കാലങ്ങൾക്ക് ശേഷം മലയാള ഭാഷയുടെ ആത്മാവിനെ തൊട്ടുണർത്തിയ ചിത്രമാണ് സർവ്വം മായ…
മലയാളിയുടെ നൊസ്റ്റാൾജിയയായ മണിച്ചിത്രത്താഴ്, കിലുക്കം, നിറം എന്നീ സിനിമകളുടെ നിഴൽ എവിടെയോ ഉണ്ട് എന്നു തോന്നിപ്പിക്കുന്ന വിധത്തിലൊരു സിനിമ.
സത്യൻ അന്തിക്കാടിൻ്റെ കഴിവുകൾ അതേ പടി പകർന്നു കിട്ടിയ സംവിധായകൻ അഖിൽ സത്യൻ സിനിമാ ലോകത്തിന് ഒരു വാഗ്ദാനം ആണെന്നു പറയാൻ സാധിക്കും.
മുഴുനീള സംഗീത – സെൻറി കോമ്പിനേഷൻ എന്നു പറയാവുന്ന ചിത്രം.
ഇതിലെ ടൈമിങ്ങും അഭിനേതാക്കൾ തമ്മിലുള്ള കെമിസ്ട്രിയും ക്യാമറയിൽ സുന്ദരമായി പകർത്തിയിരിയ്ക്കുന്നു.
നിവിൻ പോളിയുടെ അഭിനയത്തിനൊപ്പമുയരാൻ റിയ ഷിബുവിൻ്റെ ന്യൂജൻ പ്രേതത്തിന് സാധിച്ചിട്ടുണ്ട് എന്നത് വലിയ വിജയമാണ്. ഇത്രയും സുന്ദരിയായി, ഇളം തെന്നൽ പോലെ ഒഴുകി വരുന്ന പ്രേതത്തിൻ്റെ ക്യൂട്ട് നെസ്സ് പറയാതെ വയ്യ!
അത് ചിലപ്പോഴെങ്കിലും നിവിൻ്റെ പ്രഭേന്ദുവിനേക്കാൾ ഒരു പടി മുന്നിലായിപ്പോയോ എന്നൊരു സംശയം ഇല്ലാതില്ല.
അജു വർഗീസിൻ്റെ മുഴുനീള സാന്നിദ്ധ്യം നന്നായി യോജിച്ചു പോവുന്നു. കഥയുമായി യോജിക്കാത്ത ഒരു കഥാപാത്രമോ, ഒരു ഡയലോഗോ, സീനോ ഇതിലില്ല. അതും വിജയത്തിൻ്റെ ഒരു ഘടകമാണ്.
രണ്ടാം പകുതിയിലെ സാന്നിദ്ധ്യമായ പ്രീതി മുകുന്ദൻ, അവസാന നിമിഷങ്ങളിൽ വന്ന വിനീത്, മേതിൽ ദേവിക… എല്ലാവരും കഥയിൽ നിറഞ്ഞു നിൽക്കുന്ന പ്രതീതി.
സെൻറിയും കോമഡിയും സംഗീതവും ഫാൻറസിയും പഴമയും എതുമയും ഒത്തു ചേർന്ന മനോഹരമായ ന്യൂജൻ കുടുംബചിത്രം എന്നു വിശേഷിപ്പിക്കാവുന്ന സർവ്വംമായ ഒരു ട്രെൻറായാൽ മലയാള സിനിമ രക്ഷപ്പെടും. വിശ്വാസവും മിത്തും സംഗീതവും കോമഡിയും സമാസമം ചേർന്ന സർവ്വംമായ, പ്രായ സ്ഥല കാല ഭേദമന്യേ എല്ലാ മലയാളികൾക്കും സ്വീകാര്യമായ ചിത്രമാവും എന്ന കാര്യത്തിൽ തർക്കമില്ല.
വള്ളുവാനാടൻ ഭംഗത്ത് ചിത്രീകരിച്ച ഈ സിനിമയിൽ കാവും കുളവും പാടവും തോടും എന്തിന് നിളാ നദി പോലും കഥാപാത്രമായി മാറുന്നു. ഞങ്ങളുടെ സ്വന്തം വള്ളുവനാടൻ ദൃശ്യഭംഗി ഒപ്പിയെടുത്ത ക്യാമറ മാൻ ശരൺ വേലായുധൻ പ്രത്യേക കയ്യടി അർഹിക്കുന്നു. അതേ മികവിൻ്റെ നൂറു ശതമാനം കയ്യടക്കിയ മറ്റൊരു സംഭവം എന്നു പറയുന്നത് ജസ്റ്റിൻ പ്രഭാകരൻ്റെ സംഗീതമാണ്.
ഊഷര ഭൂമിയിലേക്കു പെയ്തു വന്ന വേനൽ മഴയുടെ ഗന്ധം പടർത്തുന്ന ഒരു പിടി മനസ്സിൽ തങ്ങി നിൽക്കുന്ന ചിത്രങ്ങളുടെ കലവറയായി 2025നെ രേഖപ്പെടുത്താം.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


3 Comments
ഇഷ്ടം തോന്നിയ സിനിമ. പേടി തോന്നുന്ന പ്രേതങ്ങളിൽ നിന്നും cute ആയ ഡിലുല. വളരെ നല്ല ആസ്വാദന കുറിപ്പ്.
👍👏
സ്നേഹം❤️❤️❤️
നല്ല റിവ്യൂ. സിനിമയും ആസ്വാദനവും ഒരുപോലെ ഇഷ്ടമായി.❤️❤️❤️