ഭൂതകാലത്തിൽ
എന്റെ ഭൂമിയും
ആകാശവും കടലുമായവനേ…
നിന്നോടെനിക്കിപ്പോഴും
സ്നേഹമാണ്.
വിഷാദത്തിന്റെ
ചതുപ്പിലേക്ക്
ആഴ്ന്നു പോകാതെന്നെ
ചേർത്ത് പിടിച്ചതിന്..
ആർക്കുമാർക്കും
നിറയാൻ കഴിയാതെന്നിൽ
നിറഞ്ഞു തൂവിയതിന്…
സ്നേഹദാരിദ്ര്യ കാലങ്ങളിൽ
ഇത്തിരിപ്പങ്ക് പോറ്റി
ജീവിപ്പിച്ചതിന്…
പ്രണയത്തിന്റെ
ഭൂതകാലപ്പച്ചയെ
മഞ്ഞയിലകളായ്
എന്റെ മേലെയിന്നും
കൊഴിച്ചിടുന്നതിന്…
ഇറങ്ങിപ്പോയിട്ടും
പിന്നെയും
അടയാളങ്ങളെ
മായ്ക്കാതെ
ബാക്കി വെച്ചതിന്…
കെട്ടുപോയ പ്രണയത്തിന്റെ
കനൽ പേറും
നെരിപ്പോടൊരെണ്ണം
ചൂട് കായാൻ
ഏൽപ്പിച്ചതിന്…
ഒട്ടുകാലമെൻ പ്രാണനും പ്രണയവുമായവനേ…
നിന്നോടെനിക്കിപ്പോഴും
സ്നേഹമാണ്…!


1 Comment
,❣️😍