“വെറുപ്പ് പുകയും വെടിമരുന്ന് പുരകളാണ് പല വീടുകളുടെയും അകത്തളങ്ങൾ.” ഈയിടെ വായിച്ചൊരു പുസ്തകത്തിലെ വരികളാണ്.
കുറച്ചു നാളുകൾക്കു മുൻപ്, ഒരുമിച്ച് ഒരു ദിവസം ചെലവഴിച്ച വേളയിൽ, എനിക്ക് വളരെ അടുപ്പമുള്ള താര ചേച്ചി, നിസ്സംഗതയോടെ പറഞ്ഞ ചില കാര്യങ്ങളുമായി കൂട്ടി വായിക്കുമ്പോൾ ഈ വരികളുടെ അർഥത്തിൽ തെല്ലും അത്ഭുതം തോന്നുന്നില്ല.
വിവാഹത്തിന്റെ ഇരുപതാം വാർഷികം പിന്നിട്ടു കഴിഞ്ഞ, അത്യാവശ്യം ധനസ്ഥിതിയുള്ള ദമ്പതികളായ താര ചേച്ചിയും ഭർത്താവും കഴിഞ്ഞ എത്രയോ വർഷങ്ങളായി രണ്ടു മുറികളിലായി ഉറങ്ങി, അവരവരുടെ ലോകങ്ങളിലേക്ക് ഉണർന്നെഴുന്നേൽക്കുന്നവരായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു.
നമ്മുടേത് എന്നല്ലാതെ, എന്റേതെന്നും നിന്റേതെന്നും ജീവിതത്തെ അടയാളപ്പെടുത്തുന്ന നിർഭാഗ്യരായ ദമ്പതികൾ!
ചേച്ചിയിൽ നിന്ന് കേട്ടതിലൂടെയും പിന്നെ പലപ്പോഴും നേരിട്ട് കണ്ട അനുഭവങ്ങളിലൂടെയും എനിക്ക് മനസ്സിലായത്, ചേച്ചിയ്ക്ക് ഭർത്താവിനോട് ഒന്നും അങ്ങോട്ട് പറയാൻ കഴിയില്ല എന്നതാണ്.
ഉദാഹരണത്തിന്, ഞായറാഴ്ച രാവിലെ ചേച്ചി, ഭർത്താവിനോട് പറയുന്നു, “മീനും പച്ചക്കറികളും നേരത്തെ വാങ്ങിയിട്ട് വരണേ.. അതൊക്കെ ഒതുക്കിയിട്ട് വേണം മറ്റു ജോലികൾ തീർക്കാൻ.”
ഇങ്ങനെ ഒരു ആവശ്യം ചേച്ചി അങ്ങോട്ട് പറഞ്ഞു കഴിയുമ്പോൾ , “ഇങ്ങോട്ട് ഒന്നും പറയണ്ട. എനിക്കറിയാം എന്താ വേണ്ടതെന്ന്..” ഭർത്താവ്, പിറുപിറുക്കാൻ തുടങ്ങും.
ചിലപ്പോൾ ആ ഒരു ആവശ്യപ്പെടൽ, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പിണക്കത്തിന്റെ കാരണമായി മാറും.
ചില വൈകുന്നേരങ്ങളിൽ, പിറ്റേന്നത്തേക്ക് വേണ്ടി വരുന്ന പാലും പച്ചക്കറികളും മറ്റു അവശ്യ സാധനങ്ങളും വാങ്ങാൻ ആവശ്യപ്പെട്ടാൽ, ഗ്യാസ് സിലിണ്ടർ മാറ്റി വെക്കാൻ ആവശ്യപ്പെട്ടാൽ, എന്തിനേറെ ചേച്ചി ടോയ്‌ലെറ്റിൽ നിന്നിറങ്ങാൻ വൈകിയാൽ പോലും അയാൾ മുഖം വീർപ്പിച്ചു പിറുപിറുക്കാൻ തുടങ്ങും.
എന്ത് കാര്യത്തിന് പിണങ്ങും എന്നറിയാൻ കഴിയില്ല പോലും!
അയാൾ സ്വന്തമായി ആഹാരം വിളമ്പി കഴിക്കുമ്പോൾ ചേച്ചി പറയുന്നു, “കറി മൊത്തം എടുക്കല്ലേ, ഞാൻ കഴിച്ചില്ല…”
അത് കേൾക്കുന്നതോടെ അയാൾ എടുത്ത ഭക്ഷണം അവിടെ നീക്കി വെച്ച് കൊണ്ട് പറയും… “എന്നാ പിന്നെ മൊത്തം നീ തന്നെ വിഴുങ്ങിക്കോ…” ശേഷം ഭക്ഷണം കഴിക്കാതെ അയാൾ ഇറങ്ങിപ്പോകും.
താര ചേച്ചി എന്ത് സംസാരിച്ചാലും അയാൾ അതിൽ കുറ്റം കണ്ടുപിടിക്കും. മറ്റുള്ളവരുടെ മുന്നിൽ വെച്ച് പോലും അയാൾ പല്ലിറുമ്മി അസഹിഷ്ണുത പ്രകടിപ്പിക്കും!
മലബന്ധം പിടിച്ചവന്റെ സ്ഥായിയായ മുഖഭാവമുള്ള അയാളോടൊപ്പം അവരുടെ ജീവിതം എത്ര ദുസ്സഹമായിരിക്കും?
സംസാരപ്രിയയായ, സംസാരത്തിനിടയിൽ വീണുകിട്ടുന്ന ഓരോ കുഞ്ഞു കാര്യങ്ങളിലും തമാശ കണ്ടെത്തുന്ന, അത്തരം നിമിഷങ്ങളെ ആസ്വദിക്കുന്ന താര ചേച്ചി, വീട്ടിൽ സദാ മൗനിയായി മാറുന്ന ദുരവസ്ഥ… കഷ്ടം എന്നല്ലാതെ എന്ത് പറയാൻ?
നിസ്സംഗമായ മുഖഭാവത്തോടെ ഒരു കാര്യത്തിലും അഭിപ്രായങ്ങൾ ഇല്ലാതെ മരവിച്ച മനസ്സോടെ അവരെങ്ങനെയാകും അവിടെ ജീവിച്ചു പോകുന്നത്?
ആ വീടിന്റെ ചുവരുകൾക്കുള്ളിൽ, ഉരുവിടാൻ കഴിയാതെ പോയ വാക്കുകൾ, അവരുടെ ഉള്ളിൽ ശ്വാസം മുട്ടി പിടഞ്ഞു മരിച്ചു വീഴുന്നുണ്ടാകും.
അതുകൊണ്ടൊക്കെയാകാം വീടിനു വെളിയിൽ ഞങ്ങളോടൊപ്പം വീണു കിട്ടുന്ന ഓരോ നിമിഷവും അവർ ആസ്വദിക്കുന്നത്…. അതിൽ ആഹ്ലാദിക്കുന്നത്.
തീർച്ചയായും, ഇതിലും മികച്ചൊരു ജീവിതം ചേച്ചി അർഹിച്ചിരുന്നു. പലരും ചോദിച്ചേക്കാം, ഇങ്ങനെ സഹിക്കുന്നതിലും നല്ലത്, കളഞ്ഞിട്ടു പൊയ്ക്കൂടേ? പറയുന്നത്ര എളുപ്പത്തിൽ അത് സാധിക്കില്ല എന്നറിയണം. ചില കെട്ടുകൾ അങ്ങനെയാണ്. ജീവിതാവസാനം വരെ ഒന്ന് പിടഞ്ഞു മാറാൻ കഴിയാതെ ശ്വാസം മുട്ടിച്ചു കൊണ്ടേയിരിക്കും.
സ്വസ്ഥമായൊന്നു ശ്വാസം വിടാൻ കഴിയാതെ, ഉറക്കെയൊന്നു ചിരിക്കാൻ കഴിയാതെ, കൊതി തീരെ മിണ്ടാനും പറയാനും കഴിയാതെ, ചങ്ങലക്കിട്ട നായയെപ്പോലെ…. പാവം…
“നിനക്കറിയുമോ ഒരു മാസം എടുത്താൽ അഞ്ചു ദിവസം തികച്ച് പുള്ളിക്കാരൻ എന്നോട് മിണ്ടില്ല.” ചേച്ചി എന്നോട് തമാശ പോലെ അന്ന് പറഞ്ഞു.
പക്ഷേ, ആ തമാശയുടെ ഒടുവിൽ, നീർ തിളങ്ങിയ കണ്ണുകളെ എന്നിൽ നിന്ന് മറക്കാൻ, ദൂരേയ്ക്കു പതിപ്പിച്ച നോട്ടം ഞാൻ കണ്ടില്ലെന്നു നടിച്ചു.
കുട്ടികൾ പോലും അയാളെ വെറുത്തു തുടങ്ങി എന്ന് പറയുമ്പോൾ, ആശ്വാസ വാക്കുകളുടെ അർഥശൂന്യതയിൽ ഞാൻ വെന്തു.
ചിലരങ്ങനെയാണ്… നിർബന്ധ ബുദ്ധി കൊണ്ട്, അനാവശ്യ ഈഗോ കൊണ്ട് സ്വന്തം ജീവിതവും ഒപ്പമുള്ളവരുടെ ജീവിതവും നരകമാക്കും.
ഒരു പക്ഷേ അവരറിയുന്നുണ്ടാകില്ല, ജീവിച്ചിരിക്കെ തന്നെ, പ്രിയപ്പെട്ടവരുടെ മനസ്സിന്റെ, ഒരരികിൽ നിന്നും അവർ മരിച്ചു തുടങ്ങി എന്ന സത്യം!
വെറുപ്പിച്ച്… വെറുപ്പിച്ച്…. ഒടുവിൽ, പ്രിയപ്പെട്ടവരുടെ ഒരു തുള്ളി കണ്ണീരിന്റെ നനുത്ത ചൂടില്ലാതെ, ഹൃദയം നൊന്ത പിൻവിളികൾ കേൾക്കാനുള്ള സൗഭാഗ്യമില്ലാതെ, അവസാന യാത്ര പറയേണ്ടി വരുന്ന നിർഭാഗ്യത്തെ പറിച്ചെറിയാൻ കഴിയില്ലെന്ന് മറക്കരുത്.


6 Comments
Pingback: ജനപ്രിയ രചനകൾ 2025 - By Editorial Team - കൂട്ടക്ഷരങ്ങൾ
ചിലരങ്ങനെയാണ്. അവരും സമാധാനത്തിൽ ജീവിക്കില്ല. മറ്റുള്ളവരെ അതിനനുവദിക്കുകയുമില്ല👌👌👏👏❤️
Very touching ……
ചിലരങ്ങിനെയാണ്, ഇത്തിരി സന്തോഷത്തെപ്പോലും കൈയ്യെത്തി പിടിക്കാൻ നോക്കും. നിർഭാഗ്യവശാൽ അവരുടെ പങ്കാളിക്ക് നെഗറ്റീവ് ചിന്തകൾ മാത്രമേ കാണുകയുള്ളൂ….. വിധി…. നന്നായെഴുതി❤️👍
ചിലർക്ക് മറ്റുള്ളവർ നോവുന്നതു കാണാൻ പ്രത്യേക സന്തോഷമാണ്. ശാരീരികം മാത്രമല്ല മാനസികമായും വേദനപ്പിക്കുന്നവർ. നന്നായി എഴുതി.👍
ചില ജീവിതങ്ങൾ ഇങ്ങനെയാവും നമ്മളേയും നോവിപ്പിക്കും
നല്ലെഴുത്ത് ഷീബാ♥️👌♥️