കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമായ ഒരു വാചകമാണ്, “I love you to the moon and back”. സത്യത്തിൽ എന്താണ് ഇതിന്റെ ശരിയായ അർഥം എന്നതും ഈ വാചകം എങ്ങനെ ഇംഗ്ലീഷ് ഭാഷയുടെ ഭാഗമായി എന്നതും അല്പം കൗതുകകരമായ വസ്തുതകളാണ്.
ഞാൻ നിന്നെ ചന്ദ്രൻ വരെയും, തിരിച്ചും സ്നേഹിക്കുന്നു എന്നതിന്റെ അർഥം, അളക്കാൻ കഴിയുന്ന ഏതൊരു ദൂരത്തേക്കാളും, വാക്കുകൾക്ക് അതീതമായി ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ്. ചന്ദ്രൻ ഭൂമിയിൽ നിന്നും ഏകദേശം 3,84,400 കിലോമീറ്റർ അകലെയാണ്. അതിനാൽ “ചന്ദ്രൻ വരെയും, തിരിച്ചും” എന്നത് സാധാരണ ഗതിയിൽ സങ്കൽപ്പിക്കാൻ കഴിയാത്തത്ര വലിയ ദൂരമാണ്. എന്റെ സ്നേഹം അത്രമേൽ വലുതാണ്, നിനക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന ഏറ്റവും വലിയ ദൂരം പോലും അത് അളക്കാൻ പര്യാപ്തമല്ല എന്ന് പറയുമ്പോൾ സ്നേഹത്തിന്റെ അനന്തതയെ അതിലൂടെ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ വാചകം ലോകമെമ്പാടും പ്രശസ്തമായത് സത്യത്തിൽ ഒരു കുട്ടിക്കഥയിലൂടെയാണ്. Sam McBratney എന്ന ഐറിഷ് എഴുത്തുകാരൻ 1994 -ൽ കുട്ടികൾക്കായി എഴുതിയ “Guess How Much I Love You” എന്ന പുസ്തകത്തിൽ, ഒരു ചെറിയ മുയലും വലിയ മുയലും തങ്ങൾ തമ്മിൽ എത്രത്തോളം സ്നേഹിക്കുന്നു എന്ന് പരസ്പരം മത്സരിച്ച് പറയുകയാണ്. ഒടുവിൽ ചെറിയ മുയൽ പറയുന്നു:
“I love you right up to the moon.”
അത്രയും പറഞ്ഞ്, ഉറക്കം വന്ന ചെറിയ മുയൽ ഉറങ്ങാൻ കിടക്കുമ്പോൾ വലിയ മുയൽ അവന്റെ ചെവിയിൽ മന്ത്രിക്കുന്നു:
“I love you right up to the moon – and back.”
ഈ വരി ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഹൃദയത്തെ സ്പർശിച്ചു. മാതാപിതാക്കൾ കുട്ടികളോടും, ദമ്പതികൾ പരസ്പരവും ഈ വാചകം ഉപയോഗിക്കാൻ തുടങ്ങി. ചലച്ചിത്രങ്ങളിലും മറ്റ് പുസ്തകങ്ങളിലും ആവർത്തിച്ചുപയോഗിച്ച് യഥാർത്ഥ വാചകത്തിന് കൂടുതൽ ഒഴുക്ക് കിട്ടുന്നതിനായി “right up to” എന്ന ഭാഗം കാലക്രമേണ ഒഴിവാക്കപ്പെടുകയാണുണ്ടായത്. “I love you to the moon and back” എന്ന രീതിയിൽ അതൊരു ആധുനിക കാവ്യശൈലിയായി മാറി. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഇത് ആഗോളതലത്തിൽ ദൈനംദിന ഇംഗ്ലീഷ് ഭാഷയുടെ ഭാഗമായി മാറുകയും ചെയ്തു.
ജീവിതത്തിൽ എപ്പോഴെങ്കിലും ഈ വാചകം ഉപയോഗിക്കേണ്ടി വന്നാൽ ഓർക്കുക, കുട്ടികളെ ഉറക്കാൻ എഴുതപ്പെട്ട ഒരു കുട്ടിക്കഥയിലെ ഒരു മുയൽ മറ്റൊരു മുയലിനോട് പറഞ്ഞ വാചകത്തിന്റെ കാവ്യാത്മകമായ പതിപ്പാണ് നിങ്ങൾ പറയുന്നത് എന്ന്. നിഷ്കളങ്കമായ സ്നേഹത്തിന്റെ അനന്തതയെ സൂചിപ്പിക്കുന്ന കുട്ടിത്തം തുളുമ്പുന്ന ഒരു വാചകം.


1 Comment
ആ വാചകത്തിന്റെ feel, അളക്കാവുന്നതിലും അപ്പുറത്താണ്.
👍