തോറ്റോൻെറ പാട്ടല്ല
തോറ്റം പാട്ട്
തോൽക്കാതിരിക്കുവാൻ,
തോൽക്കില്ലെന്നോതുവാൻ
തുള്ളിയുറഞ്ഞിട്ട്
ചോദ്യങ്ങൾ ചോദിക്കാൻ
ചെമ്പട്ടണിഞ്ഞിട്ട്,
കാലിൽ ചിലമ്പിട്ട്,
കയ്യിൽ പടവാളും,
കണ്ണിൽ കനലുമായ് ,
കനലിൽ ചവിട്ടി,
തിരുമുടി അണിയുന്ന
തെയ്യങ്ങൾ ഉറയുമ്പോൾ
കൂടെ ഉണരുന്നു
തോറ്റം പാട്ട്
കോലത്തുനാട്ടിലെ
കോലങ്ങളോടൊപ്പം
കാലങ്ങൾ മുന്നേ
തുലാമിന്നലോടൊപ്പം
ഇടിമുഴക്കത്തോടെ
ചെമ്പടത്താളത്തിൽ
കൊട്ടിയുണരുന്നു
തോറ്റം പാട്ട്
ചാത്തനും, പൊട്ടനും,
കണ്ടനാർ കേളനും,
മാക്കവും, പോതിയും,
കതിവന്നൂർ വീരനും,
പൂതവും, ഗുളികനും
മാപ്പിള തെയ്യവും
തുള്ളിയുറയുന്നു
വടക്കു ദിക്കിൽ
ചോദ്യങ്ങൾ ചോദിച്ചും
സാന്ത്വനമേകിയും
കോപത്താൽ കണ്ണുകൾ
ചെഞ്ചോര നിറമാക്കി
ചെമ്പട്ടണിഞ്ഞിട്ട്
ചെഞ്ചോര ചുണ്ടുമായ്
ചെഞ്ചോര നുണയുന്നു
ദൈവത്താറ്
പുരളി മലയിലും
കുന്നത്തു മലയിലും
പറശ്ശിനി കടവിലും
വീടായ വീട്ടിലും
കള്ളും കുടിച്ചിട്ട്
വില്ലും കുലച്ചിട്ട്
ചെണ്ടമേളത്തിൻ്റെ
താളപ്പെരുക്കത്തിൽ
തുള്ളിയുറയുന്നു
മുത്തപ്പനും
ജാതി- മതത്തിൻെറ
കെട്ടുകൾ പൊട്ടിച്ച്
മാനവ സ്നേഹത്തിൻ
വിത്തു വിതച്ചിട്ട്
എരിയുന്ന വയറിലെ
തീ കെടുത്താനായി
അന്നവും വെള്ളവും
ആവോളം നൽകുവാൻ
അരുളുന്ന ദൈവത്തെ
നിറകണ്ണാൽ കാണുമ്പോൾ
ഉള്ളിൽ ഉണരുന്നു
തോറ്റം പാട്ട്
മനുഷ്യൻെറ പാട്ടാണ്
തോറ്റം പാട്ട്
മാനത്തിൻ പട്ടാണ്
തോറ്റം പാട്ട്
അടിയാനും ഉടയോനും
ഇല്ലെന്നും
കൊത്തിയാൽ ചോരതെറിക്കുമ്പോൾ
ചെഞ്ചോര തന്നെന്നും
വിളിച്ചോതി
ഉറയുന്നു തോറ്റം പാട്ട്
അധികാരി വർഗ്ഗങ്ങൾ
കാട്ടിയ നെറികേട്
വർഷങ്ങൾ എത്ര
കഴിഞ്ഞങ്ങ് പോയാലും
മറവിയിൽ മൂടാതെ
കനലായെരിഞ്ഞിടാൻ
പണ്ടുള്ളോർ വിരുതോടെ
അനുഷ്ടാനമായ് മാറ്റി
കാവിൽ പ്രതിഷ്ഠിച്ച്
വിളക്കും കൊളുത്തി
കെടാതെ സൂക്ഷിക്കുന്ന
വർണ്ണമില്ലാത്തോർതൻ
നേർ ജീവിതത്തിൻെറ
കനലെരിയും
പ്രതികാര ദാഹം നിറയുന്ന
ജീവിതം പറയുന്നു
തോറ്റം പാട്ടിൽ


2 Comments
Good 😍
❤️🙏