മദ്യം എന്നത് താൽക്കാലികമായി മാത്രം ആനന്ദം തരുന്ന എന്നാൽ ദീർഘകാലം നമ്മെ ദുഃഖത്തിൽ ആക്കുന്ന ഒരു വിപത്ത് തന്നെയാണ്.
ചിലർ പറയും ഞാൻ വല്ലപ്പോഴുമേ കഴിക്കൂ അതിൽ എന്താണ് പ്രശ്നം എന്ന്. അവിടെയാണ് വലിയ പ്രശ്നം ഉള്ളത്.വല്ലപ്പോഴുമുള്ള ആ കഴിപ്പ് മൂലം ജീവിതത്തിൽ വലിയ നഷ്ടങ്ങൾ ഉണ്ടാകും.
2025 എന്ന കഴിഞ്ഞുപോയ വർഷത്തിൽ ഈ വല്ലപ്പോഴുമുള്ള കഴിപ്പ് ആണ് എന്നേ വലിയ അളവിൽ ബാധിച്ചത്.
എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങ് നടന്ന ദിവസം രാത്രിയിലാണ് ഈ സംഭവം നടക്കുന്നത്. ക്ഷണിക്കപ്പെട്ട ഭൂരിഭാഗം ആളുകളും പകൽ വന്നുപോയിക്കഴിഞ്ഞിരുന്നു. രാത്രിയിലും അവിടെ ഭക്ഷണം ഒക്കെ വിളമ്പുന്നുണ്ട്. ഏകദേശം ഒരു ഒൻപത് മണി ആയിട്ടുണ്ടാവണം. പകൽ വരാൻ കഴിയാത്ത ഏതാനും ചില ആളുകളൊക്കെ വരികയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. ഞാനും സുഹൃത്തും ആ വീടിന്റെ പരിസരത്ത് നിൽക്കുകയാണ്. പെട്ടന്ന് ഒരു പയ്യൻ പന്തലിൽ ഇരുന്ന് അവന്റെ സുഹൃത്തു ക്കളോടൊപ്പം വളരെ ആഘോഷത്തോടെ ഭക്ഷണം കഴിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. അവൻ കുറേക്കാലം മുന്നേ എന്റെ ആ സുഹൃത്തിന്റെ ബന്ധുവായ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയവനാണ്.
അതായത് ഈ ഗൃഹപ്രവേശം നടക്കുന്ന വീട്ടുകാരുടെ ബന്ധുവായ കുട്ടിയോടാണ് ഇയാൾ കുറേക്കാലം മുന്നേ മോശമായി പെരുമാറിയത്. അങ്ങനെ ഒരുത്തൻ അവിടെ വന്നിരിക്കേണ്ട ആവശ്യമില്ല എന്ന് ഞങ്ങൾ ചിന്തിക്കുകയും അവനെ അവിടെ നിന്ന് പറഞ്ഞു വിടണമെന്ന് തീരുമാനിക്കുകയും ചെയ്തു. അങ്ങനെ അവൻ ഭക്ഷണം കഴിച്ചു തീരും വരെ ഞങ്ങൾ വെയിറ്റ് ചെയ്തു.ശേഷം അവൻ കൈകഴുകി പോകുന്ന ലക്ഷണമൊന്നുമില്ല. അവന്റെ സുഹൃത്തുക്കളോടൊപ്പം അവിടെ തന്നെ നിന്ന് കറങ്ങുകയാണ്. ഇത് കണ്ടിട്ട് ഞങ്ങൾക്ക് സഹിക്കാൻ കഴിഞ്ഞില്ല ഞാനും സുഹൃത്തും കൂടി അവന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു നീ ഇവിടെ നിൽക്കാൻ പാടില്ല. നീ ഞങ്ങളുടെ ഒരു സഹോദരിയോട് മോശമായി പെരുമാറിയവനാണ് അതുകൊണ്ട് ഇപ്പോൾ തന്നെ നീ ഇവിടെ നിന്ന് പോണം. പെട്ടന്ന് തന്നെ അവനും അവന്റെ സുഹൃത്തുക്കളും ഞങ്ങൾക്ക് നേരെ തിരിഞ്ഞു. അവിടെ വലിയ സംസാരമായി ഉന്തും തള്ളുമൊക്കെയായി. അവനും അവന്റെ സുഹൃത്തുക്കളും ലഹരി ഉപയോഗിച്ചിട്ടുണ്ടായിരുന്നു. വിശേഷ ദിവസമായതുകൊണ്ട് ഞങ്ങളും അല്പം മദ്യം കഴിച്ചിട്ടുണ്ടായിരുന്നു.പെട്ടന്ന് ചടങ്ങ് നടന്ന വീട്ടിലെ ആളുകൾ ഓടി വന്നു. അവർ ഞങ്ങളോട് പറഞ്ഞു ഞങ്ങളുടെ പരിപാടി നിങ്ങൾ നശിപ്പിക്കരുത്. അപ്പൊ ഞാൻ പെട്ടന്ന് പറഞ്ഞു ചേട്ടാ നമ്മുടെ ഒരു കുട്ടിയോട് മോശമായി പെരുമാറിയവനല്ലേ ഇവൻ ഇവനെ ഇവിടെ നിന്ന് പറഞ്ഞു വിടൂ.
പെട്ടന്ന് തന്നെ അദ്ദേഹം പറഞ്ഞു അവന്റെ വീട്ടുകാരെ ഞാൻ ക്ഷണിച്ചതാണ് അങ്ങനെയാണ് അവൻ വന്നത് നിങ്ങൾക്ക് എന്നോട് വേറെന്തെങ്കിലും വിരോധം ഉണ്ടെങ്കിൽ അത് പറഞ്ഞു തീർക്കണം വെറുതെ എന്റെ ചടങ്ങിന് വന്ന് പ്രശ്നം ഉണ്ടാക്കി എന്നേ ദ്രോഹിക്കരുത്. അദ്ദേഹം എന്റെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞത് എനിക്ക് വലിയ ആഘാതവും വിഷമവും ഉളവാക്കി.
ശരിക്കും അവിടെ ഞാനും സുഹൃത്തും പ്രശ്നക്കാരായി മുദ്രകുത്തപ്പെട്ടു.
അങ്ങനെ ഒരാൾ ഒരു ചടങ്ങിന് വന്നാൽ അയാൾ ക്ഷണിക്കപ്പെട്ട് വന്നതാണോ അല്ലാതെയാണോ എന്നൊന്നും അന്വേഷിക്കാതെ ഞാനും സുഹൃത്തും അവിടെ പെട്ടന്ന് പ്രതികരിച്ചു. ഇത് മദ്യം കഴിച്ചത് കൊണ്ടുണ്ടായ ആവേശത്തിന്റെ പുറത്താണ്. ഞങ്ങളുടെ ധാർമിക രോഷമാണ് അവിടെ പ്രകടിപ്പിച്ചത് എന്നിരുന്നാലും അത് വീട്ടുകാരോട് ഒരു വാക്ക് ചോദിച്ചിട്ട് മതിയായിരുന്നു എന്ന് പിന്നീട് ചിന്തിച്ചു.
ഞാൻ വല്ലപ്പോഴും കഴിച്ചിരുന്നു എന്ന് പറഞ്ഞത് മാസത്തിൽ രണ്ടോ മൂന്നോ തവണ കഴിച്ചിരുന്നു എന്നാണ്. ആദ്യമൊന്നും അങ്ങനെ ആയിരുന്നില്ല.
തുടക്കത്തിൽ അപൂർവ്വമായി വർഷത്തിൽ ഒന്നോ രണ്ടോ തവണ കഴിച്ചിരുന്ന ഞാനാണ് പിന്നീട് മാസത്തിൽ രണ്ടും മൂന്നും തവണ കഴിക്കുന്ന ആളായി മാറിയത്.കഴിക്കുന്ന ആ ദിവസങ്ങളിൽ എന്റെ ദിനചര്യകളെല്ലാം താറുമാറാകും.അന്നേ ദിവസം ചെയ്യാനിരിക്കുന്ന പല പ്രധാനപ്പെട്ട ജോലികളും മുടങ്ങുന്നു , പലരോടും സംസാരിക്കുമ്പോൾ വൈകാരികമായി പ്രതികരിക്കുന്നു. ഒരു തവണ പറഞ്ഞ കാര്യം തന്നെ റിപ്പീറ്റ് ആയി പറയുന്നു, മദ്യം കാരണം അനാവശ്യമായ ടെൻഷൻ ഉത്കണ്ഠ എന്നിവ ഉണ്ടാകുന്നു. പലരോടും പല കാര്യങ്ങളിലും ഓവർ ആയി റിയാക്റ്റ് ചെയ്യുന്നു. ഈ ഒരു പ്രശ്നം കാരണം എന്റെ പല സുഹൃത്തുക്കളും എന്നേ വിട്ട് അകന്നു പോയി.
കഴിക്കുന്ന ചിലർ പറയുന്ന ഒരു സ്ഥിരം ഡയലോഗ് ആണ് ഞാൻ ഒന്നിനും അഡിക്റ്റ് അല്ല മദ്യം ഞാൻ ഏതെങ്കിലും ആഘോഷമുള്ള ദിവസമേ ഉപയോഗിക്കൂ എന്നൊക്കെ. സത്യം എന്തെന്നാൽ ഈ പറയുന്ന ആളുകൾ തന്നെയാണ് പിന്നീട് സ്ഥിരം മദ്യപാനികളായി മാറുന്നത്. ഏത് ആഘോഷം വന്നാലും, ഏത് ദുഃഖം വന്നാലും, ഏത് സന്തോഷം വന്നാലും നാം ഒരിക്കലും മദ്യം ഉപയോഗിക്കരുത് എന്ന് തീരുമാനിച്ചാൽ പിന്നീട് ജീവിതത്തിലെ യഥാർത്ഥ സുഖവും സന്തോഷവും നമുക്ക് തിരിച്ചറിയാൻ കഴിയും. നാം എന്താണോ തലച്ചോറിനെ ശീലിപ്പിക്കുന്നത് ആ വഴിയിലൂടെയേ നാം പോകൂ എന്ന് എവിടെയോ വായിച്ചതോർക്കുന്നു. ലഹരിയാണ് നാം തലച്ചോറിനെ ശീലിപ്പിക്കുന്നതെങ്കിൽ അത് ആ വഴിയേ പോയി ജീവിതം താറുമാറാക്കും.
ഞാൻ എന്റെ ജീവിതത്തിൽ നിന്നും മദ്യത്തെ പൂർണമായും ഒഴിവാക്കി. ഇന്ന് ഞാൻ അനുഭവിക്കുന്ന മാനസികമായ സമാധാനം മദ്യം പൂർണമായി ഒഴിവാക്കിയത് കാരണമാണ്.
ഇപ്പോൾ എന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ഞാൻ അങ്ങേയറ്റം പരിശ്രമിക്കുകയാണ്.
കൂട്ടക്ഷരങ്ങളിലുള്ള മനുഷ്യരുടെ കഥകളും, ബ്ലോഗുകളും ഒക്കെ വായിക്കുമ്പോൾ വലിയ ആശ്വാസവും പ്രതീക്ഷയുമൊക്കെ തോന്നുന്നു.
എല്ലാവർക്കും നന്മയും പുരോഗതിയും ഉണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


6 Comments
ആ തീരുമാനം ജീവിതകാലം മുഴുവനും നിലനിൽക്കണം….. നല്ല സന്ദേശമുള്ള എഴുത്ത്👍❤️
Thanks
നല്ല രചന അഭിനന്ദനങ്ങൾ ആശംസകൾ
മദ്യം നല്ലതാണ് എന്ന് സകലരും പറയും. അതിന് വേണ്ടിയാണ് ചിലർ ജീവിക്കുന്നത് തന്നെ. സർക്കാരിൻ്റെ സ്പോൺസേർഡ് പ്രോഗ്രാം ആണ് മദ്യപാനം. അത്രയധികം പ്രോത്സാഹനം കൊടുക്കുന്ന മറ്റൊന്നും ഇല്ല.ജനങ്ങളെ നയിക്കുന്ന സർക്കാർതന്നെ ഇങ്ങനെ പ്രോത്സാഹനം തുടങ്ങിയാലോ! മറ്റെല്ലാ മയക്കുമരുന്ന് ലഹരിയേയും എതിർക്കും.പക്ഷെ കോടികൾ കൊയ്യുന്ന മദ്യപാനം മാത്രം നിരോധിക്കില്ല.മയക്ക് മരുന്ന് സമൂഹത്തിൽ അപൂർവമായേ ഉപയോഗമുളളൂ.എന്നാൽ മദ്യം അങ്ങനെയല്ല.ഭൂരീപക്ഷം പേരും സ്റ്റാറ്റസ് സിംബൽ ആയാണ് മദ്യം ഉപയോഗിക്കുന്നത്. വേണം എന്ന് വച്ചാലേ ഉപയോഗിക്കൂ. വേണ്ട എന്ന് വച്ചാൽ ഒരു കുഴപ്പവുമില്ല.ഉപയോഗിച്ചവർ അത് നിർത്താൻ നല്ല ധൈര്യം വേണം എന്ന് മാത്രം.. തീർച്ചയായും ഉപേക്ഷിക്കാൻ കഴിയും.
ജീവിതത്തിൽ നിന്നും ഞാൻ മദ്യം ഉപേക്ഷിച്ചു ചേട്ടാ.
നല്ല തീരുമാനം, പ്രാവർത്തികമാക്കാൻ ശ്രമിക്കൂ. 👏👍
പ്രാവർത്തികമാക്കിയിട്ട് ഒരുപാട് ദിവസങ്ങളായി ഇനി തുടർന്നും അങ്ങനെയായിരിക്കും. ജീവിതത്തിൽ ഇനി മദ്യം ഇല്ല.