”സർ എനിക്ക് ജലീലിന്റെ നമ്പർ ഒന്ന് ഷെയർ ചെയ്തേക്കാമോ?” അനന്തുവിന്റെ ഫോൺ വിളികളൊക്കെ ഇങ്ങനെയാണ്. കാര്യം മാത്രം പറയും.
“ശരി അനന്തു”. സുനിൽ ഫോൺ വെച്ചു.
വാട്സ്ആപ്പ് തുറന്ന് അനന്തു എന്ന പേര് ടൈപ്പ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് അനുപമ എന്ന പേര് കേറിവന്നത്. അത് കണ്ടതും സുനിലിന്റെ ഉള്ളിലൊരു കൊളുത്ത് വീണു. രണ്ട് വർഷം മുമ്പ് താൻ അയച്ച മെസ്സേജ് അവൾ കണ്ടിട്ടുണ്ട് അതിനുശേഷം യാതൊരു മറുപടിയും ഇല്ല. അയാൾ പതിയെ മുകളിലേക്ക് സ്ക്രോൾ ചെയ്ത് മെസ്സേജുകൾ നോക്കി. കണ്ണിറുക്കി ചിരിക്കുന്ന, സ്നേഹം വാരിവിതറുന്ന, കുറുമ്പുകാട്ടി ചിരിക്കുകയും കരയുകയും ചെയ്യുന്ന ഇമാജികളും, സ്റ്റിക്കറുകളും…..
ഒരുമിച്ച് പോയ യാത്രകളുടെ, ഉത്സവങ്ങളുടെ ഫോട്ടോകൾ, മെസേജുകളും വോയ്സ് ക്ലിപ്പുകളും തുടങ്ങി സ്നേഹത്തിന്റെ വലിയൊരു പൂക്കാലം അയാളുടെ മുന്നിൽ തുറന്നു വന്നു.
ഒരുപാട് നാളുകളായി ഇരുട്ടു മൂടി കിടന്നിരുന്ന സുനിലിന്റെ ജീവിതത്തിലേക്ക് പതിയെ പതിയെ പ്രകാശം നിറച്ചവരായിരുന്നു അനുപമയും അവളുടെ കുഞ്ഞും. സുനിലിന്റെ ജുനിയറായിരുന്നു അനുപമയെങ്കിലും പതുക്കെ അവർ തമ്മിലുള്ള അടുപ്പം വളർന്നു. രണ്ടു പേരും രണ്ടു രീതിയിൽ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവരായിരുന്നു.
പക്ഷേ പെട്ടെന്ന് ഒരുനാൾ ആ മെസ്സേജുകൾ നിലച്ചു, അയാളുടെ ഫോൺ കോളുകൾ അവൾ എടുക്കാതെയായി, നേരിട്ട് കണ്ടാൽ പരിചയമില്ലാത്തത് പോലെ മുഖം തിരിച്ചു നടക്കാൻ തുടങ്ങി.
“എന്ത് പറ്റി കുഞ്ഞേ?” എന്ന ചോദ്യത്തിന് മറുപടി കിട്ടാതെ സുനിൽ സങ്കടച്ചൂടിൽ ഉരുകിയൊലിച്ചു. ഒടുവിലെപ്പോഴോ അവളുടെ മെസേജ് അയാളെ തേടിയെത്തി.
“മാഷേ, എനിക്ക് നിങ്ങളോട് ഒരു പിണക്കവുമില്ല. ഒരുപാട് നാളുകൾക്ക് ശേഷം ഞാനും എന്റെ മോനും മനസ്സ് തുറന്ന് ചിരിച്ചതും സന്തോഷിച്ചതും എല്ലാം നിങ്ങളുടെ കൂടെ സമയം ചിലവഴിച്ചപ്പോഴായിരുന്നു. ഒറ്റയ്ക്ക് ഒരു രാത്രി നിങ്ങളുടെ വീട്ടിൽ കിടന്നുറങ്ങാൻ പോലും എനിക്കൊരു പേടിയും ഉണ്ടായിട്ടില്ല. അച്ഛൻ മരിച്ചപ്പോൾ എനിക്ക് നഷ്ടപ്പെട്ടുപോയ ആ സ്നേഹം ഞാൻ പിന്നീട് അനുഭവിച്ചത് നിങ്ങളിൽ നിന്ന് മാത്രമാണ്. നമ്മളെ നമുക്ക് നന്നായി അറിയാമെങ്കിലും മറ്റുള്ളവരുടെ മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകൾ നമ്മളെ കാണുന്നത് മറ്റു പലരീതിയിലുമാണ്. അതുകൊണ്ടാണ് ഞാൻ ഒഴിഞ്ഞു മാറി പോകുന്നത്.”
ശരിയാണ് തനിക്ക് അൻപത്തിയഞ്ചു വയസ്സിന് മുകളിലായെങ്കിലും ഭാര്യയും മകളും മരിച്ച ഒരു പുരുഷന് മകളുടെ പ്രായമുള്ള മറ്റൊരു പെൺകുട്ടിയെ സ്വന്തം മകളെ പോലെ കാണാൻ കഴിയും എന്ന് പലർക്കും മനസ്സിലാവില്ല. ഒരു പുരുഷന് മറ്റൊരു സ്ത്രീയോട് കാമമല്ലാതെ മറ്റു വികാരങ്ങളും തോന്നും എന്ന് പലരും ചിന്തിച്ചിട്ടുണ്ടാവില്ല.
ഓരോ തവണയും ഒഫീഷ്യൽ ഗ്രൂപ്പുകളിൽ അനുപമ എന്ന പേര് കാണുമ്പോഴും, മീറ്റിങ്ങുകളിലെ അനുപമയുടെ സാന്നിധ്യവും സുനിലിനെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിച്ചു. അയാൾ പെട്ടെന്നുതന്നെ മറ്റൊരു ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ തരപ്പെടുത്തി മാറുകയും ചെയ്തു.
ഇന്നിപ്പോൾ അനുപമ എന്ന പേര് കണ്ടപ്പോൾ മനസിൽ സ്നേഹത്തിന്റെ ഒരുറവ പൊട്ടുന്നത് അയാളറിഞ്ഞു. അവൾ തന്ന പരിഗണനയും സ്നേഹശാസനകളും ഉള്ളിൽ തിരതള്ളി വന്നു.
കാലമിത്രയായിട്ടും തനിക്ക് അനുപമയോടുള്ള സ്നേഹത്തിന്റെ അദൃശ്യമായ ഒരു നൂല് പൊട്ടിപ്പോകാതെയുണ്ടെന്ന് ആ നിമിഷത്തിൽ അയാൾ തിരിച്ചറിയുകയായിരുന്നു.
സുനിൽ വീണ്ടും അനുപമയുടെ ചാറ്റ് തുറന്ന് ടൈപ്പ് ചെയ്യാൻ തുടങ്ങി.
“അനൂ തോൽക്കുമെന്ന് ഉറപ്പുള്ള കളികളിൽ വീണ്ടും വീണ്ടും ചങ്കൂറ്റത്തോടെ തല വച്ചുകൊടുക്കാൻ ധൈര്യമുള്ളത് സ്നേഹത്തിനു മാത്രമാണ്. അതുകൊണ്ടാണ് ഞാൻ നിന്നെ സ്നേഹിച്ചതും സ്നേഹിച്ചു കൊണ്ടിരിക്കുന്നതും… നീ ഇപ്പോ എന്ത് ചെയ്യുകയാണെന്നും എന്താണ് നിന്റെ അവസ്ഥയെന്നും എനിക്കറിയില്ല. മനപ്പൂർവം അറിയാൻ ശ്രമിച്ചില്ല എന്നതാണ് ശരി. ഇപ്പോൾ തോന്നുന്നുണ്ട് ഞാൻ ചെയ്തത് തെറ്റായിപ്പോയെന്ന്. നിനക്ക് ഒരു ബുദ്ധിമുട്ടുണ്ടാവരുത് എന്ന് കരുതിയാണ് ഇത്രയും നാൾ കോൺടാക്ട് ചെയ്യാതിരുന്നതും, അവിടെ നിന്ന് പോരുമ്പോൾ പോലും നിന്നെ കാണാനോ യാത്ര പറയാനും ശ്രമിക്കാതിരുന്നതും.
നമ്മുടെ സ്നേഹം സത്യസന്ധവും നിഷ്കളങ്കവുമാണെങ്കിൽ ഇപ്പോഴും നിനക്ക് എന്നോട് അതേ സ്നേഹമുണ്ടാകും. സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്കുക. അതേ എന്നാണ് ഉത്തരമെങ്കിൽ പഴയ സുനിലായി തന്നെ ഞാനിവിടെ നിങ്ങൾക്ക് വേണ്ടി ഉണ്ടാവും.
ഫോൺ ശബ്ദിച്ചു, അനുപമയുടെ മറുപടി വന്ന് കിടപ്പുണ്ടായിരുന്നു. ഒറ്റവരി മെസേജ് വായിച്ചിട്ട് അയാൾ ഒരു മറുപടി അയച്ചു.
സ്നേഹരാഹിത്യത്തിന്റെ മരുഭൂമിക്കാലത്തിനു ശേഷം സ്നേഹത്തിന്റെ നറുനിലാവും തേൻ മധുരവും ജീവിതത്തിൽ വീണ്ടും നിറയുന്നതിന്റെ സന്തോഷത്തിൽ അയാൾ തന്റെ ട്രാൻസ്ഫർ ഓർഡർ സ്വീകരിച്ചുവെന്ന് കമ്പനിയിലേക്ക് മെയിൽ അയച്ചിട്ട് കണ്ണടച്ച് പുറകോട്ട് ചാരിയിരുന്നു.
ആ സമയം ദൂരെ ഒരിടത്ത് തന്റെ “അച്ഛാ” എന്ന മെസേജിന് മറുപടിയായി വന്ന കെട്ടിപ്പിടിക്കുന്ന ഇമോജിയിലേക്ക് അനുപമയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ ഇറ്റുവീണു.


7 Comments
നല്ല കഥ👍❤️
നല്ല എഴുത്ത്
നല്ല കഥ . ഹരി ഒട്ടും ലാഗടിപ്പിക്കാതെയാണ് എഴുതുന്നത്. ചില നിസ്വാർത്ഥ സ്നേഹങ്ങൾ കളങ്ങൾക്കും മുഴക്കോലുകൾക്കും പിടി കിട്ടാത്തവയാണ്. അതു തന്നെയാണ് അവയെ വ്യത്യസ്തവും സുന്ദരവുമാക്കുന്നതും.👌👏❤️❤️
നല്ല കഥ
നിരുപാധികമായ സ്നേഹ സൗഹൃദങ്ങൾക്ക് വില കല്പിക്കാത്തവരാവും എപ്പോഴും ചുറ്റുമുള്ളത്. കഥയിൽ മാത്രമല്ല ജീവിതത്തിലും,
നല്ല കഥ👌🌹
നല്ല കഥ
നല്ല രചന.👍