ഒന്നു കൂടെ കണ്ണാടിയിൽ സ്വയം ഒന്നു ഇരുത്തി നോക്കി പ്രിയ. മേയ്ക്ക് അപ്പ് ശരിക്കല്ലേ ഇട്ടിരിക്കുന്നത് എന്നവൾ ഉറപ്പു വരുത്തി. ഇനി ലിപ്സ്റ്റിക് കൂടി, കണ്ണിൽ മഷി പരന്നു എന്നാരും പറയരുത്.മേക്ക് അപ്പ് അവളുടെ ഒരു ദൗർബല്യം ആണ്. എപ്പോഴും നല്ല വൃത്തിക്ക് നടക്കണം. വീട്ടിലായാലും പുറത്തായാലും. അത് നിർബന്ധമാണവൾക്ക്.. അതിന് ചെലവാക്കുന്ന കാശ് കുറച്ചൊന്നുമല്ല. ഭർത്താവിൻ്റെ ചങ്ക് പിടക്കുന്നതവൾക്കറിയം. അക്കാര്യത്തിൽ ഒരു മയവും ഇല്ല. വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ ഭർത്താവ്, കിരൺ സോഫയിൽ ഇരുന്നു TV കാണുന്നു.
അപ്പോഴേ ഞാൻ കിറ്റി പാർട്ടിക്ക് പോകുകയാണ്, ഒരു രണ്ടായിരം രൂപ വേണം. എൻ്റെ ഭഗവാനെ അതിനാണോ പ്രിയ ഇത്രയ്ക്ക് മേക്കപ്പ് ഇട്ട് ഒരുങ്ങിയിരിക്കുന്നത്.. ഒന്നും മിണ്ടിയില്ല, വല്ലതും പറഞാൽ പറയും അല്ലെങ്കിലും നിങ്ങൾക്ക് ഞാനിങ്ങനെ ഒരുങ്ങി നടക്കുന്നത്, ഇഷ്ടമല്ല എന്ന്. പിന്നെ മുറു മുറുപ്പ് തുടങ്ങും. ഇന്നു കിറ്റി പാർട്ടി ആണല്ലേ ഡാർലിങ് എന്ന് പറഞ്ഞു വേഗം പൈസയെടുത്തു കയ്യിൽ കൊടുത്തു. വല്ലോണം ഇറങ്ങി പോയാൽ കുറച്ചു നേരത്തേക്ക് സമാധാനമായി ഒന്ന് ഇരിക്കാം. സന്തോഷത്തോടെ കിരൺ അവൾക്ക് പൈസ കൊടുത്തു.. കിരണിൻ്റെ വീട്ടുകാരുമായി നല്ല ഇഷ്ടത്തിൽ അല്ല പ്രിയ, കാരണം അവളുടെ പരദൂഷണവും കുത്തി തിരിപ്പും തന്നെ. തറവാട്ടിൽ അമ്മക്കും ഏട്ടനും ഒപ്പം ആയിരുന്നു അവർ കുറേ നാൾ താമസിച്ചിരുന്നത്. പക്ഷേ ലാളിത്യത്തിൻ്റെ നിറകുടമായഏടത്തിയെ അവൾക്ക് ഒട്ടും ഇഷ്ടമല്ല. ചേടത്തിയമ്മയുടെയും അമ്മയുടെയും പാചകവും കൈപ്പുണ്യവും അപാരം ആണ്. നല്ല രുചിയാണ് അവർ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണത്തിനും. അതെങ്ങാനും വീട്ടിൽ പറഞ്ഞാൽ പിന്നെ ചേച്ചിയുണ്ടാക്കുന്ന ഭക്ഷണത്തിനെല്ലാം അവൾ കുറ്റം കണ്ട് പിടിക്കും. ഒരു കുനിഷ്ട് സ്വഭാവം.. അമ്മയെ കഴിയുന്നതും അവൾ ഒപ്പിക്കും, പക്ഷേ പാവം ചേച്ചിയെ താഴ്ത്തിക്കാട്ടും.. ഏടത്തിയമ്മയുടെ പ്രിയപ്പെട്ട ചക്കി പൂച്ചയെ വരെ അവൾ വീട്ടിൽ നിന്ന് ഓടിപ്പിച്ചു. അവൾക്ക് പറ്റിയ കൂട്ടായിരുന്നു തൻറെ വീട്ടിലെ വേലക്കാരിയും. രണ്ടും കൂടി വീട്ടിൽ ഒപ്പിച്ചെടുത്ത പുകിലുകൾ ചില്ലറയല്ലായിരുന്നു. വീട്ടിൽ മക്കൾ തമ്മിൽ ഒരു വഴക്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് അമ്മക്ക് തോന്നി തുടങ്ങി.. കിരണിൻ്റെ ഓഫീസ് ടൗണിൽ ആണ്. അത് മനസ്സിലാക്കി മക്കളെ നിങ്ങൾ ടൗണിൽ താമസിക്കുന്നതല്ലേ നല്ലതെന്ന് പറഞ്ഞു അവസാനം അമ്മ നൈസ് ആയി വീട്ടിൽ നിന്നിറക്കി വിട്ടു. അങ്ങിനെ വീട്ടിലുള്ള താമസവും ഇഷ്ട്ടപെട്ട അന്നവും മുട്ടി. പ്രിയയ്ക്ക് സന്തോഷമായിരുന്നു മാറിയുള്ള ഈ താമസം. അങ്ങിനെയാണ് മുന്നൂറു വീട്ടുകാർ താമസിക്കുന്ന ഈ കോളനിയിൽ എത്തി പെട്ടത്. ഇനി ഈ ഹൗസിംഗ് കോളനിയിൽ നിന്ന് എന്നാണാവോ ഇറക്കി വിടുക. ദൈവമേ നല്ല ബുദ്ധി കൊടുക്കണേ ഇവൾക്കെന്ന് എന്നും പ്രാർത്ഥിക്കാറുണ്ട്. ഇത്തവണത്തെ കൂടലിൽ വേണ്ടാത്തത് ഒന്നും പറയാതിരുന്നാൽ മതിയായിരുന്നു. ഇവളുടെ പരദൂഷണത്തിൻ്റെ ഇരയാണ് ഇവിടെ പലരും. എന്തെങ്കിലും ആവട്ടെ എന്നാലോചിച്ചു വീണ്ടും അയാൾ സിനിമയിൽ മുഴുകി
ഇതിനിടയിൽ നമ്മൂടെ പാവം കഥാനായിക വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി. അവളുടെ കൂട്ടുകാരി സോഫിയ താഴെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.. കുറി കൂട്ടുകാരികൾ എല്ലാവരും ഒരേ ഹൗസിംഗ് കോളനിയിൽ ആണ് താമസം. മുന്നൂറോളം വീടുകൾ ഉള്ള ഒരു ഹൗസിംഗ് കോളനി. പരന്നു കിടക്കുന്ന സ്ഥലം.. നാലു ഗേറ്റിനുള്ളിലാണ് എല്ലാ വീടുകളും ഉള്ളത്. ഇവർ ഒന്നാം ഗേറ്റിൽ ആണ്. നാലാം ഗേറ്റിലുള്ള നീതുവിൻ്റെ വീട്ടിലാണ് കുറി പാർട്ടി.. എല്ലാ മാസവും കുറി എടുക്കൽ ഉണ്ടാകും.. എല്ലാവരും അത്യാവശ്യം സാമ്പത്തികമുള്ളവരാണ്. ഒരു ഒത്തു കൂടൽ അത്രേയുള്ളു ഈ കുറിയുടെ ഉദ്ദേശ്യം. ഇന്ന് കുറച്ചുനടക്കണം നീതുവിൻ്റെ വീട്ടിലെത്താൻ, അത് ഒഴിവാക്കാനായാണ് സോഫിയ കാറെടുത്തത് . എൻ്റെ ഭഗവാനെ ഇവള് പുതിയ കാറിലാണല്ലൊ വന്നിരിക്കുന്നത്.. ഒരു കുഞ്ഞു അസൂയ മനസ്സിൽ നാമ്പിട്ടോ എന്നൊരു തോന്നൽ. ഹേ അങ്ങിനെ അസൂയപ്പെടുന്ന ആളൊന്നുമല്ല താൻ എന്ന് സ്വയം സമാധാനിച്ചു അവൾ കാറിൻ്റെ വാതിൽ തുറന്നു അകത്തു കയറി. ആഹാ സോഫി നീ മഹീന്ദ്രയുടെ ഇലക്ടിക് കാർ വാങ്ങിച്ചത് പറഞ്ഞില്ലല്ലോ..
അയ്യോ പ്രിയ ഞാൻ പറയാൻ മറന്നത് ആണ്. അച്ചായന് ഒരു ബോണസ് കിട്ടി, അപ്പൊൾ എനിക്കൊരു സർപ്രൈസ് ആയി വാങ്ങിച്ചു തന്നതാണ്.. ഓ അവളുടെയൊരു പത്രാസ്.ഭർത്താവ് കേരളത്തിന് പുറത്തു ഏതോ വലിയ കമ്പനിയിൽ നല്ല ജോലിയാണ്. .എപ്പോഴും ഇവിടെ വരും.സോഫിയ കുറെ നാൾ ഭർത്താവിൻ്റെ കൂടെ തന്നെയായിരുന്നു താമസം..അഹമ്മദാബാദിൽ ആണെന്ന് തോന്നുന്നു. ഇപ്പോളാണ് നാട്ടിൽ താമസമായത്.
അല്ല ഇതിനൊത്തിരി കറൻ്റ് ചാർജ് വരത്തില്ലേ.. നഷ്ടമല്ലേ അത് സോഫിയ എന്ന് ചോദിച്ചപ്പോൾ .. അങ്ങിനെയൊന്നും ഇല്ല എന്ന് പറഞ്ഞു സോഫിയ അതിൻ്റെ ടെക്നിക്കൽ കാര്യങ്ങൾപറയുവാൻ തുടങ്ങി. അവൾക്കത് കാറിനെ കുറിച്ചുള്ള വർണ്ണനായി തോന്നി . അതോടെ അവൾക്ക് അത് ബോറടിച്ചു. ചോദിച്ചത് അബദ്ധമായെന്ന് തോന്നി.
പത്ത് മിനിറ്റിനുള്ളിൽ അവർ നീതുവിൻ്റെ വീട്ടിലെത്തി. കുറെ ചെടികളുള്ള നല്ല ഒരു തോട്ടവും ഭംഗിയിൽ പണിതിട്ടുമുള്ള ഒരു കൊച്ചു വീട്.
ചെന്നപ്പോൾ നീതു, മോളുമായി റിൽസ് എടുക്കുകയാണ്. താൻ ഇപ്പൊൾ വരാം നിങൾ അകത്തേക്ക് പൊയ്ക്കോളൂ എന്ന് നീതു ആംഗ്യം കാണിച്ചു. സോഫിയ അപ്പൊൾ തന്നെ അകത്തേക്ക് പോയി. പ്രിയ കുറച്ചു നേരം അവിടെ നിന്ന് വീഡിയോ എടുക്കുന്നത് നിരീക്ഷിച്ചു. അവൾ ഉള്ളിൽ എത്തിയപ്പോൾ മൂന്നുപേർ എത്തിയിട്ടുണ്ട്. അവിടെ ചെന്ന് അവരോട് കുശലാന്വേഷണം നടത്തി.. നിങൾ നീതുവിനെ കണ്ടില്ലെ എന്ന് ചോദിച്ചു.. അവർ നേരെ വീടിനകത്തേക്കാണ് കയറിയതെന്ന് മനസ്സിലായപ്പോൾ പറഞ്ഞു.. ഓ നീതു നല്ല തിരക്കിൽ ആണല്ലോ ഇന്ന്. പിന്നെന്തിനാണ് ആവോ ഇവിടെ കുറി പാർട്ടി നടത്തിയത്. ആള് തോട്ടത്തിൽ കുറെ പുതിയ ചെടികൾ വാങ്ങി വെച്ചിട്ടുണ്ട്, അതിനെ കുറിച്ചുള്ള വർണ്ണനയാണ് . തോട്ടക്കാരൻ കഷ്ടപ്പെട്ടു വളർത്തുന്ന ചെടിയുടെ മുഴുവൻ സംരക്ഷണവും ചെയ്യുന്നത് താൻ ആണെന്ന് പറഞ്ഞു തട്ടി വിടുകയാണ് കക്ഷി.. ഒരു തരി വെള്ളംപോലും ചെടിക്ക് ഒഴിച്ച് കൊടുക്കാത്ത ആളാണ്. ഇതെല്ലാം പറയുന്നത് പ്രിയയാണ് .പിന്നെ അവരോടായി ഒരു ചോദ്യം, ഈ നീതുവിന് ഈയിടെയായി കുറച്ചു കൂടുതലാണ് അല്ലെ. ഭർത്താവ് ഗൾഫിൽ അല്ലെ, ചോദിക്കാൻ ആളില്ല, പിന്നെ കയ്യിൽ ഇഷ്ടം പോലെ പണവും ഉണ്ട്. അതിൻ്റെ അഹങ്കാരമാണ്.. ബാക്കിയുള്ളവർ ഒന്നും മിണ്ടിയില്ല. നമ്മൾ വന്നിട്ട് ഇത്ര നേരമായിട്ടും അവളൊന്നു തിരിഞ്ഞു നോക്കിയോ. അത് കേട്ടപ്പോൾ അവിടെയിരുന്നവർക്കും തോന്നി നീതു ചെയ്തതു ശരിയായില്ല എന്ന്. അപ്പോഴേക്കും നീതുവിൻ്റെ അമ്മായി അമ്മ അങ്ങോട്ട് വന്നു അവരോട് സംസാരിച്ചു.. ഒന്നുമറിയാത്തവളെ പോലെ പ്രിയ ചോദിച്ചു അല്ല ആൻ്റി നീതു എവിടെ ഇങ്ങോട്ട് കണ്ടില്ലല്ലോ എന്ന്. വീഡിയോയെടുക്കുകയാണ് മോളെ, ഇപ്പോൾ വരും കേട്ടോ എന്നവർ മറുപടി പറഞ്ഞു അവർക്ക് കുടിക്കാനുള്ള കൂൾ ഡ്രിങ്ക്സ് എടുത്തു കൊടുത്തു.
എൻ്റെ ആൻ്റി എന്നാ റീൽസ് പ്രാന്താണ് നീതുവിനും മോൾക്കും.. നമ്മുടെ വീട്ടിലെ പണി എടുത്തു തീർക്കാൻ നേരമില്ല. എങ്ങിനെയാണ് ഈ നീതു ഇതെല്ലാം എടുക്കുന്നത്, മോൾടെ പഠിത്തം എല്ലാം ഒഴപ്പി പോകത്തില്ലേ എന്നൊക്കെ പറഞ്ഞ് അമ്മായി അമ്മയെ അങ്ങ് ചൂടാക്കി കൊടുത്തു. എൻ്റെ പൊന്നു പ്രിയേ ഞാൻ പറഞ്ഞു പറഞ്ഞു തോറ്റു. ഏത് നേരം നോക്കിയാലും അമ്മക്കും മോൾക്കും ഒരു റീൽസ്. ആൾക്കാരെക്കൊണ്ട് പറയിക്കാൻ എന്ന് പറഞ്ഞു അവർ അകത്തു കയറിയപ്പോൾ ബാക്കിയുള്ളവർ നീതുവനോട് ചോദിച്ചു, എന്തിനാണ് അമ്മയോട് ഇങ്ങനെയെല്ലാം പറയാൻ പോകുന്നത് എന്ന്.. ഇനി ഇത് പറഞ്ഞു ഇവിടെ അടിയാകും എൻ്റെ പ്രിയേ എന്ന് സോഫിയ പറഞ്ഞപ്പോൾ അവൾ ഒരു ചിരി ചിരിച്ചു.
എന്താണെന്നറിയില്ല, അവൾക്ക് കുത്തിത്തിരിപ്പുണ്ടാകുമ്പോൾ ഒരു ചെറിയ മനസുഖം
കുറച്ചു കഴിഞ്ഞപ്പോഴേക്ക് നീതു അകത്തു എത്തി കൂട്ടുകാരികളോട് വരാൻ വൈകിയതിൽ ക്ഷമ ചോദിച്ചു. പിന്നെ കളിയും ചിരിയും ആയി അവർ സംസാരം തുടങ്ങി. കുറച്ചു സമയത്തിനുള്ളിൽ മൊത്തം കൂട്ടുകാരികൾ എത്തി. വന്നതും എല്ലാവരും കെട്ടിപ്പിടിക്കലും കൈ കൊടുക്കലും ആയി സന്തോഷം പ്രകടിപ്പിക്കാൻ തുടങ്ങി.
ഹും എല്ലാവരും അണിഞ്ഞൊരുങ്ങി ആണല്ലോ വന്നിരിക്കുന്നത്. അവളെക്കാൾ നന്നായി ഒരുങ്ങുന്നത് അത്ര പിടിക്കാറില്ല പ്രിയയ്ക്ക്.. സോഫിയ, നീതു, തൻവി, നിമ്മി, മീനു, ആശ, സോണിയ, പ്രിയ, സീന, ഫാത്തിമ അങ്ങിനെ ഒരു പത്ത് പേരുടെ കൂട്ടായ്മ ആണിത്. പത്ത് പേർ, പത്ത് സ്റ്റൈൽ”
ഓരോ മീറ്റിംഗും തുടങ്ങുന്നത് എല്ലാവരുടെയും ഒരു silent scan കൊണ്ടാണ്. “നല്ല ഡ്രസ്സ്…”അത് പറഞ്ഞതിനു പിന്നാലെ എവിടുന്ന് വാങ്ങിയെന്നുള്ള അന്വേഷണമായിരിക്കും. അവർ ഓരോരുത്തരും ഒരേ സമയം പുകഴ്ത്തുകയും ചുരണ്ടുകയും ചെയ്യും. കൊള്ളാലോ “നിനക്ക് age ഒട്ടും കാണുന്നില്ല”. ഇത് നിനക്കത്ര ചേരുന്നില്ല. ചിരിയും
comments-ും selfie-കളും ഒരു മേളമായിരിക്കും
അത് കഴിഞ്ഞാൽ ആണ് പരദൂഷണം എന്ന കല ആരംഭിക്കുക. അല്ല ബിന്ദു നിൻ്റെ സാരിയുടെ കളർ കൊള്ളാലോ, നന്നായിട്ടുണ്ട്. പക്ഷേ ഇവൾക്കത്ര ചേരുന്നില്ല അല്ലെ ഈ കളർ എന്നവൾ ഉറക്കെ പറഞ്ഞു. തിരിഞ്ഞു മീനുവിനോട് ഒരു ചോദ്യം. കഴിഞ്ഞ പ്രാവശ്യം നീ ഇത് പോലെയൊന്നല്ലേ ഇട്ടിരുന്നത്.. അത് നല്ല കളറായിരുന്നു. നല്ല പോലെ കസവും ഉണ്ടായിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു ആ സാരി, കൂടാതെ നിനക്ക് നന്നായി
ചേരുന്നുണ്ടായിരുന്നു.. മീനു പൊങ്ങി ബിന്ദു താണു. മിനുങ്ങിയ മുഖവും മങ്ങിയ മുഖവും കാണുമ്പോൾ അവളുടെ മനസ്സിൽ ഒരു സുഖം അത്രേയുള്ളൂ. അവളോരോത്തരുടെയും വസ്ത്രങ്ങളിലേക്ക് നോക്കി ഓരോ കമൻ്റുകൾ പറഞ്ഞു. ചിലത് തമാശ രൂപത്തിൽ ചിലത് കുറച്ചു ആക്കി പറഞ്ഞും അവസാനം എത്തിയത് പുതുതായി ഗ്രൂപ്പിൽ എത്തിയ ഫാത്തിമയിൽ ആണ്. അല്ല അവിടെ പറയാനൊന്നും ഇല്ല. പർദ്ദ ആണ് അവൾ എപ്പോഴും ധരിക്കുന്നത്.
അടുത്ത കമൻ്റ് വന്നു. ഫാത്തിമക്ക് പിന്നെ ഒരു കുഴപ്പവുമില്ല, ഈ സാധനം വലിച്ചങ് കയറ്റിയാൽ പോരേ, എന്താ സുഖം കാശും മുടക്കേണ്ട. എന്നാലും നിന്നെ സമ്മതിക്കണം ഇങ്ങിനെ മൂടി പുതച്ചു നടക്കുന്നതിന്.. ദൈവമേ ഞാനെങ്ങാനും ആകണം, ഈ വവ്വാൽ ഡ്രസ്സ് കീറി കളഞ്ഞേനെ.. പെട്ടന്ന് എല്ലാവരും നിശ്ശബ്ദരായി.. കാരണം അവൾ പറഞ്ഞത് കുറച്ചു കൂടി പോയിരുന്നു..
ഫാത്തിമ വളരെ സമാധാനത്തോടെ അതിന് മറുപടി പറഞ്ഞു.. ഞാൻ എൻ്റെ ഇഷ്ടത്തിനാണ് വസ്ത്രം ധരിക്കുന്നത്.. എൻ്റെ ഇഷ്ടമല്ലേ നോക്കേണ്ടത്.. ബസ്സിലോ പുറത്തോ സഞ്ചരിക്കുമ്പോൾ ഈ വസ്ത്രത്തിൽ ഞാൻ സംരക്ഷിക്കപ്പെടുന്നു എന്നാണ് തോന്നുന്നത്
അയ്യോ ഞാൻ വേറെ ഒന്നും വിചാരിച്ചിട്ടില്ല കേട്ടോ ഇത് പറഞ്ഞത്. അല്ല നിങ്ങളുടെ മതത്തിലുള്ളവർ ഒരുങ്ങി നടക്കാതെ ഇങ്ങിനെ കെട്ടി പൊതിഞ്ഞു നടക്കുന്നത് കാണുമ്പോൾ ഒരു സ്വതന്ത്ര്യം ഇല്ലായ്മ പോലെ.
ഉടനടി അവൾ പറഞ്ഞു, ആരാണ് പറഞ്ഞത് ഞാൻ ഒരുങ്ങുന്നില്ലെന്ന്.. സഹോദരി ഞാൻ നല്ല വസ്ത്രം തന്നെയാണ് ഇതിനു താഴെ ഇട്ടിരിക്കുന്നത്. എനിക്കിഷ്ടമുള്ള രീതിയിൽ എനിക്ക് ഒരുങ്ങാം, കണ്ണെഴുതാം, ലിപ്സ്റ്റിക് ഇടാം. ആരും എന്നെ തടയില്ല.
പ്രിയ ഒരുളാൻ തുടങ്ങി, അല്ല നിങ്ങളുടെ ആളുകൾക്ക് വിദ്യാഭ്യാസം കുറവാണല്ലോ അതായിരിക്കും നിങ്ങൾ ഒന്നും വീട്ടുകാരെ എതിർക്കാതെ ഇത്തരം ഡ്രസ്സുകൾ ഇടുന്നത് എന്ന്.
ആചാരങ്ങളും വസ്ത്രധാരണവും ചിലപ്പോൾ മതത്തിനനുഷ്ടിതമായിരിക്കാം.
അതവരുടെ സ്വകാര്യത അല്ലെ. അതിൽ എന്തിനാ പ്രിയേ നമുക്കൊരു ചർച്ച. മീനു വേഗം ഈ സംഭാഷണം അവസാനിപ്പിക്കാൻ ശ്രമിച്ചു.
അല്ല, ഞാൻ ചേട്ടനോട് എപ്പോഴും പറയും എൻ്റെ മോള് ആരെ കല്യാണം കഴിച്ചാലും കുഴപ്പമില്ല, മുസ്ലിം ആകരുതെന്ന്. അവര് പിടിച്ചു മതം മാറ്റിയാലോ.. എൻ്റെ ദൈവമേ ഈ പ്രിയയ്ക്ക് എന്തോന്നിൻ്റെ കേടാണ്, ഇവര് ഒരു വഴക്കിനുള്ള പുറപ്പാടാണോ. ബാക്കിയുള്ളവർക്ക് കുറച്ചു ഇഷ്ടക്കേടായി തുടങ്ങി. വെറും ഒരു ഉല്ലാസത്തിന് വേണ്ടി തുടങ്ങിയ ഒരു ഒത്തു കൂടൽ ആണ്. അവിടെ മതത്തിനോ അവരുടെ സാമ്പത്തികമായ സ്റ്റാറ്റസിനോ പറ്റി സംസാരിക്കാനുള്ള വേദിയാക്കാനായിട്ടില്ല
എല്ലാവർക്കും തൻ്റെ മക്കളുടെ കാര്യത്തിൽ ഉത്കണ്ഠ ഉണ്ട് പ്രിയെ. രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന കുട്ടികൾ ഒരേ മതത്തിൽ നിന്ന് കഴിച്ചിട്ട് പോലും ഒത്തു ചേരാത്ത ഈ കാലത്ത് ഇനി മതവും കൂടി വ്യത്യസ്തമായൽ അവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. അല്ല, പ്രേമിക്കുന്നവർ എന്തിനാ മതം മാറുന്നത്…അവർ മതത്തേയല്ലല്ലോ പ്രേമിച്ചത്. അപ്പൊൾ അവരെ വീട്ടിൽ കയറ്റി താമസിപ്പിക്കുമോ എന്നായി അടുത്ത സംശയം. എല്ലാവരുടെയും വീട്ടിൽ പ്രശ്നങ്ങളുണ്ടാകും പ്രിയ. ഒരു മത വിശ്വാസിയാകണമെങ്കിൽ അത് ആഴത്തിൽ പഠിക്കണം. മനസ്സിൽ വിശ്വാസം വേണം. അല്ലാതെ വെറുതെ വിവാഹത്തിന് വേണ്ടി മതം മാറിയിട്ട് കാര്യമില്ല പ്രിയേ എന്ന് തൻവി പറഞ്ഞു..
ഒരു മതേതര രാഷ്ട്രത്തിൽ താമസിക്കുന്ന മനുഷ്യരാണ് നമ്മൾ, പരസ്പരം കളിയാക്കാതെ ഓരോത്തരുടെയും വിശ്വാസങ്ങൾക്ക് കോട്ടം തട്ടാതെ നമുക്ക് ജീവിച്ചാൽ പോരെ എന്ന് നിമ്മി പറഞ്ഞപ്പോൾ ദാ വരുന്നു അടുത്ത അമ്പ്, oh നിങ്ങളുടെ പള്ളികളിലെ സിസ്റ്റർമാരുടെ കാര്യവും കഷ്ട്ടം തന്നെ. എന്തായാലും ഭാഗ്യം പ്രിയ അവിടം വെച്ച് സംഭാഷണം അവസാനിപ്പിച്ചു.. എല്ലാവർക്കും ആശ്വാസമായി. ആകെ ഒരു വിമ്മിഷ്ടമായിരുന്നു എല്ലാവർക്കും അവളുടെ സംസാരം കേട്ടിട്ടു.
അപ്പോഴേക്കും നീതുവിൻ്റെ മോൾ ആൻ്റിമാരെ ഒരു റീൽസ് എടുക്കാം എന്ന് പറഞ്ഞു അവരെ പുറത്തേക്ക് വിളിച്ചു. അവൾ തന്നെ ഓരോ സ്റ്റെപ്പുകളും കാണിച്ചു കൊടുത്ത് നല്ലൊരു വീഡിയോ എടുത്തു.. ഞാനിത് ഇൻസ്റ്റയിൽ ഇടും കേട്ടോ എന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയി.. അമ്മക്കും മോൾക്കും ഇത് തന്നെയാണ് പണിയെന്ന് പറഞ്ഞു നീതുവിനെ അവൾ ഒന്ന് തോണ്ടി, എന്നിട്ട് പറഞ്ഞു എനിക്ക് ഈ സോഷ്യൽ മീഡിയ ഒന്നും ഇഷ്ടമല്ല.. ഓരോ കോപ്രായങ്ങൾ കാണിച്ചു ഓരോ ആളുകൾ വീഡിയോസ് ഇടും. വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും നാട്ടുകാരെ അറിയിക്കും
അത് ലൈക്ക് അടിക്കാൻ കുറെ ആളുകളും. ഒന്നും മിണ്ടാതെ.
നീതുവും മോളും അകത്തേക്ക് പോയപ്പോൾ അവൾ പറഞ്ഞു. അല്ല സോഫിയ നീ കണ്ടിരുന്നോ നിൻ്റെ പൂന്തോട്ടമാണ് ഒരു വീഡിയോയിൽ നീതു കാണിച്ചിരിക്കുന്നത്.. പറയുന്നത് മുഴുവൻ ഞങളുടെ പൂന്തോട്ടം ആണെന്ന്. എൻ്റെ പൊന്നു പ്രിയേ എന്നോട് പറഞ്ഞിട്ടാണ് അവൾ അത് ഇൻസ്റ്റൈയിൽ ഇട്ടതെന്ന് പറഞ്ഞപ്പോൾ,
മറുപടി ഇതായിരുന്നു. അല്ലെങ്കിലും
നീതുവിന് ഒട്ടും ബോധം ഇല്ല ചില നേരത്ത്.. എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നത്.. പ്രായത്തിനനുസരിച്ച് കളിക്കേണ്ട.. സോഷ്യൽ മീഡിയയിൽ ഒന്ന് കാണണം അമ്മയുടെയും മോൾടെയും തുള്ളൽ. അത് കൂട്ടത്തിൽ ബാക്കിയുള്ളവർക്ക് ആ റീൽസു കാണുമ്പോൾ ഒരു ഇഷ്ട്ടക്കെടുമില്ല.
സത്യം പറഞ്ഞാൽ നീതുവും മോളും. നല്ല ഡാൻസുകർ ആണ് ഒട്ടും ഓവർ ആകാത്ത രീതിയിൽ ആണ് വീഡിയോ ഇടുന്നത്. രണ്ടു പേർക്കും ഒരു പാട് ഫോളോവേഴ്സ് ഉണ്ട്..
പ്രിയേ ഓരോത്തരുടെ ഇഷ്ട്ടം അല്ലേ ഇതെല്ലാം ചെയ്യുന്നത്. അത് നമുക്കിഷ്ടമില്ലെങ്കിൽ ചെയ്യണ്ട, അത് കാണുകയും വേണ്ട എന്ന് ആരോ പറഞ്ഞു.
എന്തായാലും കൊള്ളാം പ്രിയാമണിക്ക് എന്തിന് സോഷ്യൽ മീഡിയ, നേരെ മുഖത്ത് നോക്കിയല്ലേ കാച്ചി വിടുന്നത്.
നീതുവിൻ്റെ മോൾ കുറേ കളികൾ പ്ലാൻ ചെയ്തിരുന്നു.. ഓരോത്തരും സമ്മാനം വാങ്ങാനായി ശ്രദ്ധയോടെ അതെല്ലാം കളിച്ചു.. സൂചിയിൽ നൂല് കോർത്ത് മുത്തുകൾ കൊണ്ട് മലയുണ്ടാക്കുക, straw ഉപയോഗിച്ച് ഗ്രീൻ പീസ് പെറുക്കിയെടുക്കുക, IQ ടെസ്റ്റ്. എല്ലാത്തിലും പ്രിയ മണി ഫസ്റ്റ്. കാഞ്ഞ കുരുട്ടു ബുദ്ധിയല്ലേ, എങ്ങിനെ സമ്മാനം അടിക്കണ്ടിരിക്കും.. ആൾക്ക് നല്ല സന്തോഷമായി. അല്ലെങ്കിൽ എന്തെങ്കിലും കുനിഷ്ട പറഞ്ഞേനെ.
പിന്നെ food കഴിക്കാനായി നീതു എല്ലാവരെയും ഡൈനിങ് ഹാളിലേക്ക് വിളിച്ചു.. ഒത്തിരി ഭക്ഷണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, ഫാത്തിമയും കുറച്ചു സഹായിച്ചിട്ടുണ്ട്.. രണ്ടു പേരും അയൽവാസികൾ ആണ്. നല്ല കൂട്ടുകാരും. അവിടെയും ഇവിടെയും ഭക്ഷണത്തിനെ കുറിച്ചും അത്യാവശ്യം കുറ്റങ്ങൾ പറഞ്ഞു പ്രിയ. ആരും അത്ര ശ്രദ്ധ കൊടുത്തില്ല.
അതിന് ശേഷം പ്രധാന പരിപാടിയായ
കുറിയെടുത്തു. പ്രിയക്കാണ് ആ പ്രാവശ്യം കുറി കിട്ടിയത്..
അങ്ങിനെ കുറെ കളിയും ചിരിയും കുത്തലും കൊടുക്കലും വാങ്ങലും ആയി സമയം പോയതറിഞ്ഞില്ല. എല്ലാവരും പിരിഞ്ഞു, അടുത്ത കുറി പ്രിയയുടെ വീട്ടിലാണ്. എല്ലാവരെയും തൻ്റെ വീട്ടിലേക്ക് ക്ഷണിച്ച് അവൾ മടങ്ങി. ഇനി കിരണിൻ്റെ ഊഴം ആണ്.

