ഗ്രീഷ്മയുടെ വിവാഹം കഴിഞ്ഞ് പ്രശോഭിന്റെ കൂടെ താമസമായതോടുകൂടി അവരുടെ രണ്ടു പേരുടെയും ജീവിതം ഒരുമിച്ച് ഒഴുകാൻ തുടങ്ങി. അത്ര കാലം അവർ അവരുടെ മാത്രം വഴികളിലായിരുന്നു. അമ്മയും അച്ഛനും നയിച്ച വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്നവർ, അല്ലെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചിരുന്നവർ ഒന്നാകുമ്പോൾ നല്ല ദാമ്പത്യ ജീവിതം തന്നെയാണ് പ്രതീക്ഷിക്കുന്നത് എല്ലാവരും. പക്ഷെ ചിലർക്ക് ഒരിക്കലും ഒത്ത് പോകാൻ കഴിയാറില്ല. പിന്നെ ജീവിതം ഒരു സംഘർഷ ഭൂമിയായിരിക്കും. എന്നും യുദ്ധം തന്നെ. സമാധാനം എന്നത് ഡൈവോഴ്സിൽ നിന്നും തുടങ്ങും.
എന്നാൽ ഗ്രീഷ്മയും പ്രശോഭും അന്യോന്യം അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ അറിവുള്ള വരായിരുന്നു. ഒരിക്കലും അത്ര വലിയ സംഘർഷങ്ങൾ ഒന്നും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.
ഗ്രീഷ്മയ്ക്ക് വേറേയും പല സന്തോഷങ്ങൾ ഉണ്ട്.
എന്ത് കാര്യവും ഗ്രീഷ്മയോട് ചോദിച്ചു മാത്രമേ പ്രശോഭ് ചെയ്യുകയുള്ളൂ.
ആദ്യമൊക്കെ ഒരു അമ്പരപ്പ് ആയിരുന്നു
” അതൊക്കെ പ്രശോഭേട്ടന്റെ ഇഷ്ടം അനുസരിച്ച് അങ്ങോട്ട് ചെയ്താൽ പോരേ പ്രശോഭേട്ടാ.. ” ഗ്രീഷ്മ ചോദിച്ചു.
” അതല്ലല്ലോ ശരി. എന്ത് കാര്യവും ചോദിച്ചു ചെയ്യുകയാണ് എന്റെ ശീലം. ഗ്രീഷ്മയും അങ്ങനെ ചെയ്താൽ എനിക്കും നല്ലത്. “
ചിലപ്പോൾ ഒരു തമാശ പോലെ തോന്നുമെങ്കിലും ആ സ്വഭാവം നല്ലതാണ് എന്ന് ഗ്രീഷ്മയ്ക്ക് തോന്നി. പരസ്പരവിശ്വാസം, മറ്റുള്ളവരോടുള്ള സഹകരണമനോഭാവം ഇവയെല്ലാം അതിൽ അടങ്ങിയിരിക്കുന്നു.
അടുക്കളയിൽ എന്തെങ്കിലും വാങ്ങണമെങ്കിൽ ഗ്രീഷ്മ പ്രശോഭിനോട് പറയും. അപ്പോൾ തന്നെ രണ്ട് പേരും കൂടി ആലോചിച്ചു എന്ത് വാങ്ങണം, എത്ര വാങ്ങണം എന്നൊക്കെ തീരുമാനിക്കും. മാത്രമല്ല
അടുക്കളയിൽ സഹായിക്കാൻ തീർച്ചയായും കാലത്ത് എഴുന്നേറ്റാൽ മുതൽ ഹാജരുണ്ടാകും.
” ഈ പണിയൊക്കെ ഞാൻ തന്നെ ചെയ്തു കൊള്ളാം പ്രശോഭേട്ടാ.. ” എന്ന് ഗ്രീഷ്മ പറയുമെങ്കിലും ഉള്ളിൽ വളരെ സന്തോഷം തോന്നാറുണ്ട്.
മിക്ക വീടുകളിലും ഭർത്താവ് കാലത്ത് എഴുന്നേറ്റാൽ പേപ്പർ വായനയും അല്ലെങ്കിൽ മൊബൈൽ ഫോൺ നോക്കി റീലുകൾ കണ്ടിരിക്കുകയോ ആണ് സ്ഥിരം. അപ്പുറത്തെ പുരുഷൻ ചേട്ടൻ ഒരു കാര്യം ചെയ്യില്ല. ചായ തയ്യാറാക്കി അടുത്ത് കൊണ്ട് കൊടുക്കണം.
കടയിൽ പോയി ഒരു സാധനം വാങ്ങില്ല.
ഒരു കഷണം നുറുക്കി തരാനോ, നാളികേരം ചിരകി തരാനോ ഒന്നിനും ഒരു ഉപകാരവും ഇല്ല.
രജനി ചേച്ചി തന്നെ എല്ലാ പണികളും ചെയ്യണം.
പണ്ടത്തെ പുരുഷ മേധാവിത്വത്തിൻ്റെ പ്രതിരൂപം ആണ് പുരുഷൻ ചേട്ടൻ!
ഇവിടെയോ പ്രശോഭ് എല്ലാ പണികളും അറിയാം. പാചകം ചില ദിവസങ്ങളിൽ പ്രശോഭ് ആണ് ചെയ്യുന്നത്.
രജനി ചേച്ചി പറയും
” ഗ്രീഷ്മയുടെ ഒരു ഭാഗ്യം.
എല്ലാ സഹായവും ചെയ്തു തരുമല്ലോ പ്രശോഭ്. എല്ലാം വാങ്ങി കൊണ്ട് തരും. പോരാത്തതിന് എന്ത് കാര്യവും ഗ്രീഷ്മയുടെ അഭിപ്രായം അനുസരിച്ച് മാത്രമേ ചെയ്യൂ.. അതിന് പോയിട്ട് വീട്ടിൽ ഒരു രക്ഷയുമില്ല. ഇത്രകാലം കഴിഞ്ഞിട്ടും ഇത് വരെ ഒരു പണി ചെയ്തിട്ടില്ല.
എല്ലാം തയ്യാറാക്കി മുന്നിൽ കൊണ്ടു വച്ച് കൊടുക്കണം. ഭക്ഷണം കഴിച്ച പാത്രം പോലും കഴുകില്ല… നമ്മുടെ ബേബി സാറ് പാത്രം കഴുകിവയ്ക്കുന്ന ഫോട്ടോ ഒക്കെ ഞാൻ കാണിച്ചപ്പോൾ പുള്ളി പറയുന്നത് അതൊക്കെ വോട്ട് കിട്ടാൻ വേണ്ടി ചെയ്യുന്നതാണ്, അല്ലാതെ വീട്ടിൽ ചെയ്യുന്ന കാര്യം ഒന്നും അല്ലത്രെ!”
ഗ്രീഷ്മ ഒന്നും പറയാൻ പോയില്ല. ഇനി പുരുഷൻ ചേട്ടൻ ഇവിടുത്തെ കാര്യം അറിഞ്ഞ് അത് മുടക്കാൻ പോയാലോ!
ഗ്രീഷ്മയുടെ ആദ്യത്തെ പ്രസവത്തിന് മുൻപ് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മൂന്നാം മാസം വരെ ഒരു പ്രശ്നവുമില്ല. പിന്നെ ചെറിയ ബ്ലീഡിംഗ്. ഇനി അബോർഷൻ ആകുമോ എന്ന് പേടിച്ചു.
ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോൾ പറഞ്ഞു.
” സ്കാൻ ചെയ്തതിൽ കുട്ടിക്ക് ഇപ്പോൾ കുഴപ്പമില്ല. പക്ഷെ നല്ല ശ്രദ്ധ വേണം. യൂട്രസിന് അല്പം ബലക്കുറവ് ഉണ്ട്. എഴുന്നേറ്റ് നടന്നാൽ ചിലപ്പോൾ അബോർഷൻ ആയേക്കാം. ആഴ്ചയിൽ ഓരോ ഇഞ്ചക്ഷൻ എടുക്കണം. പിന്നെ ഒരു ആറേഴു മാസം വരെ ബെഡ് റെസ്റ്റ് നിർബന്ധമായും വേണം.
” അയ്യോ. അപ്പോൾ ബാത്ത് റൂമിൽ പോകാൻ.. “
” അതിനൊക്കെ അത്യാവശ്യത്തിന് പോകാം. ബാക്കി കാര്യങ്ങളെല്ലാം കഴിയുന്നതും കിടക്കയിൽ തന്നെ മതി… “
നന്നായില്ലേ കാര്യങ്ങൾ. അമ്മയുണ്ട് വീട്ടിൽ എങ്കിലും എല്ലാ കാര്യങ്ങളും ഗ്രീഷ്മ തന്നെയാണ് ചെയ്യാറ്. അമ്മയേക്കൊണ്ട് ഒന്നും എടുപ്പിക്കാറില്ല.
സ്വന്തം അമ്മ ഇടക്കിടെ വന്നു പോകും എന്നല്ലാതെ സ്ഥിരമായി താമസിക്കാൻ ഒന്നും വന്നില്ല. അവിടെ വീട്ടിൽ അച്ഛൻ ഈ പറഞ്ഞപോലെ ഒരു പണിയും എടുക്കാൻ കൂട്ടാക്കാത്ത ഒരാളാണ്. പുരുഷൻചേട്ടനെപ്പോലെ. അമ്മ ഇവിടെ വന്നു നിന്നാൽ അവിടെ പട്ടിണിയാകും. പ്രശോഭ് ഗ്രീഷ്മയെ സഹായിക്കും എന്നത് അമ്മയ്ക്കും അച്ഛനും മറ്റും അറിയുന്നത് കൊണ്ട് ഒരു ഇളതരമായി അമ്മയ്ക്ക്, എന്തെങ്കിലും കാരണം പറഞ്ഞു ഒഴിയാമല്ലോ. അങ്ങനെ ഒരു സ്വന്തം കാര്യം മാത്രം നോക്കുന്ന ടീമാണ് ഗ്രീഷ്മ യുടെ മാതാപിതാക്കൾ.
പക്ഷേ പ്രശോഭിന് ജോലിക്ക് പോകണ്ടേ! കാലത്തും വൈകീട്ടും സഹായിക്കുന്ന പോലെയാണോ ഇത്.
എന്നാലും ജോലിക്ക് പോകുന്നത് വരെ സഹായിക്കാമെന്ന് ഉറപ്പ് നൽകി പ്രശോഭ്.
കറികൾക്ക് കഷണം നുറുക്കലും അല്ലറചില്ലറ പണികളൊക്കെ ഗ്രീഷ്മ കിടന്നു കൊണ്ട് തന്നെ സഹായിച്ചു. അമ്മ ഉള്ളതിനാൽ ചോറ് വയ്ക്കുക കറികൾ ഉണ്ടാക്കുക എന്നിവയൊക്കെ അമ്മയും മകനും കൂടി ചെയ്തു. ഗ്രീഷ്മ കിടക്കയിൽ തന്നെ ഇരുന്നു ഭക്ഷണം കഴിച്ചു.
ആഴ്ചയിൽ ആശുപത്രിയിൽ പോകുന്നത് ഒഴിവാക്കാൻ ഒരു നഴ്സിനെ ഇഞ്ചക്ഷൻ എടുക്കാൻ ഏർപ്പെടുത്തി.
പ്രശോഭിന്റെ ഒരു സുഹൃത്തിൻ്റെ ഭാര്യയായിരുന്നു നഴ്സ്. അവർ മുടങ്ങാതെ വന്ന് ഇഞ്ചക്ഷൻ എടുത്തു പോന്നു.
പിന്നീട് ഏഴ് മാസം കഴിഞ്ഞപ്പോൾ പ്രശ്നം ഇല്ലാതെ എഴുന്നേറ്റു നടക്കാൻ സാധിച്ചു.
പ്രസവം പ്രശോഭിന്റെ വീടിനടുത്തുള്ള ഹോസ്പിറ്റലിൽ ആയിരുന്നു. പെൺകുഞ്ഞ്നോർമൽ. “പ്രശോഭിന്റെ അതേ ഛായ” എന്ന് എല്ലാവരും പറഞ്ഞു.
” എന്റെ കുട്ടി എന്റെ ഛായയല്ലാതെ അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഛായ ഉണ്ടാകുമോ” എന്ന് പ്രശോഭ് മനസ്സിൽ പറഞ്ഞു.
ഗ്രീഷ്മയുടെ അമ്മ ആശുപത്രിയിൽ കൂടെ നിന്നു. പിന്നീട് അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.
ഇരുപത്തി എട്ടു വരെ മാത്രമേ അവിടെ നിന്നുള്ളൂ. തിരികെ പ്രശോഭിന്റെ വീട്ടിൽ.
സ്വന്തം അമ്മയ്ക്കും അച്ഛനും അത്രയേ ഉള്ളൂ മോളോട്. ആ ദിവസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു.
വെറുതെ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞ് ഗ്രീഷ്മയെ കരയിച്ചു എന്ന് പറഞ്ഞാൽ മതി. പോസ്റ്റ് പാർട്ടം ഡിപ്രഷൻ വേറെ.
പ്രശോഭിന്റെ വീട്ടിൽ എത്തിയപ്പോൾ ഗ്രീഷ്മയ്ക്ക് സമാധാനമായി. കുഞ്ഞിനെ നോക്കാനും അടുക്കളയിൽ പണി എടുക്കാനുമൊക്കെ പ്രശോഭിന് വലിയ ഉഷാർ. മകളും ഭാര്യയും കൂടെ ഉണ്ടല്ലോ.
കുഞ്ഞ് വലുതായി. അതിനിടെ വീട്ടിൽ പല പ്രശ്നങ്ങൾ ഉണ്ടായി. അമ്മയ്ക്ക് മറ്റൊരു മരുമകൾ വന്നപ്പോൾ അങ്ങോട്ടായി സ്നേഹമൊക്കെ. പ്രശോഭിനേയും ഗ്രീഷ്മയേയും കുഞ്ഞിനേയുമൊക്കെ വേണ്ടാതായി. അധികം ഇനി ഇവിടെ നില്ക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ പ്രശോഭ് വേറെ വീട് വാടകയ്ക്ക് എടുത്ത് അവിടെ താമസമാക്കി.
കൂടെ എല്ലാ കാര്യത്തിലും നിഴലായി ഗ്രീഷ്മയും.
ഒരിക്കലും അവർ പിരിഞ്ഞതേയില്ല. സുഖത്തിലും ദുഃഖത്തിലും അന്യോന്യം താങ്ങായി തണലായി അവർ.
അതിനിടെ വീണ്ടും ഗർഭിണിയായി ഗ്രീഷ്മ. പഴയത് വീണ്ടും ആവർത്തിക്കുന്നു.
യൂട്രസിന് ബലക്കുറവ് ഉള്ളതിനാൽ തന്നെ ഇപ്പോഴും ബ്ലീഡിംഗ്.. സ്കാനിങ്, ബെഡ് റെസ്റ്റ്.
ഇഞ്ചക്ഷൻ.. അവിടെ സഹായത്തിന് അയൽവക്കത്തെ സ്നേഹമുള്ള ചേട്ടനും ചേട്ടത്തിയും മക്കളും എല്ലാം. ആശുപത്രിയിൽ കൊണ്ട് പോകാനും എല്ലാം.
ഇഞ്ചക്ഷൻ എടുക്കാൻ അവിടേയും ഒരു നഴ്സ് സഹായത്തിന് വന്നു. ഇവരോക്കെ യാതൊരു പ്രതിഫലവും കൂടാതെ മാസങ്ങൾ വന്ന് സഹായിച്ചു.
രണ്ട് പേർക്കും അമ്മമാരും അച്ഛൻമാരും ഒക്കെ ഉണ്ട്. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം!
ആവശ്യത്തിന് ഉപകാരമില്ലെങ്കിൽ!.
പ്രശോഭ് ജോലിക്ക് പോകുന്നതിന് മുൻപ് എല്ലാ ഭക്ഷണവും തയ്യാറാക്കി ഗ്രീഷ്മ കിടക്കുന്ന കട്ടിലിനരികെ വയ്ക്കും. മകൾ ചെറിയ കുട്ടിയാണല്ലോ. അവൾക്ക് പറ്റുന്നത് പോലെ സഹായിക്കും.
പ്രശോഭ് ജോലി കഴിഞ്ഞ് വന്ന് ബാക്കി സമയം ഗ്രീഷ്മയുടെ ഒപ്പം.
പ്രസവം ആയപ്പോൾ അമ്മ വന്നു എന്ന് മാത്രം. അത് കഴിഞ്ഞതോടെ സ്ഥലം വിട്ടു.
പ്രസവശേഷം എന്തൊക്കെ ചെയ്യണം!
അവയൊക്കെ നിഴൽപോലെ കൂടെ നില്ക്കുന്ന പ്രശോഭ് മാത്രം. പിന്നേയും കാലം കടന്നു പോയി. കുഞ്ഞുങ്ങൾ വലുതായി. അവരുടെ പഠിപ്പ് വിവാഹം. എല്ലാം അവർ രണ്ട് പേരും ഒറ്റക്കെട്ടായി നിന്ന് നടത്തി.. ഇന്നും അവർ നിഴലും വെളിച്ചവും പോലെ ഒരുമിച്ച്…. തുടരുകയാണ്..
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_നിഴലാകുന്നവർ
#കഥ_ഹൃദയത്തിലെന്നെന്നുംനിറഞ്ഞുനില്ക്കുന്നവർ
#രചന_രാമചന്ദ്രൻടിവി


7 Comments
ഇങ്ങനെയായിരിക്കണം കുടുംബം …… സുന്ദരമായ കഥ❤️🌹
സാധാരണകാരുടെ ജീവിതത്തിലൂടെ അവരുടെ പ്രശ്നങ്ങളിലൂടെ സഹകരണത്തിലൂടെ കടന്നു പോയ എഴുത്ത്.
👍
ഭാഗ്യം ചെയ്തവർക്കേ ഇത്തരം ദാമ്പത്യം കിട്ടൂ.. നല്ല കഥ. പലപ്പോഴും രക്തബന്ധം ഉള്ളവരേക്കാൾ മറ്റുള്ളവരാണ് ജീവിതത്തിൽ നിഴലായി ഉണ്ടാവുക. നല്ല കഥ… 🌹🌹
നിഴലായി പ്രിയപ്പെട്ടവനെ കൂട്ടു കിട്ടുന്നത് ഭാഗ്യം തന്നെ.👌👏❤️
അഭിപ്രായത്തിനും പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദി
നിഴലായി പ്രിയപ്പെട്ടവർ.നല്ല കഥ
പരസ്പരം നിഴലായി കൂടെ നിൽക്കുന്ന ദമ്പതിമാർ വിരളമാണ്. മനോഹരമായ കഥ. ആശംസകൾ!