എല്ലാ സ്വാതന്ത്ര്യദിനത്തിനും, റിപ്പബ്ലിക്ദിനത്തിലും റോജയും ബോർഡറും ഒക്കെ സംപ്രേഷണം ചെയ്തു ഞങ്ങളെ കരയിപ്പിച്ചിരുന്ന ദൂരദർശൻ ബാല്യത്തിലേ പട്ടാളക്കാരോട് സ്നേഹം മനസ്സിൽ അരക്കിട്ടുറപ്പിച്ചു. നായർസാബും, പിൻഗാമിയിലെ മോഹൻലാലും ഗാർധാറിലെ സണ്ണി ഡിയോളും ഒക്കെ അതിനു കൂട്ടായി ഇന്നും എനിയ്ക്കേറെ ഇഷ്ടമുള്ളതും ഒരുപാടു തവണ കേൾക്കുന്നതും “ഘർ വാപസ് ആവൂഗ “, “തൂ ചലൂം”എന്ന ബോർഡർ ഫിലിലെ പാട്ടുകളാണ്.
ആമുഖങ്ങൾ ഒന്നുമില്ലാതെ പറയാം ഓരോ ഇന്ത്യക്കാരനും ഒരു തവണയെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം അതാണ് ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാന്റെ “ഇന്ത്യൻ റെയിൻബോ “. ‘സ്‌നോലോട്ടസ്. എന്ന 2025ലെ ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകത്തിന്റെ രചയിതാവിന്റേതാണ് ഇതും. സാമൂഹ്യമാധ്യമങ്ങളിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ നല്ല പുസ്തകം. എഴുത്തുകാരി ജോലി ചെയ്ത ഇന്ത്യയിലെ വടക്കു മുതൽ തെക്കു വരെയുള്ള വിവിധ പട്ടാള രജിമെന്റുകൾ, അവയുടെ പുതിയതും പഴയതുമായ കഥകൾ അവിടുത്തെ ജനജീവിതം, സംസ്ക്കാരം, അതിന്റെ നേർകാഴ്ചയാണ് ഈ കഥ.
പുസ്തകത്തിന്റെ ഓരോ വരിയിലും നമ്മൾ വാക്കുകളിലൂടെ ആ പ്രദേശങ്ങളിലേയ്ക്ക് മനസ്സ് കൊണ്ടൊരു യാത്ര പോയി വരും. യുദ്ധത്തിനെന്നും നഷ്ടങ്ങൾ ബാക്കിയാകുന്ന സങ്കടത്തിന്റെ മൂടുപടം മാത്രമേയുള്ളു. നമ്മൾ സുഖമായുറങ്ങാൻ നാടും വീടും ബന്ധങ്ങളും മനസ്സിൽ ഒളിപ്പിച്ചു ഏതോ അതിർത്തികളിൽ ഉറങ്ങാതെയിരിക്കുന്ന യഥാർത്ഥ സൂപ്പർ ഹീറോസ് പട്ടാളക്കാർ. ഇതിലെ ഓരോ വരിയും അവരെക്കുറിച്ചാണ്, ആദ്യം രാജ്യം പിന്നെ കൂടെയുള്ളവർ ഒടുവിൽ മാത്രം സ്വയരക്ഷ എന്ന മന്ത്രം ഉരുവിടുന്ന പട്ടാളക്കാർ. ഓരോ മടക്കയാത്രയിലും ഇനി ഒരു തിരിച്ചു വരവുണ്ടോ എന്നറിയാതെ കണ്ണീരൊളിപ്പിച്ചു കൈ വീശി പോകുന്ന ജവാന്മാർ. ശത്രുക്കളെയും കണ്മുന്നിൽ മണൽ ചുഴിയും പിളരുന്ന മഞ്ഞു പാളിയും അടരുന്ന മലകളും അലറിപായുന്ന നദിയും കടക്കാൻ നെഞ്ചിൽ രാജ്യസ്നേഹവും കൂട്ടായി ഉറ്റവരുടെ പ്രാർത്ഥനയും ഉള്ള മനുഷ്യദൈവങ്ങൾ. മുന്നിൽ പോകുന്നവർ മരിച്ചു വീഴുമ്പോഴും മുന്നോട്ടു പതറാതെ നടക്കേണ്ടവർ, ഇതവരുടെ കഥയാണ്.
അനുഭവ-ഓർമ്മകുറിപ്പിനെക്കാൾ ഉപരി ഇതൊരു യാത്രാവിവരണ കുറിപ്പ് കൂടിയാണ്. ഓരോ പേജും ഓരോ വരിയും ഓരോ കഥയാണ്. ഓരോ സംസ്ഥാനത്തെ ഓരോ പ്രദേശത്തെ സംസ്കാരങ്ങൾ അവുടുത്തെ ജനങ്ങളുടെ വേദനകൾ ചില കുറിപ്പുകൾ വായിക്കുമ്പോൾ നമ്മുടെ നാടൊരു സുരക്ഷിതമായ കൂടാണെന്നും അതിനു നമ്മൾ തീരെ വില കൊടുക്കുന്നില്ലെന്നും തോന്നി പോകും.
ഇത് വായിച്ചു തീരും വരെ എന്തുകൊണ്ടാണ് ഇത് വായിക്കാൻ ഇത്രയും താമസിച്ചത് എന്ന വിഷമം മനസ്സിലുണ്ടായിരുന്നു. കൂടുതൽ എഴുതുന്നില്ല. വായിച്ചു കഴിഞ്ഞാലും മനസ്സിനെ ഏറെക്കാലം പിന്തുടരുമെന്നും വായന ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും വായിക്കേണ്ട ഒന്നായും ഞാൻ കരുതുന്ന പുസ്തകം.
”But still the clever north wind was not satisfied.
It spoke of towns yet to be visited,
Friends in need yet to be discovered,
Battles yet to be fought…… “
(ചിത്രം -ഗൂഗിൾ )

