കവലയിൽ ബസ് ഇറങ്ങി വീട്ടിലേക്കു നടന്നപ്പോൾ പുറകിൽ നിന്നും വിളി കേട്ടു. “എടാ റെജി… നില്ലെടാ…”
തിരിഞ്ഞു നോക്കിയപ്പോൾ സലാം..
“എടാ.. വിശക്കുന്നു. ഉച്ചക്കു പോരാമെന്നു കരുതി ചോറെടുത്തില്ല. ഇക്കണോമിക്സിന്റെ സാർ എക്സ്ട്രാ ക്ലാസ്സ് എടുത്തു.അടുത്ത മാസം പരീക്ഷ തുടങ്ങുമെടാ.”
“വല്ലതും കഴിച്ചിട്ട് ഇങ്ങോട്ടിറങ്ങാം.”
കാലുകൾ വലിച്ചു വെച്ചു നടന്നു. പ്രധാന റോഡു കടന്നു നാട്ടുവഴിയിലേക്ക് കയറിയപ്പോൾ അറിയാതെ കണ്ണുകൾ ഇടതു വശത്തെ വീട്ടിലേക്കു നീണ്ടു.
തുറന്നു കിടക്കുന്ന ജനാലക്കപ്പുറം ആരെങ്കിലും നിൽപ്പുണ്ടോ?
ആ ചിരിക്കുന്ന കണ്ണുകൾ കൊണ്ടുള്ള ഒരു തഴുകലിനായി എത്ര നാളായി കാത്തിരിക്കുന്നു.
നിരാശയോടെ മുന്നോട്ടു നീങ്ങി.
വീട്ടിലെത്തിയപ്പോൾ വീടിനു മുന്നിൽ ഏലിക്കുട്ടി ടീച്ചർ.അമ്മയുമായി സംസാരിച്ചിട്ട് ഇറങ്ങാൻ നിൽക്കയാണ്
“ആഹാ റെജി എത്തിയോ? പരീക്ഷയുടെ ഡേറ്റ് കിട്ടിയോ.?”
“ഇല്ല..” ഞാൻ ഭവ്യതയോടെ മൊഴിഞ്ഞു.
“മോനേ. റീനയോട് പറഞ്ഞ് എന്തെങ്കിലും വാങ്ങിച്ചു കഴിക്ക്.”
അമ്മ പറന്നത് കേട്ട് ഞാൻ വീട്ടിലേക്കു നടന്നു.
“അപ്പോൾ ലില്ലി പരീക്ഷ എഴുതുന്നില്ലേ?” അമ്മയുടെ ചോദ്യം.
‘ലില്ലി ‘എന്നു കേട്ട എന്റെ മനം തുടിച്ചു. ചെവിയും ബുദ്ധിയും ഒരേപോലെ ഉണർന്നു.
“ഓ.. ഇനി അതിനൊന്നും സമയം ഇല്ല. പയ്യന് ലീവ് കുറവാണ്. ”
“എടിപിടീന്ന് കല്യാണം നടത്താൻ പറ്റുമോന്ന് ഞാൻ ചോദിച്ചതാ.”
“അച്ചായന്റെ ഒറ്റ നിർബന്ധമാ.. അവനെ വല്ലോരും കൊത്തികൊണ്ട് പോകും പോലും.
പുള്ളിക്കാരന്റെ ഓഫീസർക്കു അറിയാവുന്ന പയ്യനാണ്.പിന്നെ കൂടുതൽ അന്വേഷണം ഒന്നും വേണ്ടല്ലോ.
ടീച്ചർക്കു പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല.
“ആ നല്ല ബന്ധമല്ലേ ടീച്ചറെ.. ദുബായിൽ എഞ്ചിനീയർ. നല്ല ശമ്പളം.”
“നമ്മുടെ കുഞ്ഞുങ്ങളുടെ നന്മയല്ലേ നമ്മൾ ആഗ്രഹിക്കുന്നത്..”
അമ്മ പറയുന്നു..
കൂടുതൽ കേൾക്കാൻ നിൽക്കാതെ എന്റെ ചെവി കൊട്ടിയടക്കപ്പെട്ടു. ദി ക്കറിയാത്തവനെ പോലെ ഞാൻ മുന്നോട്ടു നീങ്ങി..
“ലില്ലിക്ക് സന്തോഷായിക്കാണുമല്ലോ അല്ലേ?”
“ഉം.. പെണ്ണ് നിലത്തൊന്നുമല്ലെന്നാ എന്റെ അനിയത്തി പറഞ്ഞത്.”
“അച്ചായൻ ഈ ആഴ്ച തന്നെ നാട്ടിൽ എത്തും.”
“ഞങ്ങൾ നാളെ തന്നെ ചങ്ങനാശ്ശേരിക്ക് പോകുവാ.. വീട് അടച്ചിട്ടിരിക്കുവല്ലേ.. എന്തെല്ലാം ജോലി ഇനി കിടക്കുന്നു.”
പാരവശ്യത്തോടെ അകത്തുകയറിയപ്പോൾ റീന ചേച്ചി അടുത്തുവന്നു.എന്റെ മുഖം കണ്ട് എന്തോ ആലോചിച്ചു നിന്നിട്ട് പറഞ്ഞു.
” ആ… മനസ്സിലായി…”
“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പ്പോയി… ആഹാ കാക്കച്ചി…”
എനിക്കു സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു. വെട്ടിതിരിഞ്ഞു എന്റെ മുറിയിലേക്കു പോകാനൊരുങ്ങിയപ്പോൾ ചേച്ചിപറഞ്ഞു..
“എടാ.. നിന്നേ..”
“നല്ല ജോലിയും ശമ്പളവും ഒക്കെയുള്ള ഒരുവനെ ഭർത്താവായി കിട്ടാൻ അല്ലേ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത്. അതുകൊണ്ട് ലില്ലിയെ നീ പഴിക്കേണ്ട..”
“പിന്നെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നതെല്ലാം കിട്ടുമോ? കിട്ടിയാൽ ഭാഗ്യം… അത്രേയുള്ളു.”
“പോട്ടെ… മുഖം കഴുകിയിട്ടു വാ.. അമ്മ ഇപ്പോൾ വരും.ഞാൻ ചായ എടുക്കാം.”
പോകുന്ന വഴി ആത്മഗതം കേട്ടു. എന്റെകർത്താവെ… ഏതേലും ഒരു കോന്തൻ പെണ്ണാലോചിച്ചു വ ന്നായിരുന്നെങ്കിൽ പഠിയ്ക്കേണ്ടായിരുന്നു.. യോഗം വേണം. യോഗം.
വൈകുന്നേരത്തെ ഒത്തു ചേരലിലെ പ്രധാന വിഷയം ലില്ലിയായിരുന്നു. എല്ലാവരും രഹസ്യമായി അവളെ പ്രണയിച്ചിരുന്നുവെന്നതാണ് സത്യം. അതവൾക്കറിയാമായിരുന്നു താനും.
“ചട്ടക്കാരി ” സിനിമ ഇറങ്ങിയപ്പോൾ അതി ലെ “ജൂലി…ഐ ലവ് യു… “എന്ന പാട്ടിനെ “ലില്ലി ഐ ലവ് യു “എന്നു മാറ്റി ഞങ്ങൾ പാടുമായിരുന്നു.ജൂലിയായി അഭിനയിച്ച ലക്ഷ്മിയുടെ ഒരു വിദൂര ഛായ ലില്ലിക്കുണ്ടെന്നും ഞങ്ങളുടെ സംഘത്തിലെ ഒരു സിനിമ പ്രേമി അഭിപ്രായപ്പെട്ടിരുന്നു.
സാം ചോദിച്ചു.. “അവൾ ചങ്ങനാശ്ശേരിയിൽ അമ്മയുടെ അനിയത്തിയുടെ വീട്ടിൽ നിന്നല്ലെടാ പഠിക്കുന്നെ? അതോ ഹോസ്റ്റലിലോ? ഇങ്ങോട്ടേങ്ങും വരാറെ ഇല്ലല്ലോ?”
അവൾ രണ്ടാഴ്ച കൂടുമ്പോൾ വരുമെന്നും.വരുമ്പോഴൊക്കെ ഞങ്ങൾ തമ്മിൽ കാണുകയും കണ്ണുകൾ കഥ പറയുകയും ചെയ്യുന്നുണ്ടെന്നും മിണ്ടാൻ പറ്റില്ലല്ലോ.
ആ…ഏതായാലും ലില്ലിയുടെ ചേട്ടന്മാർ രക്ഷപ്പെട്ടു. അളിയൻ രണ്ടുപേർക്കും വിസ കൊണ്ട് വരുമല്ലോ. ഇവിടെങ്ങനെ ഒരു വിസ ഒപ്പിക്കുമെന്നോർത്തിരിക്കുകയാ ബാക്കിയുള്ളോര്..
സലാം നിരാശയോടെ പറഞ്ഞു.
നീ എന്താടാ ഒന്നും മിണ്ടാത്തെ? സാമിന്റെ ചോദ്യത്തിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
കവലയിൽ നിന്ന് നേരത്തെ തിരിച്ചു പോന്നു.
നാട്ടുവഴിയിൽ കയറിയപ്പോൾ കാപ്പിപ്പൂക്കളുടെ സുഗന്ധം കാറ്റിലൂടെ ഒഴുകി വന്നു. മനസ്സ് വല്ലാതെ തരളിതമായി.
ലില്ലിയുടെ വീട്ടിലേക്കു കണ്ണുകൾ നീണ്ടപ്പോൾ അവളുടെ കൊച്ചനുജത്തി മുൻപിലെ വരാന്തയിലിരുന്ന് പഠിക്കുന്നതു കണ്ടു.
അപ്പോൾ മധുരമൂറുന്ന ഒരു ഓർമ്മയിലേക്ക് മനസ്സ് ഊളിയിട്ടു.
ഒരോണക്കാലത്തു ഞാൻ ബസ്സ്റ്റോപ്പിലെ ഒരു കടയിൽ നിൽ ക്കുമ്പോൾ ഈ കുട്ടി കുറച്ചു ചോക്ലേറ്റ് എന്റെ കയ്യിൽ കൊണ്ടു തന്നതും ഞാൻ അന്തം വിട്ടു നിന്നപ്പോൾ ചിരിയോടെ അവൾ ബസ്‌റ്റോപ്പിലേക്കു നോക്കിയതും അവിടെ ലില്ലി എന്നെ നോക്കി ചിരിച്ചുകൊണ്ടു നിന്നതും…
ആ മധുര നിമിഷങ്ങളുടെ സ്‌മൃതിയിൽ ഞാൻ എന്റെ പ്രണയിനിക്ക്… ആദ്യ പ്രണയിനിക്ക്… മംഗളങ്ങൾ നേർന്നു.


2 Comments
മനോഹരം.👍❤️
Thank you