വീടിൻ്റെ ബാൽക്കണിയിൽ ഇരുന്ന്, പേയിംഗ് ഗസ്റ്റുകളായ ശ്രുതിയും ആനിയും പാർവ്വതിയും ചർച്ച ചെയ്യുന്നത് വീട്ടുടമസ്ഥയായ മീര അടുക്കളയിൽ നിന്നും ശ്രദ്ധിക്കുകയായിരുന്നു.
“എൻ്റെ ശ്രുതി ചേച്ചി, നമ്മുടെ പുതിയ ജിം ട്രെയിനറെ ശ്രദ്ധിച്ചോ, അങ്ങേരുടെ ബോഡി, പിന്നെയാ ചിരി, എന്ത് രസമാണല്ലേ കാണാൻ. “
“എന്തുണ്ടായിട്ടെന്താ ആനി, അയാളുടെ ഒരു ജാഡ, പുള്ളി പെണ്ണുങ്ങളുടെ മുഖത്ത് നോക്കില്ലല്ലോ. “
“എന്നാലും എനിക്കിഷ്ടമായി, ഒരാഴ്ച കൊണ്ട് ഞാനയാളുടെ ആരാധികയായി മാറി. “
ആനി പറഞ്ഞു.
“എന്തൊരു പൊക്കമാണ്, മീശയില്ലാത്ത മുഖം, അതൊക്കെ എനിക്കും ഇഷ്ടമായി. “
അത് വരെ ഫോണിൽ നോക്കി കൊണ്ടിരിക്കുന്ന പാർവ്വതി പറഞ്ഞു.
” എനിക്കാളുടെ ആ നീല മറുകാണ് ഇഷ്ടമായത്. അവിടെ ഒരുമ്മ കൊടുക്കാൻ തോന്നി.”
“മറുകോ, അതെവിടെ? “
ശ്രുതിയും ആനിയും ഒരുമിച്ച് ചോദിച്ചു.
“അങ്ങേരുടെ വയറിൻ്റെ വലത് ഭാഗത്ത്, കൈ ഉയർത്തിയപ്പോൾ കണ്ടതാണ്. എന്തൊരു ഭംഗിയാണ് അതിന്, നീല നിറത്തിൽ ഒരെണ്ണം. “
“നീ ആള് കൊള്ളാമല്ലോ, കുരുപ്പേ. “
അവർ മൂവരും പൊട്ടിച്ചിരിച്ചു.
അവർ ഭക്ഷണം കഴിക്കാൻ താഴെ എത്തിയപ്പോഴും മീര സ്വപ്ന ലോകത്തായിരുന്നു.
“മീരേച്ചി, ആരെയാ സ്വപ്നം കാണുന്നത്. “
മീര കസേരയിൽ നിന്നും എഴുന്നേറ്റു.
“വാ ഭക്ഷണം കഴിക്കാം, കപ്പയും മീൻ കറിയും ഉണ്ട്. “
“മീരേച്ചിയോട് എത്ര പറഞ്ഞതാ, ഞങ്ങളുടെ കൂടെ ജിമ്മിലേക്ക് പോരാൻ, മാത്രമല്ല, അവിടെ പുതിയ ജിം ട്രെയിനർ വന്നിട്ടുണ്ട്, പെണ്ണുങ്ങളുടെ നേരെ നോക്കാറില്ല. പക്ഷെ ട്രെയിനിംഗ് പെർഫെക്ട് ആണ്. “
“മാസം ആയിരത്തഞ്ഞൂറ് രൂപ കൊടുക്കണ്ടേ. “
“ഒറ്റത്തടിയായ മീരേച്ചിയ്ക്കെന്താ ഇത്ര ചിലവ്. ആദ്യമാസത്തെ പണം ഞങ്ങൾ മൂന്നു പേരും കൂടി കൊടുക്കാം. ഇഷ്ടപ്പെടുവാണേൽ തുടർന്നാൽ മതിയെന്നേ. “
“ഏയ് അതൊന്നും വേണ്ട. “
“അത് വേണം. ഒന്നാം തീയതി മുതൽ നമ്മൾ നാലുപേരും ഒന്നിച്ച് ജിമ്മിൽ പോകുന്നു. “
മീര ഭിത്തിയിൽ ചാരി നിന്നു പഴയ കാര്യങ്ങൾ ഓർത്ത് പോയി. അച്ഛൻ മരിച്ചപ്പോൾ അമ്മ അധിക വരുമാനത്തിന് വേണ്ടി വീടിൻ്റെ മുകളിലെ നിലയിൽ പേയിംഗ് ഗസ്റ്റുകളായി മൂന്ന് കോളേജ് പിള്ളേരെ നിർത്തിയത്. അന്ന് മീര ബികോമിന് പഠിക്കുകയായിരുന്നു.
മുകളിലെ മുറികളിൽ മൂന്ന് ആൺകുട്ടികൾ. എഞ്ചിനീയറിംഗ് പഠിക്കുന്ന രണ്ട് പേരും സ്പോർട്സ് മെഡിസിൻ ഡിഗ്രിക്ക് പഠിക്കുന്ന ഒരാളും. മീരയ്ക്ക് ആ മുറികളുടെ ഭാഗത്തേക്ക് നോക്കാൻ പോലും അമ്മയുടെ അനുവാദമില്ലാതിരുന്നു.
എല്ലാ വീക്കെണ്ടിലും സ്റ്റുഡൻ്റ്സ് നാട്ടിൽ പോകും, ആ സമയത്ത് അമ്മയും മീരയും അവരുടെ മുറിയൊക്കെ അടിച്ചു വാരി തുടച്ചിടുന്ന പതിവുണ്ടായിരുന്നു.
ഒരു മുറിയിൽ മുഴുവൻ ക്രിക്കറ്റ് കളിക്കാരുടെ വർണ്ണചിത്രങ്ങൾ പതിച്ചിരുന്നു. ആ മുറി മീരയ്ക്ക് വലിയ ഇഷ്ടമായിരുന്നു. മൂന്ന് പേരും കോളേജിൽ പോകുമ്പോൾ മീര ഒളിഞ്ഞ് നോക്കാറുണ്ടായിരുന്നു. ആറടി പൊക്കമുള്ള മീശയില്ലാത്ത സ്പോർട്സ് മെഡിസിൻകാരനെ അവൾക്ക് ഇഷ്ടമായിരുന്നു.
സൂര്യനാരായണൻ, 22 വയസ്, സുമുഖൻ വിരിഞ്ഞ മാറിടം, നീണ്ട മൂക്ക്, തിളങ്ങുന്ന കണ്ണുകൾ
പരീക്ഷയുടെ സ്റ്റഡി ലീവ് സമയത്ത്, വീട്ടിൽ ആരുമില്ല, ഉച്ച സമയം, മീര കിണറ്റിൻ കരയിൽ ഒന്ന് തെന്നി വീണു. അവൾ ചുറ്റും നോക്കി, അമ്മ ജോലിക്ക് പോയി. വീണത് ആരും കണ്ടിട്ടില്ല. തനിയെ എണീയ്ക്കാൻ നോക്കിയിട്ട് പറ്റുന്നുമില്ല.
കാലിന് നല്ല നീര് വച്ചു, വേദന കടിച്ചമർത്തി മീര ചെളിയിൽ കിടന്നു.
“എന്താ പറ്റിയേ. “
മുന്നിൽ സ്പോർട്സ് മെഡിസിൻകാരനാണ്. മറുപടി പറയുന്നതിന് പകരം മീര കരഞ്ഞു.
“ഞാനൊന്ന് നോക്കട്ടെ. “
“അവൻ കാല് പിടിച്ച് നോക്കി. നീരുണ്ടെങ്കിൽ പൊട്ടൽ കാണും. തൽക്കാലം നമുക്ക് ഐസ് പായ്ക്ക് വച്ച് നോക്കാം. “
രണ്ട് കൈകൊണ്ടും അവൻ മീരയെ കോരിയെടുത്തു. ആദ്യമായിട്ടാണ് ഒരു പയ്യൻ അവളെ തൊടുന്നത്. അമർഷത്തോടെ മുഖം തിരിച്ചെങ്കിലും, മീര അവൻ്റെ ആഫ്റ്റർ ഷേവ് ലോഷൻ്റെ മണമുള്ള ഷർട്ടിൽ വേദനയാൽ മുഖം അമർത്തി.
അവളെ കട്ടിലിൽ കിടത്തി ഐസ് വയ്ക്കുമ്പോൾ ആ വീട്ടിൽ അവർ തനിച്ചായിരുന്നു.
“മീരയ്ക്ക് വേദനയിപ്പോൾ കുറവുണ്ടോ?”
“കുറവുണ്ട്, നിങ്ങളുടെ പേരെന്താണ്. “
“സൂര്യനാരായണൻ. “
“സൂര്യ പൊയ്ക്കോ, ആരെങ്കിലും കണ്ടാൽ ഇനി അത് മതി. “
വൈകിട്ട് അമ്മ വന്ന് ആശുപത്രിയിൽ കൊണ്ടു പോയി. പൊട്ടലില്ല, ഞരമ്പ് പിണഞ്ഞതാണ്. ഒരാഴ്ച റസ്റ്റ് എടുക്കണം.
പിറ്റേന്ന് മുറിയിൽ വിശ്രമിക്കുമ്പോൾ ജനലിലൊരു ശൂ ശൂ വിളി.
“മീര എങ്ങനുണ്ട്. “
“വേദന കുറവുണ്ട്. “
“ഞാൻ കോളേജിൽ പോകുന്നു, വൈകിട്ട് കാണാം. ആ അടുപ്പം പിന്നെ പ്രണയമായി. ആരുമില്ലാത്തപ്പോൾ മീര അകത്തെ പടിക്കെട്ടിലൂടെ അവൻ്റെ മുറിയിൽ എത്താൻ സ്വകാര്യ വഴി കണ്ടെത്തി.
ഒരിക്കൽ അവരുടെ സ്വകാര്യ നിമിഷങ്ങളിൽ, മീര കണ്ടെത്തിയതാണ് അവന്റെ പൊക്കിളിന്റെ വലത് വശത്തൊരു ചെറിയ മറുക്, നല്ല നീല നിറത്തിൽ.
അന്നുമുതൽ, അവൾക്ക് അവന്റെ മറുക് ഒരു കൗതുകമായി. അവൾക്ക് മാത്രം അറിയുന്നൊരു നക്ഷത്രമായി ആ മറുക് തിളങ്ങി.
അന്ന് വരെ അവിടെ അങ്ങനെയൊരു മറുകുള്ളതായി അവൻ ശ്രദ്ധിച്ചിട്ടില്ല.
ഒരിക്കൽ മീര സൂര്യനോട് പറഞ്ഞു
“എൻ്റെ പ്രണയം നിന്നോടല്ല, ഈ മറുകിനോടാണെന്ന് തോന്നുന്നു. ഇത് ഞാനാർക്കും വിട്ട് കൊടുക്കില്ല. “
“കൊടുക്കണ്ട. “
മീരയെ മാറോട് ചേർത്ത് പിടിച്ചു സൂര്യ പറഞ്ഞു.
“നിനക്ക് മീശ വയ്ക്കുന്നത് ഇഷ്ടമല്ലേ. “
സൂര്യ അവളെ ചുംബിച്ചു കൊണ്ട് പറഞ്ഞു.
“ഇല്ല, വയ്ക്കാത്തതാണ്. ചെറുപ്പം മുതലെ ബോളിവുഡ് ഹീറോകൾ മനസിൽ വാഴുമ്പോൾ മുഖത്ത് മീശ വാഴുന്നതെങ്ങനെ ?”
മീര പോയപ്പോൾ ഹെയർ ഓയിൽ അല്പം മുടിയിൽ തലോടി ബാക്കി ടൗവ്വലിൽ തുടച്ചിട്ട്, കണ്ണാടിയിലെ പ്രതിബിംബം നോക്കി ഒന്നു പുഞ്ചിരിച്ചു. വയറിൻ്റെ വലത് ഭാഗത്തുള്ള മറുകിൽ അവൻ തടവി നോക്കി. മീരയ്ക്ക് ആ നീല മറുക് വളരെ ഇഷ്ടമാണ്. ഓരോ തവണയും അവളതിൽ ചുംബിക്കും. ഇപ്പോൾ അത് വലുതായി കൊണ്ടിരിക്കുന്നു.
അവൾ അടുത്ത് വരുന്നത് അവന് വളരെ ഇഷ്ടമാണെങ്കിലും രൂക്ഷമായ വിയർപ്പിന്റെ ഗന്ധം അവന്റെ അത്മവിശ്വാസം കുറയ്ക്കുമായിരുന്നു. പക്ഷേ മീര അതത്ര കാര്യമാക്കിയില്ല. അല്ലെങ്കിലും അങ്ങനെയാണല്ലോ, ഇഷ്ടപ്പെടുമ്പോൾ എല്ലാത്തിനേയും ചേർത്താണല്ലോ ഇഷ്ടപ്പെടുക.
ആത്മാവിന്റെ ഗന്ധം വിയർപ്പിന്റെതാണെന്നാണ് അവളുടെ ഭാഷ്യം. മീരയ്ക്ക് അല്പം സാഹിത്യത്തിന്റെ അസ്കിത ഉള്ളതിനാൽ അവനും അത് കാര്യമാക്കിയില്ല.
ഗന്ധത്തിന് ജീവിതത്തിൽ വലിയ സ്വാധീനമുണ്ടെന്ന് സൂര്യ മനസിലാക്കിയിട്ട് കുറച്ചു നാളേ ആയുള്ളു. അവന് ഡേവിഡ് ഓഫ് കൂൾ വാട്ടർ ഇഷ്ടമുള്ള പെർഫ്യൂമാണ്. അവൾക്കും അതിഷ്ടമാണ്. വിയർപ്പിന്റെയും പെർഫ്യൂമിന്റെയും ചേർന്ന ഗന്ധം അവൾക്ക് ഇഷ്ടമാണ്. മത്ത് പിടിപ്പിക്കുന്ന ഗന്ധം.
അവരൊന്നിച്ചാകുന്ന സമയങ്ങളിൽ മീര അവളുടെ സ്വപ്നങ്ങൾ അവനോട് പറയും. ഒന്നിച്ച് ചെയ്യേണ്ട കാര്യങ്ങൾ, ഒന്നിച്ച് പോകേണ്ടതുണ്ട് സ്ഥലങ്ങൾ, അങ്ങനെയെല്ലാം മീര പറയുന്നത് കേൾക്കാൻ അവനും ഇഷ്ടമാണ്. പൊതുവേ വാചാലനായ അവൻ അവളുടെ മുന്നിൽ ഒരു കേൾവിക്കാരനായി മാറും.
അവരുടെ പ്രണയം ആരുമറിയാതെ അവർ രഹസ്യമായി സൂക്ഷിച്ചു. അവൻ്റെ കൈ വലയത്തിൽ കിടന്ന് അവൻ്റെ പാട്ട് ആസ്വദിക്കാനായിരുന്നു അവൾക്കിഷ്ടം. അങ്ങനെ ഒരു ഉച്ച സമയത്ത് അമ്മ ഓഫീസിൽ നിന്നും നേരത്തെ എത്തിയത് അറിയാതെ സൂര്യയുടെ മടിയിൽ കിടന്ന് ഉറങ്ങിയ മീരയെ അമ്മ കയ്യോടെ പിടികൂടി. അന്ന് തന്നെ അമ്മ മുകളിലെ നില വലിയ പൂട്ടിട്ട് പൂട്ടി. മീരയെ മുറിയിൽ പൂട്ടിയിട്ടു.
അവളെത്ര കരഞ്ഞിട്ടും അവളെ പിന്നീട് കോളേജിൽ വിട്ടില്ല. അവളുടെ സമ്മതം കൂടാതെ തന്നെ അമ്മായിയുടെ ബന്ധുവുമായി അവളുടെ വിവാഹം. നിശ്ചയിച്ചു. അവൾ സൂര്യനെ കണ്ട് പിടിക്കാൻ ഒത്തിരി ശ്രമിച്ചെങ്കിലും അവനെക്കുറിച്ച് പിന്നീട് ഒന്നുമറിഞ്ഞില്ല.
വിവാഹം കഴിഞ്ഞെങ്കിലും അവൾ സൂര്യനെ മറന്നില്ല, അവൻ്റെ നീല മറുകിനെ മറന്നില്ല, അവൻ്റെ വിയർപ്പിൻ്റെ ഗന്ധം മറന്നില്ല.
മാനസിക നിലയിൽ സംശയം തോന്നിയത് കൊണ്ടാകും ഭർതൃവീട്ടുകാർ അവളെ തിരികെ പറഞ്ഞയച്ചു. തുടർ പഠനത്തിന് ശ്രമിച്ചെങ്കിലും മീര അതിലും പരാജയപ്പെട്ടു. ഒടുവിൽ അമ്മയും അമ്മാവനും സൂര്യയെ തെരഞ്ഞ് അവൻ്റെ നാട്ടിൽ പോയി, വീട് അടഞ്ഞ് കിടന്നിരുന്നു. അവൻ പഠനം പൂർത്തിയാക്കി വിദേശത്ത് ജോലിക്ക് പോയി എന്ന അറിവ് മാത്രമേ കിട്ടിയുള്ളൂ.
മീര പതിയെ ജീവിതത്തിലേക്ക് മടങ്ങി വന്നു. അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ട മീരയെ പുനർ വിവാഹത്തിന് ബന്ധുക്കൾ നിർബന്ധിച്ചെങ്കിലും അവൾ തയ്യാറായില്ല. ജീവിത മാർഗ്ഗമെന്ന നിലയിൽ അവൾ കുറച്ച് ഉദ്യോഗസ്ഥരായ പെൺകുട്ടികളെ കൂട്ടിനായും, പിന്നെ വരുമാനത്തിനായും വീട്ടിൽ നിർത്തി.
മീര അവരുമായി നല്ല സൗഹൃദത്തിലാണ്. അവർ നിർബന്ധിച്ച് മീരയെ ജിമ്മിൽ കൂട്ടി കൊണ്ട് വന്നതാണ്. ജിമ്മിൻ്റെ പടിക്കെട്ടുകൾ കയറിയപ്പോൾ മുതൽ മീര വിയർത്ത് തുടങ്ങി. അവര് പറഞ്ഞ നീല മറുകുകാരൻ തൻ്റെ സൂര്യ ആയിരിക്കുമോ, അവൻ്റെ വിവാഹം കഴിഞ്ഞ് കാണുമോ?
“എൻ്റെ മീര ചേച്ചി ധൈര്യമായി കയറി വരൂ. “
ശ്രുതി കയ്യിൽ പിടിച്ച് വലിച്ച് മീരയെ അകത്ത് കയറ്റി. ആണുങ്ങളും പെണ്ണുങ്ങളും നിറഞ്ഞ ജിം, എല്ലാവരും തിരക്കിലാണ്. മീരയുടെ പിറകിൽ നിന്ന് ആരോ അവൾക്ക് നിർദ്ദേശങ്ങൾ നല്കുന്നു. അവൾക്ക് തിരിഞ്ഞ് നോക്കാൻ മനസ്സ് വെമ്പി.
“പറയുന്നത് അനുസരിക്കൂ മീര. “
ഡേവിഡ് ഓഫ് കൂൾ വാട്ടറിൻ്റെ ഗന്ധം അവിടെ പരന്നു. മീരയുടെ കണ്ണുകൾ അകാരണമായി നിറഞ്ഞു.
“ഇതവനാണ് “
അവളുടെ മനസ്സ് പറഞ്ഞു.
ഏഴാം കടലിനകലെയാണെങ്കിലും തനിക്കവൻ്റെ ഗന്ധം തിരിച്ചറിയാം. സ്വതവേ വലിയ മൂക്ക് അവൾ ഒന്നും കൂടെ വിടർത്തി.
പെട്ടെന്നാരോ അവളുടെ കാഴ്ച മറച്ച് കളഞ്ഞു. വിയർത്ത കരങ്ങളാൽ കണ്ണ് പൊത്തിയതാണ്. പിന്നിലാരോ ചേർന്ന് നിൽക്കുന്നു. അവൾ തിരിഞ്ഞ് നോക്കി.
ചുണ്ടിൽ പുഞ്ചിരിയോടെ, കൗതുകത്തോടെ നോക്കി നിൽക്കുന്ന സൂര്യ.
“പിന്നീടാണ് ഞാനെല്ലാം അറിഞ്ഞത്. സോറി മീര. എല്ലാം ഇവരെന്നോട് പറഞ്ഞു.
പുതിയ ട്രെയിനർ മീര ചേച്ചിയുമായി സംസാരിക്കുന്നത് കൂട്ടുകാരികൾ നോക്കി നിന്നു.
“Love is effortless എന്നാരാ പറഞ്ഞത്. It needs so much effort to maintain the intensity.
നിൻ്റെ വിവരം അറിഞ്ഞ് ദുബായിലെ നല്ലൊരു ജോലി വിട്ടെറിഞ്ഞ് വരാൻ ഇപ്പോഴാണ് എനിക്ക് ധൈര്യമുണ്ടായത്. ഇരുപത്തിയെട്ടാം വയസ്സിലാണ് അതിനുള്ള പക്വത വന്നത്. നിന്നെ തേടി വന്നത് വെറുതെയായില്ല. “
സൂര്യ മീരയുടെ കൈ പിടിച്ചു.
“നാട്ടിൽ ജോലി കിട്ടിയപ്പോൾ, നിൻ്റെ വീടിനടുത്തുള്ള ജിമ്മിൽ പാർട്ട് ടൈമിൽ ജോലിക്ക് വന്നത് നിന്നെ കണ്ട് പിടിക്കാനാണ്. “
“നമ്മൾ വീണ്ടും കണ്ട് മുട്ടാൻ കാരണമെന്താണെന്നറിയുമോ, നിൻ്റെ ആ നീല മറുക്. “
“അതെങ്ങനെ മറുക് കഥാപാത്രമായോ. “
“ചില കഥകളിൽ. “
മീരയുടെ വിരലുകൾ അവൻ്റെ മറുകിനെ തെരഞ്ഞു.
“ഇതങ്ങ് വലുതായല്ലോ. “
“അതേ നമ്മുടെ സ്നേഹം പോലെ. “
അവൻ്റെ കണ്ണുകളുടെ ആഴങ്ങളിൽ അവൾക്ക് അവളെ തന്നെ കാണാൻ കഴിഞ്ഞു. തനിക്ക് ചുറ്റും പൂമ്പാറ്റകൾ പറക്കുന്നത് അവൾ കണ്ടു. അവളുടെ കണ്ണുകൾ നിറഞ്ഞു.
ഇനി മീരയെ ഒരു തരത്തിലും ശിക്ഷിക്കാൻ പാടില്ല. സൂര്യ അവളുടെ മുഖം പിടിച്ചുയർത്തി. നെറ്റിയിൽ അവൻ്റെ ചുണ്ടുകൾ അമർത്തി.
#പ്രണയകഥ
✍️✍️നിഷ പിള്ള


2 Comments
നല്ല കഥ. കൊള്ളാം, നന്നായിരിക്കുന്നു
നീല മറുക് പോലെ തന്നെ അസാധാരണമായ കഥ…
അഭിനന്ദനങ്ങൾ…..🎉🎉