തിടുക്കമില്ലാതൊഴുകുന്ന റൈൻ നദിയിലേക്ക് മെറിൻ മിഴി ചിമ്മാതെ നോക്കി നിന്നു. പ്രണയച്ചൂരടിക്കുന്ന പാലത്തിൻ്റെ കൈവരികളെ വിറപ്പിച്ചൊരു തീവണ്ടി പാഞ്ഞു പോയി. കാറ്റടിക്കുമ്പോൾ തുള്ളിയാർക്കുന്ന ആലിലകൾ പോലെ, പാലത്തിൻ്റെ റെയ്ലിങ്സിൽ തൂങ്ങിയാടിയ എണ്ണമറ്റ വർണ്ണത്താഴുകൾ ഇളകിയിളകിച്ചിരിച്ചു. ‘ബ്ലും’ സ്വപ്നങ്ങൾ പൊതിഞ്ഞൊരു കുഞ്ഞു താക്കോൽ റൈൻ, തൻ്റെ ഇടനെഞ്ചിൽ ഏറ്റുവാങ്ങിയ ഒച്ച കേട്ടവൾ തലയുയർത്തി. താക്കോൽ വെള്ളത്തിലേക്ക് ഊളിയിടുന്നത് ആവേശത്തോടെ നോക്കി നിൽക്കുന്ന രണ്ടു പേർ. കൗമാരം വിട്ടിട്ടില്ല. പ്രണയം പരന്നൊഴുകേണ്ട പ്രായം! ഇത്ര ചെറിയ കുട്ടികളാകുമ്പോൾ ഇവിടെ ജർമ്മനിയിൽ നിന്നു തന്നെ ഉള്ളവരാകും പാലത്തിൻ്റെ കൈവരിയിലെ താഴിൽ കുടുക്കിയിട്ടാൽ അവിടെക്കിടന്നു തഴയ്ക്കുന്നതല്ല പ്രണയം. എന്നറിയാൻ അധിക കാലമൊന്നും വേണ്ടി വരില്ലെന്നവളോർത്തു.
ഇത്തരം വിശ്വാസങ്ങളിൽ ഏതു നാട്ടുകാരാണ് മോശം? ചിലർ മരത്തിൽ മണി കെട്ടുന്നു. ഇവിടെ കമിതാക്കൾ പ്രണയത്തെ താഴിലടച്ച് താക്കാൽ റൈൻ നദിക്ക് സമർപ്പിച്ച് ശുഭ സ്വപ്നങ്ങൾ നെയ്യുന്നു. താഴറുക്കാൻ വേണ്ടി മാത്രം മറ്റൊരു നാട്ടിൽ നിന്ന് ഓടിക്കിതച്ചു വന്ന താനും വിശ്വാസത്തിൻ്റെ മറ്റൊരു കുടുക്കിലാണല്ലോ എന്നോർത്തവൾക്കു തമാശ തോന്നി.
18 കൊല്ലം മുമ്പത്തെ ഇതുപോലെ തണുത്തൊരു സന്ധ്യയിൽ അലൻ്റെ കൈ പിടിച്ചു തുള്ളിത്തുളുമ്പി വന്നു ബന്ധിച്ച ചുവന്ന ഹൃദയത്താഴ്, പാലത്തിനു കനമേകി ഇവിടെവിടെയോ ഉണ്ട് ! പൂട്ടിയവരുടെ കരളിൽ നിന്ന് ഒഴിഞ്ഞു പോയിട്ടും പ്രണയഭാരം ചുമക്കാൻ വിധിക്കപ്പെട്ട പാലത്തെ അവൾ അലിവോടെ നോക്കി. നിനക്കു വേണ്ടിയാണ് എൻ്റെയീ വരവ്. ഒട്ടും എളുപ്പമല്ലെന്നറിയാം. എണ്ണമറ്റ വർണ്ണത്താഴുകൾക്കിടയിൽ 18 വർഷം നിന്നെ ഭാരപ്പെടുത്തിയ താഴ് കണ്ടെത്താൻ വരുന്ന മൂന്നു നാൾ ഞാൻ നിന്നിലൂടെ അലയും.!ഓൺ ലൈനിൽ വാങ്ങിയ താഴറുപ്പു സാമഗ്രി ബാഗിലുണ്ടോ എന്നവൾ പരതി നോക്കി. കണ്ടു കിട്ടിയാൽ ആ നിമിഷം ഞാനാ നെറികെട്ട ഭാരം അറുത്തെറിഞ്ഞ് നിന്നെ വിമലീകരിക്കും, വാക്ക് !
കൈകളിൽ തൂങ്ങിയും ചിരിച്ചും കുഴഞ്ഞും പാലത്തിലൂടെ ഓടി നടക്കുന്ന കമിതാക്കളെ ചിരിയോടവൾ നോക്കി നിന്നു. പ്രണയം പൂട്ടി ഭദ്രമാക്കാൻ കൈവരിയിൽ ഒഴിഞ്ഞയിടങ്ങൾ തപ്പി അലയുന്നവർ ! പൂട്ടിയ ‘ലവ് ലോക്കിൽ’ തൊട്ടു നിന്ന് പ്രാർത്ഥിക്കുന്നു ചിലർ. ഫോട്ടോ സെഷനാണടുത്തത്.. ശേഷം കൊളോൺ കത്തീഡ്രലിൽ പോയി ദൈവത്തെ ഭാരമേല്പിക്കും. പാലവും പുഴയും പള്ളിയും കൂടി പ്രണയത്തെ മുറുകെപ്പിടിക്കുമെന്നു സ്വപ്നം കാണുന്നവർ!
പാലത്തിൻ്റെ കൈവരിയിലേക്ക് ചരിഞ്ഞു ചാരി, ഗംഭീരമായ മൂഡ് സെറ്റ് ചെയ്തൊരു സെൽഫിയെടുത്തവൾ സ്റ്റാറ്റസിട്ടു .
‘feeling chilled and poised @ Hohenzollern bridge Cologne’.
ചുമ്മാ കിടക്കട്ടെ! കാണട്ടെ സകല വൃത്തികെട്ടവന്മാരും ! അവനെയും അവൻ്റ നശിച്ച കൂട്ടുകാരെയുമെല്ലാം ബ്ലോക്ക് ചെയ്തിട്ടിരിക്കുവാണല്ലോ എന്ന ഓർമ്മയിൽ , ആ നിമിഷം അവൾക്കല്പം നിരാശ തോന്നി.
മൊത്തം വെെബും കളഞ്ഞ് അന്നേരമൊരു ഫോൺ ബെൽ ! ചിരി വന്നു. ടോണിക്കല്ലാതെ മറ്റാർക്കും ഇത്ര ടൈമിങ്ങ് ഉണ്ടാവില്ല.
“കൊച്ചേ നീയെവിടാ?”
“പൊറത്താ . ഇരുട്ടാകുവാ ടോണീ. ഇപ്പോ ഒന്നും കാണാൻ മേലാതാകും . റൂമിലെത്തിയേച്ച് വിളിക്കാം. അന്നേരത്തേന് പിള്ളാരും സ്കൂളീന്നു വരുവല്ലോ.”
ഫോൺ ഉടൻ കട്ടായി. അന്യനാട്ടിൽ നിൽക്കുന്ന ഭാര്യ ഇരുട്ടാകുന്നു എന്ന് പറഞ്ഞാൽ ഏതു ടോണിയും ഫോൺ വെച്ചു പോകും.
തിരിഞ്ഞ് ദീപശോഭയിൽ മുങ്ങിയ കൊളോൺ ദേവാലയത്തിലേക്കവൾ ഉറ്റു നോക്കി. എത്രയോ പ്രണയങ്ങളുടെ സ്നേഹ സാക്ഷി! ഗോത്തിക് നിർമ്മിതിയുടെ വിസ്മയം എന്ന് അലൻ പണ്ട് ആവേശം കൊണ്ടപ്പോൾ, വിമലഗിരി പള്ളീന്ന് വലിയ വ്യത്യാസമൊന്നുമില്ലെന്നു താൻ പറഞ്ഞതു കേട്ട് പൊട്ടിച്ചിരിച്ചത് ഇന്നലെയാണെന്നു തോന്നി. അതവൻ എത്ര കൂട്ടുകാരോട് പറഞ്ഞ് തന്നെ നാണം കെടുത്തി !
“മെറിനല്ലേ ?”
ഞെട്ടിപ്പോയി.കൊച്ചു കുട്ടികളുടെ മുഖമുള്ളൊരു യുവതി ചിരിച്ചു നിൽക്കുന്നു. എവിടെയോ കണ്ട പോലൊരു തോന്നൽ.
“ഷേബ , അലൻ്റെ ഭാര്യ ”
അവൾ കൈ നീട്ടി. പരിഭ്രമം പുറത്തു കാട്ടാതെ കൈ കൊടുക്കുമ്പോൾ , ഇവളിതെവിടുന്ന് വന്നു ചാടി, എന്നായിരുന്നു ചിന്ത.. അതു വായിച്ച പോലവൾ പറഞ്ഞു,
“ഞാൻ കത്തീഡ്രലിൽ വന്നതാണ്.. പെട്ടന്നാണ് മെറിൻ്റെ സ്റ്റാറ്റസ് കണ്ടത്. ഉടൻ തന്നെ തപ്പിയിറങ്ങി.
“എന്തിന് ?”
“അതെനിക്കുമറിയില്ല. നേരേ മുന്നിലെ പാലത്തിലുണ്ടെന്നറിഞ്ഞപ്പോൾ കാണണമെന്നു തോന്നി. ”
“കുഞ്ഞുങ്ങൾ “? മെറിൻ പെട്ടന്ന് അവസരത്തിനൊത്തുയർന്നു.
” ഒരാളേയുള്ളൂ . 15 വയസ്സായി മോൾക്ക് “.
“എനിക്ക് രണ്ടാളാണ് മോന് 12 വയസ്സ് കഴിഞ്ഞു. മോൾക്ക് അടുത്ത ഏപ്രിലിൽ എട്ടാകും. ഞാനിപ്പോ അയർലൻഡിലാ , കോൾറെയ്നിലെ ഒരു hospital ൽ ”
ഇവളോടെന്തിനാ ഇത്രയൊക്കെ വിസ്തരിക്കുന്നേ, എന്ന വീണ്ടുവിചാരം വന്നപ്പോഴേക്കും ചിരിയോടെ ഷേബാ ചോദിച്ചു.
” PR കിട്ടി. ടോണിയും മക്കളും ഉടനെ എത്തും അല്ലേ?”
മെറിൻ അവളെ തുറിച്ചു നോക്കി.
“ടെൻഷനാകണ്ട ! ഒപ്പം വന്ന കൂട്ടുകാരിയുടെ ഹസ്ബൻഡ്, വിപിൻ എൻ്റെ കൂടെയാണ് വർക്ക് ചെയ്യുന്നത്. മൂന്നാഴ്ചത്ത അവധിക്ക് വൈഫ് വരുന്നുണ്ട്. കൂടെ നാലു ദിവസത്തേക്ക് ഒരു ഫ്രെണ്ടുമുണ്ട്, എൻ്റൊപ്പം താമസിപ്പിക്കാമോ എന്നവൻ ചോദിച്ചപ്പോഴാണ് ഞാൻ ഡീറ്റെയിൽസ് തിരക്കിയത് മെറിനാണെന്നറിഞ്ഞപ്പോ എൻ്റൊപ്പം നിൽക്കില്ലെന്നു മനസ്സിലായി അങ്ങനാ Air Bnb ബുക്ക് ചെയ്തത് . കത്തീഡ്രലിന് അടുത്തു തന്നെ താമസം വേണമെന്ന് കേട്ടപ്പോഴേ ഇവിടെന്തോ ചുറ്റിക്കളിയാണെന്നു തോന്നി. പഴയ താഴ് തപ്പലാണോ വരവിൻ്റെ ഉദ്ദേശ്യം?
മെറിന് വല്ലാത്ത അപമാനം തോന്നി. പ്രകടമായ അനിഷ്ടത്തോടെ ഷേബയെ നോക്കുമ്പോൾ ചിരിയോടവൾ തുടർന്നു.
“വെറുതേ കഷ്ടപ്പെടാമെന്നേയുള്ളൂ. ലവ് ലോക്ക്സിൻ്റെ വെയ്റ്റ് കാരണം പാലത്തിന് പ്രശ്നമുണ്ടാകാതിരിക്കാൻ ഇടക്കിടെ കുറേ ക്ലിയർ ചെയ്യും. നിങ്ങടേതിപ്പോ, പത്തുപതിനേഴ് കൊല്ലം കഴിഞ്ഞില്ലേ ? ഒരു ചാൻസുമില്ല. പിന്നെ ഇതിനായി മാത്രം വന്നതല്ലേ, തപ്പിയേ തീരൂന്നാണെങ്കിൽ ഒറ്റക്കു വേണ്ട. ഞാനും കൂടാം “.
മെറിന് ചൊറിഞ്ഞു വന്നു.
“എൻ്റേതും 16 കൊല്ലം കഴിഞ്ഞതാ. കിട്ടാൻ ചാൻസില്ല. പിന്നെ ഒരേ പുരുഷൻ്റൊപ്പം കെട്ടിയ താഴറുക്കാൻ രണ്ടു പെണ്ണുങ്ങൾ ഒന്നിച്ചിറങ്ങുന്നതിൽ ചെറിയൊരു രസമുണ്ടല്ലോ. അത് കളയണ്ടാന്നു വെച്ചാ.”
മെറിൻ വിശ്വാസം വരാതെ അവളെ നോക്കി. ഷേബ മുന്നോട്ടു വന്നവളെ കെട്ടിപ്പിടിച്ചു.
“എന്തെങ്കിലും നിരാശയുണ്ടെങ്കിൽ കുടഞ്ഞു കളഞ്ഞേരെ. അറിഞ്ഞതിലേറെ വൃത്തികെട്ടവനാണ്. അവൻ്റെ മക്കളെ നിനക്കു പ്രസവിക്കേണ്ടി വന്നില്ല. അവനൊപ്പം ഒരു രാത്രി ഉറങ്ങേണ്ടി വന്നില്ല! നല്ലൊരു കുടുംബം കയ്യിലുമുണ്ട്. Merin, you are lucky! അവൻ കൈവിട്ടപ്പോൾ , ഈ നാടും നല്ല ജോലിയും ഇട്ടെറിഞ്ഞ് തിരിഞ്ഞോടിയെങ്കിലും പതിയെ അതിൽ നിന്നെല്ലാം പുറത്തിറങ്ങിയല്ലോ. മറ്റൊരു നാട്ടിൽ ഇപ്പോ ജീവിതം സെറ്റാകുന്നു. എന്നെ നോക്കൂ………..! അവൻ പോയിക്കിട്ടി എന്നൊരു സമാധാനം മാത്രമേയുള്ളൂ. ഒരടി മുന്നോട്ടു നീങ്ങാനായിട്ടില്ല. എന്തുകൊണ്ടാണെന്നറിയാമോ?ഒരു പെർവെർട്ടിനൊപ്പമുള്ള രാത്രികൾ നിനക്ക് ഊഹിക്കാൻ പോലുമാകില്ല മെറിൻ !
കൊളോൺ ദേവാലയത്തിലേക്കു നോക്കി അവൾ നിശ്ശബ്ദയായി നിന്നു. മെറിൻ വേദനയോടെ അവളുടെ കൈകൾ പതിയെ തൻ്റെ ചുണ്ടോടടുപ്പിച്ചു.
ബോധം വെക്കാത്ത പ്രായത്തിൽ ഏതോ അധമൻ്റെ കൂടെ വന്നു കൊളുത്തിയിട്ട താഴു തേടലും പറിക്കലുമല്ല, ഇവിടെ തൻ്റെ നിയോഗമെന്നവൾ ആ നിമിഷം തിരിച്ചറിഞ്ഞു.
“ഷേബാ, ഞാൻ റൂം വിടട്ടേ? വിപിൻ ചോദിച്ച പോലെ നിനക്കെന്നെ നാലു ദിവസം കൂടെ നിർത്തിക്കൂടേ? മോൾക്ക് ബുദ്ധിമുട്ടാകുമോ?”
ഷേബ അവളെ ഇറുക്കെ പുണർന്നു. കണ്ണുകൾ പെയ്തിറങ്ങുന്നത് എന്തിനെന്നും , ബന്ധങ്ങളുടെ നിറം മാറുന്നതെങ്ങനെയെന്നും മെറിൻ അത്ഭുതത്തോടെ ഓർത്തു. ഷേബയുടെ കണ്ണിൽ നിന്നുരുണ്ടിറങ്ങിയ മുത്തുകൾ വാശിയോടെ വടിച്ചെറിഞ്ഞ്, ചേർത്ത് പിടിച്ചിട്ടവൾ മൊബൈൽ ക്യാമറ തങ്ങളുടെ മുഖത്തിനു നേരേ ഉയർത്തിപ്പിടിച്ചൊരു സെൽഫി ക്ലിക് ചെയ്തു. ശേഷം സകല അധമന്മാരെയും ഭ്രാന്തെടുപ്പിക്കുന്നൊരു ക്യാപ്ഷനു വേണ്ടി രണ്ടാളും ചേർന്ന് ചാറ്റ് ജിപിടിയിൽ പരതി………..!
#താര സുഭാഷ്
#കൂട്ടക്ഷരങ്ങൾ


24 Comments
നന്നായി താരാ.പ്രണയം..എത്ര എഴുതിയാലും മതിവരാത്ത വികാരം.
സ്നേഹം❤️❤️🥰🥰🥰
എന്റെ പ്രിയ കൂട്ടുകാരി അസാധ്യ എഴുത്ത്. നിങ്ങളുടെ ഒക്കെ എഴുത്ത് കാണുമ്പോൾ എൻ്റെ ഈപണി നിർത്തിയാലോ എന്ന് തോന്നി പോകും
എല്ലാവരും നന്നായെഴുതുന്നവരാണ്. എല്ലാവരെയും വായിക്കാൻ ആളുമുണ്ട് കുമാരി.😃 സ്നേഹം!❤️❤️🥰🥰
താഴിട്ടു പൂട്ടിയിട്ടും നഷ്ടപ്പെട്ട പ്രണയം നഷ്ടപ്പെടേണ്ടതു തന്നെയായിരുന്നുവെന്ന തിരിച്ചറിവ്….. ഇതൊക്കെയാണ് കാലത്തിൻ്റെ മായകൾ…… ഈ എഴുത്തിനെക്കുറിച്ച് എന്താണ് പറയേണ്ടത് പ്രിയ താരാ …..ഒത്തിരി ഇഷ്ടം❤️❤️❤️
ഒത്തിരി ഇഷ്ടം മിനി.Hugs❤️🥰
അസാദ്ധ്യമായ എഴുത്ത്…
ഒന്നും പറയാനില്ല
സ്നേഹം സുമ❤️❤️🥰🥰
സൂപ്പർ ,വ്യത്യസ്തമായ പ്രമേയം, കേൾക്കാൻ ആഗ്രഹിച്ച പോലെ ഒരു കഥ 🥰🥰🥰🥰
സ്നേഹം Seji ❤️❤️🥰
ജീവിതത്തിലെ ചില തിരിച്ചു നടത്തങ്ങൾ നമ്മുടെ കാഴ്ചപ്പാടുകൾ മാറ്റും…അത് നമ്മുടെ ജീവിതത്തിൽ പുതിയ ആകാശവും പുതിയ ഭൂമിയും തരും…
കഥയുടെ അവസാനം വായനക്കാരുടെ മനസ്സിലും ഒരു മഴ പെയ്തു തോരുന്നു…..
മനോഹരമായ രചന ചേച്ചി….സൂപ്പർ 👌👌👌👌👌❣️❣️❣️❣️❣️❣️
സ്നേഹം ജിനു❤️ എല്ലാം വായിച്ച് അഭിപ്രായം പറയുന്നതിന് സ്നേഹത്തോടെ കടപ്പെട്ടിരിക്കുന്നു.❤️❤️❤️🥰
നല്ലെഴുത്ത് ചേച്ചീ. കുറച്ചുനേരം നമ്മളും അവരുടെ ഒപ്പം ആ പാലത്തിൽ നിൽക്കുന്ന ഒരു ഫീൽ കിട്ടി.
സ്നേഹം ഹരി. വായനക്കും കമൻ്റിനും❤️❤️❤️
ഉഷാർ എഴുത്ത്. , നല്ലൊരു caption, chat GPT കൊടുക്കട്ടെ. പതിനെട്ടു വർഷങ്ങൾക്കു ശേഷമുള്ള തിരിച്ചറിവ് 👌
ഒന്നാന്തരമായി എഴുതി. Love you.
👍🥰
സ്നേഹം ജോയ്സ്’ .വായനക്കും ഈ കമൻ്റിനും. Hugs❤️❤️❤️🥰🥰🥰
ഇതാണ് കഥ. ഇതല്ലേ കഥയെഴുത്ത്. Love you ചേച്ചീ
സ്നേഹം സിൽവിക്കുഞ്ഞേ! വായനക്കും കമൻ്റിനും, Hugs! ഉമ്മ❤️❤️❤️🥰🥰🥰
എന്തൊരു എഴുത്ത്.. ഹോ 👌👌👌👌👌
സ്നേഹം നന്ദ❤️❤️🥰🥰🥰
നമ്മളെ കൊണ്ട് ഇത്രയൊക്കെ അല്ലേ പറ്റൂ!🤣❤️
എന്തൊരെഴുത്താണ് താരച്ചേച്ചീ👌❤️
സൂപ്പർ എന്നു പറഞ്ഞാൽപ്പോരാ👌👌👌
ഒടുവിൽ കണ്ണുനനയിച്ചു.
സ്നേഹം❤️❤️❤️
സ്നേഹം മോളെ. സന്തോഷം.❤️❤️❤️🥰🥰🥰🥰🥰
രണ്ടു പേരുടെ പ്രണയത്താഴു തകർത്തപ്പോൾ സമാധാനമായല്ലോ? കൊള്ളാം സൂപ്പർ🥰❤️💐