“എടോ ആ ചന്ദ്രമല ഫാക്ടറി വരെ ഒന്ന് പോണം. കുറച്ച് പണിയുണ്ട്”
സേറിന്റെ മാനേജരുടെ ഓർഡർ ആണ്
“അയ്യോ സാറേ അപ്പോൾ ഇവിടെയോ?” അത്രയും ദൂരം പോകാനുള്ള മടികാരണം ചോദിച്ചു.
“നീ ഇവിടെയില്ലെങ്കിൽ അത്രേം പ്രശ്നങ്ങള് കൊറയും. മാനേജർക്ക് സേറിനെ കുറിച്ച് എന്താ അഭിപ്രായം 😏😏
അപമാനം ചോദിച്ചു മേടിച്ചപ്പം സമാധാനായി.
മൂന്നാറീന്ന് ഒരു പത്ത് നാല്പത് കിലോമീറ്റർ പിന്നെയും പോണം ചന്ദ്രമലക്ക്…..
ഫോണില് കെഎസ്ആർടിസി ആപ്പ് കമ്പിപ്പാരക്ക് കുത്തിത്തുറന്ന് കൽപ്പറ്റ – ചന്ദ്രമല ബസ് തിരഞ്ഞു. ശബരിമലയിലെ സ്വർണ്ണപ്പാളി പോയത് പോലെ ഒരു പൊടി പോലും ശ്ശേ ഒരു ബസ് പോലും കാണുന്നില്ല…
ഇനിയീ ചന്ദ്രമല കേരളത്തിലല്ലേ 🤔🤔🤔
അവിടെയുള്ള ഒരു ചങ്ങാതിയെ വിളിച്ചു വഴി ചോദിച്ചു. മൂന്നാറ് വരെയേ ഇവിടെ നിന്ന് ബസ്സുള്ളത്രേ. അവിടുന്ന് മറ്റൊരു ബസ്സിൽ കയറി ഏതോ ഒരു സ്റ്റോപ്പിൽ ഇറങ്ങാൻ അവിടെ നിന്ന് ജീപ്പ് കിട്ടും.
ഇടുക്കീലെ ജീപ്പ് യാത്ര ഓർത്തപ്പഴേ പേടിയായി. ജീപ്പിന്റെ മുൻ സീറ്റിൽ മിനിമം ഒരു നാല് പേരുണ്ടാവും. ഡ്രൈവർക്ക് ഇരിക്കാൻ സീറ്റ് ഉണ്ടാവില്ല. അയാള് പോലീസ് സ്റ്റേഷനിൽ ഇല്ലാത്ത കസേരയിൽ പ്രതികളെ ഇരുത്തുന്നതുപോലെ ജീപ്പിന്റെ വെളിയിൽ ഇരുന്ന് സ്റ്റിയറിങ്ങൽ തൂങ്ങിക്കിടന്ന് വണ്ടിയോടിക്കും. ക്ലച്ചും ബ്രേക്കും ചവിട്ടുന്നത് ഡ്രൈവർടെ അടുത്തിരിക്കുന്ന ആളായിരിക്കും. ഗിയർ മാറുന്നത് അതിനപ്പുറത്തിരിക്കുന്ന ആളും. നമ്മള് എത്തിയാ എത്തി….
അങ്ങനെ കൽപ്പറ്റ – മൂന്നാർ ബസ് നോക്കി… ആകെ രണ്ടെണ്ണം മാത്രം. എല്ലാ സീറ്റും ഫുള്ള്. യാത്ര അടുത്ത ദിവസത്തേക്ക് മാറ്റി. ടിക്കറ്റ് നോക്കുന്നു ഇഷ്ടം പോലെ ടിക്കറ്റ് ബാക്കിയുണ്ട്. എന്നാൽ കുറച്ചു കഴിഞ്ഞു ബുക്ക് ചെയ്യാം എന്ന് കരുതുന്നു. വൈകിട്ട് കുത്തിയിരുന്ന് സിനിമ കണ്ട് നേരം കളയുന്നു. രാത്രി വൈകിയപ്പോഴാണ് ടിക്കറ്റ് ബുക്ക് ചെയ്യണമല്ലോ എന്നോർക്കുന്നത്. ആപ്പ് തുറക്കുന്നു, സ്ഥലം സെലക്ട് ചെയ്യുന്നു. ഇന്ന് പോണോ നാളെ പോണോന്ന് ആപ്പ് ചോദിക്കുന്നു, ഈ പാതിരാത്രിക്ക് ഞാൻ എവിടെ പോകാനാ ആപ്പേ എന്നും പറഞ്ഞ് tomorrow സെലക്ട് ചെയ്ത് സീറ്റ് ബുക്ക് ചെയ്യുന്നു. രാത്രി ഒൻപത് മണിക്ക് ബസ്.
അങ്ങനെ തിങ്കളാഴ്ച വൈകിട്ട് എട്ടേമുക്കാലോടെ രണ്ടു സുഹൃത്തുക്കളെയും കൂട്ടി കൽപ്പറ്റ എത്തുന്നു. സാധാരണഗതിയിൽ വണ്ടി എടുക്കുന്നതിന് മുമ്പ് ഒരു മെസ്സേജ് വരുന്നതാണ്. എന്തേ മെസ്സേജ് വരാത്തത് എന്ന സംശയത്തിൽ ഒന്നുകൂടെ ബുക്ക് ചെയ്ത മെസ്സേജ് നോക്കുന്നു, പണി പാളി എന്ന് മനസ്സിലാകുന്നു. ഞായറാഴ്ച രാത്രി 12 മണിക്ക് ശേഷമായിരുന്നു ബുക്ക് ചെയ്തത്.
മര്യാദയ്ക്ക് “തിങ്കളാഴ്ചത്തെ ടിക്കറ്റ് ഒരെണ്ണം എടുക്കട്ടെ മോനെ” എന്ന് ചോദിച്ച ആപ്പിനെ ചീത്തേം പറഞ്ഞു ചൊവ്വാഴ്ചത്തെ ടിക്കറ്റാണ് സേർ ബുക്ക് ചെയ്തത്.
ഇതെങ്ങാനും മൂന്നാമതൊരാൾ അറിഞ്ഞാൽ സേറിന്റെ മാനം കപ്പല് കേറുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഉടൻ തന്നെ റെഡ്ബസിൽ നോക്കി അങ്കമാലിക്ക് ഒരു ടിക്കറ്റ് തരപ്പെടുത്തി.
പക്ഷേ ബസ്സ് വരാൻ ഇനിയും ഒന്നരമണിക്കൂർ സമയം ഉണ്ട് അത്രയും സമയം ചെലവാക്കാൻ എന്താണ് വഴി?
ഹോട്ടലിൽ പോയി ഒന്നൂടെ ഫുഡ് അടിച്ചാലോ എന്നൊരാൾ. പക്ഷേ കൂടുതൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായതുകൊണ്ട് അത് വേണ്ടെന്നുവച്ചു. അടുത്ത വഴി ജലസേചനമാണ്. അടുത്തുള്ള ബീവറേജിൽ നിന്നും ഓരോ ബീയർ മേടിച്ച് വണ്ടിയിലിരുന്ന് കൂച്ചാലോ എന്നായി അടുത്ത അഭിപ്രായം. പക്ഷേ ഓപ്പണർ ഇല്ലാത്ത കൊണ്ട് കുപ്പീടെ അടപ്പ് കടിച്ചു തുറക്കേണ്ടി വരും. അത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുകയും വളരെ ഭീകരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും എന്നതിനാൽ അടുത്തുള്ള ബാറിലേക്ക് പോകാം എന്ന് കമ്മിറ്റി ഐക്യകണ്‌ഠേന തീരുമാനിച്ചു.
കൂടെയുള്ള സുഹൃത്ത് വണ്ടിയെടുത്തു. വണ്ടി ബാറിന്റെ അകത്തേക്ക് കയറുന്നു. അത് മണത്തറിഞ്ഞ പോലെ ഭാര്യയുടെ ഫോൺ വരുന്നു.
“വണ്ടി കിട്ടിയില്ലേ മനുഷ്യാ? വണ്ടിയേ കയറീട്ട് വിളിക്കണമെന്ന് പറഞ്ഞതല്ല എന്താ വിളിക്കാത്തെ?”
“എടി വണ്ടി ലേറ്റ് ആണ് പത്തുമണി കഴിഞ്ഞേ എത്തൂ”
ഞാനിത് പറയുന്നതിനിടയിൽ പാർക്കിങ്ങിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി അടുത്ത് വന്ന് ഒറ്റ ഡയലോഗ്.
“സാറേ ബാറ് മുകളിലാണ് കേട്ടോ.”
എന്താന്നറിയില്ല, ഭാര്യേടെ ഫോൺ അപ്പോഴേ കട്ടായി. പിന്നെ ഇങ്ങോട്ട് ഫോൺവിളിയില്ല, അങ്ങോട്ട് വിളിച്ചാൽ ഫോൺ എടുക്കുന്നുമില്ല. പതിവില്ലാതെ ഞങ്ങളുടെ പറമ്പിലെയും അടുത്ത പറമ്പിലെയും കാന്താരിമുളക് മുഴുവനും അവൾ പറിച്ചുകൊണ്ടുപോയി എന്നൊരു മെസേജ് മകളുടെ ഫോണേന്ന് വന്നിട്ടുണ്ട്.
അപ്പോ എന്റെ ഒരു സംശയം ന്തെന്ന് വെച്ചാൽ അവള് കപ്പക്ക് ചമ്മന്തി അരയ്ക്കാൻ തന്നെ ആയിരിക്കുമല്ലേ മുളക് പറിച്ചത്? അല്ലാതെ ഞാൻ തിരിച്ചു ചെല്ലുമ്പോൾ കണ്ണില് തേക്കാൻ ആയിരിക്കില്ലല്ലോ അല്ലേ???
നിങ്ങൾ ഭാര്യയോട് പറയാതെ ബാറിൽ പോയത് ഭാര്യ പിടിക്കുമ്പോൾ എങ്ങനെയാണ് രക്ഷപ്പെട്ടു പോരാറുള്ളത് എന്ന് പറഞ്ഞു തന്നാൽ അത് സേറിന് വലിയ ഉപകാരമായിരിക്കും കേട്ടാേ…..


10 Comments
ബാറിൽ പോകാൻ ഭാര്യയോട് ചോദിച്ചിട്ട് ഇന്നേവരെ ആർക്കും അനുമതി കിട്ടിയതായി അറിവില്ല ..പിന്നെ ഒളിച്ചോട്ടം മാത്രമേ പരിഹാരം ..ബാറിൽ രാജാവിനെ പോലെ ഇരുന്നു കഴിക്കും … വീട്ടിൽ മടങ്ങി എത്തിയാൽ അടിമയെ പോലെ നിൽക്കുക … അവർ പലതും പറഞ്ഞു നമ്മളെ പ്രകോപിതരാക്കാൻ നോക്കും ..പ്രതികരിക്കാതെ വേഗം കയറി കിടക്കുക …..😜😜
🤣🤣🤣🤣
Jinu 🤣🤣🤣🤣
ബാറിൽ പോകാൻ ഭാര്യയോട് ചോദിച്ചിട്ട് ഇന്നേവരെ ആർക്കും അനുമതി കിട്ടിയതായി അറിവില്ല 😜😜👌🙏
🤣🤣🤣 മിക്കവാറും ചമ്മന്തിയാക്കുവായിരിക്കും . പക്ഷേ കപ്പയ്ക്ക് കൂട്ടുവാൻ കൊള്ളൂല്ല
ഞാൻ മൂന്നാറിലെങ്ങാനും കൂടിക്കോളാം 😄😄
ചോദ്യം പുരുഷപ്രജകളോട് ആയത് കൊണ്ട് അവര് ഉത്തരം പറയട്ടെ.. 😄
നന്ദേച്ചീ 🤣🤣
ഇങ്ങനെ ചിന്തിച്ചു കൂട്ടുണ്ടകപ്പയ്ക്ക് ചമ്മന്തി ആയിരിക്കും അല്ലേ കറി.
നിഷാജീ ഇത് കേട്ടപ്പോ ചെറിയേ ഒരു സമാധാനം 😄