#അവസാനത്തെ സന്ദേശം
#കൂട്ടക്ഷരങ്ങൾ
കഥ തികച്ചും സങ്കല്പികം
***************************
“ഇക്കാ സുഖമാണോ? ഭക്ഷണം കഴിച്ചോ. ആരോഗ്യം ശ്രദ്ധിക്കണേ.
വിവരങ്ങൾ അറിയാത്തത് കൊണ്ട് ഒരു സമാധാനം ഇല്ല. അതാ മെസ്സേജ് അയച്ചു കൊണ്ടിരിക്കുന്നത്.”
ആയിഷയുടെ മെസ്സേജ്കൾ, തന്റെ ഫോണിലേക്ക് വന്നു കൊണ്ടിക്കുന്നത് ബഷീർ കാണുന്നുണ്ടായിരുന്നു.
പക്ഷേ റിപ്ലൈ കൊടുക്കാൻ ഉള്ള മൂഡില്ല..
താൻ അയക്കുന്ന മെസ്സേജ്കൾ നീല ടിക്ക് വന്നിട്ടും റിപ്ലൈ ഇല്ലാത്തത് ആയിഷക്ക് വിഷമം ആകുന്നുണ്ടെങ്കിലും അവൾ പിന്നെയും മെസ്സേജ്കൾ അയച്ചു കൊണ്ടിരുന്നു.
“എന്താ ഇക്കാ തിരക്കാണോ? ഓൺലൈനിൽ ഉണ്ടല്ലോ. എവിടെ ആയാലും എന്നെയും മോളെയും ഓർത്ത് ജീവിക്കണേ..”
ഒന്നിനും ബഷീർ മറുപടി നൽകിയില്ല.
എപ്പോഴും മെസ്സേജ് അയച്ചു ശല്യം ചെയ്യും.
ഓൺലൈനിൽ കണ്ടാൽ ഞാൻ ഏതോ പെണ്ണിനോട് ചാറ്റ് ചെയ്യുകയാണ് എന്നാ ഇവളുടെ വിചാരം. സംശയരോഗി. അയാൾ മനസ്സിൽ പിറുപിറുത്തു..
“ഞാൻ അങ്ങ് ദുബായിൽ ഒന്നും അല്ലല്ലോ ഉള്ളത്.. ഇവിടെ കോഴിക്കോട് അല്ലേ.. രണ്ട് മാസം കൂടുമ്പോൾ അവിടെ കണ്ണൂരിൽ ഉള്ള വീട്ടിൽ വരാറുമുണ്ട്. പിന്നെ എന്തിനാ ഇങ്ങനെ മെസ്സേജ് അയച്ചു കൊണ്ടിരിക്കുന്നത്. ഞാൻ ഇവിടെ തിരക്കിൽ ആണ്. ആവശ്യത്തിന് മെസ്സേജ് അയച്ചാൽ മതി.”
ഫ്രീ ആയപ്പോൾ ബഷീർ വോയ്‌സ് മെസ്സേജ് ആയി റിപ്ലൈ കൊടുത്തു.
ഭർത്താവിന്റെ കലിപ്പിൽ ഉള്ള മറുപടി കണ്ടപ്പോൾ ആയിഷ പിന്നെ മെസ്സേജ് അയച്ചില്ല.
***************************
ജോലി സ്ഥലത്ത് നിന്നും റൂമിലേക്ക് പോകാൻ ബസ്സ് കാത്ത് നിൽക്കുകയാണ് ബഷീർ.
ഒരു ബസ്സ് വന്നു നിന്നു. വലിയ തിരക്കില്ല. ബഷീർ ബസ്സിൽ കയറി..
ഒരു കാലി സീറ്റ് കണ്ടപ്പോൾ അവിടെ ഇരുന്നു. അടുത്ത സ്റ്റോപ്പിൽ എത്തിയപ്പോൾ ഒരു സ്ത്രീ ബസ്സിൽ കയറി. ബഷീറിന്റെ അടുത്ത് ഇരുന്നു. സ്ത്രീകൾക്ക് ഇരിക്കാൻ ഉള്ള സീറ്റ് കാലി ഉണ്ടായിട്ടും ഇവൾ എന്തിനാ എന്റെ അടുത്ത് ഇരിക്കണേ എന്ന് ബഷീർ മനസ്സിൽ ചിന്തിച്ചു..
കുറച്ചു ദൂരം യാത്ര ചെയ്യുമ്പോൾ തന്നെ അവൾ തന്നെ അറിയാത്ത പോലെ ചുമൽ കൊണ്ട് തട്ടുന്നത് പോലെ അയാൾക്ക് തോന്നി.
ബഷീർ അവളെ നോക്കി. ഒരു ഇരുപത്തി അഞ്ചോ അതിൽ കൂടുതലോ പ്രായം തോന്നുന്നുണ്ട്. അത്യാവശ്യം സുന്ദരി ആണ്..
ബഷീർ അങ്ങോട്ടും തട്ടുകയും മുട്ടുകയും എന്തൊക്കെയോ ചെയ്തു.
അവൾ അത് ആസ്വദിക്കുന്ന പോലെ തോന്നിയപ്പോൾ ബഷീർ കൂടുതൽ ആയി പലതും ചെയ്ത് കൊണ്ടിരുന്നു.
പെട്ടെന്നാണ് അവൾ സീറ്റിൽ നിന്നു എഴുന്നേറ്റു ബഷീറിന്റെ മുഖത്തേക്ക് ചെരിപ്പ് ഊരി അടിച്ചത്.
“എന്താടാ നിന്റെ അസുഖം. നിനക്ക് അമ്മയും പെങ്ങളും ഒന്നും ഇല്ലെടാ. ” അവൾ കലിപ്പിൽ ആക്രോശിച്ചു.
യാത്രക്കാർ എല്ലാം അങ്ങോട്ട് നോക്കി നിൽക്കുകയാണ്. ബഷീർ ആകെ പേടിയും നാണക്കേടും എല്ലാം ചേർന്ന അവസ്ഥയിൽ നിക്കുകയാണ്.
“ഞാൻ എന്ത് ചെയ്തൂന്നാ നീ പറയുന്നത്?” ബഷീർ രക്ഷപെടാൻ വേണ്ടി താൻ നിരപരാധി ആണെന്ന് അഭിനയിക്കാൻ തുടങ്ങി..
“നീ അഭിനയിക്കുക ഒന്നും വേണ്ടടാ. നീ എന്തൊക്കെയാ ചെയ്തത് എന്ന് എന്റെ ഫോണിൽ വീഡിയോ എടുത്തിട്ടുണ്ട്.. നിനക്ക് ഞാൻ കാണിച്ചു തരാം.”
അവൾ അടുത്ത ബസ്സ് സ്റ്റോപ്പിൽ ഇറങ്ങി പോയി.
ബസ്സിലെ യാത്രക്കാർ എല്ലാം തന്നെ നോക്കുന്നത് കണ്ട് ബഷീർ ആകെ നാണം കെട്ട് മുഖം താഴ്ത്തി..
റൂമിൽ എത്തിയ ശേഷവും ഉറക്കം വരാതെ കട്ടിലിൽ കിടന്നു തിരിഞ്ഞും മറിഞ്ഞും കിടന്നു..ഓർമയിൽ നിറയെ ആ ബസ്സിലെ രംഗം ആയിരുന്നു. ആലോചിച്ചു ഉറക്കം വരുന്നില്ല.
ഉറങ്ങാതെ കണ്ണും തുറന്നു കിടക്കുമ്പോൾ നാട്ടിൽ നിന്നും ഒരു കൂട്ടുകാരന്റെ ഫോൺ വന്നു.
“എടാ ബഷീറേ. ഇന്ന് ബസ്സിൽ വെച്ചു എന്തെങ്കിലും സീൻ ഉണ്ടായോ?”
ചോദ്യം കേട്ടപ്പോൾ തന്നെ ബഷീറിന്റെ ഉള്ളൊന്നു കാളി.
“നിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ. നീ എന്ത് പണിയാടാ കാണിച്ചത് നാണം കെട്ട് പോയില്ലെടാ..”
“എടാ അവൾ എന്നെ ചതിച്ചതാണ്. ഇങ്ങോട്ട് അവൾ തന്നെ തട്ടിമുട്ടി എന്നെ ചതിയിൽ പെടുത്തിയതാണ്.”
ബഷീർ സങ്കടത്തോടെ പറഞ്ഞു.
“അതേ, അതൊക്കെ നമ്മൾ ഒരു പാട് വീഡിയോ ആയി കണ്ടതല്ലേ. ഒരാളുടെ ജീവിതം തകർത്തിട്ട് ആയാലും ഇവർക്കൊക്കെ റീച്ച് കിട്ടിയാൽ മതി. നമ്മൾ ആണുങ്ങൾ സൂക്ഷിക്കണം.. കാലം മാറി. ഇനി പറഞ്ഞിട്ട് എന്ത് കാര്യം..” അതും പറഞ്ഞു കൂട്ടുകാരൻ ഫോൺ വെച്ചു.
ഫേസ് ബുക്ക് തുറന്നപ്പോൾ തന്നെ കാണുന്നത് ബസ്സിലെ ആ വീഡിയോ ആണ്. മെസ്സഞ്ചറിൽ ആരൊക്കെയോ മെസ്സേജ് അയച്ചിട്ടുണ്ട്. ഒന്നും ഓപ്പൺ ആക്കി നോക്കാൻ ഉള്ള ധൈര്യം ഇല്ല..
ഭാര്യയുടെ വാട്സാപ്പ് മെസ്സേജ് അപ്പോൾ ആണ് ബഷീർ നോക്കുന്നത്..
ഞാൻ റിപ്ലൈ കൊടുക്കാത്ത എത്രയോ മെസ്സേജ്കൾ..
ബസ്സിലെ സംഭവം എന്റെ ആയിഷ അറിഞ്ഞു കാണുമോ?
അവൾ ഓൺലൈനിൽ ഉണ്ട്. അയാൾ വിറക്കുന്ന കൈകളോടെ ഭാര്യക്ക് മെസ്സേജ് അയച്ചു..
“ആയിഷാ സുഖമാണോ?”
പിന്നെയും പിന്നെയും പലതും അയച്ചു. നീല ടിക്ക് വരുന്നുണ്ട് മറുപടി ഇല്ല..
അവൾ എന്തെങ്കിലും മറുപടി അയക്കും എന്ന പ്രതീക്ഷയോടെ അവളുടെ പ്രൊഫൈൽ ഫോട്ടോ നോക്കി ബഷീർ കിടന്നു. വീണ്ടും ഒന്ന് കൂടി ബഷീർ മെസ്സേജ് അയച്ചു.
“എന്താ ആയിഷാ ഒന്നും മിണ്ടാത്തത്.. ഞാൻ നിന്റെ റിപ്ലൈക്കായി കാത്തിരിക്കുകയാണ്..”
ഇല്ല അവൾ ഓൺലൈനിൽ നിന്നു പോയി.
രാത്രി ഏറെ വൈകി എപ്പോഴോ ഉറങ്ങി പോയി..
എഴുന്നേറ്റപ്പോൾ ഫോണിൽ ഭാര്യയുടെ റിപ്ലൈ ഉണ്ട്.. പേടിയോടെ മെസ്സേജ് നോക്കി. ടെക്സ്റ്റ് മെസ്സേജ് ആണ്.
“നിങ്ങൾക്ക് മെസ്സേജ് അയച്ചു നിങ്ങളുടെ മറുപടിക്ക് ഞാനും ഒരു പാട് കാത്തിരുന്നിട്ടുണ്ട്. അവഗണന മാത്രം ആണ് നിങ്ങൾ എനിക്ക് തന്നത്.. ഇപ്പോൾ നിങ്ങളുടെ ബസ്സിലെ ഒരു വീഡിയോ കണ്ടു. നിങ്ങൾ ഇത്ര വൃത്തികെട്ടവനാണെന്നു അറിഞ്ഞില്ല. ഞാൻ എന്റെ വീട്ടിലേക്ക് പോയി കഴിഞ്ഞു. ഇനി എനിക്ക് നിങ്ങളുമായി ഒരു ബന്ധവും ഇല്ല.. ഇനി എനിക്ക് മെസ്സേജ് അയക്കരുത്..”
ബഷീർ ആകെ തകർന്നു പോയി.. തകർന്ന മനസ്സോടെ അയാൾ വീണ്ടും മെസ്സേജ് അയച്ചു.
“ആയിഷാ അവൾ എന്നെ ചതിച്ചതാണ്. ലോകം മുഴുവൻ എന്നെ വെറുത്തോട്ടെ. നീ എന്റെ കൂടെ വേണം. നീ എനിക്ക് മാപ്പ് തരില്ലേ..” അയാൾ വേദനയോടെ പറഞ്ഞു. അയാളുടെ വോയിസ് മെസ്സേജ്ന് അവൾ റിപ്ലൈ കൊടുത്തില്ല.
ബഷീർ പുറത്തിറങ്ങി.
പലരും തന്നെ നോക്കുന്നുണ്ട്. എല്ലാവരുടെയും മുഖത്ത് പരിഹാസ ഭാവം..
ഇല്ല ഇനി എനിക്ക് ജീവിക്കാൻ പറ്റില്ല.
ഞാൻ ചെയ്ത തെറ്റ് ലോകം കണ്ടു. ഇനി എനിക്ക് ജീവിക്കേണ്ട. ബഷീർ റയിൽ പാളത്തിലേക്ക് നടന്നു.
അവസാനമായി അയാൾ ആയിഷക്ക് മെസ്സേജ് അയച്ചു..
“മാപ്പ് മാപ്പ് മാപ്പ്. ഞാൻ പോകുന്നു.. നീ വേറൊരു വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കണം. എന്റെ കൂടെ ഉള്ള ഇതുവരെയുള്ള ജീവിതം ഒരു ദുഃസ്വപ്നം കണ്ടത് പോലെ മറന്നേക്കൂ.”
മെസ്സേജ് അയച്ചു ഫോണിൽ നോക്കി കൊണ്ട് ബഷീർ റയിൽ പാളത്തിലൂടെ നടന്നു.
ബഷീറിന്റെ മെസ്സേജ് വാട്സാപ്പ്ൽ നോട്ടിഫിക്കേഷൻ ആയി കണ്ടെങ്കിലും ആയിഷ അത് ഓപ്പൺ ആക്കി നോക്കിയില്ല. അവൾക്കറിയില്ലായിരുന്നു. അത് അയാളുടെ അവസാനത്തെ മെസ്സേജ് ആയിരുന്നു എന്ന്
ബഷീറിന്റെ വീട്ടിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞപ്പോൾ ആണ് ആയിഷ അതറിയുന്നത്.
ബഷീർ ആത്മഹത്യ ചെയ്തു. അത് കേട്ടപ്പോൾ അവളുടെ മനസ്സ് ഒന്ന് പിടച്ചു.
അവൾ ബഷീർ അവസാനം അയച്ച മെസ്സേജ് ഓപ്പൺ ആക്കി നോക്കി.
അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ഞാൻ മാപ്പ് കൊടുത്തിരുന്നുവെങ്കിൽ ബഷീർക്ക ഇത് ചെയ്യില്ലായിരുന്നു..
മാപ്പ് കൊടുക്കാൻ പറ്റാത്ത തെറ്റായിരുന്നോ അത്. ഒരു ഉത്തരം കിട്ടാതെ അവൾ കട്ടിലിലേക്ക് വീണു..
തലയിണയിൽ മുഖം അമർത്തി കരഞ്ഞു.
✍️ ജിനാസ്. വി.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


7 Comments
👍👏
❤️❤️
👌🌹
❤️❤️
താങ്ക്സ് കൂട്ടക്ഷരങ്ങൾ..
👍👏
👌👏❤️