“ഇന്ന് അമ്പലത്തിൽ നമ്മുടെ വക പൂജയാണ്. അതിന് എല്ലാവരും പോകണം. അന്നദാനവും നമ്മുടെ വക. വൈകുന്നേരം ചുറ്റുവിളക്കും നിറമാലയും.. പോരാത്തതിന് കൃഷ്ണനാട്ടം കളിയും. “
അച്ഛൻ പറഞ്ഞപ്പോൾ എല്ലാവരും കൂടി പോകാം എന്ന് പറഞ്ഞു തയ്യാറായി.
കാലത്തും ഉച്ചയ്ക്കും ദേവിക അമ്പലത്തിൽ എല്ലാവരുടെ കൂടെ പോയി.
വൈകുന്നേരം പോകാൻ തയ്യാറായി എല്ലാവരും.
അതിനിടെ ദേവുവിന് ഒരു പ്രശ്നം. അവൾക്ക് പീരിയഡ് സ് ആയത്രെ! അതിന് വരാൻ പറ്റിയ ഒരു സമയം. ഇന്നത്തെ കഴിഞ്ഞ് മതിയായിരുന്നു.
അമ്പലത്തിൽ പോയാൽ എന്തെല്ലാം മനോഹര കാഴ്ചകൾ!
പോരാത്തതിന് മിഥുൻ ചേട്ടൻ അവിടെ വരും. ആരും കാണാതെ കാണാൻ സാധിക്കും. കൃഷ്ണനാട്ടം കണ്ട് മറ്റുള്ളവർ ഭക്തിയിൽ മുഴുകുമ്പോൾ മിഥുൻ ചേട്ടനുമായി സംസാരിച്ചിരിക്കാം
“അല്ലെങ്കിൽ തന്നെ ദേവുവിനെ കാണാൻ ബുദ്ധിമുട്ടാണ്.. ഇങ്ങനെ അമ്പലത്തിലെ വിശേഷങ്ങൾ വരുമ്പോൾ എങ്കിലും കാണാമല്ലോ”എന്നാണ് മിഥുൻ ചേട്ടൻ പറയുക.
“ഇനി ഇപ്പൊ എന്താ ചെയ്യാ? ദേവൂന് അമ്പലത്തിൽ പോകാൻ പറ്റില്ലല്ലോ.. നീ ഇവിടെ തന്നെ ഇരുന്നാൽ മതി. വലിയമ്മ ഉണ്ടല്ലോ.. ” അമ്മ പറഞ്ഞു.
അങ്ങനെയാണ് ദേവിക അവിടെ വീട്ടിൽ തന്നെ തങ്ങിയത്. “ഭക്ഷണം ഞാൻ സ്വിഗ്ഗിയിൽ നിന്നും വരുത്താം.. നിങ്ങൾക്കൊക്കെ അമ്പലത്തിൽ സദ്യ ഉണ്ടല്ലോ.. ഞാനെങ്കിലും അല്പം ബിരിയാണി കഴിക്കട്ടെ.. വല്യമ്മൂമ്മയ്ക്ക് കാലത്തെ കഞ്ഞി ഉണ്ട്. ബിരിയാണിയൊന്നും അമ്മൂമ്മ കഴിക്കില്ല.. “ദേവിക പറഞ്ഞപ്പോൾ അനിയത്തി ദിശയും പറഞ്ഞു “എനിക്ക് ബിരിയാണി മതി”
“വേണ്ട വേണ്ട.. ഈ ഇറച്ചിയും മീനും ഒക്കെ കഴിച്ച് അമ്പലത്തിൽ പോകാൻ പറ്റില്ല. നീ ഞങ്ങളുടെ കൂടെ വാ.. “അമ്മ ദിശയെ കൊണ്ട് പോയി.
നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. എട്ട് മണി കഴിഞ്ഞു. സ്വിഗ്ഗിയിൽ നിന്നും വിളിച്ചു ലൊക്കേഷൻ ഒക്കെ ചോദിച്ചു.
സ്ഥലം പറഞ്ഞ് കൊടുത്തതിന് പിന്നാലെ അയാൾ വന്നു.
ദേവികയേ കണ്ടപ്പോൾ അയാൾ ചിരിച്ചു
“ഇത് ഡെയ്സൺ ഡേവീസല്ലേ.. നീ ഇപ്പോൾ ഇതിലാണോ “ദേവിക ചോദിച്ചു.
“ദേവികയുടെ വീടാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു”ഡെയ്സൺ പറഞ്ഞു.
“അപ്പോൾ നീ പഠിപ്പൊക്കെ ഇടയ്ക്ക് വച്ച് നിർത്തിയോ “
“അപ്പൻ മരിച്ചതോടെ ആകെ ബുദ്ധിമുട്ടായി. പഠിപ്പ് നിർത്തി. എന്നിട്ട് എന്തെങ്കിലും ജോലി തപ്പിയപ്പോൾ ഇതാ കിട്ടിയത് “ഡെയ്സൺ പറഞ്ഞു
“നീ ഇപ്പോ എന്താ പഠിക്കുന്നത്?”
“ഞാൻ ഈ വർഷം മെഡിസിൻ കഴിയും, പിന്നെ ഹൗസ് സർജൻസി, പോസ്റ്റ് ഗ്രാജ്വേഷൻ… കടമ്പകൾ അങ്ങനെ കിടക്കുകയല്ലേ.” ദേവികയുടെ വർത്തമാനം കേട്ട് ഡെയ്സൺ ചിരിച്ചു.
എന്റെ കാര്യമൊക്കെ വെള്ളത്തിലായി.. ഇനി അത്തരം സ്വപ്നമൊന്നും ഇല്ല “
അപ്പോഴാണ് ആരോ ചിലർ വരുന്നത് കണ്ടത്.
മിഥുനും കൂടെ അവൻ്റെ കൂട്ടുകാരും. ദേവികയെ അമ്പലത്തിൽ കാണാതായപ്പോൾ അന്വേഷിച്ചു വന്നതാണ്.
അപ്പോഴാണ് രാത്രി ഈ മങ്ങിയ വെളിച്ചത്തിൽ സംസാരിക്കുന്ന രണ്ട് പേരെ കണ്ടത്..
“ആരടാ അത്? “മിഥുൻ വിളിച്ചു ചോദിച്ചു…
പെട്ടെന്നുള്ള ചോദ്യം കേട്ട് പകച്ചു ഡെയ്സൺ.. അപ്പോഴേയ്ക്കും കൂടെ ഉള്ളവരും മിഥുനും കൂടി ഡെയ്സണെ അടിച്ചു വീഴ്ത്തി. തലയിൽ നിന്നും രക്തം ഒഴുകി
“എടീ. ദേവൂ.. നീ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ് വേറെ ഒരുത്തനെ ആരുമില്ലാത്ത രാത്രിയിൽ വിളിച്ചു കയറ്റി അല്ലേ” മിഥുൻ ചോദിച്ചു.
“മിഥുൻ ചേട്ടൻ കരുതുന്നത് പോലെ ഇത് എന്റെ കാമുകനൊന്നുമല്ല. ഫുഡ് ഡെലിവറി യ്ക്ക് വന്നയാളാണ്.. ഡെയ്സൺ. ” ദേവിക പറഞ്ഞു.
“അത് ശരി. പേരും അറിയാം. കാമുകന് വരാൻ വേണ്ടി ഓരോ സൂത്രം.. “.
“മിഥുൻ ചേട്ടാ ഡെയ്സണെ വേഗം ആശുപത്രിയിൽ എത്തിക്ക് അല്ലെങ്കിൽ വല്ല അപകടവും വരും.. “
ദേവിക വിളിച്ചു പറഞ്ഞു.
“എടീ.. നിന്റെ കാമുകനല്ലേ നീ തന്നെ കൊണ്ട് പോ..
എന്നാലും ഇപ്പോൾ കണ്ട് പിടിച്ചത് നന്നായി. നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ആണെങ്കിലോ… നീ ഇത്തരത്തിലുള്ള പെണ്ണാണ് എന്നറിഞ്ഞില്ല. നീയായി.. നിൻ്റെ പാടായി..
നടക്കടാ.. “മിഥുൻ അയാളുടെ കൂട്ടുകാരുമായി പോയി.
ഡെയ്സണെ തിരിഞ്ഞു നോക്കിയില്ല. പോരാത്തതിന് ഒരു ചവിട്ടു കൂടി കൊടുത്തു.
ബോധരഹിതനായി കിടക്കുന്ന ഡെയ്സൺ.. ദേവിക വിരൽ വച്ച് ശ്വാസം നോക്കി. ശ്വാസമുണ്ട്. പൾസ് പിടിച്ച് നോക്കി.. പൾസ് കുഴപ്പമില്ല. എങ്കിലും രക്തം പോകുന്നത് തടയണം. വേഗം അകത്തു കയറി പഞ്ഞിയും മറ്റുമെടുത്ത് വച്ച് രക്തം തടഞ്ഞു. ഫസ്റ്റ് എയിഡ് കൊടുത്തു. വേഗം ഒരു വണ്ടി വിളിച്ച് ഡെയ്സണേയും കയറ്റി ആശുപത്രിയിലേക്ക് പോയി. ബ്ളഡ് ധാരാളം പോയതിനാൽ ബ്ളഡ് വേണ്ടി വന്നു. ദേവികയുടെ ബ്ളഡ് ഗ്രൂപ്പ് ഡെയ്സണിന്റെ ഗ്രൂപ്പുമായി മാച്ച് ആയതിനാൽ നന്നായി.
അപ്പോഴേയ്ക്കും വീട്ടിൽ നിന്ന് വിളി വന്നു ദേവികയ്ക്ക്..
“എവിടെയാ നീ ഈ രാത്രി പോയത്? ഇവിടെ ആരാണ് വന്നത്? ആരുടെ ബൈക്ക് ആണ് ഇവിടെ ഇരിക്കുന്നത്?” അങ്ങനെ നൂറ് ചോദ്യങ്ങൾ. അച്ഛനാണ്..
“അച്ഛൻ ഒന്ന് ബഹളം വയ്ക്കാതെ ഇരുന്നാൽ ഞാൻ എല്ലാം പറയാം “
ദേവിക അവിടെ ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു. ആശുപത്രിയിൽ ഉണ്ടായ സംഭവങ്ങൾ അത് പോലെ പറഞ്ഞതിനാൽ കേസ് രജിസ്റ്റർ ചെയ്യണം. പോലീസിനെ വിവരമറിയിച്ചു ആശുപത്രി അധികൃതർ തന്നെ. പത്ത് മിനിറ്റിനകം പോലീസ് എത്തി.
അപ്പോഴേയ്ക്കും ഡെയ്സണ് ബോധം വന്നു. പോലീസ് മൊഴിയെടുത്തു. ഡെയ്സൺ മിഥുന്റെ പേര് പറയാൻ മടിച്ചു. ദേവികയുമായി അടുപ്പമുള്ള ആളല്ലേ, താൻ പറഞ്ഞത് കൊണ്ട് അവൾക്ക് ബുദ്ധിമുട്ട് ആയാലോ!
“അതൊന്നും കുഴപ്പമില്ല ഡെയ്സാ.. ആരാണ് തെറ്റ് ചെയ്തത് അവർക്ക് ശിക്ഷ കിട്ടണം. ധൈര്യമായി മിഥുന്റെ പേര് പറഞ്ഞോ… എനിക്ക് ഇനി മിഥുനുമായി ഒരു ബന്ധവുമില്ല. മിഥുൻചേട്ടൻ എന്നാണ് ഞാൻ വിളിക്കാറ്. ഇനി അങ്ങനെ ഒരു വിളി ഇല്ല. ഒരു ബന്ധവും ഇല്ല.. മറ്റുള്ളവരെ ഇത് പോലെ ക്രൂരമായി ഉപദ്രവിക്കുന്നവർ എന്റെ ആരുമല്ല”. ദേവിക പറഞ്ഞു.
പറഞ്ഞത് പോലെ മിഥുന്റേയും കൂട്ടുകാരായ റിനിൽ, ദീപക്, വർഗ്ഗീസ്, കുര്യൻ എല്ലാവരേയും പേര് പറഞ്ഞു ദേവിക.
പോലീസ് അവരെയൊക്കെ അപ്പോൾ തന്നെ കസ്റ്റഡിയിൽ എടുത്തു.
എഫ്ഐആർ ഇട്ടു. നാളെ കോടതിയിൽ ഹാജരാക്കും.
ഡെയ്സണിന്റെ മുറിവ് അല്പം സീരിയസ് ആയതിനാൽ അഡ്മിറ്റ് ചെയ്തു. അപ്പോഴേക്കും വിവരമറിഞ്ഞ് ഡെയ്സണിന്റെ ബന്ധുക്കളും അമ്മയും വന്നു. അമ്മ നെഞ്ചത്തടിച്ചു കരഞ്ഞു.
“അമ്മച്ചി പേടിക്കാനൊന്നുമില്ല.. ദേ മരുന്ന് വച്ച് കെട്ടി. ഇനി അത് ഉണങ്ങിയാൽ മാത്രം മതി. “
“ദേവികയാണ് എന്നെ രക്ഷിച്ചത്. അവൾ രാത്രിക്ക് രാത്രി എന്നെ കൊണ്ട് വന്നു. ഇതൊക്കെ ചെയ്തില്ലേ.. “
ഡെയ്സൺ അമ്മയോട് പറഞ്ഞു.
അമ്മ വന്ന് ദേവികയുടെ കൈപിടിച്ചു…
“അമ്മച്ചി പേടിക്കാനൊന്നുമില്ല. ഈ ബ്ളഡ് കയറികഴിഞ്ഞാൽ എല്ലാം ശരിയായി… “.
അപ്പോഴേയ്ക്കും ദേവികയുടെ അച്ഛൻ വന്നു. അവളെ വീട്ടിലേക്ക് കൊണ്ടു പോയി.
ഒരാഴ്ചയ്ക്കുള്ളിൽ ഡെയ്സണെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
മിഥുനും കൂട്ടരും ജാമ്യത്തിൽ ഇറങ്ങിയ ഉടനെ തന്നെ ദേവികയുടെ വീട്ടിൽ വന്നു ബഹളം ഉണ്ടാക്കി.
“അവളുടെ അവിഹിതം പിടിച്ചതിനാണ് നിരപരാധികളായ ഞങ്ങളെ അവൾ അകത്താക്കിയത്. അവൾ അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ.
ഈ നാട് മുഴുവൻ ഞങ്ങൾ അവളെ നാറ്റിക്കും..
നോക്കിക്കോ.. അവനേയും ഒരു പാഠം പഠിപ്പിക്കണം.. രണ്ടുപേരും ഇവിടെ നിങ്ങൾ അമ്പലത്തിൽ പോയപ്പോൾ എന്തായിരുന്നു നടന്നത്!
അത് നിങ്ങളുടെ മുഖത്ത് നോക്കി പറയാൻ നാണമാകും.. രണ്ട് പേർക്കും ഡ്രസ്സ് ഉണ്ടായിരുന്നില്ല…
ഇങ്ങനെ ഉള്ള ഒരുത്തിയെ ഞാൻ ഇഷ്ടപ്പെട്ട് സ്നേഹിച്ചു, വിവാഹം കഴിക്കാൻ ആഗ്രഹിച്ചു
എന്നത് എത്ര ഭീകരമായിപ്പോയി… “
വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ അവളെ വളരെ മോശമായി ചിത്രീകരിക്കുന്ന സംസാരവും പെരുമാറ്റവും ആയിരുന്നു മിഥുൻ നടത്തിയത്. ഇത്ര സുന്ദരിയായ, ഈ വർഷം കഴിഞ്ഞാൽ ഡോക്ടർ ആകാൻ പോകുന്ന, ഇത്രയധികം സ്വത്തുള്ള കുടുംബത്തിലെ പെൺകുട്ടി നഷ്ടപ്പെട്ടു പോകുക എന്നത് നിസ്സാര കാര്യമല്ലല്ലോ.
ഇനി അവളെ വിവാഹം കഴിക്കണമെങ്കിൽ ആകെ ഒരു വഴിയേയുള്ളൂ.. അവളുടെ അവിഹിതം നാട്ടിൽ മുഴുവൻ പാട്ടാക്കുക.. ഇപ്പോൾ തന്നെ കുറേപ്പേർ അറിഞ്ഞു. വല്ലവരും വിവാഹാലോചനയുമായി വരുമ്പോൾ അത് ഇക്കാര്യം പറഞ്ഞ് മുടക്കുക. നേർവഴിക്ക് എന്തായാലും നടക്കില്ല.
വെടക്കാക്കി തനിക്കാക്കുക “എന്ന് പറയാറില്ലേ. അത് മാത്രമേ ഇനി രക്ഷ.
നാട്ടിൽ ഇറങ്ങി നടക്കുമ്പോൾ അല്ലെങ്കിൽ തന്നെ ദേവികയോടും കുടുംബത്തിനോടും ദേഷ്യമുള്ളവർ കളിയാക്കാൻ തുടങ്ങി. ദേവികയോട് അതൊന്നും പറ്റുന്ന കാര്യമല്ല. അവൾ നല്ല തന്റേടി ആയതിനാൽ തന്നെ പറഞ്ഞവർക്ക് നല്ല മറുപടിയും കയ്യോടെ കിട്ടി.
വർഷങ്ങൾ കഴിഞ്ഞു. ഡോക്ടർ. ദേവിക ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ഡെയ്സൺ സ്വിഗ്ഗിയിൽ നിന്നും പോന്നു. ഇപ്പോൾ മെഡിക്കൽ റെപ്രസെൻറീവ് ആണ് നല്ലൊരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ. ഇപ്പോഴാണ് ഡെയ്സണെ ദേവിക കാണുന്നത്.
രണ്ട് പേർക്കും അത് വലിയ ഒരു സർപ്രൈസ് ആയി. അവർ രണ്ട് പേരും ഇപ്പോഴും സിംഗിൾ ആണെന്ന് പറഞ്ഞപ്പോൾ ദേവിക തന്നെയാണ് ചോദിച്ചത്..
“എന്നും സിംഗിൾ ആയാൽ മതിയോ? പിന്നെ ഡെയ് സൺ കാരണമാണ് എന്റെ വിവാഹങ്ങൾ മുടങ്ങുന്നത്. അതിന് ഒരു നഷ്ടപരിഹാരം കിട്ടാതെ ഞാൻ വിടില്ല… ” ദേവിക ചിരിച്ചു.
“സോറി.. ഞാൻ മൂലം ദേവുവിന്.. സോറി ദേവികയ്ക്ക് വലിയ ബുദ്ധിമുട്ടായി അല്ലേ… “ഡെയ്സണ് വല്ലാതെ വിഷമം തോന്നി.
“എന്താ വിളിച്ചത്? ദേവു എന്നോ… “
“അയ്യോ.. ഞാൻ അറിയാതെ… “
“ഇനി അറിഞ്ഞിട്ട് തന്നെ അങ്ങനെ വിളിക്കണമെന്നാണ് ഞാൻ പറയുന്നത്.. “ദേവിക പറഞ്ഞു
“നമ്മൾ അന്യോന്യം നന്നായി അറിയുന്നവരാണ്..
ഒന്നും ഇനി ആലോചിക്കാനുമില്ല..
വീട്ടിൽ ഞാൻ പറയുന്നതാണ് കാര്യം.
ഡെയ്സണിന്റെ അമ്മച്ചിയ്ക്കും എന്നെ വലിയ ഇഷ്ടമാണ്…
ഇനി രണ്ടു വഴിക്ക് പോകേണ്ട, ഒരേ വഴിക്ക് പോകാം നമുക്ക്”
ഡെയ്സണിന്റെ മറുപടി ഒരു പുഞ്ചിരി ആയിരുന്നു.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_അവിഹിതം
#കഥ_വിഹിതം_അവിഹിതം
#രചന_രാമചന്ദ്രൻടിവി


5 Comments
👌👌👌👌👍
നാട്ടുകാരുടെ നാവ് അടയ്ക്കാൻ ചുട്ട മറുപടി കൊടുക്കുക അത്രേയുള്ളൂ.
നല്ല കഥ. 👌
കൊള്ളാം നല്ല കഥ👍
നല്ല കഥ.. ചിലപ്പോൾ പെണ്ണുങ്ങൾ ധൈര്യമായി നിന്നില്ലെങ്കിൽ ജീവിതം കൈ വിട്ട് പോകുമെന്ന് മനസ്സിലാക്കുന്നു..