2025 എനിക്ക് തന്നത് രണ്ടു മൂന്ന് ബ്ലോഗ്ഗുകൾ എഴുതാനുള്ള പ്രചോദനം ആണെങ്കിൽ 2026ൽ എൻ്റെ പേരിൽ ഒരു പുസ്തകം ഇറക്കണം എന്നാണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം.. അത് നടക്കുമോ എന്ന് ഉറപ്പില്ല എങ്കിലും അതിന് വേണ്ടി അഹോരാത്രം ശ്രമിക്കാൻ ആണ് എൻ്റെ തീരുമാനം.
രണ്ടു മൂന്ന് മാസങ്ങൾക്ക് മുൻപാണ് എൻ്റെ എഫ്ബിയിൽ “കൂട്ടക്ഷരങ്ങൾ” പേജിൽ നിന്നും ആരോ എഴുതിയ ഒരു കഥ കണ്ണിൽ പെട്ടത്, അത് വായിച്ച് കഴിഞ്ഞപ്പോൾ ആണ് ആ പേജ് ഒന്നു എടുത്തു നോക്കണം എന്ന് തോന്നിയത്. ഉടനെ “കൂട്ടക്ഷരങ്ങൾ” പേജ് എടുത്തു കുറെ സ്ക്രോൾ ചെയ്തു നോക്കി. വലിയ ബഹളങ്ങൾ ഒന്നും ഇല്ലാത്ത വളരെ വൃത്തിയായി, അടുക്കും ചിട്ടയുമായി പോയിക്കൊണ്ടിരിക്കുന്ന ഒരു പേജ്.
ആവശ്യത്തിലധികം ആത്മാഭിമാനം ഉള്ള ഞാൻ, ആരെങ്കിലും invite ചെയ്താൽ പോലും ഒരു പേജും ഫോളോ ചെയ്യാതെ, വെറുതെ കുറച്ചു ന്യൂസ് വായിക്കാൻ മാത്രം ആണ് എഫ്ബി തുറക്കാറ്, പക്ഷേ “കൂട്ടക്ഷരങ്ങൾ” എന്ന പേജ് കണ്ടപ്പോൾ അത് ഫോളോ ചെയ്യാൻ എനിക്ക് അധികം ഒന്നും ആലോചിക്കേണ്ടി വന്നില്ല.
പിന്നീട് ഈ പേജിൽ വരുന്ന കുഞ്ഞ് ടാസ്കുകൾ ഞാനും ചെയ്യാൻ തുടങ്ങി.. ചില വിഷയങ്ങളിൽ എൻ്റേതായ അഭിപ്രായം ഞാനും പോസ്റ്റ് ചെയ്ത് തുടങ്ങിയപ്പോൾ എന്നിലെ എഴുത്തുകാരി പതുക്കെ തല ഉയർത്തി തുടങ്ങി..
കല്യാണത്തിന് മുൻപ് അത്യാവശ്യം വായനാശീലം ഉണ്ടായിരുന്ന ഞാൻ കല്യാണത്തിന് ശേഷം സിനിമ ഭ്രാന്തനായ ഭർത്താവിൻ്റെ കൂടെ കൂടി, വായന ശീലം പാടെ ഉപേക്ഷിച്ചു സിനിമ കാണാൻ മാത്രം സമയം കണ്ടെത്തിയത് കൊണ്ട് ഭാഷാ പരിജ്ഞാനം ഇല്ലാതെ ആദ്യം കുറെ ബുദ്ധിമുട്ടി എങ്കിലും, എഴുതണമെന്ന ഒരു ആഗ്രഹം മനസ്സിൽ തികട്ടി വരാൻ തുടങ്ങിയപ്പോൾ രണ്ടും കല്പിച്ചു കിട്ടിയ ശൈലിയിൽ രണ്ടുമൂന്നു ബ്ലോഗ്ഗുകൾ എഴുതി. അതോടെ കൂട്ടക്ഷരങ്ങൾ എനിക്ക് ബ്ലോഗർ എന്ന സ്ഥാനപ്പേര് തന്നു.
ഇതിനിടയിൽ ആണ്, എഴുത്തുകാർക്ക് തങ്ങളെ സ്വയം പരിചയപ്പെടുത്താം എന്നുള്ള ഒരു പോസ്റ്റ് കൂട്ടക്ഷരത്തിൽ വന്നത്. രണ്ടു മൂന്ന് കഥകൾ തട്ടി കൂട്ടി എഴുതിയ ഞാൻ എന്നെ തന്നെ പരിചയപ്പെടുത്തുന്നത് ഒരു സ്വയം പുകഴ്ത്തൽ ആകും എന്ന് എനിക്ക് മനസ്സിലായി.. അതിൻ്റെ കാരണം സ്വയം പരിചയപ്പെടുത്തി പലരും ഇട്ട പല പോസ്റ്റുകളും ഞാൻ വായിച്ചപ്പോൾ ആണ്, ഈ പേജിൽ വലിയ വലിയ തിമിംഗലങ്ങൾ വരെ ഉണ്ടെന്ന് മനസ്സിലായത്. ഈ മേഖലയിൽ വെറും ഒരു പരൽ മീൻ ആയ ഞാൻ എന്തു പറഞ്ഞു എന്നെ പരിചയപ്പെടുത്താൻ?
ഈ പുതു വർഷം എനിക്ക് വീണ്ടും വായന തുടങ്ങണം, പണ്ട് വായിച്ച പുസ്തകങ്ങളുടെ പേര് തന്നെ മറന്ന ഞാൻ ഇനി വായിക്കാനുള്ള പുസ്തകങ്ങൾ ഏതാണെന്ന് വലിയ പിടി ഇല്ലെങ്കിലും ഒരു ദിവസം അടുത്തുള്ള ഗ്രന്ഥ ശാലയിൽ പോയി, കണ്ണിൽ കണ്ടതെല്ലാം വാങ്ങി കൊണ്ട് വന്നു വായന പുനരാരംഭിക്കണം എന്ന് നിശ്ചയിച്ചു കഴിഞ്ഞു.
“ഇക്കാലമത്രയും എവിടെ ആയിരുന്നു? ഇതിന് മുൻപ് എഴുതാതിരുന്നത് എന്തു കൊണ്ട്?” എന്നിങ്ങനെ ചോദിച്ചു കൊണ്ടിരിക്കുന്ന എൻ്റെ ബന്ധുക്കളെയും കൂട്ടുകാരെയും ഒക്കെ ഞെട്ടിച്ചു കൊണ്ട് ഒരു പുസ്തകം തന്നെ പുറത്തിറക്കണം എന്നാണ് പുതു വർഷത്തിലെ എൻ്റെ തീരുമാനം. ജീവിതത്തിൻ്റെ മധ്യാഹ്നത്തിൽ എത്തി നിൽക്കുന്ന എനിക്ക് ഇനി സമയം കളയാൻ ഇല്ല. എന്നിട്ട് വേണം എന്നെ തന്നെ ഒന്നു പരിചയപ്പെടുത്താൻ.
ജാനറ്റ് ജെൻസൻ


10 Comments
നല്ല കുറിപ്പ്. എഴുതാനുള്ള ആഗ്രഹവും പുസ്തകമിറക്കാനുള്ള ആഗ്രഹവും പൂവണിയട്ടെ ! മികച്ച രചനകൾക്ക് ആശംസകൾ!💐💖
❤️🙏
പുസ്തകം അല്ല പുസ്തകങ്ങൾ തന്നെ ഇറക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. കഴിയാത്ത ഒന്നും ഇല്ല തന്നെ.
❤️🙏
Really inspiring words.. 👍👍
❤️🙏
തിമിംഗലങ്ങളുടെയിടയിലേക്കു നുഴഞ്ഞുകയറി വന്ന ഒരു കുഞ്ഞു മീനാണു ഞാനും. ഇന്ന് കൂട്ടക്ഷരങ്ങൾ എൻ്റെ ജീവവായു തന്നെയാണ്.
വേഗം പുസ്തകമിറക്കൂ ആശംസകൾ❤️❤️❤️
❤️🙏
ഇപ്പോൾ തിമിംഗലമായി.
❤️🙏