോസ്റ്റിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പുരുഷോത്തമന് അങ്ങനെ ചില കുരുട്ടുബുദ്ധികളുണ്ട്.
തിലകനും അപേക്ഷിച്ചു.എന്ന് പറഞ്ഞാൽ അങ്ങനെ ഒരു വേക്കൻസി മനപ്പൂർവം സൃഷ്ടിച്ചത് സത്യത്തിൽ പുരുഷോത്തമനാണ്. അല്ലെങ്കിൽ അത് ഉണ്ടാവില്ല.
അന്ന് എംപ്ളോയ്മെൻറിൽ നിന്നും ഇൻ്റർവ്യൂവിന് എടുക്കേണ്ട പത്ത് പേരുടെ ലിസ്റ്റ് തരും. അതിൽ നിന്നും സെലക്ട് ചെയ്യണം ഈ ജോലിക്ക്. പാർട്ട് ടൈം ജോലി.മറ്റ് എന്തെങ്കിലും വേറെ ജോലി കൂടി ഉണ്ടായിരിക്കണം. വലിയ രാഷ്ട്രീയ സ്വാധീനം ഒക്കെ ചെലുത്തുന്ന ആളുകൾ ഒക്കെ ഉണ്ടായിരുന്നു എങ്കിലും പുരുഷോത്തമൻ ചില ആളുകളെയൊക്കെ ചാക്കിട്ടു പിടിച്ചു. ജോലി തിലകന് തന്നെ കിട്ടി.
അതിന്ന് പേരിൽ പലർക്കും ചെലവ് ഒക്കെ ചെയ്തു എന്നത് വേറെ കാര്യം.അത്രയേ ചെയ്തുള്ളൂ.
തിലകൻ വിനീത വിധേയനായി. ഒന്നല്ല രണ്ടു ജോലിയാണ് വാങ്ങി കൊടുത്തിരിക്കുന്നത് ഈ പുരുഷോത്തമൻ എന്ന മഹദ് വ്യക്തി. അന്ന് പുരുഷോത്തമൻ ജോലി ചെയ്യുന്ന അതേ സ്ഥാപനത്തിൽ തന്നെ തിലകനും ജോലി ആരംഭിച്ചു. വേറെ പോസ്റ്റുകൾ ആണ് രണ്ട് പേർക്കും. അവിടെ പിന്നേയും കുറേ സ്റ്റാഫുകൾ ഉണ്ട്.അവരൊന്നും പുരുഷോത്തമനെ അടുപ്പിയ്ക്കുകയില്ല. ഭയങ്കര കുരുട്ടു ബുദ്ധി ആണല്ലോ. അയാൾ കേൾക്കാതെ കുറ്റം പറയുകയും ചെയ്യും. ഈ തിലകൻ രണ്ട് വഞ്ചിയിൽ കാലിടും.പുരുഷോത്തമന്റെ കൂടെ നിൽക്കുന്ന സമയം തന്നെ എതിർചേരിയിലും നില്ക്കും. ഓഫീസിൽ നടക്കുന്ന സൽക്കാരങ്ങളെല്ലാം പുരുഷോത്തമനെ അറിയിക്കാതെ ആയിരിക്കും മറ്റുള്ളവർ നടത്തുക.അത് പോലെ സ്റ്റാഫിന്റേയോ മറ്റ് നാട്ടിലെ അറിയുന്നവരുടേയോ വിവാഹാലോചനകൾ പെണ്ണ് കാണൽ എല്ലാം രഹസ്യമാക്കി വയ്ക്കും. ഈ പുരുഷോത്തമൻ അറിഞ്ഞാൽ അത് മുടക്കിയാലോ എന്നാണ് ചിലർ പറയുന്നത്. ഈ നന്ദി കെട്ട തിലകൻ വരെ കല്യാണാലോചനകളും പെണ്ണ് കാണലും ഈ പാവം പുരുഷോത്തമനിൽ നിന്നും മറച്ചു വച്ചു എന്നതാണ് ഏറെ ദുഖകരം.സ്വന്തമായി കിട്ടിയ ജോലി പകരം കൊടുത്തു, വേക്കൻസി ഉണ്ടാക്കി, പലരേയും കണ്ട് ഈ ജോലിയും ഉണ്ടാക്കി തന്നു. എന്നിട്ട് ചെയ്തത് വളരെ മോശമായി പോയി.
പാവം പുരുഷോത്തമൻ!
ഇടയ്ക്കിടെ ചെലവുകൾ ചെയ്യാറുണ്ട് എന്നതൊഴിച്ചാൽ തിലകനിൽ നിന്ന് പുരുഷോത്തമന് എന്താണ് കിട്ടിയത്? ഒന്നുമില്ല. നന്ദികേട് മാത്രം.
തിലകൻ പത്ത് പന്ത്രണ്ട് വർഷം എൽഐസി ഏജൻസി ഈ ജോലിയുടെ കൂടെ തുടർന്നു. പിന്നീട് ജോലി ഡിപ്പാർട്ട്മെൻ്റ് ആയപ്പോൾ നിർത്തി. പിന്നെ മറ്റ് ജോലികൾ പറ്റില്ല. ധാരാളം കമ്മീഷൻ ലഭിച്ചു. എന്നാൽ ഈ പുരുഷോത്തമൻ അല്ലേ അതെല്ലാം കിട്ടാൻ കാരണം. എന്തെങ്കിലും ഒരു സമ്മാനം അയാൾക്ക് വാങ്ങി കൊടുത്തോ?
തിലകൻ പിന്നേയും പ്രമോഷൻ ടെസ്റ്റുകൾ പാസ്സായി.ഒന്നു കഴിഞ്ഞ് മറ്റൊന്ന്. വലിയ നിലയിൽ ഓഫീസിന്റെ ചാർജ് വരെ ഉള്ള പോസ്റ്റുകളിലേക്ക് പ്രമോഷൻ കിട്ടി. പുരുഷോത്തമൻ ഒരു സ്റ്റെപ്പ് പ്രമോഷൻ കിട്ടി എന്ന് മാത്രം. തിലകൻ പുരുഷോത്തമന്റേയും മേലുദ്യോഗസ്ഥൻ ആയി. സാറേ എന്നൊക്കെ വിളിക്കേണ്ടി വന്നു എന്ന് ചുരുക്കം! പാവം പുരുഷോത്തമൻ തിലകനെ സാറേ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ “അങ്ങനെ വിളിക്കരുത്, പുരുഷോത്തമൻ അല്ലേ എനിക്ക് ഈ സ്ഥാനമാനങ്ങൾ എല്ലാം ലഭിക്കാൻ കാരണം!? ഞാൻ പഴയ തിലകൻ തന്നെയല്ലേ” എന്നൊന്നും പറഞ്ഞില്ല എന്നത് അതിലേറെ നന്ദികേട്!
അവസാനം പുരുഷോത്തമൻ റിട്ടയർ ചെയ്തു. തിലകൻ പിന്നേയും കുറേ വർഷങ്ങൾ കഴിഞ്ഞു റിട്ടയർ ചെയ്തു. ഇപ്പോൾ പണ്ടത്തെ പോലെ രണ്ടു പേരും കൂടി കാണൽ വരെയില്ല. പുരുഷോത്തമൻ സൈക്കിൾ ചവിട്ടി പോകുമ്പോൾ തിലകൻ ബൈക്കിൽ അയാളുടെ മുന്നിലൂടെ പോയാലും ഒന്ന് നിൽക്കുകയോ ഒന്ന് ചിരിക്കുകയോ മിണ്ടുകയോ പോലുമില്ല എന്നതാണ് നന്ദികേടിൻ്റെ അങ്ങേയറ്റം. പുരുഷോത്തമൻ എന്ത് തെറ്റ് ചെയ്തു? അയാളോട് ഇത്രയധികം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്തിട്ടും ഒരക്ഷരം മിണ്ടിയില്ല പുരുഷോത്തമൻ ഇത് വരെ!
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#ആരോഒരാൾ
#കഥ_നന്ദികേടിന്റെആൾരൂപം.
#രചന_രാമചന്ദ്രൻടിവി


6 Comments
നല്ല രചന👍🌹
ചിലർ പിന്തിരിങ്ങു നോക്കാറില്ല.😰
കാലം കണക്ക് പറയും
അഭിപ്രായങ്ങൾ വളരെ വിലപ്പെട്ടതാണ്. എല്ലാവർക്കും നന്ദി സ്നേഹം
നല്ല രചന👌🌹❤️
നല്ല കഥ…🌹🌹