വരും വർഷത്തിൽ ഞാൻ ചെയ്യാൻ പോകുന്ന ഒരേയൊരു കാര്യം ഇനിയെങ്കിലും എനിക്കു വേണ്ടിയും കൂടി ജീവിക്കുക എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുക എന്നതാണ്. ഇക്കാലമത്രയും ഞാൻ പോലും എന്നെ സ്നേഹിച്ചിരുന്നില്ല. ഇനിയങ്ങോട്ട് നിനക്ക് ഞാനുണ്ട് സിന്ധു എന്ന് സ്വയം ആശ്വസിപ്പിക്കാൻ എനിക്ക് കഴിയണം.
കൊഴിഞ്ഞു പോയ വർഷയിതളുകൾ പെറുക്കി വെച്ചാൽ ആർക്കൊക്കെയോ വേണ്ടി ജീവിച്ച്, അവരുടെയൊക്കെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകി തന്റെതായ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളെപ്പോലും മാറ്റി നിർത്തിയിരുന്ന ഒരുവളെ കാണാനാകും.
പുതിയൊരു ഡ്രസ്സ് വാങ്ങിക്കണം എന്നാഗ്രഹിക്കുമ്പോത്തന്നെ, മോനൊരെണ്ണം വാങ്ങാതെ എനിക്കുമാത്രമായി വാങ്ങിക്കുന്നതെങ്ങനെയെന്ന് വേവലാതി കൊള്ളും. പിന്നെയാ ആവശ്യത്തെ മറ്റൊരിക്കൽ എന്നിടത്തേക്ക് മാറ്റി വെക്കും.
ഇഷ്ടപ്പെട്ടൊരു പുസ്തകം കാണുമ്പോൾ അത് സ്വന്തമാക്കാൻ വല്യ കൊതി തോന്നും. അപ്പോഴും ചിന്തകൾ എന്നെ പുറകോട്ട് വലിക്കും. ആ പൈസക്ക് വീട്ടിലേക്ക് വല്ലതും വാങ്ങിച്ചാൽ എല്ലാവർക്കും ഉപകാരപ്പെടുമല്ലോ. പുസ്തകം ലൈബ്രറിയിൽ കിട്ടുമല്ലോയെന്ന്.
കഴിക്കാൻ കൊതിയുള്ള ആഹാരം കാണുമ്പോൾ, ഒരല്പം വാങ്ങിക്കഴിച്ചാലെന്താ, അല്ലെങ്കിൽ എനിക്കു മാത്രമായി വീട്ടിലുണ്ടാക്കിയാലെന്താ എന്നൊക്കെ വലിയ ഗൗരവത്തിൽ ആലോചിച്ചു കൂട്ടും. എന്നിട്ടും, ഓ പിന്നെയാവട്ടെ എന്ന് മടിപിടിക്കും മനസ്സ്.
കഴിഞ്ഞയാഴ്ച ജോലി സ്ഥലത്ത് നിന്നും ഒരു സ്റ്റാഫിന്റെ വീട്ടിൽ ബർത്ത്ഡേ ഫങ്ക്ഷന് പോയിരുന്നു. അവിടെ നിന്നും കിട്ടിയ മിഠായികൾ ഒന്നുപോലും കഴിക്കാതെ ബാഗിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. വീട്ടിൽ പോകുമ്പോ മോന് കൊടുക്കാൻ.
അതിലൊരെണ്ണം എനിക്കു കഴിച്ചാലെന്താ കുഴപ്പം അല്ലേ?
ഇനി മുതൽ ഞാനും കഴിച്ചു തുടങ്ങാം.
ബാല്യത്തിൽ അച്ഛൻ വരച്ച വരക്കപ്പുറം ഒരു ലോകമുണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവ് നെടുകയും കുറുകെയും ഓരോ വര വരച്ച് അതിനെ മണിച്ചിത്രത്താഴിട്ട് പൂട്ടി.
ഈയിടെ ആ പൂട്ട് കുത്തിത്തുറന്ന് നാഗവല്ലി പുറത്ത് ചാടിയിട്ടുണ്ട്. മനസ്സിനിഷ്ടപ്പെട്ട ഒരു ജോലിയിടത്തിലേക്ക് കൂടുമാറി, ഇതെന്റെ ഇഷ്ടമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനിയൊരിക്കലും ആർക്കു വേണ്ടിയും തളക്കപ്പെടാതിരിക്കാൻ പരമാവധി ശ്രമിക്കണം.
കാലിൽ വീണു കിടക്കുന്ന ബന്ധങ്ങളുടെ ബന്ധനങ്ങളെ കുറച്ചൊക്കെ മറികടക്കണം.
നിങ്ങൾ എനിക്കുവേണ്ടി എന്ത് ചെയ്തു എന്നൊരു ചോദ്യം എപ്പോഴും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും എന്റെയിഷ്ടങ്ങളെക്കൂടി പരിഗണിച്ചു കൊണ്ടാകണം കടമകളും കർത്തവ്യങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ.
ജീവിതം ഇനിയുമേറെയുണ്ടെന്ന തോന്നലൊന്നും കൂടെയില്ല. ആയുസ്സ് നീട്ടിത്തരണേയെന്ന പ്രാർത്ഥനയുമില്ല. എന്നിരുന്നാലും ഇനിയുള്ള നാളുകൾ യാത്രകളെ ഏറെയിഷ്ടപ്പെടുന്ന സിന്ധുവിനെയും കൂട്ടി ഒരുപാട് യാത്രകൾ പോകണം എന്നാണ് തീരുമാനം.
#എന്റെരചന#ഈ വർഷമെങ്കിലും


7 Comments
ഇത് വായിച്ചപ്പോ ഒത്തിരി സന്തോഷം തോന്നി. ആഗ്രഹങ്ങളെല്ലാം നടക്കട്ടെ. സ്വയം സ്നേഹിച്ചു തുടങ്ങുക എന്നതാണ് വലിയ കാര്യം. 👍😍🥰
തീർച്ചയായും നല്ല തീരുമാനം സിന്ധൂ ……ആശംസകൾ👍🌹
സത്യമാണ്
പക്ഷെ , അമ്മയായിപ്പോയില്ലേ ?
എനിക്കും ഇങ്ങനെയൊക്കെ തോന്നും.. പക്ഷേ പറ്റുന്നില്ല..😰
സ്നേഹം സിന്ധു നല്ല തീരുമാനങ്ങൾ നടപ്പാക്കി വിജയിക്ക് മേളെ❤️❤️🥰 കൂടെയുണ്ട്.❤️🥰 എഴുത്ത് 👌👌❤️
അതേ സിന്ധൂ ഈ തീരുമാനം ഏറ്റവും നല്ലതു തന്നെ. സിന്ധുവിനെ സ്നേഹിക്കുന്ന ഒരു പാടുപേർ ചുറ്റുമുണ്ട്. ഇനി സിന്ധുവിൻ്റെ സ്നേഹം കൂടി ഉണ്ടാവണം.. എഴുതണം വായിക്കണം സന്തോഷിക്കണം. സ്നേഹം മാത്രം♥️♥️♥️♥️
സ്നേഹം ചേച്ചിക്കുട്ടി ❤️❤️