ജീവിതം എന്നും എപ്പോഴും മനോഹരമായ ഒരു യാത്രയായിരുന്നെങ്കിൽ എന്നാഗ്രഹിച്ച ഒരു പെൺകുട്ടിയായിരുന്നു ഞാൻ. നനുത്തുപെയ്യുന്ന ചാറ്റൽ മഴയിൽ മുഖത്തേക്ക് പാറി വീഴുന്ന തൂവാനത്തിൽ കുളിർന്ന് ബസിന്റെ സൈഡ് സീറ്റിലിരുന്ന് ലോകത്തിന്റെ അറ്റംവരെ യാത്ര ചെയ്യാൻ കൊതിച്ച ഒരുവൾ. അവളുടെ സ്വപ്‌നങ്ങൾക്കും മഞ്ഞും മഴയും കാറ്റുമേറ്റുള്ളൊരു യാത്രയുടെ മനോഹാരിതയുണ്ടായിരുന്നന്ന്.
ബാല്യകാല ഓർമ്മകളിൽ അത്രമേൽ ഇഷ്ടത്തോടെ ചേർത്തു വെച്ചിട്ടുള്ള യാത്രകൾ മധ്യവേനലവധിക്ക് അമ്മ വീട്ടിലേക്കുള്ള യാത്രകളാണ്. എല്ലാവർഷവുമൊന്നും അങ്ങനെ പോകാൻ പറ്റാറില്ല. അച്ഛന് നല്ലമനസ്സുതോന്നി അനുവാദം തരുന്ന നാളുകളിൽ മാത്രം അനുഭവിക്കുന്ന ഒരുപിടി സന്തോഷ നേരങ്ങൾ. അതാണ് ആ യാത്രയെ മിഴിവുറ്റതാക്കുന്നത്.
മുവാറ്റുപുഴയാറ് ഒഴുകിയെത്തുന്ന മൂഴിക്കക്കടവും അതിനപ്പുറം നീണ്ടു കിടക്കുന്ന പാടങ്ങളും തോടും സദാ കുളിരു നിറക്കുന്ന ഒരു ഗ്രാമം. നെൽപ്പാടങ്ങൾ കഴിഞ്ഞാൽ ഏക്കറുകണക്കിന് റബ്ബർ തോട്ടങ്ങളാണ് ചുറ്റിലും. വെയിലിന്റെ കാഠിന്യം തീരെയില്ലാത്ത വീട്ടുമുറ്റങ്ങൾ. റബ്ബർ മരങ്ങൾക്ക് കീഴെ മഞ്ഞിൽ കുതിർന്നു നിൽക്കുന്ന പുല്ലുകൾക്ക് ഒരു പ്രത്യേകമണമുണ്ട്. ഒരു നാടിന്റെ ഓർമ്മ മണം. അത് മൂക്കിലേക്ക് വലിച്ചു കയറ്റും.
മുവാറ്റുപുഴയിൽ നിന്ന് ആരക്കുഴയിലേക്കുള്ള ബസ് കിട്ടിയാൽ ഹൃദയം വല്ലാതെ ഇളകിത്തുള്ളും. അതുവരെയും മൂന്നു ബസ്സുകൾ മാറിക്കയറിയുള്ള മണിക്കൂറുകൾ നീളുന്ന യാത്രാക്ഷീണം എങ്ങോട്ടോ പോയ് മറയും.
ജാലകക്കാഴ്ച്ചകളിലേക്ക് കണ്ണും മനസ്സും തുറന്നു വെച്ച്, ആ നാടിന്റെ വശ്യഗന്ധം നാസാരന്ദ്രങ്ങളിലേക്കാവാഹിച്ച് ബസ്സിനെക്കാൾ വേഗത്തിൽ ഓടിക്കുതിക്കും മനസ്സ്.
നാലു ചുവരുകൾക്കുള്ളിലെ കാരാഗൃഹ തുല്യമായ ദിനാരാത്രങ്ങളിലും, യാത്രകളെ ഏറെ സ്നേഹിച്ചിരുന്ന ഒരുവളുടെ ജീവിതത്തിലെ ഒരേയൊരു യാത്ര അതായതുകൊണ്ടാകാം ഓരോ മധ്യവേനലവധിയെയും കൊതിയോടെ കാത്തിരുന്നത്.
വർഷങ്ങൾ മുന്നോട്ടോടി മറയുകയും, ബാല്യവും കൗമാരവും കയ്യിൽ നിന്നു ചോർന്നു പോകുകയും പുതിയ ഉത്തരവാദിത്തങ്ങൾ വന്നു ചേരുകയും ചെയ്ത നാളുകളിൽ അല്പം പോലും ആഗ്രഹിക്കാത്ത ചില യാത്രകൾ ഒരു ദിനചര്യപോലെ കടന്നുവന്നു. വയ്യാത്ത ഒരു കുഞ്ഞിനേയും തോളിലിട്ടുകൊണ്ടുള്ള നെട്ടോട്ടങ്ങളായിരുന്നു അത്.
വയനാടിന്റെ വന്യതയിലേക്കായിരുന്നു ആദ്യ യാത്ര. പ്രകൃതിഭംഗികളൊക്കെയും കൊതിപ്പിക്കുന്നവയായിരുന്നെങ്കിലും ഒന്നിലും മനസ്സുടക്കിയില്ല. എന്റെ മോന്റെ വയ്യായ്ക ഇതോണ്ട് തീർന്നു കിട്ടണേ എന്ന ഉള്ളുരുക്കങ്ങളായിരുന്നു ആ യാത്രയിലുടനീളം മുഴച്ചു നിന്നത്.
എങ്കിലും മനസ്സിനെ സന്തോഷിപ്പിക്കാനുള്ള ഒരു വൃഥാ ശ്രമം പോലെ ഹോസ്പിറ്റലിനോട് ചേർന്നുള്ള, കാടിന്റെ അരികത്തൂടെയൊക്കെ ചുറ്റി നടന്നു. ഓലമേഞ്ഞ ഒരു കുഞ്ഞുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു. മുളയരിപ്പായസത്തിന്റെ രുചിയറിഞ്ഞു.
ആ ചികിത്സ ഫലം കാണാതെ വന്നപ്പോൾ വീണ്ടും ഓട്ടപ്പാച്ചിൽ തുടങ്ങി.
പിന്നെയുള്ള യാത്രകൾ മുഴുവൻ തിരുവനന്തപുരം എന്ന മഹാ നഗരത്തിലേക്കായിരുന്നു. നാലോ അഞ്ചോ വർഷം തുടർച്ചയായി ഓരോ മാസവും മടുപ്പിക്കുന്ന ട്രെയിൻ യാത്ര.
കുറെയേറെത്തവണ ” പപ്പനാവനെ” കണ്ട് സങ്കടങ്ങൾ ഉണർത്തിച്ചു, മുഖപുസ്തകത്തിലൂടെ മാത്രം കണ്ടിട്ടുള്ള സ്നേഹസൗഹൃദങ്ങളെ നേരിൽ കണ്ട് ആ സുഹൃത്ബന്ധങ്ങൾ കൂടുതൽ ആഴത്തിൽ വേരുപിടിപ്പിക്കാൻ കഴിഞ്ഞു. അതൊക്കേയും ഓർമ്മകൾക്ക് ഒരു മുതൽക്കൂട്ടാണെന്നു നിസ്സംശയം പറയാം.
ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ആ ഓട്ടപ്പാച്ചിലുകളുടെ ആവർത്തനങ്ങൾ കുറഞ്ഞു വന്നു. അപ്പൊ വീണ്ടും കൊതിയോടെ കാത്തുവെച്ച യാത്രകളെ ആഗ്രഹിക്കാൻ തുടങ്ങി.
അങ്ങനെയൊരു ദിവസം മോന്റെ കയ്യും പിടിച്ച് കൽപ്പാത്തി രഥോത്സവ വീഥികളിലേക്ക് നടന്നു കയറി. വായനയിലൂടെ അത്രയേറെ മോഹിപ്പിച്ച ഒരിടമായിരുന്നു, പാലക്കാടിന്റെ ഗ്രാമീണതയും, കൽപ്പാത്തിപുഴയുടെ മനോഹാരിതയും, അഗ്രഹാരങ്ങളുടെ ശാലീനതയും.
ഒരോട്ടപ്പാച്ചിലിൽ കാണാവുന്നതെല്ലാം കണ്ടുതീർത്ത് മടങ്ങുമ്പോൾ ഏറെ നിരാശപ്പെടുത്തിയത് നീർച്ചാല് പോലെ രൂപം മാറികിടക്കുന്ന പുഴയുടെ കാഴ്ചയാണ്. എന്റെ സ്വപ്‌നങ്ങളിലെ കൽപ്പാത്തിപ്പുഴ അതല്ലായിരുന്നു. ഇനിയൊരു മഴക്കാലത്തു വീണ്ടും പോണം പാലക്കാട്ടേക്ക് അവിടെ നിന്നും ഖസാക്കിന്റെ ഇതിഹാസകാരൻ ഉറങ്ങികിടക്കുന്ന തസ്രാക്കിലേക്ക്.
പിന്നെയും ഒരുപാടൊരുപാട് യാത്രകൾ മനസ്സിൽ കുറിച്ചു വെച്ചിട്ടുണ്ട്. മരണയാത്ര തുടങ്ങും മുൻപ് അതിലൊന്നെങ്കിലും യാഥാർഥ്യമാകും എന്ന പ്രതീക്ഷയോടെ.
#എന്റെരചന
#യാത്രകൾ അവസാനിക്കുന്നില്ല


10 Comments
യാത്രകളെ സ്നേഹിക്കുന്ന പ്രിയ കൂട്ടുകാരീ…… ഇനിയുമൊരുപാട് യാത്രകൾ ജീവിതത്തിലുണ്ടാകാൻ ആശംസിച്ചു കൊണ്ട് യാത്രകളെ ഇഷ്ടപ്പെടുന്ന മറ്റൊരാൾ❤️🌹
യാത്രകൾ കൊണ്ടു ജീവിതം നിറയട്ടെ !
നന്നായിട്ട് എഴുതി സിന്ദൂ.. നല്ല നല്ല യാത്രകൾ ചെയ്യാൻ കാലം സിന്ദൂനെ കാത്തിരിക്കുന്നുണ്ട്.
നല്ലത് വരട്ടെ
സ്നേഹം ചേച്ചി ❤️
തീർച്ചയായും സിന്ധുവിന് കൂടുതൽ യാത്രകൾ ചെയ്യാൻ അവസരമുണ്ടാകും. ഇത്തരം മനോഹരങ്ങളായ യാത്രാ അനുഭവങ്ങൾ വായിക്കുവാൻ കാത്തിരിക്കുന്നു. 💐🌺🥰❤️
സന്തോഷം ചേച്ചി 😍😍
ചേച്ചി സൂപ്പർ 👌മനോഹരമായ യാത്ര അനുഭവങ്ങൾ 👌❤️🥰
ഇനിയും ഒരു പാട് യാത്രകൾ പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 😍🫂
👍🏻👍🏻👍🏻.
ഇഷ്ടസ്ഥലങ്ങളിലേക്ക് യാത്രകൾ പോകാൻ സാധിക്കട്ടെ സിന്ധൂ❤️
ഓർമ്മകൾ മനോഹരമായി എഴുതി👌❤️
ഇഷ്ടമുള്ളിടത്തെല്ലാം പോകാൻ കഴിയുന്ന കാലം വരട്ടെ !ചെയ്ത യാത്രകൾ ഹൃദയത്തിൽ തട്ടും പോലെ വരച്ചിട്ടു. ഗംഭീരം. സ്നേഹം സിന്ധു👌👌👏👏❤️❤️🥰