“ഞാൻ സൗഹൃദങ്ങൾക്ക് എതിരായിട്ടുള്ള ഒരാളല്ല. എനിക്കും ഉണ്ട് നല്ല കൂട്ടുകാർ, പക്ഷെ…”
“ഫ്രണ്ട്‌സ് മാത്രമാണെന്നാണ് പറയുന്നത്, ശരിയായിരിക്കും…
എന്നാലും എല്ലാറ്റിനും ഒരു പരിധി ഇല്ലേ.”
“എനിക്ക് സംശയരോഗം ആണെന്നാണ് പറയുന്നത്, അത് ശരിയാണോ എന്ന് എനിക്കറിയണം… സംശയരോഗി, ടോക്സിക് പേഴ്സൺ, എന്നുള്ള വിളികൾ പലപ്പോഴും മറ്റുള്ളവരുടെ വായടപ്പിക്കാൻ വേണ്ടിയുള്ളതാണല്ലോ”.
ഇത്തരം ചോദ്യങ്ങൾ, അല്ലെങ്കിൽ സംശയങ്ങളിലൂടെ പലപ്പോഴും കടന്നു പോയിട്ടുണ്ട്. സൗഹൃദങ്ങൾ കുടുംബ ബന്ധങ്ങളിൽ വില്ലനാകുമ്പോൾ. എതിർലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള സൗഹൃദങ്ങൾ പോലും ആരോഗ്യപര മായി കൊണ്ടുപോകുന്നവർക്ക് ഒരപവാദമായി അത് മറ്റുവിധ lത്തിൽ ഉപയോഗിക്കുന്നവരും ഉണ്ട്. അവർക്ക് സൗഹൃദം എന്ന വാക്ക് ഒരു മറയാണ്.
“ഞങ്ങൾ ഫ്രണ്ട്സല്ലേ, നിനക്ക് അങ്ങനെയാരുമില്ലാത്തത് കൊണ്ടാണ്”
“കൂട്ടുകാരൊക്കെ എങ്ങനെയുണ്ടാകും… ഈ സ്വാഭാവത്തിന്… ഇത്ര ഇടുങ്ങിയ മനസ്സല്ലേ…”
“നിന്റെ പഴഞ്ചൻ ചിന്താഗതി തന്നെയാണ് മറ്റുള്ളവർക്കും എന്ന് വിചാരിക്കരുത്, ഇവരൊക്കെ എന്റെ കുട്ടിക്കാലം മുതൽ ഉള്ള ഫ്രണ്ട്സാണ്..”
ഫാമിലി കൗൺസിലിംഗ് സെഷനുകളിൽ കൂടുതലും കേൾക്കുന്ന വാദങ്ങൾ ആണ് ഇതെല്ലാം.
ഒരു കുട്ടിയുടെ വളർച്ചയുടെ ഘട്ടങ്ങളി ൽ തുടങ്ങുന്ന സൗഹൃദങ്ങൾക്ക് അവരുടെ വ്യക്തിത്വ വികസനത്തിൽ വലിയ പങ്കുണ്ട്. അങ്ങനെയുള്ളസുഹൃത് ബന്ധങ്ങൾക്ക് ആഴവുമെറേയായി രിക്കും. ആ സ്നേഹബന്ധങ്ങൾ എല്ലാക്കാലത്തും അതേപോലെ നിലനിർത്തുവാൻ എല്ലാവർക്കും സാധിക്കാറില്ല എങ്കിലും.
സുഹൃത്തുക്കളുടെ വിലയും സൗഹൃദങ്ങൾ പകരുന്ന സന്തോഷവും ആരെയും പറഞ്ഞറിയിക്കേണ്ട കാര്യ മില്ലല്ലോ. ജീവിതത്തിലെ പല പ്രതിസന്ധി കളിലും താങ്ങും തണലുമായെത്തുന്ന സൗഹൃദങ്ങൾ പകരുന്ന സുരക്ഷിതത്വ വും ശക്തിയും വളരെ വലുതാണ്.
കളികൂട്ടുകാർ, ബാല്യകാല സുഹൃത്ത്, ജസ്റ്റ് ഫ്രണ്ട്‌സ്, ബെസ്റ്റ് ഫ്രണ്ട്‌സ് എന്നി ങ്ങനെ പല പേരിട്ടു വിളിച്ച് അഭിമാന ത്തോടെ ചേർത്തുപിടിച്ചിരുന്ന സൗഹൃദ ങ്ങൾ അതെല്ലാം കടന്ന് ‘ബെസ്റ്റി’ യിൽ എത്തിയപ്പോഴാകട്ടെ അതിന് പൊതുവിൽ ഒരു വില്ലൻ പരിവേഷം കൊടുത്തിട്ടുണ്ടോ? പങ്കാളിയ്ക് ഒരു ബെസ്റ്റിയുണ്ടെന്ന് പറയുന്നത് എങ്ങനെ യാണ് എല്ലാവരും കാണുന്നത്.. ?
എത്ര കൂട്ടുകാർ ഉണ്ടെങ്കിലും, രണ്ടു ശരീരവും ഒരത്മാവും എന്നൊക്കെ ആലങ്കാരികമായി പറയാവുന്ന രീതിയിൽ ഒരു ഉറ്റസുഹൃത്ത് ഉള്ളത് എല്ലാവരുടെയും അഭിമാനം തന്നെ ആയിരിക്കും. സുഹൃത്തുക്കൾക്കിടയിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പ്രത്യേകം എടുത്തു പറയാൻ ഒരാൾ.
എന്നാൽ ഇന്നത് മറ്റു ബന്ധങ്ങൾക്ക് ഭീഷണിയായ ഒരു പേരായി മാറി തുടങ്ങി യിരിക്കുന്നു. ഇത് കൂടുതലും ആണിനും പെണ്ണിനും സുഹൃത്തുക്കൾ മാത്രമായിരി ക്കാൻ കഴിയില്ല എന്ന് പറയാറുള്ളത് പോലെയാണ്… എല്ലാവർക്കും ഒരുപോ ലെയല്ല.
രണ്ടു സ്ത്രീകൾ അല്ലെങ്കിൽ രണ്ടു പുരുഷന്മാർ തമ്മിലുള്ള സൗഹൃദങ്ങൾ കുടുംബങ്ങളെ ബാധിക്കുന്നത് എങ്ങനെയാണ്?
പൊതുവിൽ സ്ത്രീകൾ വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതോടെ അവരുടെ നാട്ടിലെ സുഹൃത്തുക്കളുമായുണ്ടാകുന്ന അടുപ്പം കുറയാറുണ്ട്. ഇപ്പോൾ അത് കുറയ്ക്കാൻ ഒരു പരിധി വരെ മൊബൈലിനും സോഷ്യൽ മീഡിയയ്ക്കും സാധിക്കുമെങ്കിലും പുതിയ ജീവിതത്തിന്റെയും ചുമതലകളുടെയും ഇടയിൽ ആഴത്തിലുള്ള സൗഹൃദങ്ങളുടെ ഗുണവും മാനസികമായ അടുപ്പവും ചിലർക്കെല്ലാം നഷ്ടപെടുന്നുണ്ട്. പുരുഷന്മാർക്ക് പ്രവാസം പോലുള്ള സാഹചര്യങ്ങൾ മാറ്റി നിർത്തിയാൽ ചെറുപ്പം മുതലുള്ള സൗഹൃദങ്ങളെയും മറ്റു ബന്ധങ്ങളെയും ഒന്നും വിവാഹം ബാധിക്കുന്നില്ല.
അതിനാൽ തന്നെ സോഷ്യൽ മീഡിയയുടെ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുന്നതിനു മുൻപായി കൂടുതലും കേട്ടിരുന്ന ചില പരാതികൾ സ്ത്രീകളുടേ താണ്. ഭർത്താക്കന്മാർക്ക് സുഹൃത്തു ക്കൾ ആണ് വലുത് എന്ന്.
ജോലി കഴിഞ്ഞു വന്നാൽ പിന്നെ സുഹൃത്തുക്കളുടെ കൂടെ പോകും, കറങ്ങി നടക്കലും വിനോദങ്ങളും എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഉറങ്ങുന്ന സമയം ആയിട്ടുണ്ടാകും. കുട്ടികൾ ഉറങ്ങിക്കാണും. ഭാര്യ കാത്തിരിക്കും. വന്നു കഴിഞ്ഞാൽ മിക്കവാറും ഇക്കാര്യം പറഞ്ഞുള്ള ( പരാതി പറച്ചിലിൽ തുടങ്ങി വഴക്കിൽ അവസാനിക്കുന്ന) പ്രശ്നങ്ങൾ.
ഭാര്യമാർ പറയുന്നത്, അവർക്കുള്ള സമയം കൂട്ടുകാർ കൊണ്ടുപോകുന്നു എന്നാണ്. ഭർത്താക്കന്മാർക്കാകട്ടെ അത് അന്നത്തെ ജോലിക്ക് ശേഷമുള്ള റീലാക്സിങ് ടൈം ആണ്. എപ്പോഴും പരാതി മാത്രം പറയുന്ന, കുട്ടികളെ ശകാരിച്ചു കൊണ്ടിരിക്കുന്ന ഭാര്യ. ഒന്നു ചിരിക്കുക പോലും ചെയ്യാതെ ക്ഷീണിച്ച മുഖവും മുഷിഞ്ഞ വേഷവുമായി നിൽക്കുന്ന ഭാര്യയുടെ അടുത്ത് എങ്ങനെ നിൽക്കാനാണ്. കുട്ടികൾ ഉറങ്ങുന്ന സമയം വരെ പുറത്തൊക്കെ ഒന്ന് കറങ്ങി കൂട്ടുകാരോട് സൊറ പറഞ്ഞ് തിരിച്ചു വന്നാൽ ഭക്ഷണം കഴിച്ചു സുഖമായി ഉറങ്ങാം.
ഇതിനിടയിൽ ഭാര്യക്കും മക്കൾക്കും പ്രായമായ അച്ഛനമ്മമാർക്കും ഒപ്പമുള്ള നിമിഷങ്ങളെ അവഗണിക്കുന്നവർ, രാത്രിയിലുള്ള കറക്കം മാത്രമല്ല, ഒഴിവ് ദിവസങ്ങളിൽ സിനിമയ്ക്കോ ആഘോഷങ്ങൾക്കോ അല്ലെങ്കിൽ ചെറുതും വലുതുമായ യാത്രകൾക്കോ കൂട്ടുകാരോടൊപ്പം മാത്രം പോകുന്നവരു മുണ്ട്. സ്ത്രീകൾക്ക് സുരക്ഷിതമല്ലെ ന്നും കുട്ടികൾക്ക് ബുദ്ധിമുട്ട് ആകുമെ ന്നും ഉള്ള നിരവധി കാരണങ്ങൾ ഉണ്ടാ കും പറയാൻ. ‘പോകുന്നിടത്തെല്ലാം ഭാര്യമാരെയും കൊണ്ടുപോകുന്നവരുടെ പൗരുഷത്തെ’ ചോദ്യം ചെയ്തു കൊണ്ടു നാലുപാടു നിന്നും ചില അശരീരികളും ആ സമയത്ത് കേൾക്കുന്നത് അവർക്ക് സഹായകരമാകും.
ചില ദയാലുക്കൾ, ഇങ്ങനെയുള്ള സമയത്ത് ഭാര്യമാരെ അവരുടെ വീട്ടിലേക്ക് പോകാൻ അനുവദിച്ചു മാതൃകയാകും.
മദ്യപാനശീലം കൂടെ ഉള്ളവരാണെങ്കിൽ അവരുടെ സൗഹൃദത്തിന്റെ ശക്തി കൂടു ന്നതിനനുസരിച്ചു ആ കുടുംബങ്ങളിലെ പ്രശ്നങ്ങൾ കൂടി വരുന്നതും കാണാം.
പങ്കാളികളെ മാത്രമല്ല കുട്ടികളെയും ഇത് മോശമായി ബാധിക്കാറുണ്ട്. രക്ഷിതാക്കളുമായുള്ള മാനസികമായ അടുപ്പം കുറയുകയും, വീട്ടിൽ നിന്നും കിട്ടേണ്ട സുരക്ഷിതത്വം കുറയുന്നത് അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അച്ഛനമ്മമാർ തമ്മിലുള്ള ഐക്യവും അടുപ്പവും കുട്ടികൾക്ക് സുരക്ഷിതത്വം നൽകുന്ന ഒന്നാണ്.
പങ്കാളിയ്ക്കും മക്കൾക്കും കൊടുക്കേണ്ടുന്ന സമയവും കരുതലും പരിഗണനയും അവരെക്കാൾ അധികം നിങ്ങളുടെ സൗഹൃദങ്ങളിൽ ആണ് നിക്ഷേപിക്കുന്നതെങ്കിൽ തിരിച്ച് അതെല്ലാം എങ്ങനെയായിരിക്കും ലഭിക്കുക എന്നാലോചിക്കുക
വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ഉപയോഗം സ്ത്രീപുരുഷ ഭേദമന്യേ സൗഹൃദങ്ങളെ കാര്യമായി സ്വാധീനിച്ചി ട്ടുണ്ട്. അതിന് പ്രായമോ ദൂരമോ സമയമോ ഒന്നും തടസമല്ലാതെയും ആയിട്ടുണ്ട്. ഏതൊരു കാര്യത്തിനും എന്ന പോലെ ചില ദോഷവശങ്ങൾ ഇക്കാര്യത്തിൽ ഉള്ളത് പ്രധാനമായും കുടുംബബന്ധങ്ങളിൽ ഉണ്ടാക്കുന്ന വിള്ളലുകളാണ്.
നമ്മുടേതുപോലെ കെട്ടുറപ്പുള്ള കുടുംബം എന്ന അടിസ്ഥാന ഘടകത്തിൽ നിന്നും പടുത്തുയർത്തിയ ഒരു സമൂഹത്തിന് അതൊരു ശ്രദ്ധിക്കപെടേണ്ട പ്രശ്നം തന്നെയാണ്…
വിവാഹശേഷം സൗഹൃദങ്ങളെല്ലാം പഴയത് പോലെ നില നിൽക്കുമോ എന്നൊരു ചോദ്യം നാം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടാകും. അതിന് കൃത്യമായി ഒരുത്തരവുമില്ല. സ്വന്തമായൊരു കുടുംബം എന്ന ആശയത്തിലേക്ക് വരുമ്പോൾ പങ്കാളിയ്ക്കും കുട്ടികൾക്കുമായിരിക്കും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടി വരുന്നത്. സൗഹൃദങ്ങൾ അതിനൊപ്പം ആരോഗ്യകരമായ രീതിയിൽ നില നിർത്തി കൊണ്ടു പോകുന്നത് സന്തോഷപ്രദം തന്നെ.
എന്നാൽ തനിക്കോ പങ്കാളിയ്ക്കോ ഏതെങ്കിലും രീതിയിൽ അതൃപ്തിയുള്ള സുഹൃത്ബന്ധങ്ങൾ അവസാനിപ്പി ക്കു കയോ അതിൽ ആവശ്യമായ അകലം പാലിക്കാതിരിക്കുകയോ ചെയ്യാതെ നില നിർത്തുവാൻ ശ്രമിക്കുന്നത് കുടുംബത്തിൽ അസ്വാരസ്യങ്ങൾക്ക് തുടക്കം കുറിക്കുന്നു.
നമ്മുടെ ജീവിതം പങ്കിടുന്ന ആൾ എന്ന രീതിയിൽ ഭാര്യ/ഭർത്താവ് തന്നെയാണ് മറ്റാരേക്കാളും നമ്മുടെ ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്നത് എന്നോർക്കുക. ഏതൊരു കാര്യത്തിലും അവരുടെ അഭിപ്രായങ്ങൾക്കും ഇഷ്ടങ്ങൾക്കും വേണ്ട പരിഗണന നൽകാതിരിക്കു കയോ നിർദേശങ്ങളും അഭിപ്രായങ്ങളും അവഗണിക്കുകയോ ചെയ്യുന്നത് ബന്ധത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന കാര്യത്തിൽ സംശയ മില്ല. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യുന്നതും വ്യക്തിപരമായ തീരുമാന ങ്ങൾ എടുക്കുന്നതും പരസ്പരം വേദനിപ്പിക്കാതെ ആയിരിക്കുക.
ഇക്കാര്യങ്ങളിൽ ചിലപ്പോഴെങ്കിലും ഭർത്താക്കന്മാർക്ക് ലഭിക്കുന്ന പ്രാധാന്യം നമ്മുടെ സമൂഹത്തിൽ ഭാര്യമാർക്ക് ലഭിക്കാതെ പോകാറുണ്ട്. ‘
സൗഹൃദങ്ങൾ എതിർലിംഗത്തിൽ പ്പെട്ടവർ തമ്മിലാകുമ്പോൾ അവരുടെ പങ്കാളികൾക്ക് മിക്കവാറും അത്തരം സൗഹൃദങ്ങളിൽ താല്പര്യക്കുറവ് കാണാറുണ്ട്.
‘ നമ്മൾ തമ്മിൽ കാണുന്നതിന് മുൻപേയുള്ള ഫ്രണ്ട്ഷിപ്പാണിത്’
‘ ഒരാവശ്യത്തിന് എനിക്ക് അവരൊക്കെ ഉണ്ടാകുകയുള്ളു’
എന്ന രീതിയിൽ ഉള്ള അവഗണനയും മറ്റു പെരുമാറ്റങ്ങളും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നു. പങ്കാളികൾക്ക് അരക്ഷിതാവസ്ഥയും വിശ്വാസക്കുറവും തോന്നിപ്പിക്കാൻ മാത്രമേ ഇതുപകരി ക്കു.
കുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ കൂടുന്നതിനനുസരിച്ചു സുഹൃത്തുക്ക ളോട് അടുപ്പം കൂടുതൽ കാണിക്കുന്ന വരുമുണ്ട്. പെട്ടെന്നുള്ള ദേഷ്യത്തിന്റെ യോ വാശിയുടെയോ താൽകാലിക ശമനത്തിന് വേണ്ടി ഇക്കാര്യങ്ങൾ സുഹൃത്തുക്കളോട് ചർച്ച ചെയ്തു പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്ന വരാണ് ഇക്കൂട്ടർ. കൂടെയുള്ള സുഹൃത്തുക്കൾ ഇതേ സ്വഭാവക്കാരാണെങ്കിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന അവസ്ഥയായിരിക്കു മെന്ന് പറയേണ്ടതില്ലല്ലോ.
താൽകാലികമായുള്ളൊരു സന്തോഷത്തിനു വേണ്ടി ‘സൗഹൃദം’ എന്ന പേരിൽ തുടങ്ങി വയ്ക്കുന്ന മറ്റു ബന്ധങ്ങൾ ഇക്കാലത്തു കൂടുതൽ പ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്നുണ്ട്. നിലവിലെ ബന്ധത്തിലുള്ള മടുപ്പ്, പങ്കാളിയുടെ അവഗണന, സ്നേഹരാഹിത്യം, മറ്റു വിഷമങ്ങളിൽ നിന്നുള്ള ആശ്വാസം തുടങ്ങി ന്യായീകരണങ്ങൾ ഒരുപാട് ഉണ്ടായിരിക്കും എങ്കിലും തകരുന്നത് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനമായ വിശ്വാസം ആയിരിക്കും.
ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പലതരം സൗഹൃദങ്ങൾ നമുക്ക് ഉണ്ടാ കാം എങ്കിലും ഉടനീളം കൂടെയുണ്ടാകു ന്നത് നമ്മുടെ കുടുംബം മാത്രം ആയിരിക്കും. അവിടെയുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാതെ ഒന്നിച്ചു നിന്ന് പരിഹരിക്കുകയാണ് വേണ്ടത്. കൂട്ടുകാർ എത്ര പേരുണ്ടെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് നാം പങ്കാളിയായി തെരഞ്ഞെടുക്കുന്നത് ഒരാളെ മാത്രമാണ് എന്നിരിക്കെ, അത്രയും പ്രാധാന്യം അവർക്ക് എല്ലായ്‌പ്പോഴും കൊടുക്കേണ്ടതുണ്ട് എന്ന് ഓർക്കുക.
നല്ല സാമൂഹിക ബന്ധങ്ങൾക്കും സുഹൃത്ബന്ധങ്ങൾക്കും നമ്മുടെ ജീവിതത്തിൽ പ്രാധാന്യമുണ്ടെങ്കിലും, കൂടുതൽ സമയവും ശ്രദ്ധയും അത്തരം ബന്ധങ്ങളിലേക്ക് മാത്രം കൊടുക്കുന്ന തിന് കാരണമായി പൊതുവിൽ പറയുന്നത് അതെല്ലാം ജോലിഭാരം, അച്ഛനമ്മമാരുടെ അസുഖങ്ങൾ, കുട്ടികളുടെ പഠിത്തം, ദമ്പതികൾ തമ്മിലുള്ള പിണക്കങ്ങൾ, മറ്റു സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയ ജീവിത പ്രാരാബ്ധങ്ങളിൽ നിന്നെല്ലാം താത്കാലികമായി ഒരാശ്വാസം എന്നാണ്.
പങ്കാളികൾ നല്ല സുഹൃത്തുക്കൾ കൂടി ആയിരിക്കണം എന്ന് പറയുന്നതിന്റെ പ്രസക്തി ഇവിടെയാണ്. എന്തും തുറന്നു പറയാവുന്ന തരത്തിലേക്കുള്ള മാനസി കമായ അടുപ്പം വളർത്തിയെടുക്കുവാ നും അതെപ്പോഴും നിലനിർത്തുവാനും രണ്ടുപേരും നന്നായി ശ്രദ്ധിക്കേണ്ടതു ണ്ട്.
കുടുംബത്തിൽ അങ്ങനെയൊരു സൗഹൃദപരമായ അന്തരീക്ഷം വളർത്തി യെടുത്താൽ എല്ലാവരുമൊന്നിച്ചുള്ള സമയം രസകരമായി ചെലവഴിക്കാൻ സാധിക്കുന്നത് വഴി കുടുംബാംഗങ്ങൾ തമ്മിലുള്ള മാനസിക അടുപ്പം വർധിക്കുകയും അത് ശക്തമാകുകയും ചെയ്യുന്നു.
സുഹൃത്തുക്കൾ കുടുംബം പോലെയാണ് എന്ന് പറയാറുണ്ടല്ലോ, അത് പോലെ കുടുംബത്തിൽ ഉള്ളവർ എല്ലാം സുഹൃത്തുക്കളെ പോലെയും ആയിരിക്കട്ടെ.
#എന്റെരചന #സൗഹൃദങ്ങൾ


10 Comments
ഗ്രീഷ്മ, ഈ വിഷയത്തെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും കൃത്യമായി വ്യക്തമായി പരാമർശിച്ചിരിക്കുന്നു. എല്ലാം ഈ കാലത്ത് നമുക്ക് ചുറ്റും നടക്കുന്നത് തന്നെയാണ്. വളരെ നന്നായി എഴുതി. 👌👏👏
Thank you 😍 Electa🙏🏻
Thara subhash 😍…. 🙏🏻
നല്ല അറിവുകൾ വിവരണം ഗ്രീഷ്മ👌🌹♥️
Suma jayamohan 😍🙏🏻
ഒന്നാന്തരം ലേഖനം. സൗഹൃദങ്ങൾ എങ്ങനെ കുടുംബത്തെ ബാധിക്കുന്നു എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു.👍👏
Thank you😍 Joyce🙏🏻
വളരെ വിശദമായി എഴുതിയിട്ടുണ്ട്.
എങ്ങനെ സൗഹൃദങ്ങൾ നന്മയായും തിന്മയായും മാറ്റാം എന്നാണ് ഓരോ ജീവിതവും പറയുന്നത്. ഇന്നത്തെ കാലത്ത് സൗഹൃദം എന്ന് പറയുന്നത് ആത്മാർത്ഥമായി ഉള്ളതാണോ അതോ അഭിനയമാണോ എന്ന് തിരിച്ചറിയാൻ കഴിയണം. വിവാഹം വരെ സുഹൃത്തുക്കൾ വേണം അത് കഴിഞ്ഞാൽ ഭാര്യ മാത്രം മതി എന്നതും ശരിയല്ല. ഭാര്യയെ ഒരു സുഹൃത്ത് ആയി കാണാനും പെരുമാറാനും കഴിയുന്നതോടൊപ്പം നല്ല സുഹൃത്തുക്കളെ കൂടി നമുക്ക് ചേർത്ത് നിർത്താം. ബന്ധങ്ങൾ ഉപേക്ഷിക്കേണ്ട തുമില്ല. എവിടെയ്ക്ക് പോകുമ്പോഴും ഭാര്യയെ കൂടെ കൊണ്ട് പോകുന്നത് തെറ്റല്ല. മോശം കാര്യവുമില്ല. ഞാനൊക്കെ പത്ത് മുപ്പത്തി അഞ്ച് വർഷമായി ഭാര്യയുമൊത്താണ് എന്ത് കാര്യത്തിനും പോകുന്നത്. എല്ലാ കാര്യങ്ങളിലും സഹകരിച്ചു പോകുന്നവരാണെങ്കിൽ മാത്രമേ അങ്ങനെ കഴിയൂ.
നല്ല രചന അഭിനന്ദനങ്ങൾ ആശംസകൾ
വിവാഹം കഴിഞ്ഞാൽ പങ്കാളി മാത്രം മതി എന്ന് പറയുന്നില്ല…. ആദ്യ പരിഗണന അവർക്ക് ആയിരിക്കണം, കുടുംബ ഭദ്രതയ്ക്. അവർ അത് ദുരുപയോഗം ചെയ്യാതിരിക്കാൻ ശ്രദ്ധിചാൽ മതിയാകും….. അതല്ലെങ്കിൽ കൃത്യമായ അതിരുകൾ സൂക്ഷിക്കാൻ ശ്രമിക്കുക….
നല്ലെഴുത്ത്.❤️ ഇഷ്ടപ്പെട്ടു.❤️😍