നിന്നോടൊപ്പം
എനിക്കൊരു യാത്ര
പോകണം…
വിശുദ്ധ രാജ്യങ്ങളുടെ
അതിർത്തികൾ ഭേദിച്ച്
ഒരു തീർത്ഥയാത്ര..!
നിഗൂഢതകളുടെ
രാജ്യങ്ങളെ കരമൊഴിവാക്കി
അടിയറ വെച്ച്,
വസന്തത്തെയൊന്നാകെ
ഉടലിൽ നിറച്ച് നമ്മൾ
വാസനിക്കും..
ശിശിരമായ് കൊഴിഞ്ഞ്
ആത്മാവോളം നഗ്നരാകും..
ആനന്ദങ്ങളുടെ ആയത്തിൽ
വേരോളമാഴ്ന്ന്,
ചില്ലകളോളം ഉയർന്ന്,
ഉമ്മകൾ കൊണ്ട് മൂടി,
ആയുസ്സിലെ
അവസാന അത്താഴമുണ്ണുന്ന
വിശപ്പോടെ, രുചിയോടെ
നമ്മൾ ഇണ ചേരും…
മഷി വറ്റും മുൻപേ
ഉത്തമഗീതമെഴുതും..
ഉടലൊരു ഉല്ലാസ നൗകയാക്കി
ഏഴാം കടല് താണ്ടും..
പിരിയുന്നേരം
ഇനിയൊരിക്കലും
കണ്ടു മുട്ടില്ലെന്നൊരു
ഭാരത്താൽ നെഞ്ച് കടയും…
ഹൃദയം നൊന്ത് താഴും..
കണ്ട് കൊതി തീരാഞ്ഞും
മിണ്ടി മതി വരാഞ്ഞും
കടയുന്ന കണ്ണിൽ
നിന്നെ നിറച്ച്
യാത്ര പറയാതെ ഞാൻ
മടങ്ങിപ്പോകും…


7 Comments
ഹൃദ്യം രചന👍❤️
ഇഷ്ട്ടായി.. 👌
Super👌👌💗
എത്ര സുന്ദരമായ വരികൾ. ആത്മാവിലേക്കിറങ്ങിച്ചെല്ലുന്നു.♥️♥️♥️
മനോഹരം.👍❤️
സുന്ദരമായ വരികൾ. ഒത്തിരി ഇഷ്ടമായി❤️🥰
Super👌👌💗