“എന്താ ചേട്ടാ, പത്രത്തിൻ്റെ കൂടെ ഒരു വലിയ നോട്ടീസ്?
ശ്രദ്ധിച്ചു നോക്കുന്നുണ്ടല്ലോ “
ചായ കൊടുത്തിട്ട് ഉഷ ആ നോട്ടീസിനായി കൈ നീട്ടി.
“ഇത് ആ പുതിയ ഹോം അപ്ലയൻസസ് കടയുടെ പരസ്യമാണ്. ഓഫറുകളുടെ പെരുമഴ. ഇതൊക്കെ സത്യമാണോന്ന് ചെന്നു നോക്കുമ്പോഴറിയാം. ഇന്നാ “
മനോജ് പത്രത്തിലേക്കു മുഖം പൂഴ്ത്തി.
”പിന്നെ നോക്കാം. ഇതും നോക്കിയിരുന്നാൽ കഴിക്കാനുള്ളത് ആരുണ്ടാക്കും?”
അവൾ തിരികെ അടുക്കളയിലേക്കു പോയി.
തിരക്കിട്ട ജോലികൾക്കിടയിൽ കടയും പരസ്യവുമെല്ലാം അവൾ മറന്നു.
“നിനക്കിന്നു വൈകിട്ട് എന്താ പരിപാടി?”
ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മനോജ് ചോദിച്ചത്.
”എനിക്കെന്തു പരിപാടി? സ്ഥിരം ജോലികളൊക്കെത്തന്നെ. എന്താ?”
“നീ ആ പരസ്യം നോക്കിയോ? നാളെ വരെയേ ഓഫറുകളൊക്കെയുള്ളു. മിക്സി നന്നായി വർക്കു ചെയ്യുന്നില്ലെന്നും ചെറിയ ബൗൾ മാറ്റണമെന്നും കഴിഞ്ഞ ദിവസവും പറഞ്ഞില്ലേ. ഇനിയതു മാറ്റാനൊന്നും മിനക്കെടണ്ട. നമുക്കു പുതിയതൊരെണ്ണം വാങ്ങാം. ഇന്നു തന്നെ പോയാലോ “
“ആഹാ എന്തു പറ്റി? സാധാരണയായി എന്തെങ്കിലും വാങ്ങണമെങ്കിൽ പറഞ്ഞു പറഞ്ഞ് ഞാൻ നാണം കെട്ടാലല്ലേ സമ്മതിക്കൂ. ഇന്നുതന്നെ പോകാം. ഞാൻ എപ്പോഴേ റഡി “
ഉഷ ഉത്സാഹത്തോടെ എഴുന്നേറ്റു.
“പഴയ മിക്സി കൂടി മറക്കാതെ എടുത്തു വെച്ചേക്ക്. വല്ല പത്തോ അഞ്ഞൂറോ കിട്ടിയാൽ കളയുന്നതെന്തിനാ “
“അതിവിടെയിരുന്നോട്ടെന്നേ. മുട്ടത്തോടു പൊടിക്കാനോ പഴത്തൊലിയരയ്ക്കാനോ ഒക്കെ വലിയ ബൗൾ ഉപയോഗിക്കാമല്ലോ”
അതൊക്കെയെന്തിന് എന്ന മട്ടിൽ അയാൾ ചോദ്യഭാവത്തിൽ നോക്കി.
“എൻ്റെ ചെടികൾക്ക് അല്ലാതെയാർക്ക്?”
പാതകത്തിലിരുന്ന് പഴയ മിക്സി തന്നെ ദയനീയമായി നോക്കുന്നതു പോലെ അവൾക്കു തോന്നി.
അവൾ അതിനടുത്തേക്കു ചെന്നു.
” പതിന്നാലു വർഷമായി എന്നെ സേവിയ്ക്കുന്ന നിന്നെ ഞാനൊരിക്കലും കളയില്ല. ” അതിനെ തൊട്ടു തലോടി നീക്കി വെച്ച് അവൾ പുതിയ മിക്സി വാങ്ങാനായി മനസ്സിനെ ഒരുക്കി നിർത്തി.
കടയിൽ ചെന്നപ്പോൾ മിക്സികളുടെ ഒരു മായാപ്രപഞ്ചത്തിലേക്കാണ് സെയിൽസ് ഗേൾ അവരെ ആനയിച്ചത്.
ഇത്രയും തരം
മിക്സികളോ? ഓരോ കമ്പനിയുടെയും എണ്ണിയാലൊടുങ്ങാത്ത പോലെ വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലുമുള്ള മിക്സികൾ നിരനിരയായിരിക്കുന്നു.
“ഏതു വേണമെന്നു നോക്ക്. നീയല്ലേ ഉപയോഗിക്കുന്നത്. ”
നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഒന്നു നോക്കി വെച്ചേനേ. ഇതിപ്പോൾ എന്തു ചെയ്യും? അവളാകെക്കുഴങ്ങി.
“ആൻ്റീ ഇങ്ങോട്ടു നോക്കൂ. ഇതാണ് ഇപ്പോൾ കൂടുതൽ പേരും വാങ്ങുന്നത്. കാര്യമായ കംപ്ലെയിൻ്റുകളൊന്നും വന്നിട്ടുമില്ല”
യൂണിഫോം ചൂരിദാറിട്ട പെൺകുട്ടി ചിരിച്ചു കൊണ്ട് അവളോടു പറഞ്ഞു.
“ഇത് കണ്ടോ. ഈ മിക്സി അരയ്ക്കാൻ മാത്രമല്ല ഒരു പാടു കാര്യങ്ങൾക്കുപയോഗിക്കാം. വേറെ എന്തെല്ലാം കാര്യങ്ങൾ ഇതിൽ ചെയ്യാമെന്നു ഞാൻ പറഞ്ഞു തരാം. ”
“ഈ ബ്ലേഡുകൾ മാവു കുഴയ്ക്കാനും പച്ചക്കറികൾ അരിയാനും ജ്യൂസുണ്ടാക്കാനുമെല്ലാം സഹായിക്കും.
ചപ്പാത്തി മാവോ കേക്കു മിക്സോ ശരിയാക്കാൻ എന്തെളുപ്പമാണെന്നോ.
ദാ ഈ ബ്ലേഡ് ഉപയോഗിച്ച് സവാളയോ കാബേജോ കാരറ്റോ ഒക്കെ പൊടിയായി അരിയാം. ഇനി വലിയ കഷണങ്ങളാണു വേണ്ടതെങ്കിൽ മറ്റേ ബ്ലേഡുണ്ട്.
അങ്കിളിനു ജ്യൂസുണ്ടാക്കിക്കൊടുക്കണോ അതും പറ്റും. പഴങ്ങൾ ഇതിലേക്കിട്ട് അമർത്തിക്കൊടുത്താൽ ആ ട്യൂബിലൂടെ ജ്യൂസെടുക്കാം. അട പ്രഥമന് തേങ്ങാപ്പാലെടുക്കണോ തിരുമ്മിയ തേങ്ങയിട്ട് ഇതങ്ങോട്ടു വെച്ചാൽ മതി. അരിപ്പയൊന്നും വേറെ വേണ്ട”
വാ പൊളിച്ചു നോക്കി നിൽക്കുന്ന ഉഷയെക്കണ്ട് മനോജ് ഫോൺ പോക്കറ്റിലിട്ട് അടുത്തേക്കു വന്നു.
“പറഞ്ഞതെല്ലാം കേട്ടിട്ട് ഇതാണു നല്ലതെന്നു തോന്നുന്നു. ഞാനിതിൻ്റെ പല വീഡിയോകളും
കണ്ടിരുന്നു. “
എപ്പോഴും യൂട്യൂബും റീലുകളും കണ്ടിരിക്കുന്നതു കൊണ്ട് ഇങ്ങനെയൊരു പ്രയോജനമെങ്കിലും ഉണ്ടല്ലോയെന്നോർത്ത് അവൾ തല കുലുക്കി.
“ആൻ്റീ മൂന്നു നിറത്തിലുണ്ട്. ഏതാ വേണ്ടത്?”
അവൾ ചെങ്കല്ലു നിറമുള്ളതു തൊട്ടു കാണിച്ചു.
പുതിയമിക്സിയുമായി കാറിലിരിക്കുമ്പോൾ ഉഷയുടെ മനസ്സ് വർഷങ്ങൾ പിറകിലേക്കു പറന്നു.
സ്റ്റഡിലീവിനു ഒരാഴ്ച മുമ്പ് വീട്ടിലേക്കു വന്നതായിരുന്നു ഉഷ. പഠിച്ചു മടുത്തപ്പോൾ എന്തെങ്കിലും കൊറിക്കാനുണ്ടോ എന്നു നോക്കാനാണ് അടുക്കളയിലേക്കു ചെന്നത്.
“ടീ … ഇതങ്ങരച്ചുവെച്ചിട്ടു പോ. തോരനും അവിയലിനും തേങ്ങ ചതച്ചെടുത്താൽ മതി. കറിയുടേത് നല്ല വെണ്ണ പോലെ അരയണം. “
വലിയൊരു പ്ലേറ്റും നീട്ടി അമ്മ നിൽക്കുന്നു.
ഇതു വലിയ പാരയായിപ്പോയി. ഇപ്പോഴിങ്ങോട്ടു വരണ്ടായിരുന്നു. മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ പാത്രം വാങ്ങാതെ നിന്നു.
“രമണിച്ചേച്ചി അരയ്ക്കത്തില്ലേ അമ്മാ?
എനിക്കു പഠിക്കാനുണ്ട്. “
“രമണി ഇന്നുവരില്ല. ഇതു കഴിഞ്ഞിട്ടു പഠിച്ചാൽ മതി. പറഞ്ഞതു വേഗം ചെയ്യു പെണ്ണേ എൻ്റെ കൈയീന്നു വാങ്ങിക്കേണ്ടെങ്കിൽ “
മനസ്സില്ലാമനസ്സോടെ പാത്രം വാങ്ങി തിണ്ണയിൽ കിടക്കുന്ന അരകല്ലിനടുത്തേക്കു നടന്നു.
” കല്ലും കുഴവിയും നന്നായി കഴുകിയിട്ടേ അരയ്ക്കാവൂ”
അടുത്ത ആജ്ഞയും വന്നു കഴിഞ്ഞു. ആദ്യം അമ്മിക്കുഴവിയെടുത്ത് അമ്മയ്ക്കിട്ടൊന്നു കൊടുക്കാനാണു തോന്നിയത്. ആ പിന്നെ പോട്ടേ അമ്മയല്ലേ എന്നോർത്തങ്ങു ക്ഷമിച്ചു.
സൈക്കോളജിക്കൽ അപ്രോച്ച് എന്തായാലും ശരി എളുപ്പമുള്ളത് ആദ്യം ചെയ്യാം എന്നു കരുതി തോരനും അവിയലിനും ചതച്ചു മാറ്റിവെച്ചു.
അടുത്തത് അരയ്ക്കാൻ തുടങ്ങിയതേയുള്ളു.. കൈയിലാകെ മുളകിൻ്റെ നീറ്റൽ, കണ്ണിലും മുളകു തെറിച്ചു വീണോ ദൈവമേ. വല്ലാതെ നീറുന്നു. ആകപ്പാടെ ദേഷ്യം വന്നിട്ടു വയ്യ. തേങ്ങയാണെങ്കിൽ അരയുന്നുമില്ല.
“ഇതെന്താമ്മേ ഉണക്കത്തേങ്ങയാണോ? എനിക്കെങ്ങും വയ്യ. ഇന്നു രസമുണ്ടാക്കിയാൽ പോരായിരുന്നോ?”
“മിണ്ടാതെ വേഗം അരയ്ക്കു കൊച്ചേ. ഇന്നു നിൻ്റെ അപ്പച്ചിയും മാമനും വരും. മാമ്പഴപ്പുളിശ്ശേരി വെയ്ക്കണം”
അമ്മ ഒട്ടും അയഞ്ഞില്ല.
”എന്താ അമ്മയും മോളും കൂടി തർക്കം?”
പറഞ്ഞു തീർന്നില്ല ദാ അപ്പച്ചി എത്തിക്കഴിഞ്ഞു.
‘ആഹാ ചേച്ചി ഇവളേക്കൊണ്ടാണോ ഈ വലിയ കല്ലിൽ അരപ്പിക്കുന്നത്? ഇങ്ങോട്ടു മാറു മോളേ അപ്പച്ചി അരയ്ക്കാം. “
ജനലിൽക്കൂടി അമ്മയുടെ രൂക്ഷമായ നോട്ടം തൻ്റെ നേർക്കു വരുന്നതു കണ്ട് അവൾ അതു നിരസിച്ചു.
”തീർന്നപ്പച്ചീ “
“എൻ്റെ കൈ നീറിപ്പുകഞ്ഞിട്ടുവയ്യ”
അവൾ അമ്മയോടു മുഖം കറുപ്പിച്ചു.
“മോളു കൈ സോപ്പിട്ടു കഴുകിയിട്ട് കുറച്ചു വെളിച്ചെണ്ണയെടുത്തു പുരട്ടിയാൽ മതി. ”
അപ്പച്ചി അവളെ ആശ്വസിപ്പിച്ചു.
“ഇപ്പോൾ നിനക്കൊന്നും പഠിക്കണ്ടേ? എന്തെങ്കിലും ജോലി ചെയ്യാൻ പറഞ്ഞാൽ പഠിക്കണം പഠിക്കണം എന്ന പല്ലവി തന്നെ. വൈകിട്ട് ദോശയ്ക്ക് ആട്ടാനുണ്ടു കേട്ടോ. “
അപ്പച്ചിയുടെ ചുററും കറങ്ങി നിൽക്കുന്ന അവളെ അമ്മ ശാസിച്ചു.
“ചേച്ചീ ഒരു മിക്സി വാങ്ങിയാൽപ്പോരേ? ഈ ബുദ്ധിമുട്ടൊന്നുമില്ല. കറിയ്ക്കരയ്ക്കാം. ഇഡ്ഡലിയ്ക്കും ദോശയ്ക്കും ആട്ടാം. അത്യാവശ്യം സാധനങ്ങളൊക്കെ പൊടിച്ചെടുക്കാം. എന്തിനാ ഇങ്ങനെ പാടുപെടുന്നത്?”
“അതിനൊക്കെ ഒത്തിരി രൂപയാകും രാധേ. വീടിൻ്റെ ലോണും പിള്ളേരുടെ ഹോസ്റ്റൽ ഫീസും വീട്ടു ചെലവും… അതിൻ്റെ കൂടെ ഒന്നും നടക്കില്ല. ”
അമ്മ പ്രാരബ്ധങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചു.
“എൻ്റെ മിക്സിയ്ക്ക് ആയിരത്തിനും ആയിരത്തഞ്ഞൂറിനുമിടയിൽ വിലയായി. ഒരു ചെറിയ ചിട്ടിയിൽ ചേർന്നു വാങ്ങിയതാണ്. കൊച്ചിനെ ഇങ്ങനെ കഷ്ടപ്പെടുത്താതെ അങ്ങനെയെന്തെങ്കിലും നോക്ക്. ”
തിരികെ ഹോസ്റ്റലിൽച്ചെന്നിട്ടും ഉഷയുടെ മനസ്സിൽ മിക്സി ഒരു സ്വപ്നമായി നിറഞ്ഞു നിന്നു.
ആയിരത്തഞ്ഞൂറു രൂപ… മെസ്ഫീയും ചിലവുകളും കഴിഞ്ഞ് ഇരുപത്തഞ്ചോ അമ്പതോ എങ്ങനെയെങ്കിലും മിച്ചം പിടിച്ചാലും എത്ര കാലം കഴിയണം. ഊണിലും ഉറക്കത്തിലും അതു തന്നെയായി അവളുടെ ചിന്ത.
ഒരു ദിവസം ഫിസിക്സ് ക്ലാസിലിരിക്കുമ്പോഴാണ് അറ്റൻ്റർ മറിയച്ചേടത്തി ഒരു തുണ്ടു പേപ്പറുമായി വന്നത്.
“ഉഷയും ത്രേസ്യാമ്മയും ക്ലാസ് കഴിഞ്ഞാൽ ഓഫീസിലേക്കു ചെല്ലണം”
ആഗ്നസ് സിസ്റ്റർ പേപ്പർ വായിച്ചിട്ടു പറഞ്ഞു.
രണ്ടു പേരും അന്യോന്യം നോക്കി. എന്താവും?
“നിങ്ങൾക്കു രണ്ടു പേർക്കും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പുണ്ട്. ആയിരത്തഞ്ഞൂറു രൂപവീതം കിട്ടും. ദാ ഇവിടെ ഒപ്പിട്ടോ. ചെക്കു തരാം. ബാങ്കിൽക്കൊടുത്തു മാറിയെടുക്കാം. ”
ക്ലാർക്ക് സിസിലി സിസ്റ്റർ പറഞ്ഞ സ്ഥലത്തൊക്കെ ഒപ്പിടുമ്പോൾ ഉഷയ്ക്ക് സന്തോഷം കൊണ്ടു തുള്ളിച്ചാടാൻ തോന്നി.
കോളേജിലെ ബാങ്കു കൗണ്ടറിൽ നിന്ന് ചെക്കുമാറി കിട്ടിയ രൂപയുമായി അടുത്താഴ്ച തന്നെ വീട്ടിലെത്തി. അച്ഛൻ ടൗണിൽ പോയി മിക്സി വാങ്ങി വന്നു. ജോൺസൺ ആൻ്റ് ജോൺസൻ്റെ സുന്ദരനൊരു മിക്സി.
പിന്നെയൊരിക്കലും അവളുടെ കൈകളും കണ്ണുകളും മുളകിൻ്റെ എരിവിൽ പുകഞ്ഞു നീറിയില്ല. അമ്മയുടെ സന്തത സഹചാരിയായി എത്രയോ വർഷങ്ങൾ ആ മിക്സി അവളുടെ വീട്ടിലെ ഒരംഗം തന്നെയായിരുന്നു.
“വീടെത്തിയതു പോലുമറിയാതെ സ്വപ്നം കണ്ടിരിക്കുകയാണോ ഇറങ്ങുന്നില്ലേ?”
മനോജിൻ്റെ ശബ്ദമാണവളെ ഓർമ്മകളിൽ നിന്നു തിരികെക്കൊണ്ടു വന്നത്.
ഉഷ ഒന്നും പറയാതെ കാറിൽ നിന്നിറങ്ങി. പറഞ്ഞാലെന്താവും മനോജ് പറയുകയെന്ന് അവൾക്കറിയാം.
” ഓ… ഒരു മിക്സിയെക്കുറിച്ചെന്താ ഇത്ര പറയാൻ?”
#എൻ്റെരചന
#പ്രിയപ്പെട്ട ഉപകരണം


28 Comments
ഒന്നും പറയാനില്ല 👍ലളിതം മനോഹരം 👌👌👌❤️
Thank you❤️🙏
പഠിക്കുന്ന കാലത്തുതന്നെ സ്വന്തം കാശ് കൊണ്ട് വീട്ടിലേക്ക് മിക്സി വാങ്ങിയത് അഭിമാനം തന്നെ……. സുന്ദരമായി എഴുതി….ആശംസകൾ സുമാ👍❤️
സ്നേഹം മിനീ❤️❤️
ഉള്ള മിക്സിയെക്കുറിച്ച് ഒന്നും പറയാൻ കാണില്ല.എന്നാൽ മിക്സിയില്ലെങ്കിലോ അതിനെക്കുറിച്ച് മാത്രമേ പറയാൻ കാണൂ🤣🤣🤣
അതേ സിൽവീ
ഇതൊന്നുമില്ലാത്ത കാലത്തേക്കുറിച്ച് ചിന്തിക്കാൻ പോലും ഇന്നത്തെ കുട്ടികൾക്കാവില്ല
❤️❤️
അഭിമാനം 😍😘
സ്നേഹം❤️❤️
മനോഹരമായി പറഞ്ഞു..ഇനിയും എഴുതൂ..
സന്തോഷം സ്നേഹം❤️❤️
അടിപൊളിയായി എഴുതി സുമ |അഭിനന്ദനങ്ങൾ👌❤️🥰
സ്നേഹം ഷർലി❤️❤️
അന്നതെന്തെന്നേറെ കൗതുകം തീർത്തു-
നേടുവാനളവൊട്ടുമില്ലാത്തോട്ടക്കീശയും
ഇന്നാകീശ നിറഞ്ഞു കിലുങ്ങീടുമ്പോളവ
കാശിനുകൊള്ളാത്ത ആശകൾ മാത്രം
നന്ദകുമാർ
❤️❤️
അസൂയ തോന്നുന്ന എഴുത്ത്.
നിസ്സാര കാര്യം എത്ര ഭംഗിയായാണ് എഴുതുന്നത് ?
സ്നേഹം സുമ❤️❤️
ലളിതം, മനോഹരം. ❤️
❤️❤️
എന്തു രസമായിട്ടാണ് ചേച്ചി എഴുതുന്നത്. മിക്സി ഓർമകൾ മനോഹരം ❤️❤️😍🥰
❤️❤️
സുന്ദരൻ എഴുത്ത്. സ്വന്തം പണം കൊണ്ടു വാങ്ങുമ്പോളുള്ള സന്തോഷവും അഭിമാനവും നിറഞ്ഞ എഴുത്ത്.
ഇഷ്ടമായി.
👏👍❤️
മനോഹരമായിരിക്കുന്നുന്നു സുമേ!വളരെ ലളിതമായി സുന്ദരമായ ജീവിതാഖ്യാനം. വളരെ ഇഷ്ടപ്പെട്ടു, proud of you !❤️❤️
മനോഹരം 👌
❤️❤️
❤️❤️❤️
വളരെ നന്നായി എഴുതി.എന്റെ അമ്മയെ ഓർമ്മ വന്നു.അവിയലും തോരനും അരക്കാൻ ഇഷ്ടം. നല്ലതുപോലെ അരക്കണ്ടത് അധി കഠിനം.മിക്സി കണ്ടു പിടിച്ച് വർക്ക് ആയിരം നന്ദി.
ശെരിയ.. ചില സാധനങ്ങൾ എത്ര പഴകിയാലും നമുക്ക് കളയാൻ മനസ്സ് വരില്ല… കൊള്ളാം.. മിക്സി ഓർമ്മകൾ മനോഹരം ❤❤❤❤
❤️❤️