ഒരു വീടിന് വേണ്ടി കാത്തിരുന്നത് ഒന്നും രണ്ടും വർഷമല്ല, അര നൂറ്റാണ്ട്!
അത്രയധികം തടസ്സങ്ങൾ നേരിട്ടതിന് ശേഷമാണ് വേണു സ്വന്തമായ ഒരു വീട്ടിൽ താമസിക്കാൻ പോകുന്നത്.
അമ്മയും അമ്മയുടെ മൂന്ന് മക്കളും ഒരുമിച്ച് ഒരു വീട്ടിൽ താമസിച്ചതല്ലേ! പിന്നെ എന്തിനാണ് അതൊക്കെ ഉപേക്ഷിച്ചു മറ്റൊരിടത്തേക്ക് പോയത്?
ആ വീട് നിങ്ങൾ തന്നെ പണിതതല്ലേ?
ആളുകളൊക്കെ ഇങ്ങനെ ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ വേണു ഒന്നും തന്നെ പറഞ്ഞില്ല.
സ്വന്തം വീട്ടിലെ കാര്യങ്ങൾ നാട്ടിൽ പാട്ടാക്കുമ്പോൾ അതിന്റെ നാണക്കേട് തനിക്കും കൂടിയാണല്ലോ
അത് കൊണ്ട് ആര് ചോദിച്ചാലും ഒന്നും മിണ്ടിയില്ല വേണു.
പക്ഷേ ആളുകൾക്ക് കാര്യമൊക്കെ മനസ്സിലാക്കാൻ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.
അവർ രഹസ്യമായി അതൊക്കെ അന്വേഷിച്ചു.
തറവാട് ആണ് എന്ന് അറിഞ്ഞിട്ടും അതിൻമേൽ കാശ് ഇറക്കിയ വേണുവിൻ്റെ മണ്ടത്തരം തിരിച്ചറിയുന്നു എല്ലാവരും.
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടല്ലേ? തനിക്കും കുടുംബത്തിനും കൂടി താമസിക്കേണ്ടതല്ലേ എന്നൊക്കെ മാത്രമേ അന്ന് കരുതിയുള്ളൂ.
ഓട് വീട് മാറ്റി ടെറസ് ആക്കി. അപ്പോൾ കോൺക്രീറ്റ് വീടുകൾ ആ നാട്ടിൽ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. വേണുവിൻ്റെ കാര്യമെന്ന് പറഞ്ഞാൽ സുഹൃത്തുക്കളെല്ലാം വന്ന് കുറേ പണികൾ ചെയ്ത് തരും. ആശാരിമാരും കല്ലാശാരിമാരും വാർക്കപ്പണിക്കാരുമൊക്കെ വേണുവിൻ്റെ സൗഹൃദവലയത്തിൽ ഉണ്ട്. അത് കൊണ്ട് കൂലി കൊടുക്കാതെ എളുപ്പത്തിൽ കഴിയും എന്ന് കരുതേണ്ട. സാധാരണ കൊടുക്കുന്നതിനേക്കാൾ കൂടുതൽ കൊടുക്കും വേണു. അതാണ് സ്വഭാവം.
ഓരോ കാര്യവും വിസ്തരിച്ചു ചെയ്യും. എത്രയായാലും പെർഫെക്റ്റ് ആയി എന്ന് തോന്നില്ല.
സൂത്രത്തിൽ താമസിക്കാറാക്കിയാൽ മതി. പക്ഷെ പ്ളാസ്റ്ററിംഗ്, ടൈൽസ്, വൈദ്യുതോപകരണങ്ങൾ, ഫാൻ, എ.സി എല്ലാം ശരിയാക്കി. മുൻപ് കറൻ്റ് വരെ ഉണ്ടായിരുന്നില്ല.
മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ ആണ് അവിടെ കഴിഞ്ഞിരുന്നത്.
മുൻപ് എങ്ങനെ കിടന്നിരുന്നതാണ്! ചാണകം മെഴുകിയ തറയിൽ ആയിരുന്നു കിടന്നിരുന്നത്. ചുമരൊന്നും തേച്ചിരുന്നില്ല. ഇന്ന് ഗംഭീരമായി. പുതിയ ഒരു വീടായി.
വേണുവിന് പിന്നെ ലോൺ എടുക്കാൻ ഒരു മടിയുമില്ല. കയ്യിലിരുന്ന പണം കൊണ്ട് ചെയ്തതല്ല ഇതൊക്കെ.
ഗംഭീരമായ വീട് പണി കഴിഞ്ഞപ്പോൾ ആണ് വേണുവിൻ്റെ വിവാഹം നടന്നത്. നവവധു വീട്ടിൽ വരുമ്പോൾ എല്ലാം നന്നായി ഇരിക്കണമല്ലോ! ഇല്ലെങ്കിൽ മോശം വേണുവിനാണല്ലോ!
വിവാഹം ഗംഭീരമായി കഴിഞ്ഞു. സദ്യയുംപാർട്ടിയും എല്ലാം ഗംഭീരമായി.
അതിനിടെ രണ്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു.
വേണുവിന് ഒരു കുഞ്ഞു ജനിച്ചു. വേണുവിൻ്റെ അനിയനും അനിയത്തിയും പഠിപ്പെല്ലാം കഴിഞ്ഞു. രണ്ട് പേരും ഡിഗ്രിയൊക്കെ എടുത്തു. അതിന്റെയൊക്കെ ചിലവ് വേണു തന്നെയാണ് നടത്തിയത്.
അമ്മ മാത്രമല്ലേ ഉള്ളൂ.
അച്ഛൻ വെറുതെ ഒരാളായി വിവാഹസമയത്ത് വന്നു. പങ്കെടുത്തു. തിരിച്ചുപോയി.
അതിനിടെ വേണുവിൻ്റെ അനിയന് ജോലിയായി.
അനിയത്തിയ്ക്ക് വിവാഹാലോചനകൾ വന്നു. തരക്കേടില്ലാത്ത ഒരു ബന്ധം വന്നപ്പോൾ അത് ഉറപ്പിച്ചു.
ഗംഭീരമായി വിവാഹം നടത്തി വേണു. ലോണുകൾ അല്പം കൂടി കൂടി.
ഭാര്യ എപ്പോഴും പറയും. ” വരവനുസരിച്ച് ചിലവ് ചെയ്യണം. ഈ ലോണൊക്കെ എടുത്തു കൂട്ടിയാൽ ആര് അടയ്ക്കും? അനിയനും അനിയത്തിയും പഠിക്കാൻ ലോൺ എടുത്തത് ആരാ? ഇപ്പോൾ അനിയത്തിയുടെ കല്യാണത്തിന് ലോൺ വേറെ.. ശമ്പളം ഇല്ലാതായാൽ ചെലവ് നടക്കണ്ടേ”
” അതൊക്കെ അങ്ങനെ നടക്കും…” വേണു പറഞ്ഞു.
അതിനിടെ അനിയന് ഒരു പ്രേമം. അത് നടത്താതെ പറ്റില്ല എന്നായപ്പോൾ വിവാഹം നടത്തി.
ചെലവ് പറഞ്ഞപോലെ വേണുവിൻ്റെ തന്നെ.
” അവന്റെ കല്യാണത്തിന് അവന് തന്നെ പണം ചെലവാക്കിക്കൂടെ? അവന് ജോലിയൊക്കെ ഉള്ളതല്ലേ? പോരാത്തതിന് പെണ്ണിൻ്റെ വീട്ടിൽ നല്ല സ്ഥിതിയുമാണ്” വേണുവിൻ്റെ ഭാര്യ ഓർമ്മിപ്പിച്ചു.
” സുനന്ദേ.. അവൻ എന്റെ അനിയനല്ലേ. അവന്റെ കാര്യം ഞാനല്ലാതെ ആര് നോക്കും? അച്ഛൻ്റെ കാര്യം അറിയാമല്ലോ. സൗമ്യയുടെ വിവാഹത്തിന് അച്ഛൻ വന്നു. ആകെ അഞ്ച് പവൻ ആണ് കൊണ്ട് വന്നത്. ഇപ്പോൾ വിനീതിൻ്റെ കല്യാണത്തിന് അതിഥിയായി വെറുതെ അങ്ങനെ നിന്നു. അപ്പോൾ ഞാൻ തന്നെ എല്ലാം നോക്കണം..”
എന്തായാലും വേണുവിൻ്റെ ധാരാളിത്തം ഭാര്യ സുനന്ദയ്ക്ക് അത്ര ഇഷ്ടമല്ല.
അമ്മ നല്ല സ്നേഹത്തിലാണ് അത്രകാലം കഴിഞ്ഞത്. മക്കളോട് വേർതിരിവൊന്നും ഉണ്ടായിരുന്നില്ല.
സുനന്ദയ്ക്ക് അങ്ങനെ തന്നെ. എല്ലാ പണികളും അവൾ എടുത്ത് അമ്മയ്ക്ക് വിശ്രമം നൽകി.
എന്നാൽ അനിയൻ വിനീതിൻ്റെ ഭാര്യ മീന വന്നതോടെ ആകെ തകിടം മറിഞ്ഞു. കേവലം ഒരു മാസം പോലുമായില്ല അവന്റെ വിവാഹം കഴിഞ്ഞിട്ട്. അതിനിടെ അമ്മയെ പിരികേറ്റി സ്വന്തം വരുതിയിൽ നിർത്തി.
മീനയുടെ വീട്ടുകാർ വന്നാൽ അവർ മാത്രം ഒരു സഖ്യം. സുനന്ദയെ അവിടെയൊന്നും അടുപ്പിക്കില്ല.
ഓരോ ഭക്ഷണസാധനങ്ങൾ ഹോട്ടലിൽ നിന്ന് വാങ്ങി അവർ തന്നെ ഇരുന്നു കഴിക്കുവാൻ തുടങ്ങി.
വേണുവിൻ്റെ കുഞ്ഞ് കേവലം രണ്ട് വയസ് മാത്രം പ്രായമുള്ള മിനിക്കുട്ടിയ്ക്ക് വരെ ഒന്നും കൊടുക്കാതെയായപ്പോൾ സുനന്ദ പറഞ്ഞു ” മീനേ. മിനിക്കുട്ടിയുടെ മുന്നിൽ വച്ച് ഇങ്ങനെ ഓരോന്ന് കഴിക്കരുത്. ആരും കാണാതെ ഇങ്ങനെ കഴിക്കുന്നത് നല്ലതല്ല”
അതോടെ വലിയ ബഹളമായി. ചേട്ടത്തി മീനയെ ചീത്ത പറഞ്ഞു എന്നായി. അമ്മയെങ്കിലും മീനയോട് ചോദിക്കുമെന്ന് കരുതി. പക്ഷെ ഉണ്ടായില്ല.
പിന്നെ അവർ അടുക്കളയിൽ കയറി അനിയനും അമ്മയ്ക്കും മീനയ്ക്കുമുള്ള ഭക്ഷണം ഉണ്ടാക്കി അവരുടെ മുറിയിൽ കൊണ്ടുപോയി കഴിക്കും.
ഒരു ദിവസം അനിയൻ കുടിച്ചു വന്ന് വലിയ ബഹളം ഉണ്ടാക്കി.
” ഇവിടെ മീന പറയുന്നതാണ് കാര്യം. അത് ഇഷ്ടമില്ലാത്തവർ എവിടെയെങ്കിലും പോകാം.”
വേണുവിന് കുറേശ്ശെ കാര്യങ്ങൾ മനസ്സിലായിത്തുടങ്ങി.
ശീതസമരം ആദ്യമൊന്നും അത്ര കണക്കിലെടുത്തില്ല.
പിന്നീട് “ഭയങ്കര ബുദ്ധിമുട്ട് സഹിച്ച് ഇങ്ങനെ ഇവിടെ കഴിയാൻ പറ്റില്ല “എന്ന് സുനന്ദ പറഞ്ഞപ്പോൾ വേണു വീട്ടിൽ നിന്ന് മാറാൻ തീരുമാനിച്ചു.
അമ്മയും, അനിയനും ഭാര്യയും, അനിയത്തിയും ഭർത്താവും ഒരു പക്ഷം.
അത് വരെ ഒന്നായി കരുതിയ വേണുവും ഭാര്യയും മകളും മറ്റൊരു പക്ഷം.
എന്തായാലും അടുക്കളയിൽ രണ്ട് വയ്പ്പ് കൊണ്ട് വന്നത് മീനയാണ്. അങ്ങനെ ഒരു കാര്യം ചിന്തിക്കാൻ പോലും പറ്റില്ല സുനന്ദയ്ക്ക്. അവൾക്ക് വലിയ വേദന തോന്നി.
ഇനി എന്ത് ചെയ്യും എന്നാണ് വേണുവിന്.
ജോലിയുണ്ട് എന്നത് ശരിയാണ്. പക്ഷെ ശമ്പളം ലോണുകളിലേക്കാണ് പോകുന്നത്.
ഇനി ഒറ്റയ്ക്ക് വേറെ വീട് വാടകയ്ക്ക് എടുത്ത് പോയാൽ എന്ത് ചെയ്യും?
വാടക കൊടുക്കുവാൻ വരെ പണം കണ്ടെത്തണം.ചിലവുകൾ വേറെ.
ഇപ്പോൾ തള്ളിപ്പറയുന്ന അവർക്ക് വേണ്ടി എടുത്ത ലോണിന്റെ ഉത്തരവാദിത്വം ഒന്നും അവർക്കില്ലത്രെ!
ഇത്രയധികം പണം ചെലവാക്കിയ വേണുവിന് വീട്ടിൽ അവകാശമില്ല.
എന്തായാലും ഇവരുടെ ആട്ടും തുപ്പും കേട്ട് സഹിച്ചു കഴിയാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ വേണു ഒരു വാടകവീട്ടിൽ താമസിക്കാൻ തീരുമാനിച്ചു.
വേണുവല്ലേ, വാടകയ്ക്ക് വീട് കിട്ടാൻ വിഷമം ഒന്നും ഉണ്ടാവില്ല.
വർഷങ്ങളോളം വാടകയ്ക്ക് താമസിക്കുകയും ചെയ്തു വേണു. അതിനിടെ മറ്റൊരു ആൺകുട്ടി കൂടി ഉണ്ടായി. അപ്പോഴും വീട്ടിൽ നിന്ന് ആരും വന്നില്ല.
അമ്മ മരിക്കുന്നതിന് മുമ്പ് തന്നെ അനിയനും അനിയത്തിയും കൂടി സ്വത്തെല്ലാം അവരുടെ പേർക്ക് എഴുതിവയ്പ്പിച്ചു.
വേണുവിനെ അവർ ഓർമ്മിച്ചതു പോലുമില്ല.
അയാൾക്ക് ചെലവായതൊക്കെ ആരോർക്കാൻ!
എന്തെങ്കിലും കിട്ടിയാൽ അയാൾക്ക് ഒരു വീട് പണിയാമായിരുന്നു. ഇപ്പോഴും വർഷങ്ങൾ കഴിഞ്ഞിട്ടും വാടകയ്ക്ക് തന്നെയാണ് താമസം.
അതിനിടെ ജോലിയിൽ നിന്ന് റിട്ടയർ ചെയ്തു.
നിസ്സാരമായ ഒരു പെൻഷൻ ആണ് ലഭിക്കുന്നത്. കുറച്ച് ആനുകൂല്യങ്ങൾ കിട്ടിയത് കൊണ്ട് കടമെല്ലാം തീർത്തു. അത് തന്നെ സമാധാനം.
മകളുടെ വിവാഹം. മകന്റെ വിവാഹം അതെല്ലാം വാടക വീട്ടിൽ തന്നെയാണ് നടന്നത്.
അതിനിടെ വേണുവിന് മാരകമായ അസുഖങ്ങൾ കുടി കണ്ടെത്തി. ഹൃദയത്തിന് പ്രശ്നം. അതിന്റെ ഓപ്പറേഷൻ കൂടി വന്നപ്പോൾ ആകെ തകർന്നു പോയി.
പക്ഷേ മകൻ കൂടെ നിന്നു.
അച്ഛൻ്റെ വലിയ ആഗ്രഹം ആയിരുന്നു വീട്.
മകൻ ലോൺ എടുത്താണെങ്കിലും അത് പൂർത്തിയാക്കി. നാളെയാണ് വീട് കയറി താമസം.
അരനൂറ്റാണ്ടിലേറെ വർഷം കാത്തിരുന്നാണ് ഈ പുതിയ വീട്ടിൽ വേണു താമസിക്കാൻ പോകുന്നത്.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_വീട്സ്വപ്നംകാണുന്നവർ
#കഥ_ഒരുവീടിനുവേണ്ടികാത്തിരുന്നത്അരനൂറ്റാണ്ട്!
#രചന_രാമചന്ദ്രൻടിവി


1 Comment
എല്ലാം നഷ്ടപ്പെടുന്ന വാത്സല്യം, ചില സഹോദരന്മാർ ചെയ്യും. അര നൂറ്റാണ്ടിനു ശേഷമെങ്കിലും സ്വന്തം വീട്ടിൽ കയറുന്ന മനുഷ്യൻ, നല്ലൊരു എഴുത്തായിരുന്നു.
👍