ഉറക്കത്തിൽ കഴുത്തിലാരോ കുരുക്കിടുന്ന പോലെ.
ഇല്ല, തോന്നീതാവും.
എന്തോ വലിഞ്ഞുമുറുകുന്നല്ലോ..
ഉണ്ട്, കഴുത്തില് കുരുക്കുണ്ട്, അത് മുറുകുന്നുണ്ട്.
കണ്ണ് തുറിച്ചു വരുന്നോ..?
പക്ഷെ, കാഴ്ച മങ്ങിയിട്ടില്ല, ഭാഗ്യം.
അയ്യോ ചേട്ടനല്ലേ അത്? കള്ള് നാറുന്നു..
മുഖത്ത് എന്ത് ക്രൂരഭാവം!
ഉറങ്ങിക്കിടന്ന എന്നെ കഴുത്തിൽ കുരുക്കിട്ട് എങ്ങോട്ടാ വലിച്ചോണ്ട് പോവുന്നെ..?
ശ്വാസം മുട്ടുന്നല്ലോ.. ചത്ത് പോവോ..!
ദൈവമേ.. എന്താണിതൊക്കെ?
കൈകാലുകൾ പിടയുന്നു.. കണ്ണടക്കാൻ പറ്റുന്നില്ല..
ജനലിന്റെ ഇരുമ്പഴിയിലമർന്ന് മേല് വേദനിക്കുന്നു.
എങ്ങോട്ടാണെന്നെ വലിച്ചു കയറ്റുന്നത്?
ജനൽക്കമ്പിയിൽ തൂക്കിയിടാനാണോ?
ആളുകൾ കണ്ടാൽ ഞാൻ തൂങ്ങിമരിച്ചു എന്ന് വിചാരിക്കില്ലേ? ഞാനെന്തിനാ മരിക്കുന്നെ?
കൈകാലുകളുടെ പിടച്ചിൽ നിലച്ചു. ജനലിന്റെ ഏറ്റവും മുകളിലെ കമ്പിയിൽ അവൻ കുരുക്കിന്റെ മറ്റേ അറ്റം വലിച്ചുകെട്ടി. അവൾ ജനലിൽ തൂങ്ങിക്കിടന്നു.
ലോകമുണർന്നു എന്നുറപ്പായപ്പോൾ ഫോൺ ചെവിയിൽ വെച്ച് അവൻ വിതുമ്പി, “അവള് ജനലിൽ തൂങ്ങി.. എനിക്കിനി ആരുമില്ല..”
അപ്പോഴും അവൾ പറയുന്നുണ്ടായിരുന്നു, “ഇല്ല.. ഞാൻ തൂങ്ങീട്ടില്ല… എനിക്ക് മരിക്കണ്ട..”
©shafia
Pic: Google
#കുരുക്ക്


3 Comments
അങ്ങിനെ എത്ര പെൺകുട്ടികൾ……. നന്നായെഴുതി👍❤️
😰
എഴുത്ത്👏
Thank you dear❤️