“എല്ലാം കൂടി എന്നെക്കൊണ്ട് പറ്റാതായിരിക്കുന്നു. രമണി ചേച്ചിയോട് അടുക്കളയിൽ ഒന്ന് സഹായിക്കാൻ കൂടി പറഞ്ഞാലോ?”
“അതിനുമാത്രം എന്തു മലമറിക്കുന്ന പണിയാ നിനക്കിവിടെ ഉള്ളത്?” വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ നിന്നു കണ്ണെടുത്തു അയാൾ ചോദിച്ചു.
“ഏട്ടന് അറിയില്ലേ, എനിക്ക് ഓഫീസ് സമയം മാറിയത്? മുൻപ് രാവിലെ എട്ടരക്ക് ഇറങ്ങിയിരുന്ന ഞാൻ ഇപ്പോൾ ഏഴ് നാൽപതിനു ഇറങ്ങണം.”
“അതാണോ ഇത്ര വലിയ കാര്യം? മൂടിപ്പുതച്ചു ഉറങ്ങുന്ന നേരത്തു മുക്കാൽ മണിക്കൂർ നേരത്തെ എഴുന്നേറ്റാൽ പോരെ?” അയാൾ പരിഹാരം നിർദ്ദേശിച്ചു.
“ഞാൻ ഇപ്പോൾ എഴുന്നേൽക്കുന്നത് അഞ്ച് മണിക്കാണ്. ഇനി അതു നാലേകാൽ ആക്കണം എന്നാണോ ഏട്ടൻ പറയുന്നത്?”
“എടി, നിനക്ക് അറിയാമോ എന്റെ അമ്മ നാലുമണിക്കാണ് ഉറക്കം എഴുന്നേറ്റിരുന്നത്. ഇന്നത്തെ പോലെ ഗ്യാസ് കണക്ഷൻ ഇല്ല, കിണറ്റിൽ മോട്ടോർ ഇല്ല…. ഒരു സൗകര്യങ്ങളും ഇല്ല.”
“അന്ന് ഏട്ടന്റെ അമ്മയ്ക്ക് ജോലിക്ക് പോകണ്ടായിരുന്നു.”
“അതുശരിയാ, ഉദ്യോഗം ഇല്ലായിരുന്നു, പക്ഷേ അച്ഛനും ഞങ്ങൾ മൂന്നു മക്കളും ഉണ്ടല്ലോ വീട്ടിൽ, എല്ലാർക്കും വേണ്ടിയുള്ള പാചകം, തുണിയലക്കൽ, എല്ലാം തേച്ചു മടക്കി വെക്കുക, ഇതൊക്കെ അമ്മ ഒറ്റയ്ക്ക് തന്നെയാ ചെയ്യുക.
പിന്നെ തൊഴുത്തിൽ എപ്പോഴും രണ്ടു പശുവും അതിന്റെ കുട്ടികളും കാണും. നാലഞ്ച് ആടുകൾ, പത്തിരുപതു കോഴി. ഇവ എല്ലാറ്റിനെയും അമ്മ ഒറ്റയ്ക്ക് ആണ് നോക്കിയത്.
ഞങ്ങൾക്കു നാലേക്കർ വയൽ ഉണ്ടായിരുന്നു, അവിടെ മിക്കവാറും ജോലിക്കാർ കാണും. അവർക്കൊക്കെ വേണ്ടുന്ന ആഹാരം മൂന്നുനേരവും അമ്മ തന്നെയാ വേവിച്ചു കൊണ്ടു കൊടുക്കുക.
ഇതൊന്നും പോരാഞ്ഞു അമ്മ ഈ നാട്ടിലെ ഏറ്റവും മികച്ച തയ്യൽക്കാരിയും കൂടി ആയിരുന്നു. ദിവസവും ആളുകൾ തയ്ക്കാൻ തുണി കൊണ്ടുവരും. അതു തയ്ച്ചു കൊടുത്ത് അമ്മ വരുമാനവും ഉണ്ടാക്കിയിരുന്നു.
നിനക്കറിയാല്ലോ, ഈ കുടുംബത്തിൽ എന്റെ അമ്മയ്ക്കും അച്ഛനും മാത്രമാണ് സർക്കാർ ജോലി ഇല്ലാതിരുന്നത്. അതുകൊണ്ട് തന്നെ അച്ഛന്റെ സഹോദരങ്ങളുടെ മക്കൾ എല്ലാവരും വളർന്നത് ഇവിടെ ഈ വീട്ടിലാണ്. കണ്ടു പഠിക്കണം ഇന്നത്തെ പെണ്ണുങ്ങൾ അതൊക്കെ.” അയാൾ പുച്ഛിച്ചു.
“ഓ, ഏട്ടന്റെ അമ്മ ഒരു സംഭവം തന്നെയായിരുന്നു, അല്ലെ?
“പിന്നില്ലാതെ, ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ നീയൊന്നും ചെയ്യുന്ന ജോലികൾ ഒന്നും, ജോലിയെ അല്ലെന്ന്. അലക്കാൻ മെഷീൻ, വെള്ളം കോരാൻ മോട്ടോർ, അരക്കാൻ മിക്സി, ഗ്രൈൻഡർ, എല്ലാം എളുപ്പ പണികൾ ആണ്. എന്നിട്ടാണെങ്കിലോ പരാതി ഒഴിഞ്ഞ നേരമില്ല. ആരോഗ്യമുണ്ടോ എന്ന് ചോദിച്ചാൽ അതുമില്ല. എന്നും തലവേദന, പിടലി വേദന, മുട്ടുവേദന.. സൗകര്യം കൂടിപ്പോയതിന്റെ ഏനക്കേടാണ്. ”
“ആ പിന്നെ മുറ്റമടിക്കാൻ വരുന്ന രമണി ചേച്ചിയോട് നാളെ മുതൽ വരണ്ട എന്നു നീ തന്നെ പറയുന്നോ, അതോ ഞാൻ പറയണോ?” അയാൾ ചോദിച്ചു.
“ഏട്ടാ, അതു പിന്നെ തീരുമാനിക്കാം. ഇപ്പോൾ ഏട്ടൻ എന്റെ ഒരു സംശയത്തിന് മറുപടി തരുമോ?”
“ചോദിച്ചോ, എന്തു വേണേൽ ചോദിച്ചോ.”
അയാൾ ഉത്സാഹത്തോടെ പറഞ്ഞു.
“ഏട്ടന്റെ അമ്മ എത്ര വയസ്സ് വരെ ജീവിച്ചു?”
അയാളുടെ മുഖം പെട്ടെന്ന് വിളറി.
“പറയ്, ആ അമ്മ എത്ര വയസ്സ് വരെ ജീവിച്ചു?”
“മരിക്കുമ്പോൾ നാല്പത് വയസ്സായിരുന്നു.” അയാൾ പിറുപിറുത്തു.
“കഷ്ടം, ഇരുപത് വയസ്സിൽ വിവാഹം കഴിഞ്ഞു വന്നു, പിന്നെ ഒരു ഇരുപത് വർഷം അടിമയെപോലെ പണിയെടുത്തു, സ്വന്തം ആരോഗ്യം കളഞ്ഞു, നല്ല പ്രായത്തിൽ മരിച്ചു.
സത്യത്തിൽ നിങ്ങളെല്ലാരും കൂടി കൊല്ലാക്കൊല ചെയ്തു ആ അമ്മയെ.
എന്നിട്ട് എന്തു അഭിമാനത്തോടെയാ പറയുന്നത്, എന്റെ അമ്മ ഇക്കണ്ട അടിമപ്പണി ഒക്കെയും ഒരു പരിഭവവും ഇല്ലാതെ ചെയ്തിരുന്നു എന്ന്.
ഇപ്പറഞ്ഞത് കേട്ടിട്ട് ആ അമ്മയ്ക്ക് ആഹാരം കഴിക്കാൻ സമയം കിട്ടിക്കാണുമോ? നേരത്തിനു ഒന്ന് മൂത്രമൊഴിക്കാൻ കഴിഞ്ഞിട്ടുണ്ടാകുമോ?
നിങ്ങൾ മക്കൾക്കും അച്ഛനും വേണ്ടി ജീവിച്ചു, രക്തസാക്ഷി ആയതാണ് ആ അമ്മ. വീട്ടിൽ ഉള്ള എല്ലാവരും ഒരു കരുതലും കൈത്താങ്ങും നൽകിയിരുന്നെങ്കിൽ അമ്മ ഇന്നും ജീവനോടെ കണ്ടേനെ. ചേട്ടൻ ഒന്ന് ആലോചിച്ചു നോക്കിയേ, കൊലപാതകം ചെയ്തു ജയിലിൽ കഴിയുന്നവനും പതിനാല് കൊല്ലം കഴിഞ്ഞു മോചനം കിട്ടും. കൂടെ പണിയെടുത്തതിന്റെ കൂലിയും. ഭാര്യ ആജീവനാന്ത അടിമയല്ല. അതുപോലെ അമ്മ റോൾ മഹത്വവൽക്കരിച്ച് ത്യാഗസ്വരൂപയൊന്നും ആക്കണ്ട. മനുഷ്യസ്ത്രീ മാത്രമായി കണ്ടാൽ മതി.
പിന്നെ, അമ്മയെ പോലെ രക്തസാക്ഷിയാകാൻ എന്നെ കിട്ടില്ല. ഭാര്യയെ നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് വേറെ ഭാര്യയെ കിട്ടും. പക്ഷേ കുഞ്ഞുങ്ങൾക്ക് അമ്മയെ കിട്ടില്ല. എന്റെ മക്കൾ അമ്മയില്ലാതെ അനാഥരായി വളരണ്ട. എനിക്ക് എന്റെ മക്കളോടൊപ്പം ആരോഗ്യത്തോടെ, ആയുസ്സ് തീരും വരെ ഈ ഭൂമിയിൽ ജീവിക്കണം. ഞാൻ ജീവിക്കും.”
അവളുടെ ഉറച്ച മറുപടി കേട്ട് അയാൾ അവളെ തുറിച്ചുനോക്കിയിരുന്നു.
“ആ, പിന്നെ, രമണി ചേച്ചി നാളെ മുതൽ അടുക്കളയിൽ എന്നെ സഹായിക്കാൻ ഉണ്ടാകും. ശമ്പളം ഏട്ടൻ തന്നെ കൊടുക്കുമല്ലോ, അല്ലെ?”
(ചിലർക്കെങ്കിലും “പരോളോ ഇളവുകളോ ഇല്ലാത്ത ജീവപര്യന്ത തടവാണ് ദാമ്പത്യം… “)


12 Comments
👌👌👌
ഷീബേച്ചി ❤️❤️
എല്ലാവീട്ടിലും കാണും ഇതു പോലത്തെ രക്തസാക്ഷികൾ !!!!നല്ല രചന!!!👌👌👌👌❤️
നല്ല കഥ ചേച്ചി 👌❤🥰
ഇത്തരക്കാരോട് ഇങ്ങിനെ തന്നെ പ്രതികരിക്കണം….. നല്ല സന്ദേശമുള്ള കഥ👍❤️
ഷീബ..
നല്ല കഥ, നല്ല എഴുത്ത്..അയാളുടെ വായടപ്പിക്കുന്ന അവളുടെ സംസാരം ക്ഷേ ബോധിച്ചൂ ട്ടോ… പറയേണ്ടത് stern ആയി പറയേണ്ട സമയത്ത് പറഞ്ഞിരിക്കണം.👍🏻👍🏻👌🏻
നല്ല സന്ദേശം ❤️
അതെ അമ്മയെ കൊന്ന പോലെ ഇനി ഭാര്യയെയും കൊല്ലണം അയാൾക്ക്
നന്നായി എഴുതി. എഴുതി തെളിയു🌹
അമ്മമാരേ കൊല്ലാ കൊലചെയ്തപോലെ. ഇപ്പോഴത്തെ കുട്ടികളെ ഒന്നും അതിനു കിട്ടില്ല.. നന്നായി എഴുതി കേട്ടോ
നല്ല രചന. പഴകഥകൾ വിളമ്പി ഊറ്റം കൊള്ളുന്നവർ അവരുടെ ത്യാഗം മനസ്സിലാക്കുന്നില്ല.
ഇങ്ങനെയുള്ള ചേട്ടന്മാരോട് ഇങ്ങനെ തന്നെ വേണം ല്ലേ?😀♥️
ഇത്തരം നിലപാടെടുക്കുന്നവരോട് തിരിച്ച് ഇങ്ങനെ തന്നയേ പറ്റൂ.. വെറുതെ മരിച്ചു കൊടുക്കേണ്ട കാര്യം സ്ത്രീകൾക്കില്ല. നല്ല കഥ പറച്ചിൽ.