2025ൽ നിന്നും 2026ൽ എത്തിയപ്പോൾ കഴിഞ്ഞ വർഷത്തെ ഒരു ബാലൻസ് ഷീറ്റ് എടുത്ത് ലാഭനഷ്ടങ്ങൾ വിലയിരുത്തണമല്ലോ
അതാണല്ലോ നമ്മുടെ പതിവ്. അങ്ങനെ ഒരു കണക്ക് കൂട്ടൽ നടത്തി നോക്കിയപ്പോൾ ലാഭമാണ് എന്നാണ് തോന്നിയത്.
വ്യക്തിപരമായ കാര്യങ്ങളിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. മകന് ജോലി ലഭിച്ചു എന്ന സന്തോഷം. അവന് പുതിയ ഒരു ബൈക്ക് വാങ്ങിക്കൊടുത്തു. മകൾ ഒരു കാർ വാങ്ങി.
എനിക്ക് പ്രിയപ്പെട്ട ഒരു സോണി സൗണ്ട് ബാർ ഡോൾബി അറ്റ്മോസ് മകൾ സമ്മാനമായി നൽകി. ഒരു സാംസങ് ടാബ് എഴുതാൻ വേണ്ടി വേറെയും.
എന്നാൽ മക്കൾ രണ്ടു പേരും അടുത്തില്ല എന്ന വിഷമം. പിന്നെ അകലെയാണെങ്കിലും വീഡിയോകോൾ വഴി കാണാമല്ലോ എന്നൊരു സമാധാനമുണ്ട്. ടെക്നോളജികൾ പുരോഗമിച്ചപ്പോൾ എന്തെല്ലാം അനുഗ്രഹങ്ങളാണ് ലഭിച്ചത്. കഴിഞ്ഞവർഷം രണ്ട് പേരേയും കാണാൻ പോയിരുന്നു. മകൾ ജർമ്മനിയിൽ ഹീഡൽബർഗ് യൂണിവേഴ്സിറ്റിയിൽ പ്രോഫസറും സയൻ്റിസ്റ്റുമായി ജോലി ചെയ്യുന്നു. ഞങ്ങൾ കുടുംബസമേതം കഴിഞ്ഞ വർഷം പോയിരുന്നു. ഈ വർഷവും പോകണമെന്ന് കരുതുന്നു.
മകൻ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. അവിടേയും കഴിഞ്ഞ വർഷം പോയി. ഈ വർഷവും പോകണം. അതാണ് പുതിയ വർഷത്തെ പ്രോഗ്രാം.
കുറേ വർഷങ്ങൾക്ക് ശേഷം കഥകൾ കവിതകൾ ലേഖനങ്ങൾ തുടങ്ങിയ സാഹിത്യകാര്യങ്ങളിൽ 2024ൽ വീണ്ടും തുടങ്ങിയത് 2025ൽ തുടർന്നു. ഈ വർഷമാണ് സാഹിത്യസമ്മേളനങ്ങളിൽ പങ്കെടുത്തത്. സംസ്കൃതി കലാവേദി, ഭാഷാ മലയാളം, ദൃശ്യവർഷം സാഹിത്യവേദി, മന്ദാരം പബ്ലിക്കേഷൻ, സാക്ഷി, കണ്ടൽ എഴുത്തിടം സെവൻലീഫ് ക്രിയേഷൻസ്, അക്ഷരകേരളം, സൃഷ്ടിപഥം തുടങ്ങിയവയുടെ സാഹിത്യസമ്മേളനങ്ങൾ വാർഷികങ്ങൾ. ഓരോഗ്രൂപ്പുകളുടേയും ഒന്നിലധികം പ്രോഗ്രാമുകളിൽ പങ്കെടുത്തു. മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചതിൻ്റെ സമ്മാനങ്ങൾ പ്രമുഖരിൽ നിന്നും വാങ്ങി എന്നതിൽ അതിയായ സന്തോഷമുണ്ട്. മാത്രമല്ല, ഏറ്റവും അധികം ഇഷ്ടമുള്ള സാഹിത്യനായകൻമാരെ കാണാനും കഴിഞ്ഞു. സി. രാധാകൃഷ്ണൻ, എം മുകുന്ദൻ, വൈശാഖൻ, സച്ചിദാനന്ദൻ, മുരുകൻ കാട്ടാക്കട, രാജീവ് ആലുങ്കൽ, കെ. പി. സുധീര, അശോകൻ ചരുവിൽ, പ്രസിദ്ധയായ കാഞ്ചനമാല, ജയരാജ് വാര്യർ ലളിത ചങ്ങമ്പുഴ തുടങ്ങിയവർ.
ഇരുപത്തിരണ്ട് പുസ്തകങ്ങളിൽ( സമാഹാരം) കവിതകളും ലേഖനങ്ങളും കഥകളും ഓർമ്മക്കുറിപ്പുകളും എഴുതി പ്രസിദ്ധീകരിച്ചു എന്നതിൽ അത്യധികം സന്തോഷം. ഇത്രയൊക്കെ എഴുതാൻ കഴിഞ്ഞതിൽ അത്ഭുതം.
ഇരുപത്തി അഞ്ചോളം സാഹിത്യഗ്രൂപ്പുകളിൽ അംഗമായി കവിതകൾ കഥകൾ തുടങ്ങിയവ എഴുതി. പല ഗ്രൂപ്പുകളിലുമുള്ള മത്സരങ്ങളിൽ പങ്കെടുത്ത് വിജയിയായി. അത് ഇപ്പോഴും ഇങ്ങനെ തുടരുന്നു. ഗ്രൂപ്പുകളുടെ എണ്ണം കുറച്ചു എന്ന് മാത്രം. ഇങ്ങനെ ഓരോ ദിവസത്തിലേയും സമയത്തിന്റെ ഏറിയപങ്കും തീരുന്നു.
ഒരു ഗ്രൂപ്പിൽ അഡ്മിനും മറ്റൊരു ഗ്രൂപ്പിൽ മത്സരങ്ങളുടെ ജൂറിയുമായി അവയുടെ പ്രവർത്തനങ്ങൾ വേറേയും. അതിനിടെ ചെറിയ കൃഷിപ്പണികൾ, ചെയ്യാനും, ടി. വി. കാണാനും, ചില്ലറ വീട്ടുപണികൾ ചെയ്യാനും നേരം കിട്ടുന്നുണ്ട്. ഇരുപത്തി നാല് മണിക്കൂറും എൻഗേജ്ഡ് !
വീട്ടുകാരിയുടെ ഫുൾ സപ്പോർട്ട് ഉള്ളതിനാൽ രക്ഷപ്പെട്ടു പോരുന്നു. സമ്മേളനങ്ങളിലൊക്കെ അവരും കൂടെയുണ്ടാകും എന്നത് വലിയ സപ്പോർട്ട് ആണ്.
എല്ലാവർഷവുമുള്ള പ്രതിജ്ഞകൾ ഈ വർഷവും തുടരും. പക്ഷേ അങ്ങനെ ചെയ്യുന്ന പ്രതിജ്ഞകൾ സഫലമാക്കണമല്ലോ. അല്ലെങ്കിൽ എന്ത് കാര്യം?
മടി പിടിക്കുന്ന സ്വഭാവമായതിനാലുള്ള കുഴപ്പമാണ്.
കഥകളും കവിതകളും ലേഖനങ്ങളും മാത്രം എഴുതിയാൽ പോരല്ലോ.
സാഹിത്യത്തിൽ ഏറ്റവും ടോപ്പ് ആയ നോവൽ എന്നത് ഇപ്പോഴും എത്രയോ അകലെയാണ്.
തീർച്ചയായും ഒരു നോവൽ എങ്കിലും എഴുതണം എന്നാണ് ഈ വർഷത്തെ തീരുമാനം. കഥയോ കവിതയോ ഒക്കെ പെട്ടെന്ന് എഴുതാം, ദൈർഘ്യം കുറവാണല്ലോ!
എന്നാൽ ആഖ്യായിക അങ്ങനെയല്ലല്ലോ!
ചില കഥകളൊക്കെ മനസ്സിലുണ്ട്. അവയൊക്കെ പാകപ്പെടുത്തി എടുക്കണം. എന്നാലേ എഴുത്തിന് ഒരു പൂർണ്ണത കൈവരൂ.
സാഹിത്യ ഗ്രൂപ്പുകളിൽ മത്സരങ്ങൾ അനവധി ഉള്ളത് തുടരും എന്നാൽ അതിന് ഒരു ലിമിറ്റ് വയ്ക്കും. എന്നാലല്ലേ എഴുതാൻ സമയം കിട്ടുകയുള്ളൂ.
പിന്നെയുള്ളത് ഹോം ലൈബ്രറിയാണ് 2020മുതലാണ് പുസ്തകങ്ങൾ വരുത്തിത്തുടങ്ങിയത്. ആയിരത്തിലധികം പുസ്തകങ്ങൾ വാങ്ങി. ലക്ഷങ്ങൾ അതിന് മാത്രം ചെലവായി എന്നത് ഇപ്പോഴും അത്ഭുതമാണ്. പലപ്പോഴും ആയത് കൊണ്ട് അത് അറിഞ്ഞതേയില്ല എന്നതാണ് സത്യം. ഇപ്പോഴും പ്രധാനപ്പെട്ട കൃതികൾ വാങ്ങാൻ തോന്നും. ഞങ്ങളുടെ കാലഘട്ടത്തിലെ മലയാളത്തിൽ പ്രമുഖരായവരുടെ എല്ലാ കൃതികളും വാങ്ങി. ലോകസാഹിത്യത്തിലെ വളരെ പ്രധാനപ്പെട്ടവരുടെ
കൃതികൾ അവയുടെ മലയാളം പരിഭാഷകൾ ഇംഗ്ലീഷ്, ഫ്രഞ്ച്, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ഇന്ത്യയിലെ തന്നെ ഹിന്ദി ബംഗാളി തുടങ്ങിയ ഭാഷകളിലെ കൃതികളുടെ പരിഭാഷകൾ എല്ലാം വാങ്ങി. അവയിൽ കുറച്ചു മാത്രമേ വായിച്ചു കഴിഞ്ഞിട്ടുള്ളൂ. അവയൊക്കെ വായിക്കണം. അതാണ് അടുത്ത ആഗ്രഹം.
അവയൊക്കെ നടക്കുമെന്ന് കരുതാം. വർഷങ്ങളായി നടക്കാത്ത കാര്യങ്ങൾ ഈ വർഷമെങ്കിലും നടക്കട്ടെ!
#കൂട്ടക്ഷരങ്ങൾ
#എന്റെരചന
#ന്യുഇയർബ്ളോഗ് മത്സരം
#ഈവർഷംഎങ്കിലും
#രചന_രാമചന്ദ്രൻടിവി


3 Comments
സാഹിത്യ പ്രവർത്തനങ്ങളും കുടുംബ ജീവിതവും സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ….. ആയുരാരോഗ്യസൗഭാഗ്യങ്ങൾ നേരുന്നു❤️🙏
എഴുത്തും വായനയും സാഹിത്യലോകവും കുടുംബ ജീവിതവുമെല്ലാം സസന്തോഷം മുന്നോട്ടു പോകാനും ആയുരാരോഗ്യത്തോടെ കഴിയാനും സാധിക്കട്ടെ ആശംസകൾ♥️🌹
Plan ചെയ്ത പോലെ എല്ലാം 2026-ൽ സംഭവിക്കട്ടെ !