കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളിൽ എന്നത് എത്ര സത്യമാണ്, കവി പറഞ്ഞിരിക്കുന്നത്. പണ്ടൊക്കെയാണെങ്കിൽ അത് ഒരു ആദർശത്തിൻ്റെ പേരിൽ ആണെന്ന് പറയാം. ഇന്നോ?
കേരളത്തിലെ പ്രകൃതിഭംഗി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. നമുക്ക് എന്നും കാണുന്നതിനാൽ വിലയില്ലെങ്കിലും മറ്റ് നാട്ടുകാർക്ക് അങ്ങനെയല്ല. മനോഹരമായ പ്രകൃതിഭംഗിയാൽ അനുഗ്രഹീതയായ കേരളം. മലകളും പുഴകളും കായലുകളും, അരുവികളും പച്ചപുതച്ച നെൽപ്പാടങ്ങളും, ഇടതൂർന്ന കാടുകളും എല്ലാം കൊണ്ടും മനോഹരി തന്നെയാണ് നമ്മുടെ സ്വന്തം നാട്.
അത് കൊണ്ട് തന്നെ ദൈവത്തിൻ്റെ സ്വന്തം നാട് എന്നൊക്കെ ഒരു അപരനാമം കൂടി സ്വന്തമാക്കിയിട്ടുണ്ട്.
ഏറ്റവും പ്രധാനം ഇവിടുത്തെ കാലാവസ്ഥ തന്നെയാണ്. ഇന്ന് ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അത്ര വലിയ വ്യത്യാസമൊന്നും നമുക്ക് അനുഭവപ്പെടുകയില്ല.
പണ്ട് ആറുമാസം വേനലും ആറുമാസം വർഷവും ആയിരുന്നു. തുലാവർഷം, കാലവർഷം എന്നിങ്ങനെ രണ്ടു ഭാഗമായി മഴക്കാലം. മറ്റ് മാസങ്ങൾ വേനലും. മാർച്ച് മുതൽ കഠിനമായ വെയിലും. ഇവിടുത്തെ കഠിനമായ വെയിലൊന്നും മറ്റ് സ്ഥലങ്ങളിലെ വെയിലുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല. സഹിക്കാം.
പിന്നെ മനുഷ്യൻ തന്നെ വരുത്തിവയ്ക്കുന്ന ദുരന്തങ്ങൾക്ക് പ്രകൃതിയെ കുറ്റം പറയേണ്ട ആവശ്യമില്ല. മരങ്ങൾ മുറിച്ച് കളഞ്ഞും കാട് തീയ്യിട്ടും വെട്ടിത്തെളിച്ചുമൊക്കെ കാടും മലയും മരങ്ങളും ഇല്ലാതാകുമ്പോൾ സ്വാഭാവികമായും ചൂട് കൂടും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ അമിത
ഉപയോഗം, വാഹനങ്ങളുടെ വർധനവ്, അന്തരീക്ഷമലിനീകരണം
തുടങ്ങിയവയൊക്കെ ചൂട് കൂടാൻ കാരണമാകുന്നു. ഇവിടെ മാത്രമല്ല ലോകമൊട്ടാകെ ഉള്ള ഒന്നാണ് ആഗോളതാപനം.
അത് കൊണ്ട് തന്നെ ഇപ്പോൾ കാലാവസ്ഥ മാറിമറിഞ്ഞു എങ്കിലും മറ്റ് ഏത് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും താമസിക്കുന്നതിനേക്കാൾ സുഖപ്രദം നമ്മുടെ കേരളം തന്നെ.
ഭാഷ… ഏറ്റവും സങ്കീർണമായ ഒരു ഭാഷയാണ് മലയാളം. മലയാളം പഠിച്ചാൽ മതി മറ്റ് ഏത് ഭാഷയും പഠിക്കാൻ എളുപ്പമാകുമെന്നാണ് പറയപ്പെടുന്നത്. തമിഴാണ് മലയാളത്തിന്റെ തായ്ഭാഷ അഥവാ അമ്മഭാഷ എന്നാണ് പറയുന്നത്. പണ്ട് കേരളം ഉണ്ടായിരുന്നില്ലല്ലോ. മദ്രാസ് ആയിരുന്നു പണ്ടത്തെ കേരളത്തേക്കുറിച്ച് മറ്റ് നാട്ടുകാർക്ക്. മലയാളികൾ മദ്രാസികളും. കേരളം തന്നെ മദ്രാസ് പ്രൊവിൻസിന്റെ ഒരു ഭാഗമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.
അതെന്തായാലും ഒരു ഭാഷ മറ്റു ഭാഷകളിൽ നിന്നും ഉരുത്തിരിഞ്ഞതായിരിക്കും. തമിഴ്, തെലുങ്ക്, കന്നഡ മലയാളം ഇവയൊക്കെ തെക്കൻ സംസ്ഥാനങ്ങളിലെ ഭാഷകൾ, അവയിലെ വാക്കുകൾ എല്ലാം സാമ്യമുള്ളവയായിരിക്കും. അത് പോലെ ഈ ഭാഷകൾ അന്യോന്യം കൊടുക്കൽ വാങ്ങലുകൾ നടത്തിയതിനാൽ പെട്ടെന്ന് മനസ്സിലാകും.
വായ്മൊഴി എഴുത്തായി മാറിയത് അധികകാലം ഒന്നും ആയിട്ടില്ല. മലയാളത്തിലെ ആദ്യത്തെ കൃതി വന്നിട്ടും ഏതാനും നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടിൽ ആണ് ആദ്യനോവലായ പുല്ലേലിക്കുഞ്ചുവും കുന്ദലതയുമൊക്കെ പുറത്ത് വന്നത്.
ഇപ്പോഴത്തെ തലമുറയ്ക്ക് മുൻപുള്ള തലമുറ വരെ അനേകം മഹാന്മാരായ സാഹിത്യകാരൻമാരും കവികളും നിരൂപകരുമൊക്കെ ഉണ്ടായിരുന്നു എങ്കിലും പുതിയവർ വളരെ കുറവാണ്. ഇപ്പോൾഎഴുത്തുകാർ ധാരാളമുണ്ടെങ്കിലും കാമ്പുള്ള സാഹിത്യസൃഷ്ടികൾ അപൂർവങ്ങളിൽ അപൂർവം മാത്രം. കവിതകളോ കാവ്യങ്ങളൊ അതും എണ്ണത്തിൽ റെക്കോഡ് സ്ഥാപിക്കുമെങ്കിലും ശരിയായവ വളരെ കുറവാണ്.
സിനിമകളായാലും പണ്ടും ഇന്നും വളരെ കുറവ് മാത്രമേ യഥാർത്ഥസിനിമകൾ ഉള്ളൂ. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്നവ എത്ര കുറച്ചേയുള്ളൂ.
കേരളത്തിലെ ഭക്ഷണ സമ്പ്രദായം ആകെ മാറിയിരിക്കുന്നു. പണ്ട് ദാരിദ്ര്യവും കഷ്ടപ്പാടുകളും കൊണ്ടായിരിക്കണം പോഷകാഹാരം കഴിക്കാൻ വരെ കഴിയാറില്ല. എന്നാൽ അപൂർവം ആളുകൾ ഒഴികെ ബാക്കി അതിദാരിദ്ര്യമൊക്കെ തുടച്ചു നീക്കി എന്നാണ് പറയപ്പെടുന്നത്.
പണ്ട് പച്ചക്കറികളും അപൂർവമായി മത്സ്യവും മാംസവും കഴിച്ചിരുന്ന സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ നോൺ വെജിറ്റേറിയൻ ഭക്ഷണമാണ് കഴിക്കുന്നത്.
വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ കുറഞ്ഞു. അത് ഒരു മാനക്കേടായാണ് നോൺ വെജ് ആളുകൾ കരുതുന്നത്. സോഷ്യൽ മീഡിയ നോക്കിയാൽ വെജിറ്റേറിയൻമാരോടുള്ള പുച്ഛം കാണാം. പണ്ട് ഡോക്ടർമാർ പറഞ്ഞിരുന്നതും അത് തന്നെ. പ്രോട്ടീൻ സമൃദ്ധമായി കിട്ടാൻ മത്സ്യവും മാംസവും കഴിക്കണം. ഇന്ന് ലോകത്തിൽ പലയിടത്തും ഇതെല്ലാം മാറി. യൂറോപ്യൻ മാരും അമേരിക്കക്കാരുമടക്കം വേഗൻമാരുടെ എണ്ണം വർദ്ധിക്കുന്നു. അവർ വെജിറ്റേറിയനിസത്തിലേക്ക് മാറുന്നു. ഇവിടെ നേരെ തിരിച്ചും. കുഴിമന്തിയും അൽഫാമും ഷവർമ്മയുമൊന്നും കഴിച്ചില്ലെങ്കിൽ ഭക്ഷണം ആയില്ല എന്ന തോന്നലാണ് ന്യു ജെൻ പിള്ളേർക്ക്.
വസ്ത്രങ്ങൾ, ഫാഷൻ, എല്ലാ രംഗത്തും മാറ്റങ്ങൾ വന്നിട്ടുണ്ട് കേരളത്തിലും അതിൻ്റെ അലയൊലികൾ കാണാതിരിക്കില്ലല്ലോ!
മുണ്ടും ഷർട്ടും പാൻ്റും ഒക്കെ ധരിച്ചവർ പാവാട, സാരി എന്നിവ ധരിച്ചവർ അവരെല്ലാം പുതിയ മോഡൽ വസ്ത്രങ്ങളാണ് ഇന്ന് ഉപയോഗിക്കുന്നത്.
ടീ ഷർട്ട് ഷോർട്സ് ജീൻസ് ലെഗിൻസ് എല്ലാം എല്ലായിടത്തുമായി.
എന്നാലും ഓണം തുടങ്ങിയ ദിവസങ്ങളിൽ പരമ്പരാഗത രീതിയിൽ വസ്ത്രംധരിക്കുന്നതും ഫാഷനായി. കേരള സാരിയും സെറ്റ് മുണ്ടും ലോംഗ് ബ്ളൗസുമൊക്കെ ആ ദിവസങ്ങളിൽ കാണാം. ജീൻസും ഷോർട്സും ഇടുന്നവർ മുണ്ട് ആ ദിവസം ഉടുക്കും.
മഹാബലിയുടെ ചരിത്രമാണ് കേരളത്തിൽ കൊണ്ടാടുന്നത്. എല്ലാവർക്കും ഒരേപോലെ ജീവിക്കാൻ കഴിഞ്ഞിരുന്ന കാലം. കള്ളത്തരങ്ങൾ ഇല്ലാത്ത കാലം. തട്ടിപ്പും വെട്ടിപ്പും ക്രൂരകൃത്യങ്ങളുമില്ലാത്ത കാലം. നന്മകൾ മാത്രം പുലർന്നിരുന്ന സമൃദ്ധിയുടെ കാലം.
സത്യമാണെങ്കിലും ഭാവനയാണെങ്കിലും നല്ല ഒരു സങ്കല്പമാണ് ഓണം.
അന്നെങ്കിലും ആളുകൾ നന്നാവും എന്നാണ് പറയുന്നത് എങ്കിലും തട്ടിപ്പിൻ്റെ കാലമാണ് ഓണക്കാലം എന്നതാണ് സത്യം. കച്ചവടങ്ങൾ ഒക്കെ വമ്പിച്ച ലാഭം എന്ന് പറഞ്ഞു വില്പനയ്ക്ക് ഇറങ്ങും. ലാഭം വാങ്ങുന്നവർക്കല്ല
വില്ക്കുന്നവർക്കാണ്എന്നത് ആര് പറഞ്ഞു മനസ്സിലാക്കും!
കൂടുതൽ വില ഇട്ട് അതിൽ നിന്ന് ഇത്ര രൂപ ഡിസ്ക്കൗണ്ട്. അപ്പോഴും യഥാർത്ഥ വിലയുടെ അടുത്തു പോലും എത്തിയിട്ടില്ല. പോരാത്തതിന് ഓണത്തിനും ക്രിസ്മസിനും പെരുന്നാളിനും ഒക്കെ ബീവറേജസ് കോർപ്പറേഷൻ്റെ റെക്കോർഡ് വില്പനയും.
ഭക്ഷ്യവസ്തുക്കളെല്ലാം മറ്റ് നാടുകളിൽ നിന്ന് ഇറക്കുമതി.അതെല്ലാം മായവും വിഷവും.
സ്വന്തമാക്കിയ ഒരു വസ്തു ഇവിടെ ഉണ്ടാകുന്നില്ല.
കേരളപ്പിറവി ആഘോഷങ്ങൾ നടക്കുകയാണ് കേരളമൊട്ടാകെ.
1956 നവംബർ ഒന്നിന് മാത്രമേ കേരളം ഉണ്ടായുള്ളൂ.അതിന് മുൻപ് തിരുവിതാംകൂർ കൊച്ചി മലബാർ എന്നിങ്ങനെ മൂന്നായിരുന്നു. വ്യത്യസ്ത രാജാക്കന്മാർ ഭരിച്ചിരുന്ന രാജ്യങ്ങൾ. അതിൽ തന്നെ എത്രയോ രാജ്യങ്ങൾ രാജാക്കന്മാർ. നാട്ടുരാജ്യങ്ങൾ അനവധിയായിരുന്നു. എല്ലാം കൂട്ടിച്ചേർത്തുണ്ടാക്കിയ താണ് ഇന്നത്തെ കേരളം.
കന്യാകുമാരി മുതൽ ഗോകർണ്ണം വരെ എന്നാണ് പണ്ടത്തെ കണക്ക്. ഗോകർണ്ണം കർണാടകയിലും കന്യാകുമാരി തമിഴ് നാട്ടിലും പോയി. ബാക്കിയുള്ള പാറശ്ശാല മുതൽ കാസർഗോഡ് വരെയുള്ള സ്ഥലമാണ് കേരളം.
പുരാണങ്ങളിൽ പണ്ട് മുതലേ കേരളം ഉണ്ടായിരുന്നു. പരശുരാമൻ കടലിൽ മഴുവെറിഞ്ഞ് നേടിയ സ്ഥലങ്ങളാണത്രെ കേരളമായത്.
മഹാബലി ഭരിച്ചിരുന്ന രാജ്യവും ആയിരുന്നു കേരളം.
യഥാർത്ഥത്തിൽ ആ കാലത്ത് കേരളം എന്ന ഒരു രാജ്യം പോലും ഉണ്ടായിരുന്നില്ലല്ലോ . ചെറിയ ചെറിയ നാട്ടുരാജ്യങ്ങൾ മാത്രം.പിന്നീട് നാട്ടുരാജ്യങ്ങൾ ഒരുമിച്ച് ചേർത്താണ് കേരളമായത്
ആ കേരളപ്പിറവിയാണ് ഇന്ന് നാം ആഘോഷിക്കുന്നത്..
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#കേരളമെന്ന്കേട്ടാൽ
#രചന_രാമചന്ദ്രൻടിവി


5 Comments
എല്ലാവർക്കും നന്ദി സ്നേഹം സന്തോഷം
കേരളത്തെ കുറിച്ച് സമഗ്രമായി പ്രതിപാദിച്ചു.
👍.👏
കേരളമെന്ന നമ്മുടെ സ്വന്തം നാടിൻ്റെ പല അവസ്ഥകൾ നന്നായി വിവരിച്ചു👌
നല്ലെഴുത്ത്♥️🌹
കേരളത്തെക്കുറിച്ച് സുന്ദരമായ വിവരണം👍🌹
നല്ല രചന👌👌👏👏