”ടൈം ടേബിൾ ഇതാ എത്തിയിരിക്കുന്നു. ടീച്ചറേ എവിടെയൊട്ടിക്കണം?”
ബിജു ഒരു പേപ്പറും കൊണ്ടു മുന്നിൽ വന്നു നിന്നു.
”ഡ്യൂട്ടിയില്ലാത്ത ദിവസം ഓഫുണ്ടോ ബിജു ?”
രേഷ്മയുടെ ചോദ്യത്തിന് ഇല്ലെന്നു തലയാട്ടിയ ബിജു ഭിത്തിയിൽ പേപ്പറൊട്ടിച്ചു സ്ഥലം വിട്ടു.
“നമ്മളിനി സകല ഡ്യൂട്ടിയും ചെയ്തു വലയും ടീച്ചറേ. ലീവുള്ളവരൊക്കെ വീട്ടിലുമിരിക്കും”
രേഷ്മ എൻ്റെടുത്തു വന്നിരുന്നു. എല്ലാ ഡിസംബറിലും ഇങ്ങനെയല്ലേ ഇതിലെന്താ ഇത്ര പുതുമ എന്ന മട്ടിൽ ഞാനൊന്നും മിണ്ടിയില്ല..
പരീക്ഷ തുടങ്ങി.
ഞാനും ലക്ഷ്മിയും മാത്രമുളള ഒരു പകൽനേരത്താണ് ഞാനവളെ ശ്രദ്ധിച്ചത്. എൻ്റെ മോളേക്കാൾ അഞ്ചോ ആറോ വയസ്സു കൂടുതൽ കാണും. എപ്പോഴും ഒരു വിഷാദ ഭാവം. ഒരുണർവ്വും ഉത്സാഹവുമില്ലാത്ത പ്രകൃതം. ഇതെന്താ ഈ കുട്ടിയ്ക്ക്? എന്നിലെ അമ്മയ്ക്ക് വെറുതെയിരിക്കാൻ തോന്നിയില്ല.
“ലക്ഷ്മീ “
ഫോണിൽ പരതിയിരിക്കുന്ന അവൾ തലയുയർത്തി.
”നമുക്കൊന്നു നടന്നിട്ടു വന്നാലോ? ഒരു ചായയും കുടിക്കാം. “
സ്ക്കൂളിനു പുറത്തുള്ള കോഫീ ഷോപ്പിൽ നിന്ന് ചായയും പരിപ്പുവടയും കഴിച്ച് ഞങ്ങൾ വെറുതെ നടന്നു വരാന്തയുടെ അറ്റത്തുള്ള പടികളിൽ പോയിരുന്നു.
“അങ്ങനെ 2025 കഴിയാൻ ഇനി ദിവസങ്ങൾ മാത്രം. കഴിഞ്ഞ വർഷം എങ്ങനെയിരുന്നു ലക്ഷ്മീ?”
” എല്ലാ വർഷങ്ങളെയും പോലെ ഒരു പ്രത്യേകതയുമില്ലാത്ത ഒരു വർഷം. ഉണ്ണുന്നു ഉറങ്ങുന്നു ജോലി ചെയ്യുന്നു അങ്ങനെ സമയം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. അല്ലാതെ വേറെയെന്താണു ടീച്ചറേ?”
ആകെ മടുപ്പു നിറഞ്ഞ സ്വരത്തിലാണ് അവൾ പറഞ്ഞത്.
“പുതിയ വർഷത്തിൽ എന്തൊക്കെ ചെയ്യണമെന്നു ഇതുവരെ തീരുമാനിച്ചില്ലേ? എത്രയെത്ര വീഡിയോകളാണ് ഇറങ്ങിയിരിക്കുന്നത് .ഒന്നും കണ്ടില്ലേ? “
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്നായിരുന്നു എൻ്റെ മനസ്സിൽ.
“തീരുമാനമെടുത്തിട്ട് എന്താ കാര്യം? ഒന്നും നടക്കില്ല. സത്യം പറഞ്ഞാൽ ജീവിതം തന്നെ മടുത്ത അവസ്ഥയിലാണ്. ഒരു തുടർക്കഥ അല്ലെങ്കിൽ സീരിയൽ പോലെ അങ്ങനെ പോകുന്നു. ”
“അങ്ങനല്ല കുട്ടീ. അടുത്ത വർഷം ചെയ്യേണ്ട കാര്യങ്ങൾ ഒന്നെഴുതി വെയ്ക്കണം. നമ്മൾ മനസ്സിൽ തീരുമാനിച്ചിട്ടു കാര്യമില്ല ലക്ഷ്യങ്ങൾ ശരിയായി സെറ്റു ചെയ്ത് നന്നായി ശ്രമിക്കണം. നിങ്ങളൊക്കെ ചെറുപ്പക്കാരല്ലേ എത്രയോ ജീവിതം മുന്നിലുണ്ട്. ഞങ്ങളുടെ ചെറുപ്പത്തിലൊന്നും ആരും ഒന്നും പറഞ്ഞു തന്നില്ല. ഇങ്ങനെയുള്ള ഒരു സൗകര്യങ്ങളുമില്ലായിരുന്നു താനും.അല്ലെങ്കിൽ ജീവിതം കുറേക്കൂടി ഭംഗിയാക്കാമായിരുന്നു. “
“ടീച്ചറിന് ഇങ്ങനെയുള്ള കാര്യങ്ങളിലൊക്കെ വലിയ താല്പര്യമാണല്ലേ? ടീച്ചർ ശരിക്കും ഒരു മോട്ടിവേറ്ററാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ചമ്മൽ കൊണ്ടാണ് ഞാനൊന്നും ചോദിക്കാതിരുന്നത്”
ലക്ഷ്മി മടിച്ചു മടിച്ചാണു പറഞ്ഞത്.
എന്നോടെന്തും സംസാരിക്കാമെന്നു മനസ്സിലായപ്പോഴാണ് അവളുടെ മുഖം തെളിഞ്ഞത്.
“ഈ വിഷൻ ബോർഡ്, ബുള്ളറ്റ് ജർണലിംഗ്, ഗ്രാറ്റിറ്റ്യൂഡ് ജർണലിംഗ് എന്നൊക്കെപ്പറഞ്ഞാൽ എന്താണ്? യൂടൂബു നിറയെ വീഡിയോകളാണല്ലോ. ഞാനതൊന്നും കാണാറില്ല. ഒന്നിനും സമയം കിട്ടാത്തപ്പോൾ അതൊക്കെക്കണ്ടിട്ട് എന്തു
ചെയ്യാനാണ് ?”
“ഫ്രീ ടൈം കിട്ടുമ്പോഴൊക്കെ ഗെയിം കളിച്ചിരിക്കുന്നതു ഞാൻ കാണാറുണ്ടു ലക്ഷ്മീ. വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ എല്ലാറ്റിനും അല്പം സമയമെങ്കിലും കിട്ടും”
“വാക്കുകളും ചിത്രങ്ങളുമുപയോഗിച്ച് നമ്മുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പ്രദർശിപ്പിക്കുന്ന ഒരു കൊളാഷ് ബോർഡാണ് വിഷൻ ബോർഡ്. ബി.എഡിനു പഠിക്കുമ്പോൾ ഒരു മാഗസിനിലെ പല പല ചിത്രങ്ങൾ വെട്ടിയൊട്ടിച്ച് പുതിയൊരു ചിത്രം ഉണ്ടാക്കിയിരുന്നതോർക്കുന്നില്ലേ?അതുപോലെ.
ഒരു കാർഡ്ബോർഡിലോ ഫോണിൽ ഡിജിറ്റലായോ ഇതുണ്ടാക്കാം. കാർഡ് ബോർഡിൽ മോട്ടിവേഷണൽ ക്വോട്ടുകളൊക്കെ എഴുതി ചിത്രങ്ങളൊക്കെ ഒട്ടിച്ചുണ്ടാക്കുന്നതാണു നല്ലത്.
എടുത്താൽ പൊങ്ങാത്തത്ര കാര്യങ്ങളൊന്നും വേണ്ട കേട്ടോ. നടക്കുമെന്നു തോന്നുന്ന കുറച്ചു കാര്യങ്ങൾ’ ഉദാഹരണത്തിന് Think Positively, Exercise daily,Eat healthy Read more, Be Happy അങ്ങനെ…….
പുതിയ വർഷം ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ വ്യക്തമായി എഴുതി വെച്ചിട്ടു വേണം വിഷൻ ബോർഡുണ്ടാക്കാൻ. Self Love, Health, Career , Passion അങ്ങനെയോരോന്നും ഫോക്കസ് ചെയ്യാൻ ശ്രദ്ധിക്കണം. വെറുതെ എന്തെങ്കിലുമൊക്കെ എഴുതിയൊട്ടിക്കരുത്. ചുരുക്കത്തിൽ പറഞ്ഞാൽ നമ്മുടെ ഭാവനയും ആഗ്രഹങ്ങളും ഇടകലർന്നതായിരിക്കണം വിഷൻ ബോർഡ്.
Self Love പ്രധാനമാണ്. നമുക്കു വേണ്ടിയും അല്പ സമയം ചെലവാക്കണ്ടേ? അതിൽ വരുന്നതാണ് move your body. ചെറിയ നടത്തങ്ങളും stretching ഉം മറക്കരുത്. ഇവിടെ വന്നിട്ടാണെങ്കിലും കുറച്ചു സമയം നടന്നു കൂടേ? നീളൻ വരാന്തയുണ്ടല്ലോ.
”മറ്റുള്ളവർ എന്തു വിചാരിക്കും?”
ലക്ഷ്മി താടിയ്ക്കു കൈ കൊടുത്തിരുന്നു.
“അതിനെന്താ പ്രശ്നം? . നമ്മൾ നടക്കുന്നതിന് മറ്റുള്ളവർക്കെന്തു നഷ്ടം എന്നു വിചാരിച്ചാൽ മാത്രം പോരേ?
ഈ വിഷൻ ബോർഡ് എപ്പോഴും കാണുന്ന ഒരിടത്തു വെക്കണം. ഓരോ തവണയും കാണുമ്പോൾ അത് നമ്മുടെ ലക്ഷ്യങ്ങളെ ഓർമ്മിപ്പിക്കുകയും അവ നേടാൻ പ്രചോദനമുണ്ടാക്കുകയും ചെയ്യും. അടുക്കളയിൽത്തന്നെ വെച്ചോ. അതല്ലേ നമ്മുടെ സാമ്രാജ്യം”
” ടീച്ചറിന് അങ്ങനെ പറയാം. അതു കാണുമ്പോൾത്തന്നെ ചേട്ടനും അമ്മയും കളിയാക്കിച്ചിരിക്കാൻ തുടങ്ങും. “
ലക്ഷ്മി വിഷണ്ണയായിരുന്നു.
“ആ… അതാണ് കാര്യം. ലക്ഷ്മീ അതിനാണ് Letting Go പരിശീലിക്കേണ്ടത്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ല. അപ്പോൾ നമ്മുടെ ജീവിതം തന്നെ അർത്ഥമില്ലാത്തതാവും. പക്ഷേ നമുക്കു മാറ്റാൻ പറ്റാത്ത ഒരുപാടു കാര്യങ്ങൾ ജീവിതത്തിലുണ്ട് എന്ന കാര്യം മറക്കരുത്. അതിലേറ്റവും പ്രധാനമാണ് വ്യക്തികളെ മാറ്റിയെടുക്കുക എന്നത്. അതുകൊണ്ട് ഇതൊക്കെയങ്ങു വിട്ടു കളഞ്ഞേക്കണം. അതുപോലെ No പറയേണ്ടിടത്ത് മടിക്കാതെ പറയുകയും ചെയ്യണം”.
” ഈ ബുള്ളറ്റ് ജർണലിംഗ് എന്നു പറഞ്ഞാലെന്താ ടീച്ചറേ ? ലക്ഷ്യങ്ങളൊക്കെ ഡയറിയിൽ എഴുതുന്നതാണോ?”
ലക്ഷ്മിയ്ക്ക് അല്പം ഉത്സാഹമൊക്കെയായി. അതു കണ്ട് ഞാനും സന്തോഷത്തോടെ തുടർന്നു.
“ഡയറിയിലോ ബുക്കിലോ എവിടെ വേണമെങ്കിലും എഴുതാം. പക്ഷേ വെറുതെ ഡയറിയെഴുതുന്നതല്ല ബുള്ളറ്റ് ജർണലിംഗ്. പുതിയ വർഷത്തിൽ ചെയ്യാൻ തീരുമാനിക്കുന്ന കാര്യങ്ങളൊക്കെ മനസ്സിൽത്തന്നെ വെച്ചിരുന്നാൽ പലപ്പോഴും നടക്കില്ലെന്ന് അനുഭവത്തിൽ നിന്നു അറിയാമല്ലോ. അപ്പോൾ അവയെല്ലാം ഒന്ന് ചിട്ടയായി എഴുതിവെയ്ക്കാൻ ശ്രമിക്കാം.
കാര്യങ്ങളെല്ലാം ബുള്ളറ്റ് പോയിൻ്റുകളായാണ് എഴുതുന്നത്. അതായത് ഏതെങ്കിലുമൊക്കെ സിംബലുകളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ച് നമുക്കു ചെയ്യേണ്ട കാര്യങ്ങളൊക്കെ ചിട്ടയായി എഴുതി വെയ്ക്കണം. നമ്മെത്തന്നെ ഒന്ന് അച്ചടക്കത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണീ ജർണലിംഗ്. ജീവിതത്തിനു ചിട്ട വരുമ്പോൾ മനസ്സിൻ്റെ ഭാരമൊക്കെ മാറി ജീവിതം കൂടുതൽ മനോഹരമാകും.
നമ്മളുപയോഗിക്കുന്ന സിംബലുകളൊക്കെ എന്തിനെ സൂചിപ്പിക്കുന്നുവെന്നു മറക്കാതിരിക്കാൻ തുടക്കത്തിൽ വേണമെങ്കിൽ ഒരു നോട്ടു കൊടുക്കാം.
അടുത്ത പേജുകളിൽ മാസങ്ങളാണ് . ഒരു മാസത്തിന് അര പേജുവെച്ചെടുത്താലും മതി. ഓരോ മാസത്തിലും വരുന്ന പ്രധാന കാര്യങ്ങൾ – Birthdays, ലോണടയ്ക്കുന്ന date,അമ്മയെ ചെക്കപ്പിനു കൊണ്ടു പോകേണ്ടത് – അങ്ങനെ എഴുതണം. ഓരോ മാസവും പുതിയ കാര്യങ്ങൾ വരുമ്പോൾ അതിനുതാഴെ എഴുതാം.
ഇനി ജനുവരി മാസമാണ്. ഓരോ ദിവസവും പ്രധാനമായി നടന്ന കാര്യങ്ങൾ എഴുതണം. എല്ലാ ദിവസവും രാത്രി ഒരു പത്തു മിനിറ്റു ചെലവഴിച്ചു കൂടേ? അങ്ങനെ ഓരോ മാസങ്ങളിലും എഴുതണം.
അതുപോലെ എന്നും അല്പ സമയം സ്വയം ഒന്നു വിലയിരുത്താൻ ശ്രമിക്കണം.
ഇന്നത്തെ ദിവസം എങ്ങനെയിരുന്നു?
വിചാരിച്ചതു പോലെ കാര്യങ്ങൾ നടന്നോ? മാറ്റങ്ങളെന്തെങ്കിലും വരുത്തണോ ?എന്തെല്ലാം കാര്യങ്ങളിലാണ് സന്തോഷിക്കാൻ കഴിഞ്ഞത് എന്നെല്ലാം ചിന്തിക്കാനുള്ള സമയമാണത്; നമ്മെ Better ആക്കാനുള്ള ഒരു വഴി. തിരിച്ചറിവുകളാണ് വളർച്ചയുടെ അടിസ്ഥാനം എന്നു കേട്ടിട്ടില്ലേ?”
ഗ്രാറ്റിറ്റ്യൂഡ് ജർണലിംഗ് എന്താണെന്നറിയേണ്ടേ?
ഓരോ ദിവസവും നമ്മുടെ ജീവിതത്തിലുണ്ടാകുന്ന കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ ഒന്നെഴുതി വെച്ചാലോ? ആലോചിച്ചു നോക്കിയാൽ എന്തെല്ലാം അനുഗ്രഹങ്ങളാണ് നമുക്കു കിട്ടിയിരിക്കുന്നതെന്നു മനസ്സിലാവും. പുതിയൊരു ദിവസം തന്നെ
ഒരനുഗ്രഹമല്ലേ ? എല്ലാറ്റിനും നന്ദിയുള്ളവരായിരിക്കുക എന്നത് സന്തോഷത്തിലേക്കുള്ള ഒരു വഴി തന്നെയാണു ലക്ഷ്മീ. “
പുതിയ കാര്യങ്ങൾ പഠിക്കുന്നൊരു കുട്ടിയേപ്പോലെ ലക്ഷ്മി സാകൂതം എൻ്റെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.
“എന്താ ഇതൊക്കെ ഹെർക്കൂലിയൻ ടാസ്ക്കുകളാണെന്നാണോ ചിന്തിക്കുന്നത് ?”
“അല്ല ടീച്ചറേ . ടീച്ചറിതെല്ലാം എങ്ങനെ പഠിച്ചു? ഞാൻ ഓരോ പുതിയ വർഷം വരുമ്പോഴും ഇനി നന്നാവണമെന്നു കരുതും. പക്ഷേ പഴയ വർഷത്തേക്കാൾ മോശമാവാറേയുള്ളു. സന്തോഷിക്കാനുള്ള കാര്യങ്ങളൊന്നുമേ ഉണ്ടാവാറില്ല. “
നമ്മുടെ സന്തോഷത്തിൻ്റെ കടിഞ്ഞാൺ നമ്മുടെ കൈയിൽത്തന്നെ എന്നുറപ്പിക്കണം.
സന്തോഷം വരാനുള്ള വഴികൾ നാം തന്നെ കണ്ടത്തണം.
അതിനു വലിയ ബുദ്ധിമുട്ടൊന്നുമില്ല ലക്ഷ്മീ .
ഒരു പൂവിരിയുന്ന സുഖമറിഞ്ഞു എന്നു കേട്ടിട്ടില്ലേ അത്രയേയുള്ളു.
“ഒന്നു രണ്ടു കാര്യങ്ങൾ വിട്ടു പോയി. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് Digital Sunset. എനിക്കിതു വരെ ഒന്നു തുടങ്ങാൻ പോലും പറ്റിയിട്ടില്ല. അടുത്ത വർഷം ചെയ്യാനുള്ള കാര്യങ്ങളിൽ ഒന്നാം സ്ഥാനം അതിനാണ്. “
”അതെന്താ ഫോണിൽ ഒന്നും കാണുകയും കേൾക്കുകയും വേണ്ടേ?”
അവളുടെ മുഖം വാടി.
“അങ്ങനെയല്ല. സമയം നോക്കാൻ ഫോണെടുത്ത് സമയം പോയതറിഞ്ഞേയില്ല എന്നാവരുത്. ചുമ്മാതെ വീഡിയോകളും റീലുകളും കണ്ട് നേരം കളയരുത്. ഇടയ്ക്കൊക്കെ ആവാം. പിന്നെ ഉറങ്ങുന്നതിനു കുറെ മുമ്പു തന്നെ ഫോണുപയോഗം അവസാനിപ്പിക്കണം.
പിന്നെ വേറൊന്ന് . ആഴ്ചയിൽ ഒരു തവണയെങ്കിലും അടുപ്പമുള്ളവരെ വിളിക്കാൻ സമയം കണ്ടെത്തണം. ഒരു മെസേജയയ്ക്കാനെങ്കിലും ശ്രമിക്കണം. മിസ്സ്ഡ് കോൾ കണ്ടാലും പിന്നെ വിളിക്കാം എന്നു കരുതി മറന്നു പോകാറില്ലേ?അതുണ്ടാവരുത്. ബന്ധങ്ങൾ നിലനിർത്തുകയെന്നതാണ് ജീവിതത്തിലെ ഏറ്റവും പ്രയാസമുള്ള കാര്യം.
“ടീച്ചർ എല്ലാം സെറ്റാക്കിക്കാണും അല്ലേ ?”
” ഇല്ല ലക്ഷ്മി. ഇതെല്ലാം അടുത്ത വർഷം ഞാൻ ചെയ്യാനുദ്ദേശിക്കുന്നവയാണ്. ഒരു വിഷൻ ബോർഡുണ്ടാക്കി കുറച്ചു കാര്യങ്ങളൊക്കെ ഒന്നു തുടങ്ങി വെച്ചു എന്നേയുള്ളു. ഈ വർഷമെങ്കിലും എല്ലാം മാക്സിമം നന്നാക്കണമെന്നാണ് ആഗ്രഹം. ആഗ്രഹിച്ചാൽ ശ്രമിക്കണം. ശ്രമിച്ചാൽ നടക്കാത്തതായി എന്താണുള്ളത്?”
നിങ്ങളേപ്പോലുള്ള ചെറുപ്പക്കാരാണ് ഇതൊക്കെ ചെയ്യേണ്ടത്. അവസാനലാപ്പിലോടുന്ന എന്നെപ്പോലുള്ളവർക്ക് ഇനിയെത്ര സമയം ?”
“ഒന്നു പോ ടീച്ചറേ. നിങ്ങളേപ്പോലുള്ളവരെക്കണ്ടാണ് ഞങ്ങൾ പഠിക്കേണ്ടത്. “
” ടീച്ചറിൻ്റെ വിഷൻ ബോർഡു കണ്ടിരുന്നെങ്കിൽ ഒരു ഐഡിയ കിട്ടിയേനേ “
“അതിനെന്താ”
ഞാനുണ്ടാക്കിയ വിഷൻ ബോർഡിൻ്റെ ഫോട്ടോ കാണിച്ചു കൊടുത്തു. “
“ലക്ഷ്മീ കഷ്ടപ്പെട്ട് ഇതൊക്കെ ഉണ്ടാക്കി വെച്ചാൽ മാത്രം കാര്യമില്ല. ഉത്സാഹത്തോടെ ചെയ്താലേ ഗുണമുള്ളു ഒന്നോ രണ്ടോ ദിവസം പറ്റിയില്ലെന്നു വെച്ച് പിന്മാറരുത്. വിജയമാണു നമ്മുടെ ലക്ഷ്യം”
പരീക്ഷ കഴിഞ്ഞ് കുട്ടികൾ പോയിത്തുടങ്ങി. ഞങ്ങൾ എഴുന്നേറ്റു.
”ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ ടീച്ചറേ. ഈ വർഷമെങ്കിലും ടീച്ചർ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് ഞാനൊരു നല്ല കുട്ടിയാവാൻ നോക്കും തീർച്ച. സ്ക്കൂളടയ്ക്കുന്നതിനു മുമ്പ് എല്ലാം എഴുതി റഡിയാക്കണം. സംശയം ചോദിക്കാൻ ടീച്ചറുണ്ടല്ലോ.”
” ഫ്രീ ടൈമിലിരുന്ന് നമുക്കു ചെയ്യാം. നമുക്കു ചോദിച്ചു ചോദിച്ചു ചെയ്യാം അല്ലേ?”
പൊട്ടിച്ചിരിച്ചു കൊണ്ട് ഞങ്ങൾ സ്റ്റാഫ്റൂമിലേക്കു നടന്നു.
#കൂട്ടക്ഷരങ്ങൾ
#എൻ്റെ രചന
# ഈ വർഷമെങ്കിലും…..


16 Comments
അടിപൊളി ചേച്ചി. . ഇൻസ്പിറിങ്
സ്നേഹം അനില❤️❤️
കൊള്ളാമല്ലോ ഈ പരിപാടികൾ …… 2026 നെ ഒന്ന് ഉഷാറാക്കിക്കളയാം …….ഇഷ്ടം സുമാ❤️👍
Love u dear♥️♥️
ആഹാ
കൊള്ളാലോ
ശരിക്കും ഇത്തവണ കുറച്ചു decisions ഒക്കെ ഉണ്ട്. അതൊക്കെ ഒന്നെഴുതിയുണ്ടാക്കി ഒട്ടിച്ചു വെച്ചാൽ നല്ലതായൊരിക്കും ലോ
താങ്ക്യൂ ഫോർ this ❤️❤️
സ്നേഹം മഞ്ജൂ❤️
സ്നേഹം നന്ദ♥️♥️
ആഹാ
ഇതൊക്കെ കൈയിലുണ്ട് ലെ. ന്റെ ടീച്ചറേ ഇത് എനിക്കൊരുപാട് ഇഷ്ട്ടായി. ഞാനും ഒന്നും നോക്കട്ടെ ❤️🥰
നോക്കണം സാബീ♥️♥️
ചേച്ചി വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു❤️🥰.. ശരിക്കും നല്ല motivation 👌👌
സ്നേഹം Sayara❤️❤️
വളരെ നന്നായിരിക്കുന്നു എല്ലാവരും ശ്രമിച്ച് ചെയ്യേണ്ട കാര്യങ്ങളാണ്.❤️❤️❤️🥰
സ്നേഹം താരച്ചേച്ചി♥️♥️
Very very nice.. എല്ലാർക്കും ഇതൊക്കെ പരീക്ഷിക്കാം.
ഒന്നാന്തരം blog, വിഷൻ ബോർഡ്, ബുളളറ്റ് ജർണൽ തുടങ്ങി നിരാശയിൽ മുങ്ങി നടക്കുന്നവർക്ക് ഉണർവു നൽകി അടുത്ത വർഷം ഉഷാറാക്കാൻ പറ്റിയ ഉപാധികൾ, Super.👍👏
സ്നേഹം ജോയ്സ്❤️❤️