ജോലികഴിഞ്ഞ്നഗരത്തിലെ തിരക്കുകളിൽ നിന്ന് സുനിൽ വീട്ടിലെത്തുമ്പോൾ മിക്കവാറും പാതിരാവാകാറുണ്ടായിരുന്നു. പോകെപ്പോകെ വീട് അവന് വെറുമൊരു വിശ്രമകേന്ദ്രം മാത്രമായി മാറി.
സുനിലിൻ്റെ ലോകം, അതവൻ്റെ സുഹൃത്തുക്കളായിരുന്നു. ചായക്കടയിലെ തമാശകളും വാരാന്ത്യങ്ങളിലെ വിനോദയാത്രകളും ഇല്ലാതെ അവന് ജീവിതമില്ലായിരുന്നു.
”സുനിലേട്ടാ, കുട്ടിയുടെ സ്കൂൾ ആനിവേഴ്സറിക്ക് വരാമെന്ന് ഏറ്റതല്ലേ? അവിടെ എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു,” ഭാര്യ സന്ധ്യയുടെ വാക്കുകളിൽ പരിഭവത്തേക്കാൾ വലിയൊരു സങ്കടമുണ്ടായിരുന്നു.
”നീ എപ്പോഴും വീട്ടിലെത്തുമ്പോഴേക്കും ഇങ്ങനെ ഓരോന്ന് പറഞ്ഞ് തുടങ്ങും. എനിക്ക് കേട്ട് മതിയായി. എന്റെ കൂട്ടുകാരെ എനിക്ക് എന്തായാലും ഒഴിവാക്കാൻ പറ്റില്ല. അവർക്ക് ഞാൻ ഇല്ലാതെ പറ്റില്ല,” സുനിൽ ദേഷ്യപ്പെട്ട് മുറിയിലേക്കു പോയി.
അപ്പോൾ തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ രഘുവിന്റെ വിളിവന്നപ്പോൾ സുനിൽ വീണ്ടും സജീവമായി. കുടുംബത്തിന് കൊടുക്കേണ്ട സമയം അവൻ സുഹൃത്തുക്കൾക്കായി മാറ്റിവെച്ചു. മകളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും ഭാര്യയുടെ ഏകാന്തതയും അവൻ കണ്ടില്ലെന്നു നടിച്ചു.
എന്നാൽ, അപ്രതീക്ഷിതമായി വന്നൊരു അപകടം സുനിലിൻ്റെ ലോകം മാറ്റിമറിച്ചു. ഒരു രാത്രി ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുമ്പോൾ സുനിൽ പ്രതീക്ഷിച്ചത് തന്റെ ‘പ്രിയപ്പെട്ട’ കൂട്ടുകാരെയായിരുന്നു. ആദ്യത്തെ രണ്ടു ദിവസം അവർ വന്നുപോയി. പക്ഷേ, ദിവസങ്ങൾ നീണ്ടപ്പോൾ ഓരോരുത്തരായി ഒഴിവുകഴിവുകൾ പറഞ്ഞു തുടങ്ങി. ആശുപത്രിയിലെ മരുന്നിന്റെ മണമുള്ള മുറിയിൽ, ഉറക്കമില്ലാത്ത രാത്രികളിൽ സുനിലിന് കൂട്ടിരുന്നത് സന്ധ്യ മാത്രമായിരുന്നു. അവന്റെ മുറിവുകൾ കഴുകിയതും തളർന്നപ്പോൾ താങ്ങായതും അവൾ മാത്രമായിരുന്നു.
ഡിസ്ചാർജ് ആയി വീട്ടിലെത്തിയ സുനിൽ ജനലിലൂടെ പുറത്തെ ചായക്കടയിലേക്ക് നോക്കി. അവിടെ രഘുവും കൂട്ടുകാരും ചിരിച്ചുല്ലസിക്കുന്നുണ്ട്. അവർക്കിടയിൽ തന്റെ അഭാവം ഒരു നിഴൽ പോലും വീഴ്ത്തിയിട്ടില്ലെന്ന് അവൻ വേദനയോടെ തിരിച്ചറിഞ്ഞു.
സുനിൽ സന്ധ്യയുടെ അരികിലേക്ക് ചെന്നു. അവളുടെ കൈകൾ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു, “സൗഹൃദം വേണം, പക്ഷേ അത് കുടുംബത്തിന്റെ വേരുകൾ അറുത്തുകൊണ്ടാകരുത്. വൈകിയാണെങ്കിലും ഞാനിത് മനസ്സിലാക്കുന്നു.”
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. മനസ്സിലെ കറകളെല്ലാം കഴുകിക്കളയുന്ന ഒരു ശുദ്ധമായ സ്നേഹമഴ.
#സൗഹൃദങ്ങൾ കുടുംബ ബന്ധങ്ങളെ ബാധിക്കുമ്പോൾ


7 Comments
👌👏
😍😍
❣️❣️❣️
❤️
❤️❤️👍
❤️❤️❤️
നന്നായി എഴുതി❤️👌